ആട്ടിറച്ചി കഴിച്ചാല്‍ ശിക്ഷ മരണം

ആട്ടിറച്ചി കഴിച്ചാല്‍ ശിക്ഷ മരണം
X











ABDULLA-O

ഒ അബ്ദുല്ല





ഗോമാംസം എന്ന് ഏതു കണ്ണുപൊട്ടനും ഒറ്റനോട്ടത്തില്‍ തോന്നുംവിധം അജമാംസം സൂക്ഷിച്ച സര്‍താജ് എന്ന വ്യോമസേനാ ഉദ്യോഗസ്ഥന്റെ പിതാവ് മുഹമ്മദ് അഖ്‌ലാഖ് ഭീകരനല്ലെങ്കില്‍ മറ്റാരാണ് ഭീകരന്‍? ഏറ്റവും ചുരുങ്ങിയത് ഫ്രിഡ്ജിന്റെ മുകളില്‍ 'ബക്‌രി കീ ഗോഷ്ത്' അഥവാ ആട്ടിറച്ചി എന്ന് അയാള്‍ക്ക് എഴുതിവയ്ക്കാമായിരുന്നു.

നിസ്സാരമായി കാണാവുന്നതല്ല ഈ വീഴ്ച. അഖ്‌ലാഖിനെ തല്ലിക്കൊല്ലുകയല്ലാതെ മറ്റു വേറെ പോംവഴികളുണ്ടായിരുന്നില്ല. സാധ്വി പ്രാചി യാതൊരുവിധ വളച്ചുകെട്ടലുകളും തൊട്ടുതീണ്ടാതെ വ്യക്തമാക്കിയപോലെ, ബീഫ് തിന്നുന്നവന്‍ ആരായാലും അയാളെ/ അവളെ തല്ലിക്കൊല്ലുക തന്നെ ചെയ്യും.

വല്ലവരും ബീഫ് കഴിച്ചതായറിഞ്ഞാല്‍ ദാദ്രിയിലേതുപോലെ ക്ഷേത്രത്തില്‍ നിന്ന് അറിയിപ്പുണ്ടാവുന്നതു കാത്തിരുന്നു സമയം പാഴാക്കരുത്. കയറുക, പിടിക്കുക, കൊല്ലുക. ദാദ്രിയില്‍ ക്ഷേത്രത്തിലെ പുരോഹിതന്റെ കാതില്‍ ബി.ജെ.പിയുടെ പ്രാദേശിക നേതാവ് സഞ്ജയ് റാണയുടെ പുത്രന്‍ വിശാല്‍ സംഭവം ഓതിക്കൊടുക്കുകയും തുടര്‍ന്ന് പുരോഹിതന്‍ അച്ചടക്കത്തോടെ അത് അനുസരിക്കുകയുമായിരുന്നുവല്ലോ. ക്ഷേത്രത്തില്‍ നിന്നുള്ള അറിയിപ്പ് കേട്ട മാത്രയില്‍ ആള്‍ക്കൂട്ടം വീട്ടിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു. അവര്‍ അഖ്‌ലാഖിനെ തല്ലിക്കൊന്നു. മകനെ 'കൊടുംജീവനാക്കി.' ഗുരുതരാവസ്ഥയില്‍  ആ മകന്‍ ആശുപത്രിയില്‍ കഴിയുന്നു.

അവര്‍ അഖ്‌ലാഖിന്റെ മകളെ മാനഭംഗപ്പെടുത്താനും ശ്രമിച്ചു. എന്നാല്‍, എല്ലാ സന്ദര്‍ഭങ്ങളിലും ഇക്കാര്യങ്ങള്‍ ഇതേപോലെ വ്യവസ്ഥാപിതമായി ചെയ്യാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. ചിലപ്പോഴെങ്കിലും ക്ഷേത്രത്തില്‍ പുരോഹിതന്‍ ഉണ്ടായിക്കൊള്ളണമെന്നില്ല. ഉണ്ടായാല്‍ തന്നെ ലൗഡ്‌സ്പീക്കറില്‍ അനൗണ്‍സ് ചെയ്യാന്‍ വൈദ്യുതിയില്ലെങ്കിലോ? ഇക്കാലത്ത് വൈദ്യുതിയെ എങ്ങനെ വിശ്വസിക്കും? അതിനാല്‍ മാംസം ഉണ്ടായിക്കൊള്ളണമെന്നില്ല, സംശയം തോന്നിയാല്‍ മതി. ഒട്ടും അമാന്തിക്കാതെ കയറുക, പിടിക്കുക, കൊല്ലുക. 800 കൊല്ലത്തിനു ശേഷം ആദ്യമായി കൈവന്ന അവസരം വെറുതെ കളഞ്ഞുകുളിക്കാനുള്ളതല്ല.

ഒരു ബി.ജെ.പി. മുന്‍ എം.എല്‍.എ. പറഞ്ഞത് അഖ്‌ലാഖിന്റെ വീട്ടില്‍ സൂക്ഷിച്ചതു ബീഫാണെങ്കില്‍ തെറ്റ് അഖ്‌ലാഖിന്റേതും കുടുംബത്തിന്റേതുമാണ് എന്നാണ്. പ്രധാനമന്ത്രി മോദിജിയെ സമ്മതിക്കണം. ന്യൂനപക്ഷങ്ങളുടെ അഭിമാനം കാത്തുരക്ഷിക്കുന്നതില്‍ അദ്ദേഹം പുലര്‍ത്തുന്ന വിട്ടുവീഴ്ചയില്ലാത്ത മൗനം മാത്രം മതി അടുത്ത മറ്റൊരു അഞ്ചു വര്‍ഷം കൂടി അധികാരക്കസേര അദ്ദേഹത്തിനു വലിച്ചിട്ടുകൊടുക്കാന്‍.

ഏറെ വൈകിയാണെങ്കിലും അരുണ്‍ ജെയ്റ്റ്‌ലി സംഭവത്തെ അപലപിച്ചപ്പോഴും മോദിജി സംഭവം അറിഞ്ഞ ഭാവമേ നടിച്ചില്ല. താന്‍ വഹിക്കുന്ന പദവിയുടെ അന്തസ്സ് നൂറുക്കുനൂറ് മനസ്സിലാക്കിയ മഹാത്മാവ്! കുറ്റം അഖ്‌ലാഖിന്റേതാണെന്നറിഞ്ഞിട്ടും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും ദാദ്രിയില്‍ രണ്ടു ദിവസം കഴിഞ്ഞാണെങ്കിലും പാഞ്ഞെത്തി.

പക്ഷേ, പ്രധാനമന്ത്രി കുലുങ്ങിയില്ല. പ്രകോപനങ്ങള്‍ ഏറെയുണ്ടായി: എവിടെപ്പോയി ട്വിറ്റര്‍? എവിടെപ്പോയി ഗൂഗ്ള്‍? സെല്‍ഫി ഫേസ്ബുക്കിലെ പേജുകള്‍ തീര്‍ന്നുപോയോ? പക്ഷേ, പ്രധാനമന്ത്രി കേട്ട ഭാവം നടിച്ചില്ല. കൊറ്റി എത്ര കണ്ടതാ ഇത്തരം കുളം. ഇത് ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. അദ്ദേഹം ചിലപ്പോള്‍ 10 ലക്ഷത്തിന്റെ കോട്ട് ധരിച്ചെന്നുവരും. പ്രതിദിനം ചുരുങ്ങിയത് നാലു തവണ വസ്ത്രം മാറിയെന്നുവരും. പക്ഷേ, യാതൊരു കാരണവശാലും ന്യൂനപക്ഷങ്ങളുടെ കാര്യത്തിലുള്ള ഉറച്ച നിലപാട് മാറ്റുന്ന പ്രശ്‌നമേയില്ല.

കൂടുതല്‍ സംശയമുള്ളവര്‍ക്ക് കേരളത്തിലെ സുറിയാനി ക്രൈസ്തവ പുരോഹിതന്മാരോടും കാന്തപുരം അബൂബക്കര്‍ മുസ്‌ല്യാരോടും ചോദിക്കാം. മോദിയുടെ ഈ ഉറച്ച മനോഘടനയെക്കുറിച്ച് അവര്‍ വിശദീകരിച്ചുതരും. വസ്തുതകള്‍ മനസ്സിലാക്കാതെയും സംഭവത്തിലെ നെല്ലും പതിരും വേര്‍തിരിക്കാതെയും ദാദ്രിയില്‍ കാള പെറ്റിരിക്കുന്നുവെന്നു കേട്ട മാത്രയില്‍ സംഭവസ്ഥലത്തേക്ക് കാമറയും ഇതര ഊട്ട്‌റൂട്ട് കുന്ത്രാണ്ടങ്ങളുമായി പാഞ്ഞെത്തിയ ഐ.ബി.എന്‍. അടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കും ഇതൊരു പാഠമാണ്. അവര്‍ പൊതിരെ തല്ലു ചോദിച്ചുവാങ്ങി.

സ്വന്തം ഗ്രാമത്തെ ലോകത്തിനു മുമ്പില്‍ അപമാനിക്കാന്‍ കാമറയും മറ്റുമായി വരുന്നവരോട് യഥോചിതം പെരുമാറുകയല്ലാതെ അവര്‍ക്ക് പെണ്ണു കെട്ടിച്ചുകൊടുക്കുകയാവുമോ ആത്മാഭിമാനമുള്ള ഗ്രാമീണര്‍ ചെയ്യുക? ഐ.ബി.എന്നിന്റെ വനിതാ മാധ്യമപ്രവര്‍ത്തകയെ ഗ്രാമത്തിലെ വളയിട്ട കൈകള്‍ കൈകാര്യം ചെയ്തില്ല എന്നുവയ്ക്കുക. എന്താവുമായിരുന്നു ദാദ്രിയുടെ അവസ്ഥ? പുറംലോകം ദാദ്രിക്കാരെക്കുറിച്ച് എന്തു ധരിക്കും? മാധ്യമപ്രവര്‍ത്തകയെ തല്ലി കൈകഴുകിയതോടെ എല്ലാം ശുഭമായി.

ഇപ്പോള്‍ നാലാള്‍ കൂടുന്നേടത്തു ചെന്ന് തങ്ങള്‍ ദാദ്രിക്കാരാണ്, ബി.ജെ.പിക്കാരാണ് എന്നു പറയുമ്പോഴുള്ള 'പൗറ്' ഒന്നു വേറെത്തന്നെയാണ്. ഒരുവേള ലോകത്തെത്തന്നെ ഒരപൂര്‍വ ഗ്രാമം. ഹിറ്റ്‌ലര്‍ ഭരിച്ച ജര്‍മനിയില്‍ പോലും ധീരന്മാര്‍ മാത്രം അധിവസിച്ച ഇത്തരം ഒരു ഗ്രാമത്തെക്കുറിച്ച് എവിടെയും വായിച്ചിട്ടില്ല.അഖ്‌ലാഖിനെ തല്ലിക്കൊന്നു എന്നു പറഞ്ഞു മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ പോലിസ് അറസ്റ്റ് ചെയ്തവരെ സംഭവസ്ഥലം സന്ദര്‍ശിച്ച ഡല്‍ഹി മുഖ്യമന്ത്രിയോ ഇന്ത്യയുടെ ഒരുകാലത്തെ ഭാവിപ്രധാനമന്ത്രിയോ തിരിഞ്ഞുനോക്കിയതേയില്ല.

ശാസ്ത്ര-സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ ഇക്കാര്യം സന്ദര്‍ഭോചിതം ചൂണ്ടിക്കാട്ടിയിട്ടും ഫലമുണ്ടായില്ല. അവസാനം അദ്ദേഹത്തിനു പരസ്യമായി പറയേണ്ടിവന്നു, ദാദ്രിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ താല്‍പ്പര്യങ്ങള്‍ തന്റെ സര്‍ക്കാര്‍ സംരക്ഷിക്കുക തന്നെ ചെയ്യുമെന്ന്! ഭരണമാറ്റത്തിന്റെ പ്രയോജനം ശരിക്കും അനുഭവവേദ്യമായ അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരവസരം. ഇത്രയും നാള്‍ ഒരാള്‍ അല്ലെങ്കില്‍ ഒരുകൂട്ടം ആള്‍ക്കാര്‍ കൊല്ലപ്പെട്ടാല്‍, ഇരകള്‍ക്ക് ആവശ്യമായ സംരക്ഷണം ഒരുക്കുമെന്നാണ് പറയാറ്.

ഇവിടെ അഖ്‌ലാഖിനെ കൊന്നതിനെത്തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ടവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കണമെന്നാണ് ഒരു കേന്ദ്രമന്ത്രി പരസ്യമായി പറഞ്ഞിരിക്കുന്നത്. അഖ്‌ലാഖ് മരിച്ചു. ആരു വിചാരിച്ചാലും അദ്ദേഹത്തെ പുനരുജ്ജീവിപ്പിക്കുക അസാധ്യം. എങ്കില്‍പ്പിന്നെ സംരക്ഷിക്കേണ്ടത് കൊലപാതകികളുടെ താല്‍പ്പര്യമല്ലെങ്കില്‍ മറ്റാരുടെ താല്‍പ്പര്യമാണ്? അമ്പത്തിയാറോ കൂടുതലോ ഇഞ്ച് നെഞ്ചൂക്കുള്ളവരുടെ കൂടെ മന്ത്രിപദവി പങ്കിടുന്നവരില്‍ നിന്നല്ലാതെ മറ്റാര് ഭരിക്കുമ്പോഴാണ് ഇത്തരത്തിലുള്ള ആര്‍ജവം പ്രതീക്ഷിക്കാനാവുക? അരകിലോ ആട്ടിറച്ചി സൂക്ഷിച്ചതിന്റെ പേരില്‍ കുടുംബനാഥനെ തല്ലിക്കൊല്ലുക.

വീട്ടില്‍ ബീഫ് സൂക്ഷിച്ചുവച്ചിരിക്കുന്നു എന്ന് മൈക്കിലൂടെ വിളിച്ചുപറഞ്ഞ് ആളെക്കൂട്ടുക, തുടര്‍ന്ന് ബന്ധപ്പെട്ട വീട്ടിലേക്ക് മാര്‍ച്ച് ചെയ്ത് ഗൃഹനാഥനെ പച്ചയ്ക്ക് തല്ലിക്കൊല്ലുക, മകന്റെ നെഞ്ചിന്റെ മധുരപ്പലക ചവിട്ടിക്കലക്കുക, സംഭവം റിപോര്‍ട്ട് ചെയ്യാന്‍ വരുന്ന മാധ്യമപ്രവര്‍ത്തകരെയും രാഷ്ട്രീയപ്രവര്‍ത്തകരെയും വഴിയില്‍ തടയുകയോ തല്ലിയോടിക്കുകയോ ചെയ്യുക, കൊല്ലപ്പെട്ട ആളുടെ വസതി ഉപരോധിക്കുക, സംഭവത്തോടനുബന്ധിച്ച് അറസ്റ്റിലായവരുടെ സംരക്ഷണം ഉറപ്പുവരുത്തുക, എല്ലാം അറിഞ്ഞിട്ടും ഉത്തരവാദപ്പെട്ട അധികാരകേന്ദ്രം മൗനം പാലിക്കുക! ഒരു പരസ്യത്തില്‍ പറയാറുള്ളതുപോലെ നമ്മുടെ നാടും പുരോഗമിക്കുക തന്നെയാണ്.

വല്ല അഫ്ഗാനിസ്താനിലോ അറബ്‌സ്താനിലോ നൈജീരിയയിലോ നൈജറിലോ കാനഡയിലോ കെനിയയിലോ ഇസ്‌ലാമിക ശരീഅത്തിന്റെ കെ.വി. ലൈനില്‍ തട്ടി കാക്കയുടെയോ കുരുവിയുടെയോ ചിറകറ്റാല്‍ അതിന്റെ പേരില്‍ ഇസ്‌ലാമിനെ നാല്‍പ്പത്തിയെട്ടും എഴുപത്തിരണ്ടും മണിക്കൂര്‍ വിചാരണ ചെയ്യുന്ന മലയാളം ചാനലുകാര്‍ അഖ്‌ലാഖ് സംഭവം അറിഞ്ഞ ഭാവം പോലും നടിച്ചില്ല. എന്നാല്‍, സാന്ദര്‍ഭികമായി മറ്റു ചില സംവാദങ്ങള്‍ക്കിടയില്‍ വിഷയം പരാമര്‍ശിക്കപ്പെടുക തന്നെ ചെയ്തു.

അന്നേരം ഒരു ആര്‍.എസ്.എസ്. വക്താവ് കണ്ണു മുറുക്കിച്ചിമ്മി കൂസലേതുമില്ലാതെ പ്രതികരിച്ചത് 'ലോകത്തെവിടെയോ നടന്ന സംഭവം സംഘപരിവാരത്തിന്റെ ചുമലില്‍ അനാവശ്യമായി കെട്ടിവയ്‌ക്കേണ്ട' എന്നായിരുന്നു. ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് എം ടി രമേശിനോട് 'ഫ്രിഡ്ജില്‍ ബീഫ് സൂക്ഷിക്കുന്നവരെ തല്ലിക്കൊല്ലുന്ന സംസ്‌കാരവും രാഷ്ട്രീയവുമാവാം താങ്കളുടെ പാര്‍ട്ടിയും വെള്ളാപ്പള്ളിയുടെ സംഘടനയും സഹകരിച്ചു സംസ്ഥാനത്തേക്കു കടത്തിക്കൊണ്ടുവരുന്നത്' എന്ന് സി.പി.എം. വക്താവ് ചോദിച്ചപ്പോള്‍ നല്‍കിയ മറുപടിയും വ്യത്യസ്തമായിരുന്നില്ല.

അനാവശ്യമായി തങ്ങളുമായി പുലബന്ധം പോലുമില്ലാത്ത ഇത്യാദി പ്രശ്‌നങ്ങളെ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ സൂക്ഷിച്ചു വേണം പരാമര്‍ശിക്കാന്‍ എന്നായിരുന്നു രമേശിന്റെ താക്കീത്. ഇതുകൊണ്ടൊക്കെത്തന്നെയാവണം മുസ്‌ലിം സമുദായത്തിലെ അള്‍ട്രാ സെക്കുലറിസ്റ്റുകളും അഖ്‌ലാഖ് സംഭവത്തെ ബോധപൂര്‍വം തമസ്‌കരിക്കുന്നു.

യു.പി. ഗ്രാമത്തില്‍ നടന്നതുപോലുള്ള സംഭവം മുസ്‌ലിംകളുടെ പക്ഷത്തുനിന്നു സംഭവിച്ചു എന്നു കരുതുക. മലപ്പുറം ജില്ലയില്‍ തന്നെയാവണമെന്നില്ല, നൈജീരിയയിലെയോ നൈജറിലെയോ ഏതോ കുഗ്രാമത്തില്‍ വച്ചായാല്‍ മതി, എന്താവുമായിരുന്നു അന്നേരത്തെ പുകില്. പ്രാകൃത മതമായ ഇസ്‌ലാമിന്റെ കൊടുംക്രൂരതയെയും അറേബ്യയിലെ പരുപരുത്ത മണലാരണ്യത്തില്‍ ഉദയംകൊണ്ട അതിന്റെ കണ്ണില്‍ച്ചോരയില്ലായ്മയെക്കുറിച്ച് ഉലക്കയില്‍ മുക്കിയുള്ള എഴുത്ത് മാതൃഭൂമിയുടെ എഡിറ്റ് പേജില്‍ കൈകാലുകള്‍ നിവര്‍ത്തി വായനക്കാരനെ കൊഞ്ഞനം കുത്തുന്ന ഭീകര ദൃശ്യം ഒന്നു മനോമുകുരത്തിലേക്ക് കൊണ്ടുവന്നു നോക്കൂ! എങ്ങാണ്ടോ നിന്ന് ഒരു ഐ.എസ്. പ്രേതം ഒലിച്ചുവന്ന് കോഴിക്കോട് തീരത്തണഞ്ഞു.






ഇത്രയും നാള്‍ ഒരാള്‍ അല്ലെങ്കില്‍ ഒരുകൂട്ടം ആള്‍ക്കാര്‍ കൊല്ലപ്പെട്ടാല്‍, ഇരകള്‍ക്ക് സംരക്ഷണം ഒരുക്കുമെന്നാണ് പറയാറ്. ഇവിടെ അഖ്‌ലാഖിനെ കൊന്നതിനെത്തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ടവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കണമെന്നാണ് ഒരു കേന്ദ്രമന്ത്രി പറഞ്ഞിരിക്കുന്നത്. അഖ്‌ലാഖ് മരിച്ചു. ആരു വിചാരിച്ചാലും അദ്ദേഹത്തെ പുനരുജ്ജീവിപ്പിക്കുക അസാധ്യം. എങ്കില്‍പ്പിന്നെ സംരക്ഷിക്കേണ്ടത് കൊലപാതകികളുടെ താല്‍പ്പര്യമല്ലെങ്കില്‍ മറ്റാരുടെ താല്‍പ്പര്യമാണ്?






യു.എ.ഇ. സര്‍ക്കാരിന്റെ റഡാറില്‍ പതിഞ്ഞ ചില പ്രവാസികളുടെ ഫോണ്‍നമ്പറും മറ്റും പരിശോധിച്ചപ്പോള്‍ അവര്‍ ഐ.എസ്. ഭീകര സംഘടനയുടെ ചൂരടി ലഭിച്ചു എന്നാണ് പറയുന്നത്. യു.എ.ഇ. അവന്മാരെ പെട്ടെന്ന് ഇന്ത്യയിലേക്കു കയറ്റിവിട്ടു. അവരില്‍ ഒരാള്‍ക്കെതിരേ കോഴിക്കോട് പോലിസ് എഫ്.ഐ.ആറും രജിസ്റ്റര്‍ ചെയ്തു. അത്രയേ ഉണ്ടായുള്ളൂ. പിറ്റേന്നതാ വരുന്നു മാതൃഭൂമി (സപ്തംബര്‍ 19)യില്‍ ഉലക്ക മുക്കിയുള്ള എന്റെ നാട്ടുകാരന്റെ ലേഖനം! ഐ.എസിനു പിന്നില്‍ ആരാണെന്നോ അവരുടെ ശരിയായ വിലാസം എന്താണെന്നോ അവരുടെ ആധാറിലെഴുതിയത് എന്തൊക്കെയാണെന്നോ അബൂബക്കര്‍ ബഗ്ദാദി എന്ന ഭീകര സത്വം ഖലീഫാപട്ടം അണിഞ്ഞുനടക്കുന്നത് എന്തിനാണെന്നോ തുടങ്ങിയ കാര്യങ്ങള്‍ക്ക് ഒരു വ്യക്തതയുമില്ലെങ്കിലും ലേഖകന്  ആ ശവത്തെ തന്റെ പ്രഖ്യാപിത ശത്രുക്കളായ ജമാഅത്തെ ഇസ്‌ലാമിയുടെയും സലഫിയുടെയും വീട്ടുമുറ്റത്തേക്കു കുത്തിയൊഴുക്കി അവിടെ കുറുക്കിക്കെട്ടണം.

അതിനായി കക്ഷി കണ്ടെത്തിയ മാര്‍ഗം ഇന്നേവരെ ആരും സ്വീകരിക്കാത്ത ചരിത്രാന്വേഷണരീതിയാണ്. അതായത്, അബൂബക്കര്‍ ബഗ്ദാദി ഉല്‍പ്പാദിപ്പിക്കുന്ന ഭീകരത ഇതിനു മുമ്പ് ആരെങ്കിലും ഉല്‍പ്പാദിപ്പിക്കുകയോ ഉദ്‌ഘോഷിക്കുകയോ ചെയ്തിട്ടുണ്ടോ എന്നു പരിശോധിക്കുക. അതായത് ഇസ്‌ലാമിക് സ്‌റ്റേറ്റ്, ഹുകൂമത്ത് (ഭരണം), ഖിലാഫത്ത് മുതലായ ഒരിക്കലും പറയാന്‍ പാടില്ലാത്ത ടെര്‍മിനോളജികള്‍ മുമ്പ് ആരോ പറഞ്ഞിട്ടുണ്ടോ എന്നു പരിശോധിക്കുക. ഇതിനായി ലേഖകന്‍ ഒരു ഡിറ്റക്ടീവ് ഡോഗിനെ ചരിത്രത്തിലൂടെ മണം പിടിപ്പിച്ചു പായിച്ചു.നായ 13ാം നൂറ്റാണ്ടില്‍ ജീവിച്ച തഖിയുദ്ദീന്‍ ഇബ്‌നു തൈമിയയുടെ വീട്ടുപടിക്കല്‍ ഒരല്‍പ്പം നിന്നു. തുടര്‍ന്നു പിറകോട്ടോടി. ചെന്നുനിന്നത് റിയാദിനടുത്ത് 17ാം നൂറ്റാണ്ടില്‍ ജീവിച്ച മുഹമ്മദുബ്‌നു അബ്ദുല്‍ വഹാബിന്റെ വീടിന്റെ മുമ്പിലെ ബസ്‌സ്റ്റോപ്പില്‍. അവിടെ നിന്നു കുറേ കുരച്ചു. വീണ്ടും ഓടി. ഇത്തവണ ചെന്നുനിന്നത് പാകിസ്താനിലെ ലാഹോറില്‍. അവിടെയാണ് ലേഖകന്റെ എക്കാലത്തെയും വലിയ ആദര്‍ശ ശത്രു സാക്ഷാല്‍ അബുല്‍ അഅ്‌ലാ മൗദൂദി അധിവസിച്ചിരുന്നത്. കൃത്യമായി പറഞ്ഞാല്‍ മന്‍സൂറയില്‍. മന്‍സൂറയില്‍ ചെന്നുനിന്ന നായ കുരയ്ക്കുകയല്ല; അവിടെ വച്ച് അത് ഓട്ടം നിര്‍ത്തുകയായിരുന്നു. അത് അവിടെ നിന്ന് ഇപ്പോഴും കുരയ്ക്കുക തന്നെയാണ്.

മതേതര ജനാധിപത്യത്തെ തള്ളിപ്പറയുകയും സങ്കരസംസ്‌കാരത്തെ ഉള്‍ക്കൊള്ളാതിരിക്കുകയും അന്ധമായ വിഗ്രഹാരാധനാവിരോധവുമായി നടക്കുകയുമൊക്കെയായിരുന്നത്രേ മേല്‍പ്പറഞ്ഞവര്‍. അതാണ് അവസാനം ഐ.എസ്. തീവ്രവാദത്തിലൂടെ പുറത്തേക്കൊഴുകുന്നത്! 13, 14 നൂറ്റാണ്ടിലും മറ്റും ലോകം ജനാധിപത്യത്തെയോ മതേതരത്വത്തെയോ കുറിച്ചു കേട്ടിരുന്നോ, അത്തരം പദാവലികള്‍ രാഷ്ട്രമീമാംസയില്‍ ഇടം കണ്ടെത്തിയത് എന്നുതൊട്ടാണ് എന്നിത്യാദി കാര്യങ്ങള്‍ പ്രഫസര്‍മാര്‍ക്ക് അറിഞ്ഞുകൂടെങ്കിലും സാധാരണ പത്രവായനക്കാരായ വിദ്യാര്‍ഥികള്‍ക്ക് അറിയാം.

പാകിസ്താനെ അയ്യൂബ് ഖാന്റെ പട്ടാളബൂട്ടില്‍ നിന്നു രക്ഷിച്ച് ജനാധിപത്യത്തിന്റെ ട്രാക്കിലേക്ക് തിരിച്ചുകൊണ്ടുവരാനായി 916ന്റെ തിളക്കമുള്ള, ഉടുപ്പിലും നടപ്പിലും തികഞ്ഞ മതേതരയായ സാക്ഷാല്‍ ഫാത്തിമ ജിന്നയെ മുന്നില്‍ നിര്‍ത്തി മൗദൂദികള്‍ നടത്തിയ ഐതിഹാസികമായ ജനാധിപത്യ പോരാട്ടത്തിന്റെ അലയടികള്‍ അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കേ, ഇത്തരം ജല്‍പ്പനങ്ങള്‍ കിട്ടിയ വടി കൊണ്ട് ഇസ്‌ലാമിനെ അടിക്കാനുള്ള വ്യഗ്രത മാത്രമാണ് വിളിച്ചോതുന്നത്.

കോഴിക്കോട് കടലുണ്ടിയില്‍ അബ്ദുര്‍റഹ്മാന്‍ എന്നു പേരായ ഇസ്‌ലാമിക പ്രവര്‍ത്തകന്‍ സ്വജീവന്‍ ബലി കൊടുത്ത് മരണവുമായി കൂകിപ്പാഞ്ഞുവരുന്ന തീവണ്ടിക്കു മുമ്പില്‍ നിന്നു ബധിരനായ ഒരു അമുസ്‌ലിം സഹോദരനെ രക്ഷിക്കാന്‍ നടത്തിയ ശ്രമത്തെ കെ പി രാമനുണ്ണി എന്ന അനുഗൃഹീത എഴുത്തുകാരന്‍ വാഴ്ത്തുകയും ഇത്തരം ത്യാഗത്തിന് അബ്ദുര്‍റഹ്മാനെപ്പോലുള്ളവര്‍ക്ക് ആവേശം നല്‍കുന്നത് അദ്ദേഹത്തിന്റെ മഹത്തായ വിശ്വാസപ്രമാണമാണെന്ന് അടിവരയിട്ടു പറയുകയും ചെയ്തപ്പോള്‍, അല്ല, അത് കടലുണ്ടിയിലൂടെ റെയില്‍വേ ലൈന്‍ കടന്നുപോവുന്നതുകൊണ്ടാണെന്ന് ആവര്‍ത്തിച്ചുപറഞ്ഞു സ്വയം അപഹാസ്യരാവുകയും ചെയ്ത ഇവന്മാര്‍ ഏതൊരു ശവത്തെയും ഇസ്‌ലാമിന്റെ തൂണിന്മേല്‍ കുറുക്കിക്കെട്ടാന്‍ വെമ്പല്‍ കൊള്ളുന്നവരാണ്. ഇവര്‍ യു.പി. ഗ്രാമത്തിലെ കൊടുംക്രൂരതയെക്കുറിച്ചു മൗനിബാബമാരായി മാറുന്നതു കാണുമ്പോള്‍ ഇവരുടെയൊക്കെ പിന്നിലെ ശക്തികള്‍ ആരായിരിക്കും എന്ന സ്വാഭാവിക ചിന്ത പ്രസക്തമായിത്തീരുന്നു. അതോ, പ്രധാനമന്ത്രിയുടെ മൗനത്തിലെ വാചാലത തന്നെയായിരിക്കുമോ ഇവരുടെ മൗനത്തിലെ വരികള്‍ക്കിടയിലൂടെയും വായിച്ചെടുക്കേണ്ടത്?
Next Story

RELATED STORIES

Share it