Flash News

ഗൗരി ലങ്കേഷ് വധത്തിന് ഒരു വര്‍ഷം: തീവ്ര ഹിന്ദുത്വ സംഘടനകള്‍ എന്തുകൊണ്ട് ഗൗരിയെ തേടിയെത്തി ?

ഗൗരി ലങ്കേഷ് വധത്തിന് ഒരു വര്‍ഷം: തീവ്ര ഹിന്ദുത്വ സംഘടനകള്‍ എന്തുകൊണ്ട് ഗൗരിയെ തേടിയെത്തി ?
X
ഹിന്ദുത്വ വലതുപക്ഷത്തിനെതിരേ വിട്ടുവീഴ്ചയില്ലാതെ പോരാടിയ മാധ്യമപ്രവര്‍ത്തകയും സാമൂഹികപ്രവര്‍ത്തകയുമായിരുന്നു ഗൗരി ലങ്കേഷിന്റെ രക്തസാക്ഷിത്വത്തിന് ഇന്ന് ഒരുവര്‍ഷം. ഗൗരിയുടെ മരണത്തിന് ഒരു വര്‍ഷം തികയുമ്പോള്‍ അന്വേഷണം നിര്‍ണായക ഘട്ടത്തിലാണ് എത്തിനില്‍ക്കുന്നത്. ശ്രീരാമ സേനാ പ്രവര്‍ത്തകനായ പരശുറാം വാഗ്മറെയാണു ഗൗരി ലങ്കേഷിനെ വെടിവച്ച് കൊന്നതെന്നു ഗുജറാത്ത് ഫോറന്‍സിക് ലബോറട്ടറി ഇന്നലെ പുറത്തുവിട്ട ഫലം വ്യക്തമാക്കുന്നു. ഗൗരി ലങ്കേഷ് കൊലപാതകക്കേസില്‍ പ്രധാന വഴിത്തിരിവാണ് ഈ കണ്ടെത്തല്‍. മുഴുവന്‍ സംഭവങ്ങളും ആവിഷ്‌കരിച്ച വീഡിയോയും സിസിടിവി ദൃശ്യങ്ങളടങ്ങിയ വീഡിയോയുമാണു പരിശോധനയ്ക്കയച്ചത്. രണ്ട് വീഡിയോയിലെ ആള്‍ ഒരാള്‍ തന്നെയാണെന്നാണ് പരിശോധനയില്‍ തെളിഞ്ഞിരിക്കുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് 12 പേരെയാണ് പോലിസ് ഇതുവരെ അറസ്റ്റ് ചെയ്തത്. ഇവരില്‍ ഭൂരിപക്ഷവും സംഘപരിവാറുമായി ബന്ധമുള്ളവരാണ്.



കൊല സ്വന്തം മതത്തെ രക്ഷിക്കാന്‍:
ആരെയാണ് കൊല്ലാന്‍ പോവുന്നതെന്ന് അറിയില്ലായിരുന്നു

കൊലപാതകം നടത്തിയത് സ്വന്തം മതത്തെ സംരക്ഷിക്കാനായിരുന്നെന്നും ഗൗരി ലങ്കേഷിനെ കൊല്ലരുതായിരുന്നെന്ന് ഇപ്പോള്‍ തോന്നുന്നുവെന്നും പരശുറാം പറഞ്ഞതായി നേരത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. ഗൗരി ലങ്കേഷിന്റെ വീടിനു മുന്നിലെത്തി നാലു തവണ അവര്‍ക്കെതിരേ നിറയൊഴിക്കുംവരെ ആരെയാണ് കൊല്ലാന്‍ പോവുന്നതെന്ന് അറിയില്ലായിരുന്നെന്നും പ്രതി വെളിപ്പെടുത്തിയിട്ടുണ്ട്. മതത്തെ സംരക്ഷിക്കാന്‍ ഒരാളെ കൊല്ലണമെന്ന് 2017 മെയിലാണ് പരശുറാമിനു നിര്‍ദേശം ലഭിച്ചത്. കൊലപാതകത്തിനു മുമ്പ് ബെലഗവിയില്‍ നിന്ന് എയര്‍ഗണ്‍ ഉപയോഗിക്കാന്‍ ഇയാള്‍ക്കു പരിശീലനം ലഭിച്ചിരുന്നു. കൃത്യത്തിനായി സപ്തംബര്‍ 3ന് ബംഗളൂരുവിലെത്തിയിരുന്നെന്നും ഇയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. കൃത്യത്തിനായി പരശുറാമിന് മൂന്നുപേരുടെ സഹായം ലഭിച്ചിട്ടുണ്ട്. എന്നാല്‍, പല സമയങ്ങളിലായാണ് ഇവര്‍ ഇയാളെ ബന്ധപ്പെട്ടത്. അതിനാല്‍ തന്നെ ആളുകളെ അറിയില്ലെന്ന നിലപാടിലാണു പ്രതിയെന്ന് പോലിസ് പറയുന്നു. പ്രത്യേക അന്വേഷണസംഘം കര്‍ണാടകയിലെ വിജയപുരയില്‍ നിന്നാണ് പരശുറാമിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ പറയുന്നത് മുഴുവനായും പോലിസ് വിശ്വസിച്ചിട്ടില്ലെങ്കിലും ഗൗരിയെ കൊല്ലാന്‍ ഇയാളെ സഹായിച്ച മൂന്നുപേര്‍ക്കുള്ള തിരച്ചില്‍ അന്വേഷണസംഘം ഊര്‍ജിതമാക്കിയിട്ടുണ്ട്. പരശുറാമിനെ ബംഗളൂരുവില്‍ എത്തിച്ച ആള്‍, രണ്ടു ബൈക്കുകാര്‍ എന്നിവര്‍ക്കു വേണ്ടിയാണ് അന്വേഷണം നടത്തുന്നത്.

എതിര്‍ ശബ്ദമില്ലാതാക്കാന്‍ ഹിന്ദുത്വ സംഘടനകളുടെ ആയുധ പരിശീലനം

ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ അന്വേഷണ സംഘത്തിന്റെ സുപ്രധാന കണ്ടെത്തലുകളിലൊന്നാണ് തീവ്ര ഹിന്ദുത്വ സംഘടന കഴിഞ്ഞ വര്‍ഷങ്ങളില്‍ 22 യുവാക്കള്‍ക്ക് ആയുധ പരിശീലനം നല്‍കിയതെന്നത്. പ്രത്യേക അന്വേഷണസംഘത്തിന് ഇതു സംബന്ധമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. തോക്ക് ഉള്‍പ്പെടെ മാരകമായ ആയുധങ്ങള്‍ ഉപയോഗിക്കുന്നതിന് പരിശീലനം ലഭിച്ചവരില്‍ ഒരാളാണ് ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തി പ്രതിയും. ആര്‍എസ്എസില്‍ നിന്നും മറ്റു സംഘപരിവാര, ഹിന്ദുത്വ സംഘടനകളില്‍ നിന്നുമുള്ള 60ഓളം പേര്‍ ചേര്‍ന്നാണ് രാജ്യത്തെമ്പാടും സാഹിത്യകാരന്മാരെയും മറ്റു ബുദ്ധിജീവികളെയും കൊലപ്പെടുത്താനുള്ള സംഘത്തിനു രൂപംനല്‍കിയത്.
ഈ സംഘത്തിന് പേരൊന്നും നല്‍കിയിരുന്നില്ല. ജനങ്ങളെ സ്വാധീനിക്കാന്‍ കഴിവുള്ള എതിര്‍ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുകയായിരുന്നു ലക്ഷ്യം. ഹിന്ദുത്വ, സംഘപരിവാര അജണ്ടകളെ എതിര്‍ക്കുന്നവരെ വര്‍ഗീയതയും വിദ്വേഷവും പ്രചരിപ്പിച്ച് ഒറ്റപ്പെടുത്തുകയാണ് ആദ്യം ചെയ്യുന്നത്. അതുവഴി കൊലപാതകങ്ങള്‍ക്കുള്ള വഴിയൊരുക്കും. ഇവരില്‍ ഭൂരിഭാഗം പേരെയും തിരിച്ചറിയാനോ, പിടികൂടാനോ കഴിഞ്ഞിട്ടില്ല. നിലവില്‍ നാലുപേരാണ് സംഘവുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലുള്ളത്.
അമോല്‍ കാലെ, സജൂത്കുമാര്‍, രാജേഷ് ബംഗേര, ഭാരത് കുര്‍നെ എന്നിവര്‍. സനാതന്‍ സന്‍സ്ഥ, ഹിന്ദു ജനജാഗ്രതി സമിതി, ശിവപ്രതിഷ്ഠാന്‍ ഹിന്ദുസ്ഥാന്‍ എന്നീ സംഘടനകളില്‍ നിന്നുള്ളവരാണ് ഇവരെല്ലാം.ഗോവ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലും ശൃംഖലയുണ്ട്. കഴിഞ്ഞദിവസം മഹാരാഷ്ട്രയില്‍ ഈ സംഘവുമായി ബന്ധപ്പെട്ടവരുടെ വീടുകളില്‍ നടത്തിയ റെയ്ഡില്‍ വന്‍തോതില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയിരുന്നു. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ സ്‌ഫോടനം നടത്തുകയായിരുന്നു ലക്ഷ്യം. 2019ലെ പൊതുതിരഞ്ഞെടുപ്പിനു മുമ്പ് രാജ്യത്ത് വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നതിന്റെ സൂചനകളാണു പുറത്തുവരുന്നത്.

എന്തുകൊണ്ട് അവര്‍ ഗൗരിയെ തേടിയെത്തി?

മാധ്യമപ്രവര്‍ത്തകനും വിവര്‍ത്തകനുമായ പി ലങ്കേഷിന്റെ മകളായ ഗൗരി ലങ്കേഷ് കന്നഡ, ഇംഗ്ലീഷ് മാധ്യമങ്ങളില്‍ കോളമിസ്റ്റായിരുന്നു. 2000ല്‍ തന്റെ പിതാവിന്റെ മരണത്തെത്തുടര്‍ന്ന് 'ഗൗരി ലങ്കേഷ് പത്രിക' എന്ന കന്നഡ വാരിക ആരംഭിച്ചു. 1980ല്‍ പിതാവ് ആരംഭിച്ച കന്നഡ വാരിക 'ലങ്കേഷ് പത്രിക'യുടെ തുടര്‍ച്ചയായിട്ടാണ് ഗൗരി ലങ്കേഷ് പത്രികയുടെ ആരംഭം. 16 വര്‍ഷം നീണ്ട മുഖ്യധാരാ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് 2000ല്‍ 38ാം വയസ്സില്‍ ബംഗളൂരുവിലേക്കു മടങ്ങി. പിതാവിന്റെ മരണശേഷമാണ് ഗൗരി രാഷ്ട്രീയ വിഷയങ്ങളില്‍ കൂടുതലായി ഇടപെടാന്‍ ആരംഭിച്ചതെന്ന് സുഹൃത്തും ചലച്ചിത്ര പ്രവര്‍ത്തകനുമായ പ്രകാശ് ബേലവാദി ഓര്‍ക്കുന്നു. ലങ്കേഷിന്റെ മരണശേഷം ഗൗരി എഴുത്തുകളില്‍ രാഷ്ട്രീയത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കി. അവരുടെ നിലപാടില്‍ കൂടുതല്‍ ദൃഢത കൈവന്നു. ഹിന്ദുത്വ ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരായിരുന്നു അവരുടെ നിലപാടുകള്‍. സ്ത്രീകളുടെയും ദലിതരുടെയും അവകാശങ്ങള്‍ക്കായി ഗൗരി ലങ്കേഷ് നിലകൊണ്ടുബേലവാദി പറഞ്ഞു. ബംഗളൂരുവിലേക്ക് തിരിച്ചുവന്ന ശേഷമാണ് ഗൗരി ലങ്കേഷ് ഇംഗ്ലീഷിനു പുറമേ കന്നഡ ഭാഷയിലും എഴുതാന്‍ ആരംഭിച്ചത്. കര്‍ണാടകയിലെ വര്‍ഗീയ രാഷ്ട്രീയത്തിനെതിരായ ശക്തമായ നിലപാടുകളിലൂടെയാണ് അവരുടെ ലേഖനങ്ങള്‍ ശ്രദ്ധേയമായത്. ബിജെപിയുടെ വര്‍ഗീയ അജണ്ടകള്‍ക്കെതിരായ എതിര്‍പ്പുകള്‍ ഗൗരി ലങ്കേഷ് തന്റെ എഴുത്തുകളില്‍ പ്രകടിപ്പിച്ചു. മാധ്യമസാമൂഹിക പ്രവര്‍ത്തനത്തിനിടെ നിരവധി തവണ ഗൗരി ലങ്കേഷിനെതിരേ ഭീഷണികള്‍ ഉയര്‍ന്നിരുന്നു. ഇന്ത്യന്‍ പൗരയെന്ന നിലയില്‍ ബിജെപിയുടെ വര്‍ഗീയ ഫാഷിസ്റ്റ് നയത്തെയും ഹിന്ദു ധര്‍മത്തിന്റെ ദുര്‍വ്യാഖ്യാനങ്ങളെയും ജാതിവ്യവസ്ഥയെയും എതിര്‍ക്കുന്നുവെന്ന് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നല്‍കിയ അഭിമുഖത്തില്‍ ഗൗരി ലങ്കേഷ് വ്യക്തമാക്കിയിരുന്നു. ബാബ ബുധന്‍ഗിരിയെ മുന്‍നിര്‍ത്തി വര്‍ഗീയവാദികള്‍ ധ്രുവീകരണത്തിന് ശ്രമിച്ചപ്പോള്‍ അതിനെതിരേയും ഗൗരി ശക്തമായ നിലപാടെടുത്തിയിരുന്നു. വര്‍ഗീയ ശക്തികള്‍ക്കെതിരായ പോരാട്ടം തന്റെ അവകാശമാണ്. ജാതി അസമത്വങ്ങളെയും സമൂഹത്തിലെ അനീതികളെയും എതിര്‍ത്ത ബസവേശ്വരന്റെ നാടായ കര്‍ണാടകയില്‍ നിന്നും ഡോ. ബി ആര്‍ അംബേദ്കര്‍ തയ്യാറാക്കിയ ഭരണഘടന നിലനില്‍ക്കുന്ന ഇന്ത്യയില്‍ നിന്നുമാണ് താന്‍ വരുന്നത്. വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു. തന്നെ ബിജെപിവിരുദ്ധയെന്നോ മോദിവിരുദ്ധയെന്നോ വിളിക്കാമെന്നും അഭിമുഖത്തില്‍ ഗൗരി ലങ്കേഷ് അഭിപ്രായപ്പെട്ടിരുന്നു
Next Story

RELATED STORIES

Share it