ലക്ഷദ്വീപിന് വേണ്ടത് പ്രാദേശിക പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്ന ഉദ്യോഗസ്ഥരെ: പി പി മുഹമ്മദ് ഫൈസല്‍ എംപി
ഡാനിക്‌സ് വന്നതോടെ ദ്വീപുമായി ബന്ധമില്ലാത്ത ഉദ്യോഗസ്ഥരാണ് ദ്വീപിലെ പല ഉന്നത പദവികളില്‍ നിയമിക്കപ്പെടുന്നത്. ഇതു മൂലം പല അടിസ്ഥാന പ്രശ്‌നങ്ങളും പരിഹരിക്കപ്പെടാതെ കിടക്കുകയാണ്.
ന്യൂഡല്‍ഹി: ലക്ഷദ്വീപിന് വേണ്ടത് പ്രാദേശിക പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്ന ഉദ്യോഗസ്ഥരെയാണെന്ന് ലക്ഷദ്വീപില്‍നിന്നുള്ള എംപി പി പി മുഹമ്മദ് ഫൈസല്‍. ലോക്‌സഭയുടെ ശൂന്യ വേളയിലാണ് അദ്ദേഹം ഇക്കാര്യം സഭയുടെ ശ്രദ്ധയില്‍ പെടുത്തിയത്.
ഡാനിക്‌സ് (ഡല്‍ഹി, ആന്‍ഡമാന്‍, നിക്കോബാര്‍ ദ്വീപുകള്‍, ലക്ഷദ്വീപ്, ദാമന്‍, ഡിയു, ദാദ്ര, നഗര്‍ ഹവേലി സിവില്‍ സര്‍വീസ്) വന്നതോടെ ദ്വീപുമായി ബന്ധമില്ലാത്ത ഉദ്യോഗസ്ഥരാണ് ദ്വീപിലെ പല ഉന്നത പദവികളില്‍ നിയമിക്കപ്പെടുന്നത്. ഇതു മൂലം പല അടിസ്ഥാന പ്രശ്‌നങ്ങളും പരിഹരിക്കപ്പെടാതെ കിടക്കുകയാണ്.
ഇത് ലക്ഷദ്വീപിന്റെ വികസനവുമായി ബന്ധപ്പെട്ട വിഷയമാണ്. പുറമേ നിന്നും വരുന്ന ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗം പേര്‍ക്കും തങ്ങളുടെ പ്രാദേശിക പ്രശ്‌നങ്ങള്‍ മനസ്സിലാകുന്നില്ല. പ്രദേശികമായും ഭാഷാടിസ്ഥാനമായും ദ്വീപിനെ അറിയുന്ന ഉദ്യോഗസ്ഥരുടെ സേവനം ദ്വീപില്‍ ലഭ്യമാക്കേണ്ടതിന്റെ ആവശ്യകഥ പല തവണ ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയതാണ്. അയതിനാല്‍ ലക്ഷദ്വീപിന്റെ പ്രാദേശിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനും വികസനപാതയിലേക്ക് കൊണ്ടുവരാനും വിഷയം ഗൗരവമായി കണ്ട് വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും എംപി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു