ഫേസ്ബുക്കിനും ട്വിറ്ററിനും എതിരാളിയായി ഡബ്ല്യുടി: സോഷ്യൽ
രാഷ്ട്രീയവും സാങ്കേതികവിദ്യയും തുടങ്ങി ആകാശത്തിന് കീഴിലുള്ള എല്ലാ വിഷയങ്ങളും പുതിയ സാമൂഹിക മാധ്യമത്തിൽ ഉണ്ടാവും.
കോഴിക്കോട്: ഇന്റർനെറ്റിൽ ഫേസ്ബുക്കിനും ട്വിറ്ററിനും എതിരാളിയായി ഡബ്ല്യുടി: സോഷ്യൽ. വിക്കിപീഡിയയുടെ സഹസ്ഥാപകൻ ജിമ്മി വെയിൽസ് ആണ് പുതിയ സാമൂഹിക മാധ്യമം രംഗത്തിറക്കിയിരിക്കുന്നത്. തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകളെ ഡബ്ല്യുടി: സോഷ്യൽ നേരിടുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്.
ഡബ്ല്യുടി: സോഷ്യൽ എന്ന നെറ്റ്‌വർക്കിംഗ് സൈറ്റിൽ ലേഖനങ്ങളിലേക്കുള്ള ലിങ്കുകൾ പങ്കിടാനും അവ ഫേസ്ബുക്ക് ശൈലിയിലുള്ള വാർത്താ ഫീഡിൽ ചർച്ച ചെയ്യാനും ഉപയോക്താക്കളെ അനുവദിക്കുന്നു. രാഷ്ട്രീയവും സാങ്കേതികവിദ്യയും തുടങ്ങി ആകാശത്തിന് കീഴിലുള്ള എല്ലാ വിഷയങ്ങളും പുതിയ സാമൂഹിക മാധ്യമത്തിൽ ഉണ്ടാവും.
ഡബ്ല്യുടി: സോഷ്യൽ എന്ന കമ്പനി വിക്കിപീഡിയയിൽ നിന്ന് തികച്ചും വേറിട്ടതാണെങ്കിലും, വിക്കിപീഡിയയുടെ ബിസിനസ്സ് മാതൃകയാണ് ജിമ്മി വെയിൽസ് ഡബ്ല്യുടി: സോഷ്യലിലും പരീക്ഷിക്കുന്നത്. ഒരു ചെറിയ വിഭാഗം ഉപയോക്താക്കളിൽ നിന്നും ഉള്ള സംഭാവനയെ ആയിരിക്കും ഡബ്ല്യുടി: സോഷ്യൽ ആശ്രയിക്കുക. ഇത് ഡബ്ല്യുടി: സോഷ്യലിനെ പരസ്യങ്ങളിൽ നിന്നും പൂർണ്ണമായി ഒഴിവാക്കും.
ഫെയ്‌സ്ബുക്കിന്റെയും ട്വിറ്ററിന്റെയും അൽഗോരിതം ഏറ്റവും കൂടുതലുള്ള പോസ്റ്റുകൾ മുകളിലേക്ക് ഉയരുമെന്ന് ഉറപ്പാക്കുമ്പോൾ, ഡബ്ല്യുടി: സോഷ്യൽ ഏറ്റവും പുതിയ ലിങ്കുകൾക്ക് ഒന്നാം സ്ഥാനം നൽകുന്നു. എന്നിരുന്നാലും, ഡബ്ല്യുടി: സോഷ്യൽ ഗുണനിലവാരമുള്ള സ്റ്റോറികൾ ശുപാർശ ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു "അപ്‌വോട്ട്" ബട്ടൺ ഉൾപ്പെടുത്തും.