ചരിത്രമെഴുത്തിലെ പാട്ടുവിസ്മയങ്ങള്‍

Update: 2019-06-20 11:27 GMT

പി.ടി കുഞ്ഞാലി

മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ സമകാലീനനും അനുഗൃഹീത കാവ്യകാരനുമായ മുണ്ടമ്പ്ര ഉണ്ണിമമ്മദിന്റെ രണ്ടു പ്രധാന കൃതികളായ കൊടിയേറ്റവും വെള്ളപ്പൊക്കവും എങ്ങനെയാണ് മാപ്പിളപ്പാട്ട് പ്രാദേശിക ചരിത്രത്തെ സമ്മോഹനമായി രേഖയാക്കിയതെന്നതിനു മികച്ച ഉദാഹരണങ്ങളാണ്. 1924ല്‍ മലയാള ദേശം നേരിട്ട സംഭീതമായ കെടുതികളാണ് അന്നത്തെ പ്രളയം. നിര്‍ത്താതെ മഹാമാരി പ്രളയരൂക്ഷതയായി വികസിച്ചപ്പോള്‍ ദേശം മൊത്തമായി സ്തംഭിച്ചുപോയി. ഇതു കവിയില്‍ സൃഷ്ടിച്ച ദാര്‍ശനിക അലയൊലികളാണ് കാല്‍പ്പനിക ഭാവുകത്വം വഴിയുന്ന 'പാട്ടുമാലിക'യായി വിരിഞ്ഞിറങ്ങിയത്. ഇത് ഏറനാട്ടിലെ ഏതെങ്കിലുമൊരു ഗ്രാമത്തില്‍ പുഴജലം പൊങ്ങിയ കഥയല്ല. പ്രത്യുത അന്നു മലയാള ദേശമപ്പാടെ അകപ്പെട്ട പ്രളയസംഘര്‍ഷമാണ് കവി പാട്ടിലാക്കുന്നത്. കവിക്ക് പരിചിതമായ ചാലിയാറും പോഷകനദികളും മാത്രമല്ല കടലുണ്ടിപ്പുഴയും ഭാരതപ്പുഴയും ചാലക്കുടിപ്പുഴയും ഭവാനിയും കാവേരിയും നിറഞ്ഞുകവിയുന്നതും അതിന്റെ കരകളിലും പ്രാന്തങ്ങളിലും വന്നുപെട്ട നാനാതരം ദുരിതങ്ങളുമാണ് മനോജ്ഞങ്ങളായ 71 ഇശലുകളിലേക്കു പടരുന്ന ഈ പാട്ട് പറയുന്നത്. അന്നു മലയാള ദേശത്തിലെ ജീവിതരീതി മട്ടങ്ങള്‍, കച്ചവടം, തൊഴില്‍, ഗൃഹനിര്‍മാണം, വീടകത്തെ സ്ഥാവരജംഗമങ്ങള്‍, മൃഗജീവിതപ്പൊലിവുകള്‍, മുങ്ങിമരിച്ച മനുഷ്യര്‍... ഇതൊക്കെ ഒരു സര്‍ക്കാര്‍ ഗസറ്റിനെക്കാള്‍ വിശ്വസ്തമായ രീതിയിലാണ് കവി അവതരിപ്പിക്കുന്നത്. ദേശം മുഴുവന്‍ തന്നെ കവി പ്രളയാനന്തരം ക്ലേശസഞ്ചാരം ചെയ്താണ് ആദ്യമധ്യാന്തപ്പൊരുത്തമുള്ള ഈ നിബന്ധം രചിച്ചത്.

രാവ് പട്ടരും തിയ്യര്‍ നായരും റാഞ്ചിപോയവരെത്തിരാ

രാമരാമ ശിവാശിവയെന്നും റാകിപ്പോയവരെത്തിരാ

കുറുമരും കണക്കര്‍ ചെറുമരും കൊശവരും മരിപ്പെത്തിരാ

ഈ വിധം പലെ ജാതിയില്‍ മുതല്‍ വിട്ടുപാഞ്ഞവരെത്തിരാ

(ഇശല്‍: ആനപോത്)

വെള്ളപ്പൊക്കം ഇതിവൃത്തമായി മാപ്പിളക്കവികള്‍ നിരവധിപേര്‍ പാട്ടുകെട്ടിയിട്ടുണ്ട്. 'തൂഫാന്‍മാല' (1909), 'ജലഘോരവൃത്താന്തം' (1924), 'വലിയവെള്ളപ്പാട്ട്' (1924) ഇതൊക്കെ പ്രളയത്തെ സംബോധന ചെയ്ത മാപ്പിളപ്പാട്ടുകളാണ്. ഈ പാട്ടുകളൊക്കെയും ആഖ്യാനഭംഗിക്കപ്പുറം ശുദ്ധമായ ചരിത്രരേഖകളായി തന്നെ പരിഗണിക്കാന്‍ പറ്റും. അക്കാലത്തെ ദിനപത്രങ്ങളിലും സര്‍ക്കാര്‍ രേഖകളിലും കാണാത്തത്ര സൂക്ഷ്മനിരീക്ഷണങ്ങള്‍ ഇതിലുണ്ട്. ഈ പാട്ടിലൂടെ സൂക്ഷ്മമായി സഞ്ചരിക്കുബോള്‍ ഒരുകാലവും അക്കാലത്തെ ജീവിതവുമാണ് നമ്മുടെ മുന്നിലേക്ക് ഇതള്‍വിരിയുന്നത്. ഈ പാട്ടുകളൊക്കെ ചരിത്രം തന്നെയാണ്. ഇത്ര സൂക്ഷ്മമായി ഈ പ്രളയകഥകള്‍ മാപ്പിളപ്പാട്ടുകാരേക്കാള്‍ പറഞ്ഞുപോയ സര്‍ഗാത്മക രചനകള്‍ മലയാളത്തിലില്ല. ചരിത്രമെന്നാല്‍ തീര്‍ത്തും ബാഹ്യപ്രധാനം മാത്രമല്ല. അത് ആന്തരപ്രധാനം കൂടിയാണ്. മുസ്‌ലിം സമൂഹം മുറിച്ചുകടന്ന സന്ദിഗ്ധതകള്‍, അവര്‍ നേരിട്ട വിഹ്വലതകള്‍ ഇതും മാപ്പിളപ്പാട്ടുകള്‍ വിഷയമാക്കിയിട്ടുണ്ട്. ഇതിലൊന്നാണ് മുണ്ടമ്പ്ര ഉണ്ണി മമ്മദിന്റെ പ്രസിദ്ധമായ 'കൊടിയേറ്റം.' 1917ല്‍ ഏറനാട്ടിലെ സുപ്രസിദ്ധ നഗരമായ അരീക്കോട് സംഭവിച്ചതാണ് പാട്ടിനു നിമിത്തമായത്. അക്കാലത്തെ ഏറനാട്ടിലെ ജനപ്രിയമായ ഒരു അനുഷ്ഠാനമായിരുന്നു കൊണ്ടോട്ടി നേര്‍ച്ച. നേര്‍ച്ചയ്ക്കു കൊണ്ടോട്ടിയില്‍ കൊടിയേറ്റം. ഇത്തവണത്തെ കൊണ്ടോട്ടി നേര്‍ച്ചക്കാര്‍ അരീക്കോട്ടും വന്നു കൊടിയേറ്റാന്‍ തീരുമാനിച്ചു. ഇതിനെ അരീക്കോട്ടുകാര്‍ ചെറുത്തു. തുടര്‍ന്ന്, വന്‍ സംഘര്‍ഷമായത് വളര്‍ന്നു തിടംവച്ചു. അന്നത്തെ സാമുദായിക വ്യവസ്ഥയിലേക്കാണീ കാവ്യം സൂചന തരുന്നത്. അന്ന് അവിടത്തെ ജനത വ്യക്തമായ രണ്ടു ചേരിയിലായിരുന്നു. ഒന്ന് കൊണ്ടോട്ടി കൈ, മറ്റൊന്ന് പൊന്നാനി കൈയും. ഈ രണ്ടു വിഭാഗങ്ങളും പരസ്പരം മതഭ്രഷ്ട് വരെ പ്രഖ്യാപിച്ചവരാണ്. ഏറനാടിന്റെ മത-സാംസ്‌കാരിക-വിദ്യാഭ്യാസ മണ്ഡലങ്ങളില്‍ അരീക്കോട്ട് വളരെ വേഗം വളര്‍ന്നുവരാന്‍ കാരണമായത് ഈ കൊടിയേറ്റ കോലാഹലമാണ്. സംഭവബഹുലമായ ഈ ചരിത്രമുഹൂര്‍ത്തങ്ങളുടെ നേര്‍സാക്ഷ്യമാണീ കാവ്യം. ദീപ്തസുന്ദരമായ 53 ഇശലുകളിലാണ് ഈ സംഭവകഥകള്‍ ഉണ്ണി മുഹമ്മദ് പറയുന്നത്. അതാവട്ടേ, അനവദ്യസുന്ദരമായ തേനിശലിലും.

കൊട്ടും ഉമൈ വിളിമുട്ടും ധുനി അരീക്കോട്ടില്‍

കേട്ടിടണം, കടിയോര്‍ വിറത്തിടണം,

കൂടി തോറു ഞെട്ടിടണം, കുതിത്തോടി വിട്ടിടണം

മട്ടം എന്നില്‍ കളിത്തിട്ടിടൂല്‍ ഇപ്പടി

(ഇശല്‍: ഒപ്പിലെ മക്ക്)

'ഓമാനൂര്‍ പട'യും 'മഞ്ഞക്കുളം മാല'യും ഇതുപോലെ പ്രാദേശിക ചരിത്രരചന തന്നെയാണ്. മലയാളദേശത്ത് ടിപ്പുവും പിതാവ് ഹൈദരലിയും രാഷ്ട്രീയ മുന്‍കൈകള്‍ വികസിപ്പിക്കുന്ന ഒരുകാലത്തെ സംഭവവിവരണങ്ങള്‍ കൂടിയാണ് 'മഞ്ഞക്കുളം മാല'യില്‍ സൂക്ഷ്മമായി കണ്ടെടുക്കാന്‍ പറ്റുന്നത്. ഒരു ദേശപ്രാന്തം ഒരു പ്രത്യേക സന്ദര്‍ഭത്തിലും സംഭവത്തിലും എങ്ങനെ പെരുമാറുന്നുവെന്നും അത് ആ നാട്ടില്‍ എന്തെന്തു സ്വാധീനങ്ങളും സാധ്യതകളുമാണ് വികസിപ്പിക്കുക എന്നതും ചരിത്രത്തിന്റെ രാശി യോഗത്തില്‍ ഇതിലൂടെ നമുക്കു നിരീക്ഷിക്കാന്‍ എളുപ്പമാവും.

ഇന്ത്യന്‍ ദേശീയ സ്വാതന്ത്ര്യസമര ചരിത്രം സര്‍ഗാത്മക രചനകള്‍ക്കു മലയാളത്തില്‍ സമൃദ്ധമായി നിമിത്തമായിട്ടുണ്ട്. ദേശീയവും പ്രാദേശികവുമായ ഭാഷകളില്‍ ഇതു സംഭവിച്ചിട്ടുണ്ട്. 1498 മുതല്‍ സമാരംഭിച്ച ദേശീയ സമരം അന്ത്യമാവുന്നത് 1947ലും. ഇതിനിടയില്‍ പറങ്കികള്‍ക്കും ഡച്ചിനും ഇംഗ്ലണ്ടിനുമെതിരേ നടത്തിയ ധീരോദാത്തമായ വിമോചന പോരാട്ടങ്ങള്‍ സംഘടിപ്പിച്ചതും അതിന്റെ മുന്നില്‍ നിന്നു ധീരതയോടെ നയിച്ചതും മുസ്‌ലിം സമുദായമായതുകൊണ്ട് അവരുടെ സര്‍ഗവ്യവഹാരങ്ങളിലും ഇത് ഉള്‍പ്പെടുക സ്വാഭാവികം. ഇത്തരത്തിലുള്ള ധീരോദാത്തമായ വിമോചനസമരത്തിന്റെ പ്രഫുല്ലമായൊരധ്യായമാണ് 1921ല്‍ മലബാറില്‍ ദേശീയവാദികള്‍ സംഘടിപ്പിച്ചത്. കൊളോണിയല്‍ കുരിശ് തീവ്രവാദവും ബ്രാഹ്മണ്യവും എത്രതന്നെ തെറ്റിദ്ധരിപ്പിക്കാന്‍ കുതറിയാലും ദേശീയപ്രസ്ഥാനത്തിന്റെ നിയോഗം എങ്ങനെയൊക്കെയാണ് വികാസം കൊണ്ടതെന്നത് ഇന്നു പൊതുമണ്ഡലത്തിനു ബോധ്യമായിട്ടുണ്ട്.

'തൊള്ളായിരത്തിരുപത്തി ഒന്നില്‍ മാപ്പിളമാര്‍, വെള്ളാക്കാരോടേറ്റു പടവെട്ടിയേ' എന്നാണ്. ഇതില്‍ ഹിന്ദു-മുസ്‌ലിം സംഘര്‍ഷമേ ഇല്ല. അതത്രയും പിന്നീട് വന്നുചേര്‍ന്നതും ചേര്‍ത്തതുമായ നിര്‍മിതികളാണ്. ഇങ്ങനെ 21ലെ സംഭവഗതികള്‍ മനോഹരമായ ഇശല്‍രൂപങ്ങളായി പറന്നിറങ്ങിയതാണ് തിരൂര്‍ കെ.ടി മുഹമ്മദ് സാഹബ് എഴുതിയ 'ഇരുപത്തി ഒന്നിലെ മലബാര്‍ സ്വാതന്ത്ര്യ ചരിത്രം.' സുദീര്‍ഘവും മനോഹരവുമായ 64 ഇശലുകളാണീ രചന. മാപ്പിള സ്വാതന്ത്ര്യപോരാളികളെ തേടി കൊളോണിയല്‍ നായാട്ടുസംഘങ്ങള്‍ ഏറനാട് ഉഴുതുമറിച്ചപ്പോള്‍ ദേശം അനുഭവിച്ച അന്തസ്സംഘര്‍ഷങ്ങളാണീ രചന.

അഖിലമുസല്‍മാന്മാരുടെ വൈരിയായൊരു ബ്രിട്ടന്‍ ഇന്ത്യ കൈയേറി

അക്രമ. അഴിമതി നാട്ടില്‍ വിതച്ചു വക്രതയോടെ- ഭിന്നത

അവരുടെ ലക്ഷ്യം ഹിന്ദു-മുസല്‍മാന്മാര്‍ ശത്രുതയോടെ

(രീതി: തടകി മണത്ത)

ബ്രിട്ടിഷ് കൊളോണിയല്‍ ദുര്‍ഭരണം എങ്ങനെയാണ് ദേശത്തിന്റെ അരങ്ങുവാണതെന്നും അതിന്റെ പരിസമാപ്തി എങ്ങനെയൊക്കെ ആയിരുന്നെന്നുമാണ് ഈ പാട്ട് സമഗ്രമായി പറഞ്ഞുതരുന്നത്. സ്വാതന്ത്ര്യസമരത്തിന്റെ സന്ദിഗ്ധതകള്‍ പാടുന്ന നിരവധി രചനകള്‍ നമുക്കുണ്ട്. തികച്ചും ചരിത്രവസ്തുതകളോട് സത്യം പാലിച്ചുകൊണ്ടു തന്നെ. ഇതില്‍ ശ്രദ്ധേയമായ ഒരു രചനയാണ് ടി. ഉബൈദിന്റെ 'സ്വാതന്ത്ര്യസമര ഗാനം.'

നാടൊന്നായ് നിവര്‍ന്നുനിന്നലറീടുന്നു

നല്‍ഹിന്ദിന്‍ കനിമക്കള്‍ മുഴുവന്‍ ചേര്‍ന്നു

ചേര്‍ന്നിതു ഹിന്ദു-മുസല്‍മാന്‍ കൂട്ടം

തേര്‍ന്നിതു പൗരോല്‍ബൂദ്ധതയേറ്റം

പൂര്‍ണസമൈക്ക്യത്തിന്‍ വിളയാട്ടം

ഐക്യത്തിന്‍ പതാകകള്‍ ഉയര്‍ന്നുപാറീ

അടിമത്തം അകറ്റുവാന്‍ ശ്രമങ്ങളേറീ

ഈ പാട്ടുകളൊക്കെയും മുന്നോട്ടുവയ്ക്കുന്നതു ശുദ്ധമായ ദേശചരിത്രസ്‌നേഹം തന്നെയാണ്. ഇത്തരം സൂക്ഷ്മ ചരിത്രത്തെ കൂടുതല്‍ പ്രാദേശിക കൃത്യതയിലേക്കു ഖനിച്ചുപോയ പാട്ടുകള്‍ ധാരാളമായി ഈ ഗാനശാഖയില്‍ കാണാം. പുലിക്കോട്ടില്‍ കൃതികളില്‍ പ്രത്യേകിച്ചും. അദ്ദേഹത്തിന്റെ മറിയക്കുട്ടി, നരിനായാട്ട്, കേരളചരിത്രം തുടങ്ങിയ പാട്ടുകള്‍ ഉദാഹരണം. 1921ലെ സ്വതന്ത്ര്യസമരകാലത്ത് ബ്രിട്ടിഷ് തടവില്‍പ്പെട്ടുപോയ ഒരു ചെറുപ്പക്കാരന്‍ അവിടെ വച്ചു ഭാര്യ മറിയക്കുട്ടിയെപ്പറ്റി അപവാദങ്ങള്‍ കേള്‍ക്കാനിടയാവുന്നു. അയാള്‍ മറിയക്കുട്ടിയുടെ ഉമ്മയ്ക്കു വിവരം തിരക്കി കത്തെഴുതുന്നു. ഇതിനു മറുപടിയായി മറിയക്കുട്ടി തടവറയിലേക്ക് ഒരു സങ്കടക്കത്തെഴുതുന്നു. അത്യന്തം ഹൃദസ്സ്യക്കായ ഈ കത്ത് മറിയത്തിനായി പാട്ടില്‍ എഴുതിനല്‍കിയത് പുലിക്കോട്ടിലായിരുന്നു. ബ്രിട്ടിഷ് പട നായാടിയ ഏറനാട്ടിലെ ഗ്രാമജീവിതവും മനുഷ്യരും എങ്ങനെയൊക്കെയായിരുന്നു എന്നതിന്റെ സൂക്ഷ്മസാക്ഷ്യം ഇതിലുണ്ട്. ഒരു കാലഘട്ടമപ്പാടെ ആ പാട്ടില്‍ അത്രമേല്‍ ഉടലെടുത്തു നില്‍ക്കുന്നതു കണ്ടു ചരിത്ര വിദ്യാര്‍ഥികള്‍ അമ്പരന്നുനില്‍ക്കും.

വല്ലോരും ഫസാദുന്നുന്നത് കേട്ട് മുഷിക്കണ്ടാ

വടിവുറ്റൊരുമൈ എന്നെ ഉപേക്ഷിക്കണ്ടാ- മനസ്സില്

വലുതായ മുഷിപ്പൊന്നും വിചാരിക്കണ്ട

ഇതുപോലെ പ്രാദേശിക ചരിത്രസാക്ഷ്യങ്ങള്‍ ഗംഭീരമായി സംക്ഷേപിക്കപ്പെട്ട ഒരു ദീര്‍ഘഗാനമാണ് 'നരിനായാട്ട്.' ഏറനാട്ടിലെ മഞ്ചേരിയും അടുത്തുള്ള ചെറുഗ്രാമമായ മേലാക്കവും തമ്മില്‍ നയതന്ത്രമറ്റ ഏതോ ശത്രുദേശങ്ങളെപ്പോലെ പെരുമാറുന്ന കാലം. ഇവര്‍ തമ്മില്‍ പിണങ്ങിപ്പിരിഞ്ഞതിന്റെ ആദിനിമിത്തം ഒരു നായാട്ടിലെ തര്‍ക്കം തന്നെയായിരുന്നു. ഇത്തരം വിരോധസംഘര്‍ഷങ്ങള്‍ ഏറനാടന്‍ ഗ്രാമങ്ങള്‍ക്ക് അന്നുമാത്രമല്ല പിന്നെയും പതിവായി. അന്നു നായാട്ടും കാളപൂട്ടുമായിരുെന്നങ്കില്‍ ഇന്നതു പന്തുകളിയാവാം. ഇത്തരം മല്‍സരസംഘര്‍ഷങ്ങള്‍ താല്‍ക്കാലികം മാത്രമാണേലും പ്രവണത സ്ഥിരമായിരുന്നു. രണ്ടു ദേശങ്ങള്‍ തമ്മില്‍ നിലനിന്നിരുന്ന സൗന്ദര്യപ്പിണക്കം കൂട്ടുസംരംഭമായി സംഘടിതമായ നായാട്ടിലൂടെ അലിഞ്ഞില്ലാതാവുന്ന കഥയാണ് 'നരിനായാട്ടി'ല്‍ ഉന്നയിക്കുന്നത്. സത്യസന്ധമായും സംഭവിച്ച ഒരു ഗ്രാമ പുരാവൃത്തം ഇത്തരമൊരു ഗീതകമായി പുനര്‍ജനിക്കുമ്പോള്‍ ഭാവനയുടെ സുഗന്ധവും അതില്‍ പടരുക സ്വാഭാവികം. എന്നാല്‍, അതിനകത്തു ചരിത്രത്തിന്റെ അനര്‍ഘശേഷിപ്പുകള്‍ തീര്‍ച്ചയായുമുണ്ടാവും. അതു കണ്ടെത്തുകയെന്നതു ചരിത്രാന്വേഷകന്റെ ചുമതല തന്നെയാണ്. അതുപോലെ കാതുകുത്തും കാളപൂട്ടും നാല്‍പതുകളിലുമൊക്കെ ഒരുകാലത്ത് ഗ്രാമജീവിതത്തിന്റെ പുളകങ്ങള്‍ തന്നെയായിരുന്നു. ഇതിനെപ്പറ്റിയൊക്കെയും മാപ്പിളമാര്‍ പാട്ടുകെട്ടിയിട്ടുണ്ട്. ഈ പാട്ടുകളൊക്കെയും സൂക്ഷ്മ പഠനത്തിനു വിധേയമാക്കിയാല്‍ ശതകാല ഗ്രാമജീവിതത്തിന്റെ ചരിത്രഗതികള്‍ തന്നെയാവും ഇതള്‍വിടരുക.

വികലമായ ദേശബോധവും സവര്‍ണ ആഢ്യത്വവും എന്തുമാത്രം ഭീകരമായിരുന്നെന്നറിയാന്‍ പറ്റുന്ന ഒരു മാലപ്പാട്ടാണ് വാണിമേല്‍ മാമ്പിലക്കോട്ട് ദേശത്ത് പുഴക്കല്‍ വീട്ടില്‍ എടവലന്‍ മൊയ്തീന്‍ എഴുതിയ 'മദമോഹിനികുഞ്ഞാമി' (1967) മാല. ഇതിനേക്കാള്‍ പ്രധാനമായ ഒരു രചനയാണ് വി.എ മുഹമ്മദ് മുസ്‌ല്യാര്‍ എഴുതിയ 'ബഹുശേഷ വിനോദന കീര്‍ത്തനം.' തിരുവിതാംങ്കൂര്‍ രാജകുടുംബത്തിന്റെ ചരിത്രമാണ് ഈ മനോഹരമായ പാട്ടുരചനയില്‍ ക്രോഡീകരിച്ചത്. ശ്രീമൂലം തിരുന്നാളിന്റെ അന്ത്യവും ചിത്തിരത്തിരുന്നാളിന്റെ ആരോഹണവും മാത്രമല്ല ആ ദേശത്തിന്റെ നാനാതരം വൈവിധ്യങ്ങളേയും സംഭവഗതികളേയും പ്രതിസൂക്ഷ്മമായാണ് മുഹമ്മദ് മുസ്‌ല്യാര്‍ ഇതില്‍ പ്രതിപാദിക്കുന്നത്. ഈ രചനയിലൂടെ സഞ്ചരിക്കുമ്പോള്‍ സംഭവബഹുലമായ ഒരു കാലഘട്ടം നമ്മിലേക്കു വിടര്‍ന്നു വരും.

(തേജസ് വാരിക പ്രസിദ്ധീകരിച്ചത്)



Tags:    

Similar News