ലക്ഷംവീട് കോളനിയിലൂടെ ദലിതരുടെ ഉയര്‍ത്തെഴുന്നേല്‍പ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തകര്‍ത്തു: പന്തളം രാജേന്ദ്രന്‍

ദലിത്-മുസ്‌ലിം-പിന്നാക്ക വിഭാഗ ഐക്യത്തിലൂടെ മാത്രമേ ഇന്ത്യയില്‍ ഈ വിഭാഗത്തിന് മോചനമുണ്ടാകൂ. പതിനഞ്ച് ശതമാനം വരുന്ന മുന്നാക്ക വിഭാഗങ്ങളാണ് മഹാഭൂരിപക്ഷത്തെ ഇപ്പോഴും നിയന്ത്രിച്ച് കൊണ്ടിരിക്കുന്നത്.

Update: 2021-08-29 10:58 GMT

തിരുവനന്തപുരം: ലക്ഷം വീട് കോളനിയിലൂടെ ദലിതരുടെ ഉയര്‍ത്തെഴുന്നേല്‍പിനുള്ള എല്ലാ അവസരങ്ങളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തകര്‍ത്തെന്ന് കേരള ദലിത് പാന്തേഴ്‌സ് സംസ്ഥാന പ്രസിഡന്റ് പന്തളം രാജേന്ദ്രന്‍. കോളനികളാക്കി മൂന്ന് സെന്റ് കുടുസ്സു മുറിയില്‍ തങ്ങളുടെ മുദ്രാവാക്യ തൊഴിലാളികളായി ജീവിതം അവസാനിപ്പിക്കണമെന്നതായിരുന്നു ഈ പദ്ധതിയിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ലക്ഷ്യമിട്ടത്. എന്നാല്‍ ആ പദ്ധതിയെ പുകഴ്ത്തുന്ന കമ്മ്യൂനിസ്റ്റ് പട്ടിക ജാതിക്കാരുമുണ്ട്. ലക്ഷം വീടിന്റെ മറ്റൊരു പതിപ്പാണ് ഇന്നുള്ള കിറ്റെന്നും അദ്ദേഹം തേജസ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. കേരള ദലിത് പാന്തേഴ്‌സ് സ്ഥാപക പ്രസിഡന്റ് കൂടിയായ പന്തളം രാജേന്ദ്രനുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണ രൂപം

അധസ്ഥിതന്റെ വിമോചകനായ മഹാത്മ അയ്യന്‍ കാളി ജന്മദിനം ആചരിക്കുന്ന പശ്ചാത്തലത്തില്‍, കേരളത്തിലെ ദലിത് രാഷ്ട്രീയം എവിടെ എത്തി നില്‍ക്കുന്നു

മഹാത്മ അയ്യന്‍ കാളിയുടെ 158ാം ജന്മദിനമാണ് ഇന്നലെ കഴിഞ്ഞത്. 1917ലെ ഒക്ടോബര്‍ വിപ്ലവത്തിന് 10 വര്‍ഷം മുന്‍പ് 1907ല്‍ തിരുവിതാംകൂറില്‍ വിദ്യാഭ്യാസ അവകാശത്തിനായി കര്‍ഷക തൊഴിലാളികളായ അടിമകളെ സംഘടിപ്പിച്ച് അവകാശങ്ങള്‍ക്ക് വേണ്ടി പോരാടി വിജയം വരിച്ചിരുന്നു.

ഇന്ന് 114 വര്‍ഷത്തിന് ശേഷം അതേ അയ്യന്‍ കാളിയുടെ പിന്മുറക്കാര്‍ 1907ല്‍ നേടിയെടുത്ത സ്വാതന്ത്ര്യം നിലനിര്‍ത്താന്‍ പോലും കഴിയാത്ത രൂപത്തില്‍ രാഷ്ട്രീയമായി അധപ്പതിച്ചിരിക്കുകയാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്, കണ്ണൂരില്‍ പഠനാവശ്യത്തിനായി മരത്തിന് മുകളില്‍ കയറി വീണ് നട്ടെല്ല് തകര്‍ന്ന ദലിത് വിദ്യാര്‍ഥി.

സംഘപരിവാരം ദലിത്-പിന്നാക്ക വിഭാഗങ്ങളെ പര്‍ച്ചേസ് ചെയ്യുന്ന പുതിയ കാലത്ത്, ദലിതരുടെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക ഇടപെടലുകള്‍ എങ്ങനെയാണ്

സംഘപരിവാരം ദലിത് പിന്നാക്ക വിഭാഗങ്ങളെ ആവാഹിക്കുന്നത് പുതിയ കാര്യമല്ല. സംഘപരിവാര സംഘടനകള്‍ക്ക് മുന്‍പില്‍ ഒരു വിഭാഗം ദലിത് സംഘടനകള്‍ പകച്ച് നില്‍ക്കുകയാണ്. എന്നാല്‍, അംബേദ്കര്‍ ആശയങ്ങളുടെ തുടക്കകാലത്ത് തന്നെ ദലിത് പ്രസ്ഥാനങ്ങള്‍ ശക്തമായ തന്നെ സംഘപരിവാര്‍ ആശയങ്ങളെ നേരിട്ടിരുന്നു. നിരവധി നേതാക്കന്മാരെ അത്തരം ചിന്തകളില്‍ നിന്ന് ദലിത് സംഘനടകളിലേക്ക് തിരിച്ച് കൊണ്ടുവന്നിട്ടുണ്ട്. എന്നാല്‍, ഇന്നത്തെ അവസ്ഥ തികച്ചും വ്യത്യസ്ഥമാണ്. കായിക ബലം കൊണ്ടും സാമ്പത്തിക ബലം കൊണ്ടും ദലിത് ആശയങ്ങളെ അടിച്ചമര്‍ത്താന്‍ സംഘപരിവാറിന് കഴിഞ്ഞിട്ടുണ്ട്. ദലിത് സംഘടനകള്‍ ഇന്ന് ദുര്‍ബലമാണ്. ദലിതരുടെ സാമൂഹ്യവും രാഷ്ട്രീയവും സാംസ്‌കാരികവുമായ ഏത് ഇടപെടലിനേയും വെട്ടാനുള്ള കോടാലി കൈയായി ഉപയോഗിക്കാന്‍ അവര്‍ക്ക് ആവശ്യത്തിന് ആളെ ലഭിക്കുന്ന കാലമാണ്.

ദലിതരെ കോളനികളിലാക്കുന്ന ലക്ഷംവീട് കോളനിവല്‍ക്കരണം ഏത് നിലയിലാണ് ദലിത് സമൂഹത്തെ ബാധിച്ചത്

മൂന്ന് സെന്റും നാലു സെന്റുമുള്ള ലക്ഷം വീട് കോളനികളിലൂടെ ദലിതരുടെ ഉയര്‍ത്തെഴുന്നേല്‍പിനുള്ള എല്ലാ അവസരങ്ങളും തകര്‍ക്കുകയായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ലക്ഷം വീട് പദ്ധതിയിലൂടെ ചെയ്തത്. ഈ ജനവിഭാഗങ്ങള്‍ എക്കാലവും മൂന്ന് സെന്റ് കുടുസ്സുമുറിയില്‍ കിടന്ന് നരകിച്ച് തങ്ങളുടെ മുദ്രാവാക്യ തൊഴിലാളികളായി ജീവിതം അവസാനിപ്പിക്കണമെന്നുള്ളതായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ലക്ഷ്യം. എന്നാല്‍ ആ പദ്ധതിയെ പുകഴ്ത്തുന്ന കമ്മ്യൂണിസ്റ്റ് പട്ടിക ജാതിക്കാര്‍ ഇന്നുമുണ്ട് എന്നതാണ് സത്യം. അതിന്റെ മറ്റൊരു പതിപ്പാണ് ഇന്നുള്ള കിറ്റ്. എന്ത് ചൂഷണത്തിന് വിധേയരാകേണ്ടിവന്നാലും ചെറിയ നക്കാപിച്ച കിട്ടിയാല്‍ എല്ലാം മറക്കുന്നവരാണ് ദലിതര്‍.

യജമാനന്‍ രണ്ട് കിലോ ഇറച്ചി വാങ്ങി കഴിച്ച് അതിന്റെ എല്ല് വീട്ടിലെ നായക്ക് കൊടുക്കുമ്പോള്‍, അതിനുണ്ടാകുന്ന സന്തോഷത്തിന്റെ നൂറിരട്ടിയാണ് ദലിതര്‍ തങ്ങളുടെ രാഷ്ട്രീയ യജമാന്മാര്‍ക്ക് തിരികെ നല്‍കുന്നത്.

മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ദലിത് പ്രസ്ഥാനങ്ങളെയും പ്രശ്‌നങ്ങളെയും എങ്ങനെയാണ് നോക്കി കാണുന്നത്

മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ദലിതരെയും അവരുടെ പ്രശ്‌നങ്ങളെയും ഒരു തരത്തിലും അഡ്രസ് ചെയ്യുന്നില്ല. അവരുടെ കാഴ്ചപ്പാടില്‍ ദലിതര്‍ ഇന്നും ഈയ്യാംപാറ്റകള്‍ തന്നെയാണ്. മണ്ണെണ്ണ വിളക്കിന്റെ വെട്ടത്ത് കെട്ടിപ്പുണരാന്‍ വന്ന് കരിഞ്ഞ് വീഴുന്ന ഇയ്യാംപാറ്റകള്‍. ഒരു മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും ദലിതരെ അംഗീകരിക്കുന്നില്ല. അവരുടെ താല്‍പര്യത്തിന് വേണ്ടി ചില ദലിത് വിഷയങ്ങള്‍ ചിലപ്പോള്‍ അവര്‍ ഏറ്റെടുത്തെന്ന് വരാം. അത് ദലിതരോടുള്ള സ്‌നേഹം കൊണ്ടല്ല എന്നുള്ളതിന് നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ കഴിയും. ദലിത് വിഭാഗത്തില്‍ നിന്ന് അറിവും കഴിവും ആത്മാര്‍ഥതയും, ദലിത് വിഷയത്തില്‍ പാണ്ഡിത്യവുമുള്ളവരെ ഒരിക്കലും മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ അംഗീകരിക്കില്ല. അവര്‍ക്ക് വേണ്ടത് ദലിത് സമുദായങ്ങളെയാണ്. നക്കാപിച്ച കൊടുത്ത് അവര്‍ ദലിത് സമുദായങ്ങളെ കൂടെ നിര്‍ത്തും. എന്നെങ്കിലും ചോദ്യം ചെയ്യാന്‍ പ്രാപ്തരാവുന്ന സമയം അവര്‍ പുറത്തേക്ക് പോകും.

ദലിത് സ്ത്രീ-വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനം ഇപ്പോഴുള്ളത് ഏതു നിലയിലാണ്

ദലിത് സ്ത്രീ-വിദ്യാര്‍ഥി പ്രവര്‍ത്തനം കേരളത്തില്‍ ശക്തമല്ല. കേരള ഹരിജന്‍ സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍(കെഎച്ച്എസ്എഫ്) എന്ന സംഘടന 1983വരെ ശക്തമായിരുന്നു. കേരളത്തിലെ മൊത്തം ജില്ലകളിലെ കോളജുകളിലും അതിന് പ്രവര്‍ത്തനമുണ്ടായിരുന്നു. ഇന്നും എസ്എഫ്‌ഐ അല്ലാതെ ഒരു സംഘടനക്കും പ്രവേശനമില്ലാത്ത തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍, കോളജ് ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി യൂനിവേഴ്‌സിറ്റി യൂനിയന്‍ കൗണ്‍സിലര്‍ എന്നിവരെ വിജയിപ്പിച്ചു വിട്ട വിദ്യാര്‍ഥി പ്രസ്ഥാനമാണ് കെഎച്ച്എസ്്എഫ്. എന്നാല്‍ ഇന്ന് ദലിതരാണെന്ന് പറയാന്‍ മടിക്കുന്ന ഒരു തലമുറയാണ് ഭൂരിഭാഗം ദലിത് വിദ്യാര്‍ഥികളും. സമൂഹത്തില്‍ നിന്ന് എന്തെങ്കിലും പീഢനമേല്‍ക്കുമ്പോള്‍ മാത്രമാണ് ഇവര്‍ ദലിതര്‍ എന്ന് പറഞ്ഞ് രംഗത്തിറങ്ങുന്നത്. ഈ വിഭാഗത്തിന്റെ അസംഘടിത രീതിക്ക് കാരണം ചില മുഖ്യധാര ദലിത് സംഘടനകളുടേയും നേതാക്കളുടെയും പ്രവര്‍ത്തി ദോഷമുണ്ടെന്നു കൂടി പറയേണ്ടിയിരിക്കുന്നു. അത് ഞാന്‍ കൂടുതല്‍ വിവരിക്കുന്നില്ല.

ദലിത് രാഷ്ട്രീയ സംഘാടനം എങ്ങനെയാണ്. അത്തരം രാഷ്ട്രീയ സംഘാടനത്തിന്റെ പ്രസക്തി

ദലിത് രാഷ്ട്രീയ സംഘടനകള്‍ കേരളത്തിലെന്നല്ല, ഇന്ത്യയിലാകെ തന്നെ പരാജയമാണ്. സമ്പൂര്‍ണ ദലിത് രാഷ്ട്രീയ പര്‍ട്ടികള്‍ ഉയര്‍ന്ന് വരാന്‍ സവര്‍ണ രാഷ്ട്രീയ പാര്‍ട്ടികള്‍ അനുവദിക്കുന്നില്ല. അംബേദ്കര്‍ രൂപീകരിച്ച് ആര്‍പിഐ, കാന്‍ഷി റാമിന്റെ ബിഎസ്പി, റാംവിലാസ് പസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി, കേരളത്തില്‍ തന്നെ കല്ലറ സുകുമാരന്‍ രൂപീകരിച്ച ഐഎല്‍പി, ഇതെല്ലാം തകര്‍ന്ന കഴ്ചയാണ് കാണുന്നത്. ഇതിന്റെയൊക്കെ തകര്‍ച്ചക്ക് നിരവധി കാരണങ്ങളുണ്ട്. ഒന്നാമതായി നേതൃത്വമില്ല. നേതൃത്വത്തെ അംഗീകരിച്ച് ശീലമില്ല. സമ്പത്തില്ല. മറ്റ് ചെറുകിട രാഷ്ട്രീയ പാര്‍ട്ടികളെ അംഗീകരിക്കുന്ന പോലെ മുന്നണി രാഷ്ട്രീയം ഇവരെ അംഗീകരിക്കുന്നുമില്ല.

കേരളത്തിലെ ദലിത് മുന്നേറ്റങ്ങള്‍ സ്വയം തകരുന്നതോ അതോ തകര്‍ക്കുന്നതോ. എന്തുകൊണ്ടാണ് ദലിത് മുന്നേറ്റങ്ങള്‍ പാതിവഴിയില്‍ നിലച്ച് പോകുന്നത്

കേരളത്തിലെ ദലിത് മുന്നേറ്റങ്ങളെ തകര്‍ക്കുന്നതാണോ എന്ന് ചോദിച്ചാല്‍ ഒരു പരിധിവരെ അങ്ങനെയാണ്. ദലിത് മുന്നേറ്റങ്ങള്‍ എപ്പോഴും സവര്‍ണ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഒരു പേടിസ്വപ്‌നമാണ്. അവരുടെ പാര്‍ട്ടികളുടെ ശക്തികേന്ദ്രം അടിസ്ഥാനവിഭാഗമായ ദലിതരാണ്. അവരെ സംഘടിക്കാന്‍ ഒരു കാരണവശാവും രാഷ്ട്രീയ പാര്‍ട്ടികള്‍ അനുവദിക്കില്ല. ദലിത് സംഘടനകള്‍ ശക്തമായാല്‍ അപ്പോള്‍ തന്നെ ആ പ്രദേശത്ത് എന്തെങ്കിലും ആനുകൂല്യം പ്രഖ്യാപിച്ചോ, അല്ലെങ്കില്‍ അവിടെ സംഘര്‍ഷം സൃഷ്ടിച്ചോ, ആ സംഘടനയെ അവിടെ നിന്നും ഇല്ലാതാക്കും. അതിന് വേണമെങ്കില്‍ നേതാക്കന്മാരെ കള്ളക്കേസില്‍ കുടുക്കും. ഗത്യന്തരമില്ലാതെ ദലിതര്‍ അതൊക്കെ ഉപേക്ഷിച്ച് പോകും. അതോടെ സംഘടനയും ഇല്ലാതാകും. എന്നാല്‍ ഇതിനെയൊക്കെ തൃണവത്ഗണിച്ച് മുന്നോട്ട് പോകുന്നവരുണ്ട്. അവരും ദീര്‍ഘകാലം മുന്നോട്ട് പോകാന്‍ കഴിയാതെ ബുദ്ധിമുട്ടിലേക്ക്് വഴുതി വീഴും.

കേരളത്തിലെ ദലിത് സ്വത്വ രാഷ്ട്രീയത്തിന്റെ ഭാവി, സാധ്യതകള്‍ എന്താണ്

കേരളത്തിലെ ദലിത് സ്വത്വ രാഷ്ട്രീയത്തിന് യാതൊരു ഭാവിയുമില്ല. അവര്‍ ഒറ്റക്ക് വിചാരിച്ചാല്‍ ഒന്നും ചെയ്യാന്‍ കഴിയുകയില്ല. കാരണം അവര്‍ ്ഛിന്നഭിന്നരാണ്. പല പാര്‍ട്ടികളിലും സംഘടനകളിലും അവര്‍ ചിതറിക്കിടക്കുകയാണ്. അവരെ ഒന്നിപ്പിക്കുക എന്നുള്ളത് കഠിനപ്രയത്‌നം തന്നെയാണ്. സ്വന്തം സമുദായത്തിന് നേരെ ഇത്രയേറേ കൊടും പീഢനങ്ങള്‍ അരങ്ങേറിയ സമയമില്ല. എന്നിട്ട് പോലും ഒന്നിയ്ക്കാനോ ഒറ്റക്കെട്ടായി സംഘടിക്കാനോ സന്മനസ്സ് കാണിക്കാത്ത നേതാക്കന്മാരാണ് ഈ ജനതയെ നയിക്കുന്നത്. അവര്‍ക്ക് അവരുടെ താല്പര്യമാണ് വലുത്. അതിന് വേണ്ടി അവര്‍ എന്തും ചെയ്യും. ഏത് വാഗ്ദാനങ്ങളിലും നേതാക്കള്‍ വീഴുന്ന ഇന്നത്തെ അവസ്ഥയില്‍, വോട്ടു വില്‍പനയിലടക്കം വ്യാപൃതരായിരിക്കുന്ന ഈ വേളയില്‍, ദലിത് രാഷ്ട്രീയത്തിന് ഭാവി ഉണ്ടെന്ന് കരുതുന്നില്ല.

ദലിത്-മുസ്‌ലിം-പിന്നാക്ക ഐക്യം സാധ്യമാണോ, ഏത് ഘട്ടത്തിലാണ് അത്തരം ഐക്യത്തിന് വിള്ളലുണ്ടാകുന്നത്. അത്തരം ഐക്യങ്ങള്‍ രൂപപ്പെടേണ്ടത് ഏത് നിലയിലാണ്

ദലിത് പിന്നാക്ക ഐക്യം സാധ്യമായ ഒരു കാര്യമാണ്. 1986 കാലഘട്ടത്തിലാണ് ഇത്തരമൊരു ചര്‍ച്ച കേരളത്തില്‍ രൂപമെടുക്കുന്നത്. കേരളത്തില്‍ ഇത് ശക്തമായ നിലയില്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ്. പക്ഷേ അത് എപ്പോഴോ കേരളത്തില്‍ തകര്‍ന്നു. ഇന്ത്യയിലെ മുസ്‌ലിംകളും ദലിതരും പിന്നാക്കക്കാരും ആക്രമണം നേരിടുന്നത് സവര്‍ണ ബ്രാഹ്മണ ഫാഷിസ്റ്റുകളില്‍ നിന്നാണ്. പൊതു ശത്രുവും ഇവരാണ്. ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളേയും നിയന്ത്രിക്കുകയും നയിക്കുകയും ചെയ്യുന്നത് ഇവരാണ്. ഈ ശക്തികള്‍ക്കെതിരേ പോരാട്ടത്തില്‍ ഒന്നിക്കുകയാണ് വേണ്ടത്.

പക്ഷേ, പലപ്പോഴും കേരളത്തില്‍ ചില മുസ്‌ലിം സംഘടനകള്‍ ഈ ഐക്യത്തില്‍ നിന്നും പിന്മാറുന്ന കാഴ്ചയാണ് കാണുന്നത്. ദലിത് സംഘടന നേതാക്കള്‍, ഐക്യം പറയുന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍ അംഗങ്ങളാകുകയും ഇത്തരം സംഘടനകളില്‍ ശമ്പളക്കാരായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കാഴ്ചയാണ് കാണുന്നത്. അത് ഒരിക്കലും ദലിത്-മുസ്‌ലിം ഐക്യമാകില്ല.

ദലിത് സംഘടനകളും മുസ്‌ലിം സംഘടനകളും പൊതു വിഷയത്തില്‍ ഐക്യപ്പെടുക എന്നതാണ് ഇവിടെ അഭികാമ്യം. എന്നാല്‍, ഈ ഐക്യത്തിന് നേതൃത്വം നല്‍കേണ്ട പല മുസ്‌ലിം സംഘടനകളും പിന്നാക്കം പോകുന്ന കാഴ്ചയാണ് കാണുന്നത്. കാരണം, പല തരത്തിലും സംഘപരിവാര്‍ അധികാരം ഉപയോഗിച്ച് മുസലിം മുന്നേങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് കൊണ്ട് കൂടിയാണ്. എന്നാല്‍, ദലിത്-മുസലിം-പിന്നാക്ക വിഭാഗ ഐക്യത്തിലൂടെ മാത്രമേ ഇന്ത്യയില്‍ ഈ വിഭാഗത്തിന് മോചനമുണ്ടാകൂ. പതിനഞ്ച് ശതമാനം വരുന്ന മുന്നാക്ക വിഭാഗങ്ങളാണ് മഹാഭൂരിപക്ഷത്തെ ഇപ്പോഴും നിയന്ത്രിച്ച് കൊണ്ടിരിക്കുന്നത്.

Tags:    

Similar News