സപ്തംബര്‍ 11: തിരിച്ചടികളുടെ ഇരുപതാണ്ട്

കലീം

Update: 2021-09-11 07:02 GMT

    1991 ഡിസംബറില്‍ സോവിയറ്റ് യൂനിയന്‍ ആഭ്യന്തര ദൗര്‍ബല്യങ്ങള്‍ മൂലം തകര്‍ന്നുവീണതോടെ ലോകത്തിലെ ഒരേയൊരു സൂപ്പര്‍ പവര്‍ അമേരിക്കയായി. ഒന്നുകില്‍ നമ്മുടെ കൂടെ അല്ലെങ്കില്‍ നമ്മുടെ ശത്രുക്കളുടെ കൂടെ എന്ന മുദ്രാവാക്യവുമായി ജോര്‍ജ് ബുഷും കൂട്ടരും ലോകം അടക്കിഭരിക്കുന്ന കാലം. 70 രാജ്യങ്ങളിലായി ചെറുതും വലുതുമായ 800 സൈനിക താവളങ്ങള്‍. ആഗോള പ്രതിരോധ ചെലവിന്റെ 36 ശതമാനം ചെലവഴിക്കുന്ന രാജ്യം. കോളയും ബര്‍ഗറും ഫ്രൈഡ് ചിക്കനും ദുര്‍മേദസ്സും പ്രമേഹവും രക്തസമ്മര്‍ദ്ദവും അതോടൊപ്പം സ്വതന്ത്ര ലൈംഗികതയും ചലച്ചിത്രങ്ങളിലൂടെയുള്ള ഹിംസാത്മകതയും വ്യാപകമാക്കിക്കൊണ്ടിരിക്കുന്ന സംസ്‌കാരം. യുവ തലമുറയുടെ വസ്ത്രധാരണം തൊട്ട് സംസാര രീതിവരെ മാറ്റിമറിച്ച നാഗരികത. എല്ലാം അട്ടിമറിച്ചത് 2001 സപ്തംബറിലാണ്.

അഫ്ഗാനിസ്താനില്‍ നിന്നുള്ള അപമാനകരമായ പലായനത്തിനു ശേഷം പെന്റഗണ്‍, വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ 20ാം വാര്‍ഷികമാചരിക്കുകയാണ് അമേരിക്ക. പ്രസിഡന്റ് ജോ ബൈഡന്‍ ആക്രമണത്തിന്റെ സ്മാരകങ്ങളുള്ള മൂന്നിടങ്ങളില്‍ പോയി കൊല്ലപ്പെട്ടവര്‍ക്ക് ആദരാജ്ഞലി അര്‍പ്പിക്കും. ഒന്ന് ലോക വ്യാപാര കേന്ദ്രമായ ന്യൂയോര്‍ക്കിലും മറ്റൊന്ന് വാഷിങ്ടണിനു സമീപമുള്ള വെര്‍ജീനയിലെ പെന്റഗണ്‍ ആസ്ഥാനത്തും. മൂന്നാമത്തേത് പെന്‍സില്‍വാനിയയിലെ ഷാന്‍ക്‌സ്‌വില്‍ പട്ടണത്തിലുമാണ്. അവിടെയാണ് ഹൈജാക്ക് ചെയ്യപ്പെട്ട നാല് വിമാനങ്ങളില്‍പ്പെട്ട യുനൈറ്റഡ് എയര്‍ലൈന്‍സ് വിമാനം തകര്‍ന്നു വീണത്. 20 വര്‍ഷത്തിനു ശേഷം അതും വലിയ ജനകീയ സമ്മര്‍ദ്ദത്തിന്റെ കാരണമായി ആക്രമണം സംബന്ധിച്ച രഹസ്യരേഖകള്‍ ഈയിടെ ബൈഡന്‍ പുറത്തുവിട്ടു. അതിലെ എല്ലാ വിവരങ്ങളും പുറത്തുവന്നിട്ടില്ല.    


    സപ്തംബര്‍ 11നു ശേഷം അമേരിക്കയുടെ പ്രതാപം താഴോട്ടുതന്നെയാണെന്ന് നിരീക്ഷകര്‍ കരുതുന്നു. പൗരന്‍മാരെ നിരീക്ഷിക്കുന്ന പുതിയ നിയമങ്ങളുണ്ടായി. പാട്രിയറ്റ് ആക്റ്റ് എന്നു പറയുന്ന നിയമം കര്‍ക്കശമായി ആളുകളെ നിരീക്ഷിക്കുകയും വേണ്ടിവന്നാല്‍ കരുതല്‍ തടങ്കലില്‍വയ്ക്കുകയും ചെയ്യുന്ന വ്യവസ്ഥകളുള്ള ഒന്നാണ്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റി എന്ന പേരില്‍ ഒരു പുതിയ മന്ത്രാലയം നിലവില്‍വന്നു. ജോര്‍ജ് ബുഷ് രണ്ടാമനായിരുന്നു ആക്രമണം നടക്കുമ്പോള്‍ യു.എസ് പ്രസിഡന്റ്. വലിയൊരു ആക്രമണം ഭയന്ന് അന്ന് പ്രസിഡന്റ് വിമാനത്തില്‍ ആകാശത്തു തന്നെ സഞ്ചരിക്കുകയായിരുന്നു.

    പ്രതിരോധ വകുപ്പിനു നേരെയും വാണിജ്യ വ്യാപാര കേന്ദ്രത്തിനു നേരെയും നടന്ന ആക്രമണം യുനൈറ്റഡ് സ്റ്റേറ്റ്‌സിനെ തളര്‍ത്തി. ബുഷും പിന്നീട് വൈറ്റ് ഹൗസില്‍ കയറിയ മൂന്നു പ്രസിഡന്റുമാരുടെയും പിഴച്ച നയങ്ങളാണ് രാജ്യത്തെ ദുര്‍ബലമാക്കിയതെന്ന് പല നയതന്ത്രവിദഗ്ധരും കരുതുന്നു. 1975ലെ വിയറ്റ്‌നാം പലായനത്തിനു ശേഷം അമേരിക്ക പ്രതിസന്ധികളില്‍ നിന്നു രക്ഷപ്പെട്ട് നില്‍ക്കുന്ന കാലത്താണ് ഈ ആക്രമണം നടക്കുന്നത്. ആക്രമണത്തോട് പ്രതികരിക്കാന്‍ എന്ന നിലയ്ക്ക് കണ്ണും മൂക്കുമില്ലാതെ മുസ്‌ലിം രാജ്യങ്ങള്‍ ആക്രമിക്കുകയായിരുന്നു ജോര്‍ജ് ബുഷും കൂട്ടരും. ആദ്യം അഫ്ഗാനിസ്താനും പിന്നെ ഇറാഖും കീഴ്‌പ്പെടുത്തി. ഈ രാജ്യങ്ങള്‍ പിന്നീട് നേരെ നിന്നിട്ടില്ല. ജിഹാദികള്‍ ശക്തിപ്പെടുന്നു എന്ന നിര്‍മിതിയുടെ അടിസ്ഥാനത്തില്‍ സോമാലിയയിലും യമനിലും സിറിയയിലും നാശംവിതച്ചു. പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങളുമായി കലഹിച്ചു. 4 ലക്ഷം കോടി ഡോളറാണ് ഇതിനൊക്കെ ചെലവ് വന്നത്. ഇത് അമേരിക്കന്‍ സാമ്പത്തിക വ്യവസ്ഥയെത്തന്നെ പരിപൂര്‍ണമായി തളര്‍ത്തിക്കളഞ്ഞു.    


    സൗദി അറേബ്യയില്‍ നിന്നുള്ള 19 പേരാണ് നാല് യാത്രാ വിമാനങ്ങള്‍ തട്ടിക്കൊണ്ടുപോയി ന്യൂയോര്‍ക്കിലും വാഷിങ്ടണിലും ചരിത്രം ഇതുവരെ ദര്‍ശിച്ചിട്ടില്ലാത്ത വിധം ആക്രമണം നടത്തിയത്. ന്യൂയോര്‍ക്കിലെ ഇരട്ട ഗോപുരങ്ങളുള്ള വേള്‍ഡ് ട്രേഡ് സെന്ററില്‍ രണ്ടു വിമാനങ്ങള്‍ വന്നിടിച്ചു. മറ്റൊന്ന് പെന്റഗണ്‍ ആസ്ഥാനത്താണ് ആക്രമണം നടത്തിയത്. ലോകത്തിലെ ഏറ്റവും വലിയ ചാര സംഘടനയായ സി.ഐ.എക്കോ കുറ്റാന്വേഷണ വിഭാഗമായ എഫ്.ബി.ഐക്കോ മുന്‍കൂട്ടി കാണാന്‍ പറ്റാത്തതായിരുന്നു ആക്രമണം. സപ്തംബര്‍ 11 സംബന്ധിച്ച അന്വേഷണ കമ്മീഷന്‍ ഖാലിദ് ഷൈഖ്് മുഹമ്മദും വലീദ് ബിന്‍ അത്താഷ്, റംഷി ബിന്‍ ഷിബ്, അമ്മാല്‍ അല്‍ ബലൂച്ചി, മുസ്തഫല്‍ അൗസാവി എന്നീ നാലുപേരും കൂടിയാണ് ആക്രമണങ്ങള്‍ക്കു ആസൂത്രണം നടത്തിയതെന്ന് ആരോപിക്കുന്നു. എന്നാല്‍ രണ്ടു ദശാബ്ദങ്ങള്‍ കഴിഞ്ഞിട്ടും അവരുടെ വിചാരണ പോലും തുടങ്ങിയിട്ടില്ല. അവരെ വിചാരണ ചെയ്യുന്നതിനായി ഗ്വണ്ടാനമോയില്‍ ഒരു മിലിറ്ററി ട്രൈബ്യൂണല്‍ തന്നെ യു.എസ് സ്ഥാപിച്ചിട്ടുണ്ട്.

    2003ല്‍ പിടികൂടി മൂന്നു വര്‍ഷം രഹസ്യ തടവറയില്‍വച്ച് ചോദ്യം ചെയ്ത ഖാലിദ് ഷൈഖ് മുഹമ്മദ് അല്‍ഖ്വയ്ദയാണ് ആക്രമണം നടത്തിയതെന്ന് മൊഴി നല്‍കിയിരുന്നെങ്കിലും അതയാള്‍ കഥിച്ചുണ്ടാക്കിയതെന്നാണെന്നാണ് യു.എസ് സെനറ്റ് തന്നെ അഭിപ്രായപ്പെട്ടത്. നിയമവാഴ്ചയെപ്പറ്റി എപ്പോഴും ഉദ്‌ഘോഷിക്കുന്ന യു.എസ് സപ്തംബര്‍ 11 എന്ന ആക്രമണത്തോട് പ്രതികരിച്ചപ്പോള്‍ ആഭ്യന്തരവും അന്താരാഷ്ട്രീയവുമായ എല്ലാ നിയമങ്ങളും വലിച്ചെറിഞ്ഞു. ഏതാണ്ട് വെഗിളിപിടിച്ച ഗുണ്ടാ തലവനെപ്പോലെയാണ് യു.എസ് പെരുമാറിയത്. തെളിവുകള്‍ സമര്‍പ്പിക്കാതെ ജിഹാദികള്‍ എന്നു തങ്ങള്‍ വിശേഷിപ്പിച്ച സായുധ പോരാളികളെ വകവരുത്തുന്നതിലായിരുന്നു വാഷിങ്ടണിനു താല്‍പര്യം.    


    ക്യൂബയ്ക്കു സമീപമുള്ള അമേരിക്കന്‍ നിയമങ്ങള്‍ക്കു പുറത്തുള്ള ഗ്വണ്ടാനമോയില്‍ തടവറ പണിത് കൈയില്‍ കിട്ടിയവരെയൊക്കെ അവിടെ അടച്ചിട്ടു. ബോസ്‌നിയ തൊട്ട് താജിക്കിസ്ഥാന്‍ വരെയുള്ള പ്രദേശങ്ങളില്‍ നിന്നു 780 പേരാണ് അല്‍ഖ്വയിദ അംഗങ്ങള്‍ എന്നാരോപിച്ച് പിടികൂടി സി.ഐ.എയ്ക്ക് ഏല്‍പ്പിച്ചുകൊടുത്തത്. അഫ്ഗാനിസ്ഥാനിലെ ബഖ്‌റാം വിമാനത്താവളത്തിലും ബഗ്ദാദിലെ അല്‍ഗുറൈബിലുംവച്ച് ഭീകരമായി അവരെ പീഡിപ്പിച്ചു. പോളണ്ട്, സിറിയ തുടങ്ങിയ രാജ്യങ്ങള്‍ പണം വാങ്ങി സവിശേഷ ക്രൂരതയോടെ അവരില്‍ നിന്നു രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ ശ്രമിച്ചു. വാട്ടര്‍ ബോര്‍ഡിങ് ആയിരുന്നു പീഡനമുറകളില്‍ ഒന്നാം സ്ഥാനത്ത്. ശ്വാസംമുട്ടുന്നതുവരെ വെള്ളത്തില്‍ തല താഴ്ത്തിപ്പിടിക്കുന്നതായിരുന്നു അത്. ഇത് അമേരിക്കന്‍ നിയമമനുസരിച്ച് വലിയ ശിക്ഷ കിട്ടുന്ന ഒരു പീഡന മുറയാണ്. 38 പേരാണ് ഗ്വണ്ടാനമോയിലെ പീഡനത്തില്‍ കൊല്ലപ്പെട്ടത്. ഗ്വണ്ടാനമോയില്‍ നിന്നു പലരെയും അവരവരുടെ നാടുകളിലേക്ക് നാടുകടത്തി. അവരില്‍ മിക്കവരും കൂടുതലും ഭീകരമായ ജയിലുകളില്‍ ജീവിതകാലം മുഴുവന്‍ ചെലവഴിക്കും.

സപ്തംബര്‍ 11 അമേരിക്കയിലും യൂറോപ്പിലുമുള്ള മാധ്യമങ്ങളെയും ആശയക്കുഴപ്പത്തിലാക്കിയിരുന്നു. വിമാനങ്ങള്‍ തട്ടിക്കൊണ്ടുപോയ 19 പേരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നെങ്കിലും പാശ്ചാത്യ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച ആദ്യ പട്ടികയില്‍ അഞ്ചുപേരെങ്കിലും ഭൂമിയില്‍ ജീവിച്ചിരിക്കുന്നുണ്ടായിരുന്നു. ആക്രമണത്തിന്റെ സ്വഭാവംകണ്ട് യു.എസ് ഭരണകൂടത്തില്‍ തന്നെയുള്ള ചില വിഭാഗങ്ങളാണ് അതിന്റെ പിന്നിലെന്ന് ചില വിദഗ്ധന്മാര്‍ കരുതി. രണ്ടു ഗോപുരങ്ങളും പരിപൂര്‍ണമായി കത്തിയമര്‍ന്നതാണ് അവര്‍ക്കു അങ്ങനെയൊരു തീരുമാനത്തിലെത്താന്‍ പ്രേരണയായത്. പെന്റഗണിനു നേരെ വലതുപക്ഷ വംശീയവാദികള്‍ മിസൈല്‍ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് അമേരിക്കന്‍ ഇടതുപക്ഷത്തില്‍പ്പെട്ട പലരും കരുതിയിരുന്നത്. നേരത്തേ ഗോപുരങ്ങളുടെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിച്ചിരിക്കാമെന്നാണ് അവര്‍ വാദിച്ചത്.


മുസ്‌ലിം നേതാക്കളും അത്തരം സിദ്ധാന്തങ്ങള്‍ മുമ്പോട്ടുവച്ചിരുന്നു. ഇറാഖും അഫ്ഗാനിസ്താനും കീഴടക്കുന്നതിനും ഗള്‍ഫ് രാജ്യങ്ങളെ ഭയപ്പെടുത്തി നിര്‍ത്തുന്നതിനുമുള്ള അന്തരീക്ഷം ഒരുക്കാന്‍ നടത്തിയ ആക്രമണമായിരുന്നു സപ്തംബര്‍ 11 എന്നാണ് ഇറാന്‍ പ്രസിഡന്റായ അഹമ്മദി നജാദ് വാദിച്ചിരുന്നത്. ഈജിപ്ഷ്യന്‍ പ്രസിഡന്റായിരുന്ന മുഹമ്മദ് മുര്‍സി ആക്രമണത്തിന്റെ പിന്നില്‍ അമേരിക്കന്‍ ഭരണകൂടത്തില്‍ തന്നെയുള്ള ചില ഗൂഢസംഘങ്ങളാണെന്ന് ആരോപിച്ചിരുന്നു. അതു സംബന്ധിച്ച് ഒരു അന്താരാഷ്ട്ര സമ്മേളനം വിളിക്കുന്നതിനും മുര്‍സി ശ്രമിച്ചിരുന്നു. അതാണ് അദ്ദേഹത്തിനു സ്ഥാനഭ്രഷ്ടനാക്കുന്നതിനു അല്‍സീസിയെ പ്രേരിപ്പിച്ചതെന്നു കരുതുന്നവരുമുണ്ട്. ഉസാമാ ബിന്‍ ലാദന്‍ നേതൃത്വം നല്‍കിയിരുന്ന അല്‍ഖ്വയ്ദയായിരുന്നു ആക്രമണത്തിനു പിന്നിലെന്ന് സംശയരഹിതമായി തെളിയിക്കുന്ന ഒന്നും തന്നെ യു.എസ് പുറത്തുവിട്ടിട്ടില്ല. അത് സംഭവങ്ങളുടെ നിഗൂഢത വര്‍ധിപ്പിക്കുന്നതിനു കാരണമായി.

    2001ലെ ആക്രമണത്തിനു മുമ്പ് അഫ്ഗാനിസ്താനില്‍ അഭയംതേടിയ ഉസാമാ ബിന്‍ ലാദനെ കൈമാറണമെന്ന് യു.എസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരു അന്താരാഷ്ട്ര ട്രൈബ്യൂണലിനു മുമ്പാകെയോ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോണ്‍ഫറന്‍സ് നിശ്ചയിക്കുന്ന ഒരു മൂന്നംഗ അന്വേഷണ കമ്മീഷണു മുമ്പാകെയോ ബിന്‍ ലാദനെ ഹാജരാക്കാമെന്നാണ് താലിബാന്‍ അന്നു വ്യക്തമാക്കിയത്. എങ്കിലും അമേരിക്ക വഴങ്ങിയില്ല. 2011ല്‍ അല്‍ജസീറയ്ക്കു നല്‍കിയ ഒരു അഭിമുഖത്തില്‍ അന്നത്തെ താലിബാന്‍ വിദേശകാര്യ മന്ത്രിയായിരുന്ന വക്കീല്‍ അല്‍ മുതവക്കില്‍ ഇക്കാര്യം ആവര്‍ത്തിച്ചെങ്കിലും അപ്പോഴും അമേരിക്ക അതവഗണിച്ചു. പാകിസ്താനിലെ യു.എസ് എംബസി മുഖേനയും ന്യൂയോര്‍ക്കില്‍ അനൗദ്യോഗികമായി പ്രവര്‍ത്തിച്ച താലിബാന്‍ ഓഫിസ് മുഖേനയും ഈ വിവരം ഭരണകൂടത്തെ അറിയിച്ചിരുന്നു. പാകിസ്താനിലെ സി.ഐ.എ. സ്റ്റേഷന്‍ ചീഫ് റോബര്‍ട്ട് ഗ്രമര്‍ തന്നെ അതു സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

    


ഇസ്‌ലാമോഫോബിയ വലതുപക്ഷ വംശീയവാദികളും ഇവാഞ്ചലിക്കല്‍ സഭകളും ശക്തിപ്പെടുത്തിയ സാഹചര്യത്തില്‍ സിനിമാ സ്റ്റൈല്‍ പ്രതികാരത്തിനായിരുന്നു ബുഷിനു ശേഷം വന്ന പ്രസിഡന്റായ ഒബാമയ്ക്കും താല്‍പര്യം. 2011 മെയ് 11ന് പാകിസ്താനിലെ ആബട്ടാബാദില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഉസാമാ ബിന്‍ലാദനെ കൊലപ്പെടുത്തുകയും അദ്ദേഹത്തിന്റെ മൃതദേഹം കടലിലെറിയുകയും ചെയ്യുന്നതിന്റെയും ദൃശ്യങ്ങള്‍ ഒബാമ വൈറ്റ്ഹൗസിലെ ഓവല്‍ ഓഫിസിലിരുന്ന് ഒരു ഹോളിവുഡ് പടം കാണുന്നതുപോലെ ആസ്വദിക്കുകയായിരുന്നു. സപ്തംബര്‍ 11ന്റെ ആക്രമണത്തില്‍ മൊത്തം 2996 പേരാണ് അമേരിക്കയില്‍ കൊല്ലപ്പെട്ടത്. 2680 പേര്‍ക്ക് പരിക്കേറ്റു. എന്നാല്‍ അഫ്ഗാന്‍ അധിനിവേശത്തില്‍ മാത്രം 1,14,875 പേരാണ് അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടത്. അതില്‍ മിക്കവരും സിവിലിയന്മാരായിരുന്നു. അല്‍ഖ്വയ്ദയെ രഹസ്യമായി സഹായിക്കുന്നു എന്ന നുണയുടെ ബലത്തില്‍ നടന്ന ഇറാഖ് അധിനിവേശത്തില്‍ കൊല്ലപ്പെട്ട സിവിലിയന്മാര്‍ മാത്രം 2,07,156 വരും.


Tags:    

Similar News