ആറു ദശകങ്ങളായി ചെല്ലാനത്തെന്താണ് നിരന്തരം കടലാക്രമണം?. കരിങ്കല്‍ കടല്‍ഭിത്തിയാണോ ശാശ്വത പരിഹാരം?, ജിയോ ട്യൂബോ? അതോ മണല്‍ച്ചാക്കുകളോ?. വികസനമെങ്ങിനെ വിനാശമാകുന്നു? മണ്‍സൂണ്‍ വോര്‍ട്ടെക്‌സ് പോലൊന്ന് സംഭവിച്ചാല്‍ ചെല്ലാനത്തിന്റെ വിധിയെന്ത്? ക്ഷോഭജനകമായ ചോദ്യങ്ങള്‍. തൊലിപ്പുറ ചികില്‍സയല്ലാ ചെല്ലാനത്തിന് വേണ്ടത്. നാട്ടുകാര്‍ക്ക് സിദ്ധാന്തങ്ങളല്ലാ, പരിഹാരമാണാവശ്യം.
ചെകുത്താനും കടലിനുമിടയില്‍ ചെല്ലാനം
ചെല്ലാനം തീരം വീണ്ടുമൊരിക്കല്‍ കൂടി കടുത്ത കടല്‍ക്ഷോഭം നേരിടുകയാണ്. അടുത്തകാലത്ത് ചെല്ലാനം കണ്ട ഏറ്റവും വലിയ കടല്‍ക്ഷോഭങ്ങളില്‍ ഒന്നാണ് സംഭവിച്ചത്. അപ്രതീക്ഷിതമായി കടന്നു വന്ന ന്യൂനമര്‍ദ്ദവും ചുഴലിക്കാറ്റും ആണ് ഇപ്പോള്‍ ചെല്ലാനം തീരദേശത്ത് ദുരിതം വിതച്ചത്. കൊച്ചിയിലെ ചെല്ലാനമെന്ന കടലോര ഗ്രാമം ഇന്നറിയപ്പെടുന്നത് വര്‍ഷം തോറും വര്‍ഷക്കാലത്തുണ്ടാവുന്ന കടലാക്രമണങ്ങളിലൂടെയാണ്. ദുരിതമെന്നാല്‍ ചെല്ലാനത്തുകാരനായിരിക്കുകയെന്നതാണ്. പ്രത്യേകിച്ചും മഴക്കാലത്ത് റോഡിന് പടിഞ്ഞാറു വശം കടലിനോടടുത്ത് താമസിക്കുന്നവര്‍. ഉറങ്ങിക്കിടക്കുന്ന കുഞ്ഞുങ്ങള്‍ രാവിലെ ഉണര്‍ന്ന് കട്ടിലില്‍ നിന്ന് തറയില്‍ കാല്‍വയ്ക്കുമ്പോള്‍ രാത്രിപ്പെയ്ത്തിന്റെയും കടലേറ്റത്തിന്റെയും തണുത്ത ജലമാണ് വീടകമെങ്ങും. കഴിഞ്ഞ ഒരതിവര്‍ഷക്കാലത്ത് ചെല്ലാനത്തേക്ക് ഭക്ഷണം നല്‍കിയ ഒരു വീട്ടമ്മ ചോറുപൊതിയില്‍ ഒരു നൂറുരൂപാ നോട്ടും തിരുകിവച്ചത് വാര്‍ത്തയായിരുന്നു. അത് കിട്ടുന്ന വീട്ടുകാര്‍ കുറച്ച് തേയിലയും പഞ്ചസാരയും വാങ്ങി മഴത്തണുപ്പില്‍ കട്ടന്‍ചായയെങ്കിലും കുടിക്കട്ടെയെന്നാണ് ആ പാവം വീട്ടമ്മ കരുതിയത്.
എല്ലാ വര്‍ഷവും അഭയാര്‍ത്ഥി ക്യാംപുകളാവുന്ന സ്‌കൂളുകള്‍. കഞ്ഞി അനത്തുന്ന കന്യാസ്ത്രീകള്‍. നിങ്ങള്‍ ഇപ്പോള്‍ ചെല്ലണം, ചെല്ലാനത്തേക്ക്. അവിടെ കൊവിഡിനും കടലിനും ഇടയില്‍പ്പെട്ട മനുഷ്യരെ കാണണം. ഉറങ്ങി എണീക്കുമ്പോള്‍ വീട് കാണാത്തവര്‍. വായില്‍ ഉപ്പ് രസം രുചിച്ചെണീക്കുന്നവര്‍. സര്‍ട്ടിഫിക്കറ്റും പുസ്തകവും റേഷന്‍കാര്‍ഡും നനഞ്ഞു കുതിര്‍ന്നു ജീവിതം കൈവിട്ടുപോയവര്‍. 60 ശതമാനം വരെ കൊവിഡ് പോസിറ്റിവിറ്റി ബാധിച്ചവര്‍. ഒഴുകി നടക്കുന്ന മാസ്‌കും സാനിറ്റൈസറും മേല്‍ക്കൂരയും കുപ്പായവും, കലവും. തിരശ്ചീനമായല്ലാതെ മല്‍സ്യങ്ങളായി ജലത്തില്‍ നീന്തുന്നവര്‍. അവിടെ പിടയുന്ന മനുഷ്യരുണ്ട്, മനസ്സ് മരവിച്ച പച്ച മനുഷ്യര്‍. പകലിലും മുന്നോട്ടുള്ള വഴിതേടുന്ന കടലിന്റെ മക്കള്‍. കടലമ്മ തങ്ങളുടെ വീട് ജപ്തി ചെയ്ത് പോയതിനാല്‍ കേറി കിടക്കാന്‍ കിടപ്പാടമില്ലാതായ കടലിന്റെ മക്കള്‍. പകലന്തിയോളം കടലിന്റെ ഉപ്പുനീറ്റലില്‍ നൊന്ത് തലയൊന്ന് ചായ്ക്കുവാന്‍ ഇടംതേടി അലയുന്നവര്‍. കടലോളം കടലിനെ പ്രണയിച്ചവര്‍. അവരുടെ വ്യഥകള്‍, കണ്ണീരില്‍ കുതിര്‍ന്ന കദനകഥകള്‍.
ചെല്ലാനത്ത് നിരന്തരമായ കടലാക്രമണം തുടങ്ങുന്നത് 60കളുടെ ആദ്യപാദം മുതലാണ് എന്നതാണ് വസ്തുത. കടലിനു സമാന്തരമായി ഫോര്‍ട്ടുകൊച്ചി-ചെല്ലാനം റോഡ് നിര്‍മിക്കുന്നത് അന്നാണ്. അതിപ്പോള്‍ അന്ധകാരനഴി, അര്‍ത്തുങ്കല്‍ വഴി ആലപ്പുഴ വരെയെത്തുന്ന നീണ്ട തീരദേശ പാതയാണ്. മഴക്കാലത്ത് ദിവസങ്ങളോളം ഒറ്റപ്പെട്ടുപോവുന്ന ചെല്ലാനത്തുകാരുടെ ചിരകാല സ്വപ്നമായിരുന്നു തീരദേശ റോഡായി സാക്ഷാല്‍ക്കരിച്ചത്. പക്ഷേ റോഡ് ലോലമായ മേല്‍പ്പാട പോലെ. അതെന്നും പൊട്ടിപ്പൊളിഞ്ഞിരുന്നു. ബസ് ഗതാഗതം സ്തംഭിച്ചിരുന്നു. നാട്ടുകാര്‍ നിരന്തരം പ്രക്ഷോഭം നടത്തിയിരുന്നു. അതായിരുന്നു രണ്ട് ദശകക്കാലം മുമ്പത്തെ ചെല്ലാനം. പിന്നീട് പുനര്‍നിര്‍മിച്ച റോഡ് വളരെ ഉറപ്പാര്‍ന്നതായിരുന്നു.
കിഴക്ക് ചെമ്മീന്‍കെട്ടുകളുടെയും പൊക്കാളിപ്പാടങ്ങളുടെയും പുഴപുറമ്പോക്കിന്റെയും കായല്‍ നിലങ്ങളുടെയും അനേകം പംക്തികള്‍. അതിനുമപ്പുറം കരിമീനും കൊഞ്ചും പുളയ്ക്കുന്ന ബൃഹത്തായ വേമ്പനാട്ടു കായല്‍. മഴക്കാലത്ത് നിറഞ്ഞുകവിയുന്ന വേമ്പനാട്ടുകയലില്‍ നിന്ന് അധികമുള്ള ഉപരിജലം ചെല്ലാനത്തിന്റെ വിസ്തൃതിയിലൂടെ അറബിക്കടലിലേക്ക്. നിരന്തരം തിരയടിക്കുന്ന തീരത്തിന് മണ്ണൊലിപ്പിനെ പ്രതിരോധിക്കാനാവശ്യമായ സെഡിമെന്റ്സ് പ്രദാനം ചെയ്യുന്നത് ചെല്ലാനത്തെ പശിമയുള്ള മണ്ണ് തഴുകി വരുന്ന വേമ്പനാടിന്റെ ജലമാണ്. കുറുകെ വന്ന റോഡ് പരിസ്ഥിതിയുടെ പ്രകൃത്യാ ഉള്ള കൊള്ളക്കൊടുക്കകളെ ഖണ്ഡിച്ചു. മണ്ണൊലിപ്പും കടലാക്രമണവും പതിവായി. ഓരോ മഴക്കാലത്തും കടലില്‍ കല്ലിടുന്ന കരാറുപണി അനുസ്യൂതം തുടര്‍ന്നു. വേലിയേറ്റമാണ് കടല്‍ക്ഷോഭത്തിന് കാരണമെന്നായിരുന്നു വിദഗ്ദമതം. കടലാക്രമണമെന്ന് നാട്ടുകാര്‍. സെഡിമെന്റ് സപ്ലൈ കുറയുമ്പോള്‍ മാത്രമേ ഒരു കര കടലെടുക്കൂ. തീരത്തടിയുന്ന സെഡിമെന്റ്‌സ് തിരകളുടെ പിന്‍വാങ്ങലില്‍ വാഷൗട്ട് ചെയ്യാതെ തീരം ഉറച്ചതാക്കുന്നു. ചെല്ലാനത്തെ ലോലവും ദീര്‍ഘവുമായ കരയുടെ ഒരുവശം വേമ്പനാട് ഉള്‍നാടന്‍ ജലാശയമാണ്. വേമ്പനാടില്‍ നിന്ന് സെഡിമെന്റ്‌സ് വരുന്നു. വേമ്പനാട് കവിയുന്ന മണ്‍സൂണില്‍ സെഡിമെന്റ്‌സ് അനേകം ചാലുകളിലൂടെ അറബിക്കടലിലേക്കൊഴുകുന്നു. തിരകളതിനെ തീരത്ത് നിക്ഷേപിക്കുന്നു. റോഡ് വന്നതോടെ വേമ്പനാടിന്റെയും അറബിക്കടലിന്റെയും പ്രകൃത്യായുള്ള കൊള്ളക്കൊടുക്കകള്‍ തടയപ്പെട്ടു. ചെല്ലാനത്തെ റോഡ് സ്വാഭാവികമായും ഉറച്ച അടിത്തറയില്‍ നിര്‍മ്മിതമാണ്. അതിനാല്‍ത്തന്നെ കടലിലേക്കുള്ള സെഡിമെന്റ്‌സ് സപ്ലൈ പൂര്‍ണാര്‍ത്ഥത്തില്‍ തടയപ്പെട്ടു.
റോഡ് വരുന്നതിന് മുമ്പ് രണ്ടും മൂന്നും കിലോമീറ്ററുകളുണ്ടായിരുന്ന ചെല്ലാനക്കരയുടെ വീതി പലയിടത്തും അരക്കിലോമീറ്റര്‍ വരെ ചുരുങ്ങി. കടല്‍ഭിത്തി അനിവാര്യതയായി. കുറെ കോണ്‍ട്രാക്ടര്‍മാര്‍ക്ക് കോടികള്‍ നേടിക്കൊടുക്കുന്ന ജിയോട്യൂബും കടല്‍ ഭിത്തിയുമല്ലാ, സെഡിമെന്റ് സപ്ലൈ തടസ്സമില്ലാതെ ഒരുക്കുകയാണ് ശാസ്ത്രീയപരിഹാരം. 1341ലെപ്പോലെ വേമ്പനാടില്‍ വലിയൊരു വെള്ളപ്പൊക്കമുണ്ടായാല്‍ ചെല്ലാനം അക്ഷരാര്‍ത്ഥത്തില്‍ വാഷൗട്ടായിപ്പോകുന്ന ദുരന്തമാവും സംഭവിക്കുക. ചെകുത്താനും കടലിനുമിടയിലെന്നപോലെ ചെല്ലാനംകാര്‍ കായലിനും കടലിനുമിടയില്‍ ബന്ദികളാക്കപ്പെട്ടിരിക്കുന്നു. 60കള്‍ക്ക് മുമ്പ് ചെല്ലാനത്ത് കടല്‍ഭിത്തികളുണ്ടായിരുന്നില്ല. കടലില്‍ കോടികളുടെ കല്ലിടുന്നവരും കായംകലക്കുന്നവരും അതൊരു വന്‍ സാധ്യതയായിക്കണ്ടതോടെ പാട്ടുപാടി വലകളൊരുക്കിയിരുന്ന, മീനുണങ്ങാനിട്ടിരുന്ന, തോണികള്‍ കയറ്റിവെച്ചിരുന്ന, കിലോമീറ്ററുകളോളം തീരം നാട്ടുകാര്‍ക്ക് നഷ്ടമായി. സുന്ദരതീരം മുഴുവന്‍ കൂറ്റന്‍ കരിങ്കല്‍ഭിത്തിയായി മാറി. കടലോരത്തിന്റെ ജൈവികതയും താളവും സൗന്ദര്യവും അട്ടിമറിക്കപ്പെട്ടു. ഭരണാധികാരികള്‍ക്ക് ഏറെ താല്‍പ്പര്യമുള്ള കാര്യമാണ് കടല്‍ഭിത്തി നിര്‍മാണം. 40 ശതമാനം വരെ കമ്മീഷനാണ് നടപ്പ്. കഴിഞ്ഞ വര്‍ഷം സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയില്‍പ്പെടുത്തി കടല്‍ഭിത്തി, പുലിമുട്ട്, ജിയോട്യൂബ് നിര്‍മ്മാണം എന്നിങ്ങനെ കിഫ്ബി സഹായത്തോടെ നടപ്പാക്കാന്‍ ഉദ്യമിച്ചിരുന്നു. അത് കൊണ്ടൊന്നും ശാശ്വത പരിഹാമവില്ല എന്നാണ് ഇപ്പോഴത്തെ പല പഠനങ്ങളും പറയുന്നത്.
സംസ്ഥാനത്ത് ഏറ്റവുമധികം തീരശോഷണം നേരിടുന്ന പ്രദേശമാണ് ചെല്ലാനം. ആകെ 17.5 കി.മി വിസ്തീര്‍ണ്ണമുള്ള ചെല്ലാനം പഞ്ചായത്തില്‍ 1.5 കി.മി പ്രദേശം ഇതിനകം കടലെടുത്തു പോയിക്കഴിഞ്ഞു. കൊച്ചി കപ്പല്‍ ചാലിന്റെ സാന്നിധ്യമാണ് തീരശോഷണത്തിനു മറ്റൊരു കാരണം. ചെല്ലാനത്തെ സംബന്ധിച്ചിടത്തോളം കടല്‍കയറ്റം അപ്രതീക്ഷിതമല്ല. അപ്രതീക്ഷിതമായ ന്യൂനമര്‍ദ്ദം, ചെല്ലാനം പ്രതീക്ഷിച്ചിരുന്ന കടല്‍കയറ്റം കുറച്ചു നേരത്തെ എത്തിച്ചുവെന്ന് മാത്രമേയുള്ളൂ. വരാനിരിക്കുന്ന തെക്കു-പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലത്ത് ഇനിയും കടല്‍കയറ്റം നേരിടാനിരിക്കുകയാണ് ചെല്ലാനം തീരം. ക്രമേണ നമ്മുടെ കണ്‍മുന്നില്‍ ചെല്ലാനം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ 10 ശതമാനം വരുന്ന തീരം, കേരളത്തിന്റെ നീണ്ട 590 കിലോമീറ്റര്‍ കടലോരം മുഴുവന്‍ പശ്ചിമഘട്ട മലനിരകളിലെ കരിങ്കല്ലുകളെടുത്ത് വെച്ച് കടലാക്രമണം തടയാമെന്നത് കരാരുകാരുടെ മാത്രം സ്വപ്നമാണ്. ജിയോട്യൂബ് കൊണ്ടും പ്രശ്നപരിഹാരം സാധ്യമല്ലെന്നാണ് തെളിയിക്കപ്പെട്ടത്. കരിങ്കല്‍ ഭിത്തികളെപ്പോലും, സംഹാരരുദ്രയായി അലറിപ്പാഞ്ഞടുക്കുന്ന കടലെടുക്കുമ്പോള്‍ മണല്‍ച്ചാക്കുകള്‍ നിറച്ച് തടയിടാമെന്ന വ്യാമോഹം ജീവന്‍ വെച്ചുള്ള കളിയാണ്.
'പുനര്‍ഗേഹ'മെന്ന സംസ്‌കൃതപ്പേരില്‍ കോളനികളൊരുക്കിക്കൊടുത്ത് പുനരധിവസിപ്പിക്കാമെന്ന വാഗ്ദത്തം മല്‍സ്യത്തൊഴിലാളി വിഭാഗങ്ങള്‍ പുച്ഛിച്ച് തള്ളുകയാണ്. തങ്ങളുടെ ആവാസവ്യവസ്ഥ, ജീവിതവും തൊഴിലും സംസ്‌കാരവും ഇഴുകിച്ചേര്‍ന്ന കടപ്പുറം ഒഴിയണമെന്ന ഭരണകൂട നിര്‍ദേശങ്ങളെ ഗൂഡാലോചനയായിക്കാണാനാണ് തീരവാസികള്‍ക്കിഷ്ടം. ആദിവാസികളെ കാടിനു പുറത്ത് അധിവസിപ്പിക്കുന്ന തരം 'പരിഷ്‌കൃത'നയം. 2019 മുതല്‍ ചെല്ലാനം ജനകീയവേദിയുടെ നേതൃത്വത്തില്‍ സമരം നടക്കുകയാണ്. ജിയോ ട്യൂബ് കടല്‍ഭിത്തി നിര്‍മ്മിക്കുക എന്നതായിരുന്നു മുമ്പ് പ്രധാന ആവശ്യം. കടല്‍ഭിത്തി, മണല്‍ച്ചാക്ക്, പുലിമുട്ട് എന്നിവ അടിയന്തിരമായി വേണമെന്നും കടല്‍കയറ്റത്തിന് ശാശ്വത പരിഹാരം ചിന്തിക്കണമെന്നും ജനകീയവേദി ആവശ്യപ്പെടുന്നു. പുതിയ തീരം സൃഷ്ടിക്കുക എന്നതാണ് നിര്‍ദേശിക്കുന്ന ഒരു വഴി. കപ്പല്‍ ചാലുകള്‍ക്കായി ഡ്രെഡ്ജ് ചെയ്ത് നീക്കം ചെയ്യുന്ന ചെളി കൊണ്ട് പുതിയ തീരം സൃഷ്ടിക്കുകയും, കണ്ടല്‍ ചെടികള്‍ വച്ച് പിടിപ്പിക്കുകയും ചെയ്യുന്നത് കടല്‍ ക്ഷോഭത്തെ കുറെയേറെ തടുക്കാന്‍ ആകുമെന്ന പഠനങ്ങളുണ്ട്.
വൈപ്പിനിലും കടലാക്രമണമുണ്ട്. പക്ഷേ, ഭാഗ്യവശാല്‍ അതെപ്പോഴും ചെല്ലാനത്തെപ്പോലെ ഭീകരമാവാറില്ല. വൈപ്പിനിലെ നിരവധിയായ വലുതും ചെറുതുമായ തോടുകളും കലുങ്കുകളും കായലും കടലുമായുള്ള വേലിയേറ്റ-ഇറക്ക വ്യവഹാരങ്ങളുടെ പ്രകൃതി സന്തുലിതത്വത്തെ വല്ലാതെ ഉല്ലംഘിക്കുന്നില്ല. പ്രകൃത്യാ ഉള്ള നിലയെ നാം മനുഷ്യരായി അട്ടിമറിക്കുന്നതാണ് ദുരന്തങ്ങളുടെ ഹേതു. കടലും കരയും തിരയും കാറ്റും മഴയുമൊക്കെച്ചേര്‍ന്ന പ്രകൃതിയാണ് മനുഷ്യനിര്‍മ്മിതമായ ഏതിനേയും അതിശയിപ്പിക്കുന്നതും അതിജയിക്കുന്നതും. നാം പ്രകൃതിയെ വെല്ലുവിളിക്കരുത്. മണ്‍സൂണ്‍ വോര്‍ട്ടെക്‌സ് പോലൊന്ന് സംഭവിച്ചാല്‍ ചെല്ലാനത്തിന്റെ വിധിയെന്ത്? മുംബൈയില്‍ മണ്‍സൂണ്‍ വോര്‍ട്ടെക്സ് എന്ന പ്രതിഭാസം, 2005 ജൂലൈ 27ന് ഒറ്റദിനം പെയ്ത 944.2 മില്ലിമീറ്റര്‍ മഴ, അതുപോലൊന്ന് വന്ന് വേമ്പനാടില്‍ ഇനിയൊരു വെള്ളപ്പൊക്കമുണ്ടായാല്‍ ചെല്ലാനത്തിന്റെ വിധി വന്‍ദുരന്തമായിരിക്കും.
കടപ്പാട്: 2015ല്‍ വിഴിഞ്ഞത്തിനടുത്ത് അടിമലത്തുറ കടപ്പുറത്ത്, ബംഗളുരുവില്‍ സ്ഥിരവാസമാക്കിയ തൃശൂര്‍ വടക്കാഞ്ചേരി നെല്ലുവായ് സ്വദേശി, ഇന്ത്യന്‍ നേവി റിട്ട. കമാന്ററും നേവല്‍ ഹൈഡ്രോളജിസ്റ്റും അന്റാര്‍ട്ടിക്കാ പര്യവേക്ഷണ സംഘത്തലവനുമായ ജോണ്‍ ജേക്കബ് പുത്തൂരുമായി സംവദിക്കുകയും 'തേജസ് ആഴ്ചവട്ടത്തി'ല്‍ അത് 'കടലെടുക്കുമോ കൊച്ചി' എന്നപേരില്‍ ലേഖകന്‍ കവര്‍ സ്റ്റോറിയാക്കുകയും ചെയ്തിരുന്നു. 'ദ അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് എ കോസ്റ്റ്' എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിലെ 26ാം അധ്യായം 'റോഡ് ടു ചെല്ലാനം' എന്നാണ്. ഫോര്‍ട്ടുകൊച്ചി-ചെല്ലാനം റോഡാണ് പശ്ചിമകൊച്ചിയുടെ വിധി മാറ്റിമറിച്ചതെന്ന് ജെ ജെ പുത്തൂര്‍ പറയുന്നു. 30 വര്‍ഷക്കാലമായി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ കടല്‍ത്തീരങ്ങളിലലയുന്ന ജെ ജെ പുത്തൂരിന്റെ കണ്ടെത്തലുകള്‍ക്ക് മുന്നില്‍ അക്കാദമിക് ലോകം അറച്ച് നില്‍ക്കുകയാണ്. കാരണം, കാലങ്ങളായി ഉരുവിടുന്ന തങ്ങളുടെ പാഠങ്ങള്‍ തിരുത്തേണ്ടി വരുന്ന കണ്ടെത്തലുകളാണ് മുന്‍ ഇന്ത്യന്‍ നേവി കമാന്ററായിരുന്ന ജെ ജെ പുത്തുരിന്റേത്. അദ്ദേഹം നേവിയുടെ ഖടക്വാസ്്ല നാഷനല്‍ ഡിഫന്‍സ് അക്കാദമിയിലെ 1982 ബാച്ചില്‍ ഹൈഡ്രോഗ്രാഫിക് സര്‍വേയിങ്ങില്‍ ചേര്‍ന്നു. പല വിദേശക്കപ്പലുകളിലും ഹൈഡ്രോഗ്രാഫിക് സര്‍വേയറായി. 1994-97ല്‍ ഗോവയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോഗ്രാഫിയില്‍ ഇന്‍സ്ട്രക്ടറായും പിന്നീട് ചീഫ് ഇന്‍സ്ട്രക്ടറായും സേവനമനുഷ്ടിച്ചു. 1998ല്‍ ഹൈഡ്രോഗ്രാഫിക് സര്‍വേയിങ്ങിലെ ഉന്നതസ്ഥാനമായി ഇന്ത്യാ ഗവണ്‍മെന്റ് നല്‍കുന്ന 'ചാര്‍ജ് ഹൈഡ്രോഗ്രാഫര്‍' പദവി ലഭിച്ചു. അതേവര്‍ഷം 18-ാമത് ഇന്ത്യന്‍ അന്റാര്‍ട്ടിക്കാ പര്യവേക്ഷണ സംഘത്തെ നയിച്ചു.
ചിത്രങ്ങള്‍ക്കു കടപ്പാട്: ഇന്ത്യന്‍ നേവി ഫേസ് ബുക്ക് പോസ്റ്റ്
N M sidheeque writes about Chellanam