അരുംകൊലകള്‍ ആഘോഷിക്കുന്നതാര്?
വെറുപ്പിന്റെ വ്യാപനത്തിന് തടയിടുകയെന്നത് ഉത്തരവാദിത്തബോധമുള്ള ഭരണകൂടം നടപ്പിലാക്കേണ്ട കാര്യമാണ്. വെറുപ്പുല്‍പാദനമാണ് എല്ലാ സംഘര്‍ഷങ്ങളുടെയും തുടക്കമെന്നത് നേരത്തെ ചൂണ്ടിക്കാണിക്കപ്പെട്ടതാണ്.
ഒ എം എ സലാം
രാജസ്ഥാനിലെ ഉദയ്പൂരില്‍ നടന്ന ദാരുണമായ കൊലപാതകത്തെ ന്യായീകരിക്കുന്ന തരത്തിലുള്ള സോഷ്യല്‍ മീഡിയ കണ്ടന്റുകള്‍ നീക്കം ചെയ്യണം എന്നാവശ്യപ്പടുന്ന കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ നിര്‍ദേശം പ്രത്യക്ഷത്തില്‍ സ്വാഗതാര്‍ഹമാണ്. വെറുപ്പിന്റെ വ്യാപനത്തിന് തടയിടുകയെന്നത് ഉത്തരവാദിത്തബോധമുള്ള ഭരണകൂടം നടപ്പിലാക്കേണ്ട കാര്യമാണ്. വെറുപ്പുല്‍പാദനമാണ് എല്ലാ സംഘര്‍ഷങ്ങളുടെയും തുടക്കമെന്നത് നേരത്തെ ചൂണ്ടിക്കാണിക്കപ്പെട്ടതാണ്.
അങ്ങനെയുള്ളപ്പോള്‍ തന്നെ ഈ കേന്ദ്ര നിര്‍ദേശത്തിന്റെ ഉദ്ദേശശുദ്ധിയെ സംശയിക്കാന്‍ പല കാരണങ്ങളുമുണ്ട്. ഒന്നാമതായി ഈ സംഭവം സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കപ്പെടുകയോ ന്യായീകരിക്കപ്പെടുകയോ ചെയ്യുന്നില്ല. ഇന്ത്യന്‍ മുസ്ലിംകള്‍ ഒറ്റശബ്ദത്തില്‍ സംഭവത്തെ അപലപിക്കുകയാണുണ്ടായത്. അതേസമയം, ഹിന്ദുത്വരും മതേതരവാദികളും ഒന്നടങ്കം 'ഇസ്ലാമിസത്തിന്റെ' തലയില്‍ വെച്ച് കെട്ടാന്‍ ശ്രമിക്കുമ്പോഴും പ്രതികളുടെ രാഷ്ട്രീയ ബന്ധത്തെക്കുറിച്ചുള്ള കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു കൊണ്ടിരിക്കുന്നു.
വര്‍ഷങ്ങളായി ബിജെപിയുമായും ആര്‍എസ്എസ് പോഷകസംഘടനയായ മുസ്ലിം രാഷ്ട്രീയ മഞ്ചുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരാണ് പിടിയിലായവര്‍. പ്രതികള്‍ ബിജെപിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചുവെന്ന ഇന്ത്യ ടുഡേ കഥ വിശ്വസിച്ചാല്‍ ആഴ്ചകള്‍ക്ക് മുമ്പ് നടന്ന നൂപുര്‍ ശര്‍മയുടെ പ്രവാചകനിന്ദക്ക് പ്രതികാരം ചെയ്യാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പെ ബിജെപിയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുകയായിരുന്നു പ്രതികള്‍.
എന്നാല്‍, വെറുപ്പ് ഒരു സാമൂഹിക രാഷ്ട്രീയ പ്രതിസന്ധിയായി ഇന്ത്യയില്‍ രൂപപ്പെട്ടിട്ടുണ്ടെന്ന വസ്തുതയെ രാജ്യം അഭിമുഖീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. യുക്തിരഹിതമായ സമീകരണങ്ങളിലൂടെ അത് സാധ്യമാകില്ല.
ഇന്ത്യയിലെ ആദ്യത്തേതോ ഒറ്റപ്പെട്ടതോ ആയ സംഭവമല്ല ഉദയ്പൂരില്‍ നടന്നത്. രാജ്യത്തെ ഞെട്ടിച്ച പല ആള്‍ക്കൂട്ടകൊലകളും നടന്നത് രാജസ്ഥാനില്‍ തന്നെയായിരുന്നു. അവയില്‍ പലതും ആഘോഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിനോ 'ഇസ്ലാമിസ വിരുദ്ധ' പോരാളികള്‍ക്കോ അന്ന് വലിയ അസ്വസ്ഥതയൊന്നും അനുഭവപ്പെട്ടതായി അറിവില്ല. 2017 ഏപ്രില്‍ മാസത്തില്‍ പെഹ്ലുഖാന്‍ എന്ന പാല്‍ക്കച്ചവടക്കാരനെ 200 പേരോളം വരുന്ന ആള്‍ക്കൂട്ടം കാലിക്കടത്ത് ആരോപിച്ചു മര്‍ദ്ദിച്ചുകൊന്ന സംഭവം നാം മറന്നിട്ടില്ല. രാജസ്ഥാന്‍ പോലിസിന്റെ പിടിയിലായ പ്രതികള്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയപ്പോള്‍ അന്നത്തെ ബിജെപി ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കതാരിയ ക്രൂരമായ കൊലപാതകത്തെ ന്യായീകരിക്കുകയായിരുന്നു.
അതേവര്‍ഷം ഡിസംബറിലാണ് അഫ്‌റാസൂല്‍ എന്ന നിരപരാധിയായ കുടിയേറ്റ തൊഴിലാളിയെ ശംഭുലാല്‍ റെഗെര്‍ കൊലപ്പെടുത്തിയ സംഭവമുണ്ടായത്. ആഴത്തില്‍ വേരൂന്നിയ വംശീയ വിദ്വേഷത്തിന്റെ പ്രകടനമായിരുന്നു ഇതെന്ന് ആ വീഡിയോ കണ്ട ഏതൊരാള്‍ക്കും മനസ്സിലാകും. കുടുംബം പോറ്റാന്‍ വേണ്ടി ദിക്കുകള്‍ താണ്ടി ജോലിക്കെത്തിയ ഒരു സാധാരണ തൊഴിലാളിയെ ജോലിക്കെന്ന് പറഞ്ഞു കൂട്ടിക്കൊണ്ടുപോയി മഴുകൊണ്ട് ആക്രമിച്ചു വീഴ്ത്തി ജീവനോടെ കത്തിച്ചുകളഞ്ഞശേഷം ലൗ ജിഹാദിനെതിരായ മുന്നറിയിപ്പാണ് കൊലയെന്ന് പ്രഖ്യാപിച്ചു. മുസ്ലിമായി എന്നതൊഴിച്ചാല്‍ അഫ്‌റാസൂലിനു താന്‍ ചെയ്ത തെറ്റ് എന്തെന്നു പോലും അറിയില്ലായിരുന്നു.
അതേസമയം ശംഭുലാല്‍ ആ കൃത്യത്തിന്റെ പേരില്‍ ആഘോഷിക്കപ്പെടുകയാണ് ഉണ്ടായത്. ഉത്തര്‍പ്രദേശ് നവനിര്‍മാണ്‍ സേന ശംഭുലാലിനെ ലോക്‌സഭാ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാന്‍ കണ്ടെത്തിയ ഒരേയൊരു യോഗ്യത ആ കൊലയായിരുന്നു. കുറ്റകൃത്യങ്ങളെ കുറ്റകൃത്യങ്ങളായി കാണുന്നതിന് പകരം കുറ്റവാളികളുടെ സാമുദായവും രാഷ്ട്രീയവും നോക്കി ശിക്ഷയുടെ അളവും സ്വഭാവവും തീരുമാനിക്കുവോളം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും. മനുഷ്യന്‍ മനുഷ്യനായതിന്റെ പേരില്‍ സ്‌നേഹിക്കപ്പെടുന്ന അവന്റെ സ്വത്ത്, ജീവന്‍, അഭിമാനം എന്നിവ സംരക്ഷിക്കപ്പെടുന്ന ഒരു സാഹചര്യത്തെയാണ് ഒരു പരിഷ്‌കൃത സമൂഹം ലക്ഷ്യമാക്കേണ്ടത്. അത്തരമൊരു തിരുത്തലിനുള്ള ദീര്‍ഘവീക്ഷണമാണ് അധികാരികളും പൊതുസമൂഹവും കാണിക്കേണ്ടത്.