കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ പൂര്‍ണമായും നടപ്പിലാക്കണമെന്ന് കെ കെ രാഗേഷ് എംപി
ന്യൂഡല്‍ഹി: കേന്ദ്രീയ വിദ്യാലയങ്ങള്‍ രാജ്യത്തിന്റെ അഭിമാന സ്ഥാപനങ്ങളാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പ് നല്‍കുന്ന സ്ഥാപനങ്ങളാണ് ഈ വിദ്യാലയങ്ങള്‍. മികച്ച പരിശീലനം ലഭിച്ച അധ്യാപകരാണ് കേന്ദ്രീയ വിദ്യാലയങ്ങളില്‍ പഠിപ്പിച്ച് വരുന്നത്. കേന്ദ്ര സര്‍ക്കാരിന് കീഴില്‍ നവോദയ സ്‌കൂളുകള്‍, സൈനിക സ്‌കൂളുകള്‍ തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ട്. ഈ സ്ഥാപനങ്ങളെ പോലെ പ്രവര്‍ത്തിക്കുന്ന കേന്ദ്രീയ വിദ്യാലയങ്ങളിലെ അധ്യാപകരെ അവര്‍ക്ക് സമാനമായി പരിഗണിക്കുന്നില്ല.
എല്ലാ സ്ഥാപനങ്ങളും ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കിയപ്പോള്‍ നിര്‍ഭാഗ്യവശാല്‍ കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഇത് നടപ്പിലാക്കിയിട്ടില്ല. ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശ പ്രകാരം കേന്ദ്രീയ വിദ്യാലയത്തിലെ അദ്ധ്യാപകര്‍ക്ക് ലഭിക്കാനുള്ള 25% കുടിശ്ശിക ഇനിയും ലഭിച്ചിട്ടില്ല. ആറാം ശമ്പള കമ്മീഷന്‍ കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപകര്‍ക്ക് ഉറപ്പ് നല്‍കുന്ന 10 വര്‍ഷം വീതം പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കേണ്ട മൂന്നു ഫിനാന്‍ഷ്യല്‍ അപ്‌ഗ്രേഡേഷന്‍ എന്ന ആനുകൂല്യം ഏഴാം ശമ്പള കമ്മീഷനും അനുവദിച്ചെങ്കിലും ഇത് വരെ നടപ്പിലാക്കിയിട്ടില്ല.
എല്ലാ ഗവണ്‍മെന്റ് സ്ഥാപനങ്ങളും പുതിയ പെന്‍ഷന്‍ പദ്ധതി പ്രകാരം പെന്‍ഷന്‍ കോണ്‍ട്രിബ്യുഷന്‍ 10 ശതമാനത്തില്‍ നിന്നും 14 ശതമാനം ആയി വര്‍ദ്ധിപ്പിച്ച് നടപ്പില്‍ വരുത്തിയത് കേന്ദ്രീയ വിദ്യാലയങ്ങളില്‍ നടപ്പില്‍ വരുത്തിയിട്ടില്ല. നവോദയ വിദ്യാലയത്തിലുള്‍പ്പെടെയുള്ള അധ്യാപകര്‍ക്ക് സി.ജി.എച്ച്.എസ്. ആനുകൂല്യം ലഭിക്കുന്നുണ്ട്. ഈ ആനുകൂല്യം കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ലഭ്യമാക്കണം.