കേന്ദ്രീയ വിദ്യാലയങ്ങളിലെ വാര്‍ഷിക പരീക്ഷ മാര്‍ച്ച് ഒന്ന് മുതല്‍; മൂന്ന് മുതല്‍ എട്ടുവരെ ക്ലാസുകളില്‍ ഓണ്‍ലൈന്‍ പരീക്ഷ

അന്തിമ പരീക്ഷാഫലം മാര്‍ച്ച് 31നകം പ്രഖ്യാപിക്കും. ഓണ്‍ലൈനായി പരീക്ഷയെഴുതാന്‍ വേണ്ടത്ര സൗകര്യങ്ങളില്ലാത്ത വിദ്യാര്‍ഥികള്‍ക്കായി ഓഫ്‌ലൈന്‍ പരീക്ഷയും നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Update: 2021-01-27 10:10 GMT

ന്യൂഡല്‍ഹി: കേന്ദ്രീയ വിദ്യാലയങ്ങള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ മൂന്ന് മുതല്‍ 11 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാര്‍ഥികളുടെ വാര്‍ഷിക പരീക്ഷാ തിയ്യതി പ്രഖ്യാപിച്ചു. മാര്‍ച്ച് ഒന്ന് മുതല്‍ 20 വരെയാണ് പരീക്ഷകള്‍ ക്രമീകരിച്ചിരിക്കുന്നത്. മൂന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസ്സുകളിലെ വിദ്യാര്‍ഥികളുടെ പരീക്ഷ ഓണ്‍ലൈനായി നടത്തും. ഓണ്‍ലൈനായി പരീക്ഷയെഴുതാന്‍ വേണ്ടത്ര സൗകര്യങ്ങളില്ലാത്ത വിദ്യാര്‍ഥികള്‍ക്കായി ഓഫ്‌ലൈന്‍ പരീക്ഷയും നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. മൂന്ന് മുതല്‍ അഞ്ച് വരെയുള്ള ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ക്ക് ആകെ 40 മാര്‍ക്കിന്റെ ചോദ്യങ്ങളുണ്ടാവും. ഇതില്‍ 10 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ ഒബ്ജക്ടീവ് രീതിയിലാണ്.

ബാക്കി 15 മാര്‍ക്ക് വീതം വിവരണാത്മക, വാചിക രീതിയിലുമായിരിക്കും. ഒരുമണിക്കൂറാണ് പരീക്ഷയുടെ ദൈര്‍ഘ്യം. ആറ് മുതല്‍ എട്ടുവരെയുള്ള ക്ലാസ്സുകള്‍ക്ക് ആകെ 80 മാര്‍ക്കിന്റെ ചോദ്യങ്ങളുണ്ടാവും. ഇതില്‍ 25 മാര്‍ക്കിന്റെ ഒബ്ജക്ടീവ് ചോദ്യങ്ങളും 40 മാര്‍ക്കിന്റെ വിവരണാത്മക ചോദ്യങ്ങളും 15 മാര്‍ക്കിന്റെ വാചികചോദ്യങ്ങളുമുണ്ടാവും. രണ്ടുമണിക്കൂറാവും പരീക്ഷയുടെ ദൈര്‍ഘ്യം. 9-11 ക്ലാസ്സുകളിലെ വിദ്യാര്‍ഥികളുടെ പരീക്ഷ 10-12 ക്ലാസ്സുകളുടേതിന് സമാനമായിരിക്കും. ഈ ക്ലാസ്സുകാര്‍ക്ക് മൂന്നുമണിക്കൂറാവും പരീക്ഷ. മൂന്ന്, അഞ്ച് ക്ലാസ്സിലെ വിദ്യാര്‍ഥികള്‍ വിവരണാത്മക ചോദ്യങ്ങള്‍ക്ക് ഒന്നോ രണ്ടോ വാചകങ്ങളിലാണ് ഉത്തരം നല്‍കേണ്ടത്.


 ആറ്, എട്ട് ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ വിവരണാത്മക ചോദ്യങ്ങള്‍ക്ക് കുറഞ്ഞത് ഒരു ഖണ്ഡികയെങ്കിലും ഉത്തരമെഴുതണം. എഴുത്തുപരീക്ഷയ്ക്ക് മുമ്പാവും വാചികപരീക്ഷ നടത്തുക. ഫെബ്രുവരി 27നകം അത് പൂര്‍ത്തിയാക്കുകയും ചെയ്യും. ആകെയുള്ള 100 ശതമാനം മാര്‍ക്കില്‍ 20 ശതമാനം അസൈന്‍മെന്റുകള്‍ക്കുള്ളതാണ്. കണക്ടിവിറ്റി പ്രശ്‌നങ്ങളുണ്ടായാല്‍ വാചികപ്പരീക്ഷയിലും എഴുത്തുപരീക്ഷയിലും മാറ്റംവരുത്താനാവും. ഓരോ ക്ലാസ്സിനുമായി കുറഞ്ഞത് നാല് സെറ്റ് ചോദ്യപേപ്പറുകള്‍ തയ്യാറാക്കിയിരിക്കണമെന്നും പരീക്ഷകള്‍ക്കായി വ്യത്യസ്ത സമയപരിധി നിശ്ചയിക്കണമെന്നും നിര്‍ദേശമുണ്ട്.

ഓഫ്‌ലൈനായി പരീക്ഷയെഴുതാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മാതാപിതാക്കളുടെ അനുമതി വേണം. ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ അധ്യയനവര്‍ഷമാരംഭിക്കും. അന്തിമ പരീക്ഷാഫലം മാര്‍ച്ച് 31നകം പ്രഖ്യാപിക്കും. പരീക്ഷയെഴുതാന്‍ കഴിയാത്ത 9, 11 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഏപ്രില്‍ 20ന് ശേഷം നടക്കുന്ന സപ്ലിമെന്ററി പരീക്ഷയില്‍ പങ്കെടുക്കാം. പരീക്ഷാ ഷെഡ്യൂള്‍, പേപ്പര്‍ പാറ്റേണ്‍ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ക്ക് kvsangathan.nic.in വെബ്‌സൈറ്റ് പരിശോധിക്കുക.

Tags:    

Similar News