വ്യാജ മരുന്നുകളുടെ വിവരങ്ങള്‍ കൈയിലില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

Update: 2019-11-25 12:59 GMT

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വില്‍ക്കുന്ന മരുന്നുകളില്‍ 20 ശതമാനത്തിനടുത്ത് വ്യാജമരുന്നുകള്‍ വിപണിയിലുണ്ടെന്ന വസ്തുത നിലനില്‍ക്കെ അത്തരം വിവരങ്ങള്‍ ആരോഗ്യ മന്ത്രാലയത്തിന്റ കൈയിലില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധന്‍ അറിയിച്ചു. മുഹമ്മദ് ഫൈസല്‍ എംപി ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നു ലഭിച്ച ചില കേസുകളില്‍ നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ പാലിക്കാത്തവയെ വിശകലനം ചെയ്തുവരുന്നതായും മന്ത്രി പറഞ്ഞു.

    മരുന്നുകളുടെ ഗുണനിലവാരം, സുരക്ഷ, ഫലപ്രാപ്തി എന്നിവയില്‍ വിട്ടുവീഴ്ചയില്ലെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ഇത് കണക്കിലെടുത്ത് നിയമപരമായ വ്യവസ്ഥകള്‍, വര്‍ക്ക് ഷോപ്പുകള്‍, നിര്‍മാതാക്കള്‍ക്കും റെഗുലേറ്ററി ഓഫിസര്‍മാര്‍ക്കും വേണ്ടിയുള്ള പരിശീലന പരിപാടികള്‍, റിസ്‌ക് അടിസ്ഥാനമാക്കിയുള്ള പരിശോധന തുടങ്ങിയ നടപടികള്‍ എന്നിവ ഉള്‍പ്പെടെ നിരവധി നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതായും മന്ത്രി അറിയിച്ചു.




Tags:    

Similar News