സഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങി മറവന്‍തുരുത്ത്; അരിവാള്‍തോട് പുനരുജ്ജീവിപ്പിക്കുന്നു

Update: 2022-02-04 18:37 GMT

കോട്ടയം: സ്ട്രീറ്റ് പദ്ധതിയില്‍ ഉള്‍പ്പെട്ട മറവന്‍തുരുത്ത് ഗ്രാമപ്പഞ്ചായത്ത് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. സഞ്ചാരികള്‍ക്ക് ആസ്വാദ്യകരമായ ജലയാത്രാനുഭവം സമ്മാനിക്കുന്നതിന് അരിവാള്‍തോട് ഒരുങ്ങുകയാണ്. കുട്ടവഞ്ചി സവാരി, പെഡല്‍ ബോട്ടിങ്, ചെറുവള്ളങ്ങള്‍ എന്നിവയിലൂടെ സഞ്ചരിച്ച് തോടിന്റെ ഇരുകരകളിലുമുള്ള ചെയ്യുന്ന വീടുകള്‍ സന്ദര്‍ശിക്കാനും നാടന്‍ ഭക്ഷണം ആസ്വദിക്കാനും പരമ്പരാഗത തൊഴിലുകള്‍ കാണാനും സൗകര്യവും ഒരുക്കുമെന്ന് ഉത്തരവാദിത്ത ടൂറിസം മിഷന്‍ സംസ്ഥാന കോ- ഓഡിനേറ്റര്‍ കെ രൂപേഷ് കുമാര്‍ പറഞ്ഞു.

കയാക്കിങ് സംവിധാനങ്ങളും സജ്ജമാക്കും. തോടിന്റെ കരകളില്‍ വളര്‍ന്നുനില്‍ക്കുന്ന കണ്ടല്‍ക്കാടുകള്‍ സംരക്ഷിക്കാനും ചെടികള്‍ നട്ടുപിടിപ്പിക്കാനും പൂന്തോട്ടങ്ങള്‍ നിര്‍മിക്കാനുമുള്ള പ്രവര്‍ത്തനങ്ങളും തദ്ദേശവാസികളുടെ സഹായത്തോടെ നടത്തും. രണ്ടര കിലോമീറ്റര്‍ നീളത്തിലുള്ള തോടിന്റെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ 20 ദിവസത്തിനകം പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ ബി രമ പറഞ്ഞു.

Tags:    

Similar News