'ചെറിയ പെരുന്നാള്‍: ഫലസ്തീനില്‍ ആക്രമണത്തിരയാവുന്നവര്‍ക്കൊപ്പമെന്ന് ദൃഢപ്രതിജ്ഞയെടുക്കാനുള്ള സന്ദര്‍ഭം'
നമുക്ക് ഇപ്പോള്‍ സാധിക്കുന്നതുപോലെയും സന്തോഷങ്ങള്‍ പങ്കുവയ്ക്കാന്‍ സാഹചര്യമില്ലാത്ത നിരവധി ലക്ഷങ്ങള്‍ നമുക്ക് ചുറ്റും ജീവിച്ചുകൊണ്ടിരിക്കുന്നു, അവരെക്കുറിച്ചാണ്. അവരെ ഓര്‍ക്കുകയും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യേണ്ട സന്ദര്‍ഭം കൂടിയാണിത്. സ്വന്തം നാട്ടില്‍നിന്ന് പല കാരണങ്ങളാലും ആട്ടിയോടിക്കപ്പെട്ട് അഭയാര്‍ഥികളായി കഴിഞ്ഞുകൂടുന്നവര്‍, അറബ് നാടുകളില്‍നിന്ന് അഭയാര്‍ഥികളാക്കപ്പെട്ടവര്‍, മ്യാന്‍മറില്‍നിന്ന് അഭയാര്‍ഥികളാക്കപ്പെട്ടവര്‍, ഫലസ്തീനികള്‍ അഭയാര്‍ഥികളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞുകൂടുന്ന അവസ്ഥ, ഒരുതെറ്റും ചെയ്യാതെ സാമ്രാജ്യദുഷ്ടശക്തികളുടെ ചതുരംഗപ്പലകയിലെ കരുക്കളായി മാറാന്‍ വിധിക്കപ്പെട്ടവരുമുണ്ട്.
ഒരുമാസക്കാലം പകല്‍വേളകളില്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ചുകൊണ്ട് വ്രതാനുഷ്ടാനം പൂര്‍ത്തിയാക്കിയശേഷം ലോകം മുഴുവന്‍ മുസ് ലിംകള്‍ ഈദുല്‍ ഫിത്വര്‍ അഥവാ ചെറിയപെരുന്നാള്‍ ആഘോഷിക്കുകയാണ്. കേവലം പാനീയവും ആഹാരവും ഉപേക്ഷിക്കുക മാത്രമല്ല ഈ നാളുകളില്‍ നാം ചെയ്തുകൊണ്ടിരുന്നത്. അതോടൊപ്പം രാപ്പകല്‍ ഭേദമേന്യ തെറ്റായ ചിന്തകളും വാക്കുകളും പ്രവൃത്തികളും ഉപേക്ഷിച്ച് ഇനിയുള്ള ദിവസങ്ങളിലും മാസങ്ങളിലും നമ്മുടെ ജീവിതത്തില്‍ പുലര്‍ത്തേണ്ട ആത്മനിയന്ത്രണം ശീലിക്കുക കൂടിയായിരുന്നു.
കൊവിഡിന്റെ രണ്ടാം വരവ് കാരണമായി കടുത്ത നിയന്ത്രണങ്ങള്‍ പാലിച്ചാണ് ഇത്തവണ നാം ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. കഴിഞ്ഞ പെരുന്നാളും വ്യത്യസ്തമായിരുന്നില്ല. സാമൂഹിക അകലം ഒഴിവാക്കി, ആഘോഷങ്ങളില്‍നിന്ന് സാമൂഹികമായ രീതി വിട്ടുനിന്നുകൊണ്ട് പള്ളികളിലെ പ്രാര്‍ത്ഥന വീടുകളില്‍ മാത്രം നടത്താന്‍ നിര്‍ബന്ധിതമായ ഒരു സാഹച്യത്തിലാണ് ഇത്തവണത്തെ പെരുന്നാളെനെ വരവേല്‍ക്കുന്നത്. ഒരുമാസക്കാലം കടുത്ത നിയന്ത്രണങ്ങള്‍ സ്വയം ശീലിച്ച നമ്മെ സംബന്ധിച്ചിടത്തോളം അനിവാര്യമായ സാഹചര്യത്തിലുള്ള ഈ പെരുന്നാള്‍ നിയന്ത്രണങ്ങളും പൂര്‍ണമനസ്സോടെ സ്വീകരിക്കാന്‍ സാധിക്കുന്നതാണ്.
ശാരീരിക അകലം എന്നത് ഇന്ന് ജീവിതശൈലിയും സന്ദേശവുമായി കൊവിഡ് പശ്ചാത്തലത്തില്‍ മാറിക്കഴിഞ്ഞു. കഴിഞ്ഞ റമദാനില്‍ നാം ശാരീരിക അകലം പുലര്‍ത്തേണ്ടിവന്നപ്പോളും ഈ പെരുന്നാളിലും ശാരീരിക അകലം കൂട്ടായ്മകളും ഒഴിവാക്കി പെരുന്നാള്‍ ആഘോഷിക്കുമ്പോഴും സാമൂഹിക അകലം നമുക്കിടയില്‍ ഇല്ലാതിരിക്കാന്‍ പരമാവധി ശ്രമിക്കുകയുണ്ടായി. സാമൂഹികമായ അകലമല്ല, സാമൂഹികമായ അടുപ്പവും ഒരുമയുമാണ് നോമ്പിന്റെയും പെരുന്നാളിന്റെയും ആത്മാവ് തൊട്ടറിഞ്ഞ സന്ദേശമെന്ന് നാം നന്നായി മനസ്സിലാക്കിയിട്ടുണ്ട്.
നോമ്പ് അഥവാ ഉപവാസം ഒരു വ്യക്തിയും സ്രഷ്ടാവായ ദൈവവും തമ്മിലുള്ള സ്വകാര്യമായ, പുറത്തുനിന്ന് മറ്റൊരാള്‍ക്ക് തൊട്ടറിയാന്‍ ഒരിക്കലും സാധ്യമല്ലാത്ത ആത്മീയമായ അനുഭവവും അനുഭൂതിയാണ് എങ്കില്‍ ഇത് അര്‍ഥവത്താക്കുന്നത് യഥാര്‍ഥത്തില്‍ ഈ ഒരുമാസക്കാലവും അതിനുശേഷവും സാമൂഹികമായ ബാധ്യതകള്‍ നിര്‍വഹിക്കുന്നതിന് വേണ്ടി നാം ഏറ്റെടുത്ത ഉത്തരവാദിത്തങ്ങളിലൂടെയാണ്. നാം ഓരോരുത്തരും അവരുടെ സമ്പാദ്യത്തിന്റെ ചെലവ് കഴിച്ചുള്ള നിശ്ചിത വിഹിതം സക്കാത്തായി നല്‍കുന്നവരാണ്. അത് നല്‍കാന്‍ തിരഞ്ഞെടുക്കുന്നത് റമദാന്‍ മാസമാണ്.
റമദാന് ശേഷം പെരുന്നാള്‍ ദിനത്തില്‍ ഒരാള്‍ പോലും പട്ടിണി കിടക്കരുതെന്ന നിര്‍ബന്ധ ബുദ്ധി മതം നമ്മുടെ മേല്‍ അനുശാസിക്കുന്നതുകൊണ്ട് അവിടെ ഫിത്വര്‍ സക്കാത്ത് എന്ന നിര്‍ബന്ധിത ദാനം ആഘോഷത്തിന്റെ ഭാഗമായിരിക്കുകയാണ്. ആത്മീയമായ അനുഭവം സ്വാര്‍ഥകമാവുന്നത് ഒരു വ്യക്തി അയാളുടെ സാമൂഹികബാധ്യതകളും സഹജീവികളോടുള്ള ഉത്തരവാദിത്തങ്ങളും നിര്‍വഹിക്കുന്നുവെന്ന് വളരെ കൃത്യമായി നമ്മെ ബോധ്യപ്പെടുത്തുന്ന അനുഷ്ടാനങ്ങളാണ് റമദാന്‍ വ്രതവും ഈദുല്‍ ഫിത്വര്‍ എന്ന ചെറിയ പെരുന്നാളും. സഹനം അഥവാ ക്ഷമ, പ്രശ്‌നങ്ങളിലും പ്രതിസന്ധികളിലും പ്രയാസങ്ങളിലും പതറാതെ അടിയുറച്ചുനില്‍ക്കാനുള്ള പരിശീലനങ്ങളും റമദാന്‍ മാസത്തില്‍ നോമ്പിലൂടെ നാം ആര്‍ജിക്കുകയുണ്ടായി.
ഖുര്‍ആന്‍ അവതരിച്ച മാസമാണ് റമദാന്‍. സത്യാസത്യ വിവേചനമായ, സത്യവും അസത്യവും വേര്‍തിരിക്കുന്ന ഫുര്‍ഖാന്‍ മാസത്തിന്റെ പ്രത്യേകതയാണ്. ഈ മാസം ഖുര്‍ആനുമായി നാം കൂടുതല്‍ അടുക്കുകയുണ്ടായി. സത്യവും അസത്യവും വേര്‍തിരിക്കപ്പെട്ട നിരവധി സമരസംഭവങ്ങള്‍, ബദര്‍ ഉള്‍പ്പെടെ റമദാന്‍ അനുസ്മരിക്കുകയുണ്ടായി. തീര്‍ച്ചയായും ഒരു റമദാനെ വിടചൊല്ലി പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ ഒരു സത്യവിശ്വാസിയുടെ ജീവിത നിലപാട് എന്തായിരിക്കണമെന്നത് സംബന്ധിച്ച് നമുക്ക് ഇസ്‌ലാം നല്‍കുന്ന പാഠം ഒന്നുകൂടി ഉറപ്പിച്ച് ഉള്‍ക്കൊണ്ട് മുന്നോട്ടുപോവാനുള്ള അവസരമാണിത്. സത്യത്തിന് വേണ്ടി നിലകൊള്ളുകയും നീതിക്ക് വേണ്ടി നിലകൊള്ളുന്നവര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്യുകയെന്നത് സത്യവിശ്വാസിയുടെ നിര്‍ബന്ധ ബാധ്യതയാണ്, വ്യക്തിപരമായ ബാധ്യതയാണ്. മുസ്‌ലിം സമുദായത്തിന്റെ സാമൂഹികമായ ഉത്തരവാദിത്തവുമാണ്.
അതുകൊണ്ട് ഈ പെരുന്നാളിന്റെ ശുഭവേളയില്‍ നമ്മള്‍ മനസ്സിനെ ആഘോഷഭരിതമാക്കി നിലനിര്‍ത്തുമ്പോള്‍, നിയന്ത്രണങ്ങള്‍ക്കിടയില്‍ സന്തോഷം പരസ്പരം പങ്കുവയ്ക്കുമ്പോള്‍, തീര്‍ച്ചയായും നമ്മുടെ ഓര്‍മയില്‍ ഉണ്ടായിരിക്കേണ്ടത് നമുക്ക് ഇപ്പോള്‍ സാധിക്കുന്നതുപോലെയും സന്തോഷങ്ങള്‍ പങ്കുവയ്ക്കാന്‍ സാഹചര്യമില്ലാത്ത നിരവധി ലക്ഷങ്ങള്‍ നമുക്ക് ചുറ്റും ജീവിച്ചുകൊണ്ടിരിക്കുന്നു, അവരെക്കുറിച്ചാണ്. അവരെ ഓര്‍ക്കുകയും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യേണ്ട സന്ദര്‍ഭം കൂടിയാണിത്.
സ്വന്തം നാട്ടില്‍നിന്ന് പല കാരണങ്ങളാലും ആട്ടിയോടിക്കപ്പെട്ട് അഭയാര്‍ഥികളായി കഴിഞ്ഞുകൂടുന്നവര്‍, അറബ് നാടുകളില്‍നിന്ന് അഭയാര്‍ഥികളാക്കപ്പെട്ടവര്‍, മ്യാന്‍മറില്‍നിന്ന് അഭയാര്‍ഥികളാക്കപ്പെട്ടവര്‍, ഫലസ്തീനികള്‍ അഭയാര്‍ഥികളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞുകൂടുന്ന അവസ്ഥ, അതുപോലെ തങ്ങളുടെ കാരണത്താലല്ലാതെ ഒരുതെറ്റും ചെയ്യാതെ സാമ്രാജ്യദുഷ്ടശക്തികളുടെ ചതുരംഗപ്പലകയിലെ കരുക്കളായി മാറാന്‍ വിധിക്കപ്പെട്ടവരുമുണ്ട്.
വിവിധ രാജ്യങ്ങളില്‍ അക്രമിക്കപ്പെടുന്ന എത്രയോ ജനവിഭാഗങ്ങള്‍. യുദ്ധമുഖങ്ങളില്‍ ജീവിക്കുന്ന കുഞ്ഞുങ്ങളും സ്ത്രീകളുമുണ്ട്. ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ ഭരണകൂടത്തിന്റെ അനീതികള്‍ക്കെതിരേ നിലകൊള്ളുന്നു എന്നതിന്റെ പേരില്‍ തടവുകാരായി പിടിക്കപ്പെട്ട് ജയിലുകളില്‍ കഴിയുന്നവരുണ്ട്. രാഷ്ട്രീയത്തടവുകാരുണ്ട്. അവര്‍ക്കൊക്കെ വേണ്ടി പ്രാര്‍ത്ഥിക്കാനും, അവര്‍ക്ക് വേണ്ടി ഭാവിയില്‍ എന്താണ് നമുക്ക് ചെയ്യാന്‍ സാധിക്കുന്നത്, അവരുടെ കുടുംബത്തിന് വേണ്ടി, മോചനത്തിന് വേണ്ടി, അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന സന്ദേശങ്ങളുടെ സാക്ഷാല്‍ക്കാരത്തിന് വേണ്ടി എന്താണോ നമുക്ക് ചെയ്യാന്‍ കഴിയുന്നതെന്ന് ആലോചിക്കാനും ആ മാര്‍ഗത്തില്‍ ദൃഢപ്രതിജ്ഞയെടുക്കാനുമുള്ള ഉത്തരവാദിത്തം ഈ പെരുന്നാളിന്റെ സന്ദര്‍ഭത്തില്‍ നമുക്കുണ്ട്.
കഴിഞ്ഞ ദിനങ്ങളില്‍ വിശുദ്ധ റമദാനിന്റെ അവസാന നാളുകളില്‍ ലോകമുസ്‌ലിംകളുടെ ആദ്യഖിബിലയും വിശുദ്ധ ഹറമുമായ മസ്ജിദുല്‍ അഖ്‌സ ഇസ്രായേല്‍ സൈന്യം ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ നമ്മള്‍ കാണുകയുണ്ടായി. ജന്‍മനാട്ടില്‍നിന്ന് ആട്ടിയോടിക്കപ്പെടുകയും സ്വന്തം ഭൂമിയും സ്വന്തം ഭവനങ്ങളും വിവിധ പ്രദേശങ്ങളില്‍നിന്ന് ജൂതവിഭാഗത്തെ വിളിച്ചുവരുത്തി കുടിയിരുത്തി ജന്‍മനാട്ടില്‍നിന്ന് ഫലസ്തീനികളെ അഭയാര്‍ഥികളാക്കി മാറ്റുന്ന അനീതിയും നിരവധി പതിറ്റാണ്ടുകളായി ലോകരാഷ്ട്രങ്ങളുടെ അംഗീകാരത്തോടുകൂടി നടന്നുകൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ ഈ പ്രദേശങ്ങളിലൊക്കെയുണ്ടായ ഗസയിലെ മിസൈല്‍ ആക്രമണവും അതുപോലെ തന്നെ ഫലസ്തീനിലെ ബൈത്തുല്‍ മുഖദ്ദസിന്റെ പരിസരങ്ങളിലുണ്ടായ അതിക്രമങ്ങളിലും ധീരരക്തസാക്ഷിത്വം വഹിച്ച കുട്ടികള്‍, സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സഹോദരങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനും അവര്‍ക്കൊപ്പം നില്‍ക്കുമെന്ന് ദൃഢപ്രതിജ്ഞയെടുക്കാനുമുള്ള സന്ദര്‍ഭം കൂടിയാണിത്. കരുണാവാരിധിയായ അല്ലാഹു ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട് മര്‍ദ്ദന പീഡനങ്ങള്‍ക്ക് ഇരയാക്കപ്പെട്ടുകൊണ്ടിരിക്കുന്ന മുഴുവന്‍ മനുഷ്യര്‍ക്കും മോചനവും ശാന്തിയും സമാധാനവും നല്‍കി അനുഗ്രഹിക്കുമാറാവട്ടെ. അല്ലാഹു നമ്മുടെ സല്‍കര്‍മങ്ങളും പ്രാര്‍ത്ഥനയും സ്വീകരിക്കുമാറാവട്ടെ. എല്ലാവര്‍ക്കും ഹൃദ്യമായ പെരുന്നാള്‍ ആശംസകള്‍. ഈദ് മുബാറക്ക്.
റമദാന്‍ സന്ദേശം:
ഇ എം അബ്ദുര്‍റഹ്മാന്‍ (പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ വൈസ് ചെയര്‍മാന്‍)