Full View
ഗസ സിറ്റി: ഇസ്രായേല്‍-ഫലസ്തീന്‍ യുദ്ധം തുടരുന്നതിനിടെ ഹമാസിനെതിരേ നുണബോംബുകളുമായി മാധ്യമങ്ങള്‍. ഇക്കഴിഞ്ഞ ശനിയാഴ്ച ഹമാസ് നടത്തിയ പ്രത്യാക്രമണത്തില്‍ ആയിരക്കണക്കിന് സയണിസ്റ്റുകള്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് അന്താരാഷ്ട്ര വലതുപക്ഷ മാധ്യമങ്ങളില്‍ ഹമാസ് പോരാളികള്‍ക്കെതിരേ നുണക്കഥകള്‍ പ്രവഹിച്ചുതുടങ്ങിയത്. ഇന്ത്യന്‍ മാധ്യമങ്ങളും മലയാളം മാധ്യമങ്ങളും ഇവയെല്ലാം അതേപടി പകര്‍ത്തുകയായിരുന്നു. എന്നാല്‍, ആദ്യദിനത്തില്‍ ഹമാസ് സംഘമെത്തിയ വീട്ടിലുണ്ടായിരുന്ന ഇസ്രായേലി കുടിയേറ്റ വനിത ഇസ്രായേലി ചാനലിനോട് തന്നെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തുകയും ചെയ്തു. ഇതിനുപുറമെ, ഹമാസ് പോരാളികള്‍ ഗ്ലൈഡറിലെത്തിയപ്പോള്‍ നൃത്തപരിപാടിക്കിടെ ബന്ദിയാക്കിയ ജര്‍മന്‍ യുവതിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയതായി ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍, ജര്‍മന്‍ യുവതിയുടെ മാതാവ് തന്നെ, തന്റെ മകള്‍ ജീവനോടെ ആശുപത്രിയിലുണ്ടെന്നും ഫോണില്‍ ബന്ധപ്പെട്ടതായും വ്യക്തമാക്കിയതോടെ ആ വ്യാജ വാര്‍ത്തയും പൊളിഞ്ഞിരുക്കുകയാണ്. ഇത്തരത്തില്‍ നൂറുകണക്കിന് വ്യാജ വാര്‍ത്തകളാണ് ഹമാസ് പോരാളികള്‍ക്കെതിരേ പടച്ചുവിടുന്നതെന്നതും ശ്രദ്ധേയമാണ്.
മസ്ജിദുല്‍ അഖ്‌സ നിരന്തരം കൈയേറുകയും ലോകരാഷ്ട്രങ്ങളുടെയെല്ലാം അഭ്യര്‍ഥനകള്‍ക്ക് ചെവികൊടുക്കാതെയും കൂട്ടക്കുരുതി തുടര്‍ന്ന ഇസ്രായേലിലെ സയണിസ്റ്റ് ഭരണകൂടത്തിനെതിരേ ഹമാസ് നടത്തിയ തൂഫാനുല്‍ അഖ്‌സ പ്രത്യാക്രമത്തിന്റെ ജാള്യത മറച്ചുവയ്ക്കാനാണ് വ്യാജവാര്‍ത്തകള്‍ പടച്ചുവിടുന്നതെന്ന സംശയം ബലപ്പെടുകയാണ്. ഹമാസ് നടത്തിയ മുന്നേറ്റത്തിന്റെ ആദ്യ ദിവസം മുതല്‍ തന്നെ ഇത്തരത്തില്‍ പോരാളികളെ പൈശാചികവല്‍ക്കരിക്കുന്ന വിധത്തിലുള്ള നുണക്കഥകള്‍ പ്രചരിച്ചുതുടങ്ങിയിരുന്നു. മേല്‍ക്കോയ്മാ മാധ്യമങ്ങള്‍ക്കു പുറമെ സാമൂഹിക മാധ്യമങ്ങളിലും ഇപ്പോഴും കള്ളക്കഥകള്‍ പ്രവഹിക്കുകയാണ്. ഇത്തരത്തിലൊന്നാണ് ആദ്യദിവസം ഹമാസ് പോരാളികളെത്തിയ വീട്ടിലെ ഇസ്രായേലി കുടിയേറ്റ വനിതയുടെ വെളിപ്പെടുത്തല്‍. ഇസ്രായേലി മാധ്യമമായ ചാനല്‍ 12ലാണ് ഹമാസ് പോരാളികള്‍ തന്നോട് നല്ല രീതിയിലാണ് പെരുമാറിയതെന്ന് റോതം എന്ന സ്ത്രീ വിശദീകരിക്കുന്നത്. ഹമാസ് അംഗങ്ങള്‍ എന്റടുത്ത് വന്നപ്പോള്‍ ഇവിടെ രണ്ട് കുട്ടികളുണ്ടെന്ന് ഞാന്‍ പറഞ്ഞു. അവര്‍ ഹിബ്രുവിലല്ല, ഇംഗ്ലീഷിലാണ് സംസാരിച്ചത്. അവരിലൊരാള്‍ എന്നോട് ഇംഗ്ലീഷില്‍ സംസാരിച്ചു. ഭയപ്പെടേണ്ട. ഞങ്ങള്‍ മുസ് ലിംകളാണ്. ഞങ്ങള്‍ നിങ്ങളെ ഉപദ്രവിക്കില്ലെന്ന് പറഞ്ഞു. ഇതിനു ശേഷം എന്റെ കുട്ടികള്‍ക്കൊപ്പം ഞാന്‍ ഇരുന്നു. അവര്‍ ഡൈനിങ് ഹാളില്‍ നിന്ന് കസേര എടുത്തുതന്നു. അവരുടെ കൈയില്‍ ആയുധങ്ങളുണ്ടായിരുന്നു. പൂര്‍ണസമയവും അവര്‍ നമ്മോടൊപ്പം മുറിയില്‍ തന്നെ കഴിഞ്ഞു. ബാക്കിയുള്ളവര്‍ വീടിന്റെ ചുറ്റിലും നടക്കുന്നുണ്ടായിരുന്നു. അപ്പോള്‍ കുറച്ച് പഴം കണ്ടു. ഇതിലൊന്ന് ഞാന്‍ കഴിച്ചോട്ടെയെന്ന് ഒരാള്‍ ചോദിച്ചു. അപ്പോള്‍ കഴിച്ചോളൂ എന്ന് ഞാന്‍ മറുപടി നല്‍കിയെന്നും റോതം ചിരിച്ചുകൊണ്ട് പറയുന്നുണ്ട്. കുട്ടികള്‍ എന്തുപറയുന്നുവെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മൂത്തയാള്‍ നല്ല ടെന്‍ഷനിലായിരുന്നെങ്കിലും സഹോദരി ടാബില്‍ മുഴുകിയിരിക്കുകയാണെന്നാണ് മറുപടി പറയുന്നത്.
രണ്ട് മണിക്കൂറോളം അവിടെ ചെലവഴിച്ച ശേഷം മുറി അടച്ചാണ് പോയതെന്നും അവര്‍ വെളിപ്പെടുത്തുന്നുണ്ട്. മാധ്യമങ്ങളില്‍ മാത്രമല്ല, എക്‌സ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ടിക് ടോക്ക്, യൂ ട്യൂബ് തുടങ്ങി വിവിധ സാമൂഹിക മാധ്യമങ്ങളിലും നുണക്കഥകള്‍ പടച്ചുവിടുന്നുണ്ട്. പഴയകാല വീഡിയോകളും ഹമാസുമായോ ഫലസ്തീന്‍ പോരാട്ടവുമായോ യാതൊരു ബന്ധമില്ലാത്തുമായ വീഡിയോകളും പ്രചരിപ്പിക്കുന്നുണ്ട്. ഏറ്റവുമൊടുവില്‍ നോവ സംഗീതോല്‍സവത്തിനിടെ ഹമാസ് ബന്ദിയാക്കിയിരുന്ന ജര്‍മന്‍-ഇസ്രായേല്‍ വംശജ ഷാനി ലൂക്കിനെ ബലാല്‍സംഗം ചെയ്‌തെന്നും നഗ്നയാക്കി നടത്തിച്ചെന്നും കൊലപ്പെടുത്തിയെന്നും വരെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഗസയിലെ ആശുപത്രിയില്‍ തന്റെ മകള്‍ ജീവിച്ചിരുപ്പുണ്ടെന്നും ഫോണില്‍ ബന്ധപ്പെട്ടെന്നും ഷാനി ലൂക്കിന്റെ മാതാവ് തന്നെയാണ് ഇപ്പോള്‍ വെളിപ്പെടുത്തിയത്.
22 കാരിയായ ഷാനി ലൂക്ക് കിബ്ബട്ട്‌സ് റെയിമിന് സമീപം സംഗീതോല്‍സവത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് ഹമാസ് പോരാളികള്‍ ഗ്ലൈഡറിലെത്തിയത്. ഇവിടെനിന്ന് ഹമാസ് പോരാളികള്‍ ഒരു വാഹനത്തിന്റെ പിന്നില്‍ കയറ്റി കൊണ്ടുപോയവരിലാണ് ഷാനി ലൂക്കിനെ തിരിച്ചറിഞ്ഞത്. സംഗീതോല്‍സവത്തിനിടെ ധരിച്ച വസ്ത്രത്തില്‍ തന്നെയാണ് അവരെ കൊണ്ടുപോവുന്നത്. യുവതിയുടെ കാലിലെ ടാറ്റൂ കണ്ടാണ് ആളെ തിരിച്ചറിഞ്ഞത്. ബെര്‍ലിനില്‍ വിദ്യാര്‍ഥിനിയായ ലൂക്ക് ഇസ്രായേലില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയപ്പോഴാണ് ഗസയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള നൃത്തസംഗീത പരിപാടിയില്‍ പങ്കെടുത്തത്. ഈസമയം ഇവര്‍ ധരിച്ചിരുന്ന വസ്ത്രത്തോടെ തന്നെയാണ് കൊണ്ടുപോവുന്നത്. ഇതിനെയാണ് ബലാല്‍സംഗം ചെയ്‌തെന്നും കൊലപ്പെടുത്തിയെന്നും പ്രചരിപ്പിച്ചത്. മകള്‍ ജീവിച്ചിരിപ്പുണ്ടെന്നും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും മാതാവ് റിക്കാര്‍ഡ ലൂക്ക് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. യുവതിയുടെ ബ്രസീലിയന്‍ കാമുകനെയും കാണാതായിരുന്നു. പരിപാടിയില്‍ പങ്കെടുത്തവരില്‍ 70 ശതമാനം പേരും ഇസ്രായേലികളായിരുന്നു. ബാക്കിയുള്ളവര്‍, യുഎസും ആസ്‌ത്രേലിയയും ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്ന് ഇസ്രായേലി പത്രമായ യെദിയോത്ത് അഹ്‌റോനോത്ത് തന്നെ റിപോര്‍ട്ട് ചെയ്തിരുന്നു. മാത്രമല്ല. നൃത്തോല്‍സവത്തിനിടെ ഹമാസ് പോരാളികളെത്തിയപ്പോള്‍ സമീപത്തുനിന്ന് വീഡിയോയില്‍ പകര്‍ത്തുകയും മറ്റും ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഈ സമയത്തൊന്നും നൃത്തപരിപാടിയില്‍ പങ്കെടുത്തവരെ ഉപദ്രവിക്കാനോ മറ്റോ ഹമാസ് പോരാളികള്‍ ശ്രമിക്കുന്നില്ലെന്ന് വീഡിയോയില്‍ വ്യക്തമാവുന്നുണ്ട്. ഇത്തരത്തില്‍ ഓരോ നിമിഷങ്ങളിലും ഹമാസിനെതിരായ പച്ചക്കള്ളങ്ങള്‍ പൊളിഞ്ഞുവീഴുമ്പോഴും പുതിയ പുതിയ കള്ളക്കഥകളുമായി വരികയാണ്. ഹമാസ് പോരാളികള്‍ കുട്ടികളെ തലയറുത്തുകൊലപ്പെടുത്തിയെന്ന ഇസ്രായേല്‍ വാദം അതേപടി മാധ്യമങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍, ആരോപണങ്ങളെ സാധൂകരിക്കുന്ന വിശ്വസനീയമായ തെളിവുകളോ ഫൂട്ടേജുകളോ പുറത്തുവിടാന്‍ മാധ്യമങ്ങളോ സംഘടനകളോ തയ്യാറായിട്ടുമില്ല. ഗസയില്‍ ഇസ്രായേല്‍ അധിനിവേശ സൈന്യം നടത്തുന്ന കൂട്ടക്കുരിതിയില്‍ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുമ്പോള്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ ഭാഗത്തുനിന്നുണ്ടാവുന്ന പ്രതിഷേധം വഴിതിരിച്ചുവിടാന്‍ ഇസ്രായേല്‍-സയണിസ്റ്റ് ഹാന്‍ഡിലുകള്‍ തന്നെയാണ് വ്യാജവാര്‍ത്തകള്‍ക്കു പിന്നിലെന്ന സംശയം ബലപ്പെടുകയാണ്.