ഗൗരിയമ്മ പ്രാന്തവല്‍ക്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെ വിമോചന വക്താവ്: ഇ ടി മുഹമ്മദ് ബഷീര്‍ എംപി
മലപ്പുറം: കേരള രാഷ്ട്രീയത്തിലെ എക്കാലത്തെയും മുമ്പില്‍ നിന്ന രാഷ്ട്രീയ നേതാവായിരുന്നു കെ ആര്‍ ഗൗരിയമ്മയെന്നു മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി. വലിയ പ്രായമായിട്ടും അവരില്‍ കത്തിജ്വലിക്കുന്ന ഒരു രാഷ്ട്രീയകാരി നിലനിന്നു. താന്‍ ഉയര്‍ത്തിപ്പിടിച്ച തത്വങ്ങളില്‍ ധീരമായ നിലപാട് എടുത്ത വ്യക്തിയായിരുന്നു അവര്‍. കാരിരുമ്പിന്റെ കരുത്തും കരിമരുന്നിന്റെ സ്‌ഫോടന ശക്തിയുമുള്ള നേതാവായിരുന്നു കെ ആര്‍ ഗൗരിയമ്മ. പ്രാന്തവല്‍ക്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെ വിമോചന വക്താവായിരുന്നു അവര്‍. രാഷ്ട്രീയത്തില്‍ വിപരീതമായ കാലഘട്ടത്തിലും പേടി കൂടാതെ അവര്‍ പൊരുതി. ഗൗരിയമ്മ കേരളത്തിന്റെ മുഖ്യമന്ത്രിയാവുമെന്ന് പ്രതീക്ഷിച്ചിരുന്ന കാലമുണ്ടായിരുന്നു. കേരം തിങ്ങും കേരള നാട്ടില്‍ കെ ആര്‍ ഗൗരി ഭരിച്ചീടും എന്ന മുദ്രാവാക്യം അവരോട് യോജിപ്പുള്ളവരും വിയോജിപ്പുള്ളവരും സ്വപ്നമായി കണ്ട കാലമുണ്ടായിരുന്നു. മന്ത്രിയായി പല ഘട്ടങ്ങളില്‍ അവര്‍ പ്രവര്‍ത്തിച്ചപ്പോഴും അവര്‍ക്ക് നേരെ രാഷ്ട്രീയ പ്രതിയോഗികള്‍ നിയമസഭയ്ക്കുള്ളില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷേ, ഗൗരിയമ്മയോട് കയര്‍ത്താല്‍ പ്രതീക്ഷിച്ചതിനേക്കാളും വലിയ പ്രഹര ശക്തിയോട് കൂടി അവര്‍ തിരിച്ചടിക്കുമെന്ന് എല്ലാവരും മനസ്സിലാക്കുകയായിരുന്നു. ധീരതയുടെ പര്യായമായി എക്കാലത്തും സ്മരിക്കപ്പെടുന്ന ഒരു രാഷ്ട്രീയ നേതാവാണ്. അവരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.
E T Muhammad Basheer MP condolances K R Gouriyamma's death