സവര്‍ണര്‍ തിരിച്ചുവരുന്നു
മണ്ഡല്‍-കമണ്ഡല്‍ പ്രക്ഷോഭത്തിനുശേഷം ഏതാണ്ട് രണ്ടര ദശാബ്ദം കഴിഞ്ഞു. സാമൂഹിക-രാഷ്ട്രീയരംഗത്ത് മേല്‍ജാതികളുടെ ഐക്യത്തിനും തിരിച്ചുവരവിനുമാണ് ഉത്തര-മധ്യേന്ത്യന്‍ പ്രദേശങ്ങള്‍ സാക്ഷിയാവുന്നത്. അധികാരഘടനയിലും സാമ്പത്തികരംഗത്തും ഉദ്യോഗമണ്ഡലത്തിലും മാധ്യമങ്ങളിലും മറ്റു ബൗദ്ധികമണ്ഡലങ്ങളിലും അവര്‍ക്കുള്ള ഏതാണ്ട് പൂര്‍ണമായ മേല്‍ക്കോയ്മ മൂലം അങ്ങനെയൊരു പുനസ്സംഘാടനത്തെപ്പറ്റി പലരും ഗൗരവത്തില്‍ ചിന്തിച്ചിരുന്നില്ല.
ഊര്‍മിളേഷ്
മണ്ഡല്‍-കമണ്ഡല്‍ പ്രക്ഷോഭത്തിനുശേഷം ഏതാണ്ട് രണ്ടര ദശാബ്ദം കഴിഞ്ഞു. സാമൂഹിക-രാഷ്ട്രീയരംഗത്ത് മേല്‍ജാതികളുടെ ഐക്യത്തിനും തിരിച്ചുവരവിനുമാണ് ഉത്തര-മധ്യേന്ത്യന്‍ പ്രദേശങ്ങള്‍ സാക്ഷിയാവുന്നത്. അധികാരഘടനയിലും സാമ്പത്തികരംഗത്തും ഉദ്യോഗമണ്ഡലത്തിലും മാധ്യമങ്ങളിലും മറ്റു ബൗദ്ധികമണ്ഡലങ്ങളിലും അവര്‍ക്കുള്ള ഏതാണ്ട് പൂര്‍ണമായ മേല്‍ക്കോയ്മ മൂലം അങ്ങനെയൊരു പുനസ്സംഘാടനത്തെപ്പറ്റി പലരും ഗൗരവത്തില്‍ ചിന്തിച്ചിരുന്നില്ല. കഴിഞ്ഞ മൂന്നുനാല് പതിറ്റാണ്ടുകള്‍ക്കിടയില്‍ ദലിത്-ആദിവാസി-പിന്നാക്കജാതികള്‍ക്ക് വല്ല ആനുകൂല്യവും സര്‍ക്കാര്‍ നല്‍കുമ്പോള്‍ മാത്രേമ സവര്‍ണര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയിട്ടുള്ളൂ.
1990ല്‍ മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ക്ക് വി പി സിങ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയപ്പോള്‍ ചില സവര്‍ണര്‍ ഉത്തരേന്ത്യയിലും മധ്യേന്ത്യയിലും ഒച്ചപ്പാടുണ്ടാക്കി. ചെറിയൊരു പ്രക്ഷോഭമായിരുന്നു അതെങ്കിലും മാധ്യമങ്ങളും ഉദ്യോഗസ്ഥരും ചില രാഷ്ട്രീയനേതാക്കളും രഹസ്യമായി പിന്തുണ നല്‍കിയതോടെ അത് കുറേ ശക്തമായി. എന്നാല്‍ ശൗര്യം കൊണ്ടും വികാരവിക്ഷോഭം കൊണ്ടും ഇപ്പോള്‍ കാണുന്ന തരത്തിലുള്ള എതിര്‍പ്പ് വ്യത്യസ്തമാണ്.
മണ്ഡല്‍ വിരുദ്ധ പ്രക്ഷോഭത്തിനു നേതൃത്വം കൊടുത്തത് വിദ്യാര്‍ഥികളും യുവജനങ്ങളുമായിരുന്നു. അത്തരമൊരു സാഹചര്യം ഇപ്പോഴില്ല. ദലിതുകള്‍ക്കും മറ്റ് അവശവിഭാഗങ്ങള്‍ക്കും ലഭിച്ചിരുന്ന ആനുകൂല്യങ്ങളില്‍ പലതും റദ്ദാക്കപ്പെടുകയോ ദുര്‍ബലമാക്കപ്പെടുകയോ ചെയ്തു. പുതുതായി കീഴാളവിഭാഗങ്ങള്‍ക്ക് ഒരാനുകൂല്യവും ലഭിച്ചിട്ടില്ല. പക്ഷേ, ഈയിടെ നടന്ന പ്രക്ഷോഭങ്ങള്‍ക്കൊക്കെ കൃത്യമായ രക്ഷിതാക്കളുണ്ടായിരുന്നു. ബ്രാഹ്മണ്‍ സഭയുടെയോ സവര്‍ണ സമാജിന്റെയോ ബാനറിനു കീഴിലായിരുന്നു സമരം. ഏപ്രില്‍ രണ്ടിനു ദലിതുകള്‍ പട്ടികജാതി- പട്ടികവര്‍ഗങ്ങള്‍ക്കെതിരായുള്ള അക്രമങ്ങള്‍ തടയുന്ന നിയമം ലഘൂകരിക്കുന്നതിനെതിരേ അഖിലേന്ത്യാതലത്തില്‍ ബന്ദ് നടത്തി. അതിനെതിരേ സവര്‍ണ വിഭാഗങ്ങള്‍ ഭാരതബന്ദ് സംഘടിപ്പിച്ചു. മുഖ്യ രാഷ്ട്രീയപ്പാര്‍ട്ടികളൊന്നും അതിനെ പിന്തുണച്ചില്ല. എന്നാല്‍, പ്രാദേശികതലത്തില്‍ ഹിന്ദുത്വ നേതാക്കള്‍ ബന്ദ് വിജയിപ്പിക്കാന്‍ ഇറങ്ങിയിരുന്നു. മധുര-വൃന്ദാവന്‍, ബനാറസ്, ഭോപാല്‍, ഉജ്ജയ്ന്‍, ജയ്പൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ മതാചാര്യന്‍മാരും മതപ്രഭാഷകരും ബന്ദിനെ പിന്തുണച്ചിരുന്നു.
മേപ്പടി നിയമത്തിനെതിരേ സവര്‍ണരിലൊരു വിഭാഗം നേരത്തേ പ്രക്ഷോഭം നടത്തിയിരുന്നു. ഹിന്ദുത്വ സംഘടനകള്‍ അതിനു പിന്തുണ നല്‍കി. അത്തരം പ്രക്ഷോഭങ്ങള്‍ ലക്ഷ്യംവയ്ക്കുന്നത് ദലിതുകളെയും മറ്റു പിന്നാക്കവിഭാഗങ്ങളെയുമാണ്. 2015ലെ ബിഹാര്‍ തിരഞ്ഞെടുപ്പുകാലത്ത് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് സംവരണനിയമങ്ങള്‍ പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത് വലിയ വിവാദമായി. അതുമൂലം പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി അധ്യക്ഷന്‍ അമിത്ഷായും വിയര്‍ത്തുകുളിച്ച് അധ്വാനിച്ചിട്ടും സംസ്ഥാനത്ത് ബിജെപി തോറ്റമ്പി. അതിനുശേഷം ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ സംവരണത്തെക്കുറിച്ചു വളരെ സൂക്ഷിച്ചാണ് അഭിപ്രായം പറയുക. സംവരണം തുടരണമെന്നാണ് അവരിപ്പോള്‍ പറയുന്നത്. എന്നാല്‍, രണ്ടു സംഘടനകളുടെയും താഴെ തട്ടിലുള്ള നേതാക്കന്‍മാര്‍ ദലിത്-ഒബിസി വിഭാഗങ്ങളോട് വലിയ അക്രമസ്വഭാവം കാണിക്കുന്നു. നാഷനല്‍ ക്രൈം റിക്കാഡ്‌സ് ബ്യൂറോയുടെ റിപോര്‍ട്ട് പ്രകാരം 2014ല്‍ ബിജെപി അധികാരമേറിയശേഷം ഉത്തര-മധ്യേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദലിതുകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ ബിജെപി ഭരിക്കുന്ന മധ്യപ്രദേശാണ് മുമ്പില്‍. മൊത്തം കുറ്റകൃത്യങ്ങളില്‍ 12.1 ശതമാനം മധ്യപ്രദേശിലാണ്. സവര്‍ണര്‍ പ്രഖ്യാപിച്ച ബന്ദില്‍ നടന്ന അതിക്രമങ്ങളിലധികവും മധ്യപ്രദേശിലായിരുന്നു. ദലിത്-ആദിവാസികളുടെ പ്രക്ഷോഭത്തിന്റെ ശക്തി കണ്ടാണ് ബിജെപി ഭരണകൂടം സുപ്രിംകോടതി വിധി മറികടക്കുന്ന നിയമഭേദഗതിക്ക് തയ്യാറായത്. അപ്പോള്‍ തന്നെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍ പുതിയ ഭേദഗതികള്‍ അത്ര കര്‍ക്കശമായി തന്റെ സംസ്ഥാനത്തു നടപ്പാക്കില്ലെന്ന് ഫ്യൂഡല്‍-ബ്രാഹ്മണ-ഠാക്കൂര്‍ ലോബിക്ക് ഉറപ്പു നല്‍കി.
അതു സംബന്ധിച്ചു പ്രധാനമന്ത്രിയോ ദലിത് പ്രസിഡന്റോ ഒന്നും മിണ്ടിയില്ല. ഇപ്പോള്‍ കാണുന്ന സവര്‍ണ ഐക്യദാര്‍ഢ്യത്തിനു ചുക്കാന്‍പിടിക്കുന്നത് ബ്രാഹ്മണരാണ്. അവരാണിപ്പോള്‍ ബിജെപിയുടെ ലഹള കൂടുന്ന അനുയായികള്‍. ഈ സാഹചര്യത്തില്‍ മറ്റു രാഷ്ട്രീയപ്പാര്‍ട്ടികളും ഹിന്ദുത്വ-മേല്‍ജാതി അജണ്ടയെ അനുകൂലിക്കുന്നതായി കാണാം. പുതിയ രാഷ്ട്രീയ സാഹചര്യങ്ങളെ നേരിടാനെന്ന പേരില്‍ ഗാന്ധി-നെഹ്‌റു പാരമ്പര്യമുള്ള കോണ്‍ഗ്രസ് വരെ ഹിന്ദുത്വ-മേല്‍ജാതിയുടെ സമ്മര്‍ദം നേരിടുന്നുണ്ട്. അസംബ്ലി തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അവര്‍ സവര്‍ണരെ പ്രീണിപ്പിക്കാന്‍ ശ്രമിച്ചു. രാഹുല്‍ഗാന്ധിയുടെ പ്രത്യേക രാഷ്ട്രീയോപദേഷ്ടാവായ റണ്‍ദീപ് സുര്‍ജിവാല ഹരിയാനയില്‍ നടന്ന സവര്‍ണരുടെ ഒരു യോഗത്തില്‍, കോണ്‍ഗ്രസ്സിന്റെ രക്തത്തില്‍ ബ്രാഹ്മണ ഡിഎന്‍എ ഉണ്ടെന്ന കാര്യം വിസ്മരിക്കരുതെന്നു പ്രസംഗിച്ചിരുന്നു. മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥ്, കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഓരോ ജില്ലയിലും ഓരോ ഗോശാല തുറക്കുമെന്ന് ഉറപ്പു നല്‍കി. ഇതു ചില നേതാക്കന്‍മാരില്‍ മാത്രം കാണുന്ന ഹിന്ദുത്വ രാഷ്ട്രീയത്തോടുള്ള ചായ്‌വായി മനസ്സിലാക്കേണ്ട. രാഹുല്‍ഗാന്ധിയുടെ പൂണൂല്‍ പ്രദര്‍ശിപ്പിക്കാനും അദ്ദേഹത്തെക്കൊണ്ടു ക്ഷേത്രപ്രദക്ഷിണം നടത്താനും അവര്‍ പ്രേരണ ചെലുത്തി. ഒരു ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്നു 'രക്ഷപ്പെട്ടതിനു' നന്ദി പ്രകാശിപ്പിക്കാന്‍ അദ്ദേഹത്തിന്റെ കൈലാസ മാനസസരോവര്‍ യാത്ര സംഘടിപ്പിച്ചു.
ഇതിനൊക്കെ കോണ്‍ഗ്രസ് ബുദ്ധിരാക്ഷസര്‍ മുതിര്‍ന്നത് ഒന്നും കാണാതെയല്ല. നഷ്ടപ്പെട്ട സവര്‍ണ പിന്തുണ തിരിച്ചുപിടിക്കാനുള്ള ശ്രമമാണത്. തങ്ങളുടെ അബദ്ധധാരണകള്‍ ഹിന്ദുരാഷ്ട്രം പ്രഖ്യാപിക്കാനുള്ള ഹിന്ദുത്വ റോഡ് മാപ്പിന് സഹായകമാവുകയാണെന്ന് അവര്‍ മനസ്സിലാക്കുന്നില്ല. മറുഭാഗത്ത് ആര്‍എസ്എസും ബിജെപിയും തങ്ങളുടെ ചിന്തയിലും ദീര്‍ഘതന്ത്രത്തിലും സ്ഥൈര്യം പുലര്‍ത്തുന്നു. തങ്ങളുടെ സാമൂഹിക പുനസ്സംഘാടനം മൂലം മേല്‍ജാതികള്‍ തങ്ങളില്‍ നിന്ന് അകന്നുപോവില്ലെന്ന് അവര്‍ കരുതുന്നു. അവരുടെ സാമൂഹിക പുനസ്സംഘാടനം മറ്റു ജാതികളെ ഹിന്ദുസമാജത്തിന്റെ തുല്യാവകാശമുള്ള അംഗങ്ങളാക്കുന്നതിനല്ല; അത് വെറുമൊരു തിരഞ്ഞെടുപ്പ് തന്ത്രം മാത്രമാണ്. കഴിഞ്ഞ നാലു വര്‍ഷത്തെ ബിജെപി ഭരണത്തില്‍ സവര്‍ണര്‍ പൊതുവില്‍ സംതൃപ്തരാണ്.
എത്ര സമര്‍ഥമായാണ് ബിജെപി സര്‍ക്കാര്‍ സംവരണം അട്ടിമറിച്ചതെന്ന് ഹിന്ദി ബെല്‍റ്റിലെ യൂനിവേഴ്‌സിറ്റികളിലും കോളജുകളിലുമുള്ള സംവരണ വ്യവസ്ഥയില്‍ അവര്‍ ഇടപെട്ടതില്‍ വ്യക്തമാണ്. പുതിയ ചട്ടങ്ങള്‍ വന്നതോടെ ദലിത്-ഒബിസി അധ്യാപകരുടെ നിയമനം തന്നെ നടക്കാതായി. നിയമം നടപ്പാക്കില്ല എന്നു സര്‍ക്കാര്‍ ഉറപ്പു നല്‍കുമ്പോള്‍ തന്നെ അത് നടപ്പിലാവുന്നു. പാര്‍ലമെന്റില്‍ അതിനെതിരേ ബഹളമുണ്ടായെങ്കിലും ബനാറസ് തൊട്ടുള്ള സര്‍വകലാശാലകളില്‍ പുതിയ സവര്‍ണ അധ്യാപകര്‍ വരുന്നു. സര്‍ക്കാര്‍ മറിച്ചെന്തു പറഞ്ഞാലും തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുമെന്നു സവര്‍ണര്‍ വിശ്വസിക്കുന്നു. യുപിയില്‍ ബിജെപി സര്‍ക്കാര്‍ വന്നതോടെ നിയമനങ്ങളിലും അറസ്റ്റുകളിലുമൊക്കെ കൃത്യമായ ഒരു രീതി കാണുന്നുണ്ട്. ബ്രാഹ്മണ ജനസംഖ്യയില്‍ യുപി, സംസ്ഥാനങ്ങളില്‍ മൂന്നാംസ്ഥാനത്താണ്. ഭരണത്തിന്റെ എല്ലാ മേഖലകളിലും അവര്‍ക്കു നല്ല പിടിയുണ്ട്. സമാന്തരമായി മറ്റു പിന്നാക്ക വിഭാഗങ്ങള്‍ ശിഥിലമായിരിക്കുന്നു. അവര്‍ക്കു പൊതുവായ രാഷ്ട്രീയ വേദിയോ രാഷ്ട്രീയ ലക്ഷ്യമോ ഇല്ല. അതിനാല്‍ തന്നെ ഒബിസി വിഭാഗത്തില്‍പ്പെട്ട കുശ്‌വാഹ, രജ്ബര്‍ തുടങ്ങിയ ജാതികളുടെ പിന്തുണ നേടാന്‍ ബിജെപിക്ക് കഴിയുന്നു.
യുപിയിലെ രാഷ്ട്രീയ കാലാവസ്ഥ ഇപ്പോള്‍ ബിജെപിക്ക് അനുകൂലമാണെങ്കിലും ദലിത്-ഒബിസി-മുസ്‌ലിം സഖ്യം രൂപപ്പെട്ടാല്‍ അത് അടുത്ത തിരഞ്ഞെടുപ്പില്‍ അവര്‍ക്കെതിരാവും. അഖിലേഷ് യാദവോ മായാവതിയോ വിശ്വസിക്കാന്‍ കൊള്ളുന്നവരല്ല. അവര്‍ക്ക് വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുമില്ല. എന്നാല്‍, അവരെ പിന്തുണയ്ക്കുന്ന വിഭാഗങ്ങള്‍ ചെലുത്തുന്ന സമ്മര്‍ദം മൂലം ഹിന്ദുത്വ-ബ്രാഹ്മണ അജണ്ടയോട് പടപൊരുതാന്‍ അവര്‍ക്കു കൈകോര്‍ക്കേണ്ടിവന്നു.
(ഇപിഡബ്ല്യു)