- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തഞ്ചാവൂര്‍ രാമലിംഗം വധം: ഹിന്ദുത്വരുടെ നുണപ്രചാരണം പൊളിയുന്നു
അറസ്റ്റ് ചെയ്തത് യഥാര്‍ഥ പ്രതികളെയല്ലെന്ന് ദൃക്‌സാക്ഷിയായ മകന്‍
ബഷീര്‍ പാമ്പുരുത്തി
മധുരൈ: പട്ടാളിമക്കള്‍ കക്ഷി പ്രവര്‍ത്തകനായിരുന്ന തഞ്ചാവൂരിലെ രാമലിംഗം(42) കൊല്ലപ്പെട്ട കേസില്‍ സംഘപരിവാര-ഹിന്ദുത്വ നുണപ്രചാരണങ്ങള്‍ പൊളിയുന്നു. പോലിസ് അറസ്റ്റ് ചെയ്തത് യഥാര്‍ഥ പ്രതികളെയല്ലെന്നു കൊലപാതകത്തിന്റെ ദൃക്‌സാക്ഷി കൂടിയായ രാമലിംഗത്തിന്റെ മകന്‍ ശ്യാംസുന്ദര്‍ പറഞ്ഞു. ''പോലിസ് അറസ്റ്റ് ചെയ്തവരുടെ ചിത്രങ്ങള്‍ ഞാന്‍ കണ്ടു. അവരാരും സംഭവ സ്ഥലത്തുണ്ടായിരുന്നവരല്ല. അവരല്ല എന്റെ പിതാവിനെ ആക്രമിച്ചത്. അക്രമികളൊന്നും ഈ ടൗണിലുള്ളവരല്ല. ഇതിനു മുമ്പ് അവരെ കണ്ടിട്ടുമില്ല. അവര്‍ പുറത്തു നിന്നെത്തിയവരാണ്. മദ്യപിച്ച ഗന്ധമുണ്ടായിരുന്നുവെന്നും പിതാവ് ആക്രമിക്കപ്പെടുന്ന സമയം കൂടെയുണ്ടായിരുന്ന 17കാരനായ ശ്യാംസുന്ദര്‍ പറഞ്ഞു.
പാതിരാവിലെ പോലിസ് അറസ്റ്റ്
കേസില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ നിസാം അലി, മുഹമ്മദ് തൗഫീഖ്, മുഹമ്മദ് പര്‍വേസ്, തൗഹീദ് ബാഷ, മുഹമ്മദ് റിസ്‌വാന്‍ എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തിരുന്നത്. ഇതില്‍ 23കാരനായ മുഹമ്മദ് റിസ്‌വാനെ ഫെബ്രുവരി ആറിനു പാതിരാത്രി 1.30നു തഞ്ചാവൂര്‍ ജില്ലയിലെ തിരുഭവനത്തെ വീട്ടില്‍ മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ച ശേഷം കിടന്നുറങ്ങുമ്പോഴാണ് അറസ്റ്റ് ചെയ്തത്. ബെല്ലടിച്ച ശേഷം മൂന്നു പോലിസുകാര്‍ വീട്ടിലേക്കു കയറിവന്നു. ആദ്യം അമ്മാവന്റെ വീട്ടിലേക്കാണു പോയത്. അവിടെ ഭാര്യയും കുട്ടിയും മാത്രമാണുണ്ടായിരുന്നത്. പിന്നീട് റിസ് വാന്റെ വീട്ടിലേക്ക് ടോര്‍ച്ചടിച്ചു. പുറത്ത് ബൈക്ക് നിര്‍ത്തിയിട്ടിരുന്നു. പോലിസ് റിസ്‌വാനോട് പോലിസ് ജീപ്പില്‍ കയറാന്‍ ആവശ്യപ്പെട്ടു. മൂന്നു മണിക്കൂറിനു ശേഷം പോലിസ് സമീപത്തെ വ്യാപാരിയായ നിസാം അലിയുടെ അടുത്തേക്കു പോയി. പിറ്റേന്ന് രാവിലെ മാധ്യമങ്ങളിലാണ്, രാമലിംഗത്തിന്റെ കൊലപാതകത്തില്‍ അഞ്ച് മുസ്‌ലിംകളെ അറസ്റ്റ് ചെയ്‌തെന്നു വാര്‍ത്ത വന്നത്. പ്രദേശത്ത് സാമുദായിക സംഘര്‍ഷത്തിനു ലക്ഷ്യമിട്ടാണ് കൊലപാതകമെന്നും ആരോപിച്ചിരുന്നു. ഫെബ്രുവരി അഞ്ചിന് ജോലി കഴിഞ്ഞ് മകനോടൊപ്പം വീട്ടിലേക്ക് പോവുമ്പോഴാണ് രാമലിംഗം ആക്രമിക്കപ്പെട്ടത്. വലതു കൈക്ക് ഗുരുതരമായി വെട്ടേറ്റ് രക്തം വാര്‍ന്നാണ് മരിച്ചത്. തിരുഭവനം ദലിത് കോളനിയില്‍ ഇസ്‌ലാം മത പ്രബോധനത്തിനിടെ രാമലിംഗവും ചില മുസ്‌ലിം യുവാക്കളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതക കാരണമെന്നുമാണ് പോലിസ് ഭാഷ്യം. തുടര്‍ന്ന് മൂന്നുദിവസത്തിനു ശേഷമാണ് കൊലപാതകത്തില്‍ എട്ടുപേര്‍ക്ക് പങ്കുണ്ടെന്നു പറഞ്ഞ് അഞ്ചുപേരെ അറസ്റ്റ് ചെയ്തത്. എല്ലാവര്‍ക്കുമെതിരേ യുഎപിഎയും കൊലപാതകം, കൊലപാതക ശ്രമം, നിയമം ലംഘിച്ച് സംഘടിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. ഇതിന്റെ മറ പിടിച്ച് ഹിന്ദുത്വരും ബിജെപിയും ജില്ലാബന്ദിന് ആഹ്വാനം ചെയ്തു. എന്നാല്‍ ഹിന്ദു-മുസ്‌ലിം സമുദായങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൊലപാതകം നടത്തിയതെന്ന വാദത്തില്‍ പോലിസ് ഉറച്ചുനില്‍ക്കുകയും യുഎപിഎ ചുമത്തിയതിനെ ന്യായീകരിക്കുകയുമാണ്.
തക്കംപാര്‍ത്തിരിക്കുന്ന സംഘപരിവാരം
അവസരം മുതലെടുത്ത് ബിജെപി വര്‍ഗീയ കലാപത്തിന് ശ്രമിക്കുകയായിരുന്നു. ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ കൊലപാതകത്തെ അപലപിക്കുകയും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്‌ക്കെതിരേ ആരോപണമുന്നയിക്കുകയും ചെയ്തു. മതംമാറ്റത്തെ എതിര്‍ത്തതിനാണ് രാമലിംഗത്തെ ഇസ്‌ലാമിക തീവ്രവാദികള്‍ കൊലപ്പെടുത്തിയതെന്നും ഹൈന്ദവതയെയും ഹിന്ദുമത സ്മാരകങ്ങളെയും സംരക്ഷിക്കണമെന്നും വാര്‍ത്താസമ്മേളനത്തില്‍ പറയുകയും ചെയ്തു. വ്യാപകമായി പിരിവ് നടത്തി രാമലിംഗത്തിന്റെ കുടുംബത്തിന് 31 ലക്ഷം രൂപ നല്‍കി. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയാവട്ടെ നിരപരാധികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
അന്നേദിവസം രാവിലെ ദലിത് കോളനിയായ പാക്കാനംതോപ്പില്‍ നിസാം അലിയും കൂട്ടരും മതപ്രബോധനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. ഇവിടെ മുസ്‌ലിം പ്രബോധകരെത്തുന്നത് സാധാരണമായിരുന്നു. തേനി ജില്ലയിലെ അറിവകം ട്രസ്റ്റിനു കീഴില്‍ വര്‍ഷത്തിലൊരിക്കല്‍ പ്രബോധക സംഘം എത്താറുണ്ട്. പ്രദേശത്തെ പള്ളി കമ്മിറ്റികളും ജമാഅത്തുമാണ് ഇവര്‍ക്ക് സൗകര്യം ചെയ്തിരുന്നത്. അവര്‍ വര്‍ഷത്തിലൊരിക്കല്‍ വരാറുണ്ടെന്നും ഇസ്‌ലാമിക പ്രബോധന പ്രഭാഷണം നടത്താറുണ്ടെന്നും പ്രദേശവാസി പറഞ്ഞു. വര്‍ഷങ്ങളായി ഞങ്ങള്‍ പ്രഭാഷണം കേള്‍ക്കാറുണ്ട്. ഒരിക്കല്‍ പോലും മതം മാറാന്‍ നിര്‍ബന്ധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുഭവനത്ത് തമിഴന്‍ കാറ്ററിങ് എന്ന പേരില്‍ വിവാഹാവശ്യങ്ങള്‍ക്കും മരണവീടുകളിലേക്കുമുള്ള കസേരകള്‍, പന്തല്‍, ഭക്ഷണം തുടങ്ങിയവ വിതരണം ചെയ്യുന്ന ജോലിയാണു രാമലിഗം ചെയ്തിരുന്നത്. പ്രദേശവാസികളെല്ലാം വിവാഹമോ മരണമോ ഉണ്ടായാല്‍ ആദ്യം വിളിക്കുക വണ്ണിയാര്‍ സമുദായാംഗവും ദലിത് കോളനിയിലെ സുപരിചിതനുമായ രാമലിംഗത്തെയാണ്. ഇദ്ദേഹം പലപ്പോഴും സൗജന്യമായി ഭക്ഷണം വിതരണം ചെയ്യാറുണ്ടായിരുന്നുവെന്ന് 70 വയസ്സുകാരിയായ വൃദ്ധ പറഞ്ഞു. രാമലിഗം മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകത്തിലൂടെ 2013ലാണ് രാഷ്ട്രീയപ്രവേശനം നടത്തുന്നത്. രണ്ടു വര്‍ഷം പട്ടാളി മക്കള്‍ കക്ഷിയുടെ ടൗണ്‍ സെക്രട്ടറിയായ ശേഷം സ്ഥാനം മാറ്റി. ഫെബ്രുവരി അഞ്ചിനു രാമലിംഗം മുസ്‌ലിം പ്രബോധകരെ കണ്ടും വാദപ്രതിവാദം നടത്തിയിരുന്നു. അവരെ തീവ്രവാദികളെന്നു വിളിച്ചാക്ഷേപിച്ച രാമലിഗം ഹിന്ദുമതത്തെ തകര്‍ക്കുന്നവരാണെന്ന് ആരോപിക്കുകയും ചെയ്തു. ഗാന്ധി ഘാതകന്‍ ഗോഡ്‌സേ തനിക്ക് സഹോദര തുല്യനാണെന്നും ഗാന്ധിജി തെമ്മാടിയാണെന്നും പറഞ്ഞു. ഇതിന്റെ അഞ്ചു മിനുട്ട് നീണ്ടുനില്‍ക്കുന്ന വീഡിയോ രാമലിംഗത്തിന്റെ മകനാണ് ഫോണില്‍ റെക്കോഡ് ചെയ്തത്. ഇത് വാട്‌സ് ആപ് വഴി പ്രദേശമാകെ പരന്നു. വിവാദമായതോടെ രാമലിഗം മാപ്പ് പറയുകയും തന്റെ മുസ്‌ലിം സുഹൃത്തുക്കളോട് ദേഷ്യപ്പെട്ടതില്‍ ഫോണില്‍ ക്ഷമാപണം നടത്തുകയും ചെയ്തു. പിറ്റേന്ന്, രാമലിംഗവും മകനും പതിവുപോലെ കടയില്‍ പോയി. അന്ന്, ദൂരെ സ്ഥലത്ത് നിന്നു പന്തലും ഭക്ഷണവും എത്തിച്ചുനല്‍കാന്‍ ഓര്‍ഡര്‍ ലഭിച്ചതിനാല്‍ മകന്‍ ശ്യാംസുന്ദറിനൊപ്പം രാത്രി വൈകിയാണ് വീട്ടിലേക്കു തിരിച്ചത്. വീട്ടിലെത്താറായപ്പോള്‍ കാറിലെത്തിയ നാലംഗ സംഘം ഇവരുടെ അശോക് ലയ്‌ലന്‍ഡ് മിനി ട്രക്ക് തടയുകയായിരുന്നു. മുളകുപൊടി എറിഞ്ഞ ശേഷം സംഘം അച്ഛനെ ആക്രമിച്ചു. പരിക്കേറ്റ അച്ഛനെയും കൊണ്ട് വാഹനത്തിലെത്തി സ്റ്റാര്‍ട്ട് ചെയ്യാനൊരുങ്ങുമ്പോള്‍ വലതു കൈക്ക് വെട്ടിപ്പരിക്കേല്‍പ്പിച്ചു. രക്തം വാര്‍ന്നൊഴുകുന്ന നിലയില്‍ മൂന്നു കിലോമീറ്റര്‍ അകലെയുള്ള കുംഭകോണത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികില്‍സ നിഷേധിച്ചു. ഡോക്ടര്‍മാര്‍ പ്രാഥമിക ചികില്‍സ പോലും നിഷേധിച്ചു. ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് പോവാനാണ് അവര്‍ ആവശ്യപ്പെട്ടതെന്നും മകന്‍ ശ്യാംസുന്ദര്‍ പറഞ്ഞു. അവിടെയെത്തിച്ചപ്പോള്‍ 40 കിലോമീറ്റര്‍ അകലെയുള്ള തഞ്ചാവൂര്‍ ആശുപത്രിയിലേക്ക് പോവാന്‍ പറഞ്ഞു. പക്ഷേ, ആംബുലന്‍സില്‍ വച്ച് തന്നെ രാമലിംഗം മരണപ്പെട്ടു. കൃത്യസമയത്ത് ചികില്‍സ കിട്ടാതെ രക്തം വാര്‍ന്നാണ് അച്ഛന്‍ മരിച്ചതെന്നു മകന്‍ ഉറപ്പിച്ചുപറയുന്നു.
കുടുംബം ഏകസ്വരത്തില്‍ പറയുന്നു; അവരല്ല പ്രതികള്‍
കേസില്‍ അറസ്റ്റ് ചെയ്ത വ്യാപാരിയായ നിസാം അലി ഉള്‍പ്പെടെയുള്ളവര്‍ കൊലപാതകത്തില്‍ പങ്കെടുത്തിരുന്നില്ലെന്ന് രാമലിംഗത്തിന്റെ കുടുംബം ഏകസ്വരത്തില്‍ പറയുന്നു. നിസാം അലി രാമലിംഗത്തിന്റെ കുടുംബസുഹൃത്താണ്. നിസാം അലിയോടൊപ്പം പഠനസമയത്ത് എടുത്ത ചിത്രങ്ങളും സഹോദരന്‍ കാണിച്ചു. ആക്രമണത്തിനു കാരണം എന്താണെന്നറിയില്ല. പക്ഷേ, തര്‍ക്കം നടന്നതിന്റെ രാത്രിയാണ് ആക്രമണമുണ്ടായതെന്നു രാമലിംഗത്തിന്റെ ഭാര്യ 36കാരിയായ ആര്‍ ചിത്ര പറഞ്ഞു. എന്നാല്‍ മുന്നു നാലു ദിവസം മുമ്പ് ഒരു സംഘട്ടനമുണ്ടായിരുന്നുവെന്നാണ് തിരുഭവനം പ്രദേശവാസികള്‍ പറയുന്നത്. നിര്‍മാണമേഖലയിലെ ഒരു മേസ്തിരിയുമായാണ് സംഘട്ടനമുണ്ടായത്. രാമലിംഗവും നിസാം അലിയും നല്ല സുഹൃത്തുക്കളാണ്. ആ പ്രശ്‌നമല്ല കൊലപാതക കാരണമെന്ന് നമുക്ക് ഉറപ്പിച്ചു പറയാനാവുമെന്നും അദ്ദേഹം പറഞ്ഞു. പ്രസ്തുത വ്യക്തിക്കെതിരേ രാമലിംഗം നിരവധി പരാതികള്‍ നല്‍കിയിരുന്നതായി മുതിര്‍ന്ന ഒരു പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പക്ഷേ, ഇത് വെളിപ്പെടുത്തിയാല്‍ രാമലിംഗത്തിന്റെ സമുദായാംഗങ്ങള്‍ ദേഷ്യപ്പെടുമെന്നും പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥന്‍ പറഞ്ഞു. രാമലിംഗത്തിന്റെ കൊലപാതകത്തെ അറിവകം ട്രസ്റ്റുമായി ബന്ധപ്പെടുത്തുകയായിരുന്നു. അദ്ദേഹത്തിന്റെ മകന്‍ തന്നെയാണ് വീഡിയോ റെക്കോഡ് ചെയ്തത്. എന്നാല്‍, 50 ശതമാനത്തോളം പ്രവാസികളുള്ള, മുസ്‌ലിം ഭൂരിപക്ഷ മേഖലയായ തിരുഭവനം മേഖലയിലുള്ളവര്‍ അറസ്റ്റിനു ശേഷം ഭീതിയിലാണ്. മുഹമ്മദ് റിസ്‌വാനെ പോലെയാണ് നിസാം അലിയെയും പോലിസ് കസ്റ്റഡിയിലെടുത്തത്. യുപിഎസ് ബാറ്ററി വില്‍പന നടത്തിയിരുന്ന ഇദ്ദേഹം കൂട്ടുകുടുംബമായാണ് കഴിയുന്നത്. അദ്ദേഹത്തിന്റെ അയല്‍വാസിയും ജമാഅത്ത് അംഗവുമായ വൈ ശറഫുദ്ദീന്‍ പ്രദേശത്തെ എല്ലാ വിഷയങ്ങളിലും പരിഹരിക്കാന്‍ ഓടിയെത്തുന്ന വ്യക്തിയാണ്. കഴിഞ്ഞ വര്‍ഷം സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ(എസ്ഡിപിഐ) തിരുഭവനം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. നാസിം അലി പാര്‍ട്ടി അംഗമാണ്. അറസ്റ്റിലായ മുഹമ്മദ് റിസ്‌വാനു പോപുലര്‍ ഫ്രണ്ടുമായി യാതൊരു ബന്ധമില്ലെന്നും ശറഫുദ്ദീന്‍ പറഞ്ഞു. അറിവകം ട്രസ്റ്റ് അംഗങ്ങള്‍ പള്ളിയിലാണ് രാത്രി താമസിച്ചത്. അലിയും കൂടെയുണ്ടായിരുന്നു. കഴിഞ്ഞ 10 വര്‍ഷമായി എസ്ഡിപി ഐ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിവിധ പരിപാടികള്‍ നടത്തിയിട്ടുണ്ടെന്നും സാമുദായിക സംഘര്‍ഷമുണ്ടാക്കിയതിനു ഒരു പെറ്റികേസ് പോലും എടുത്തിട്ടില്ലെന്നും എസ്ഡിപിഐ പ്രവര്‍ത്തകന്‍ മുഹമ്മദ് ഇബ്രാഹീം ഷാ പറഞ്ഞു. റിസാവാന്റെ അറസ്റ്റിനു ശേഷം സഹോദരി പത്താം ക്ലാസ് പഠനം നിര്‍ത്തി. സഹോദരനെ പലപ്പോഴും രാത്രിയും മറ്റും പോലിസ് ചോദ്യം ചെയ്യുകയാണ്. അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ മുന്നു മക്കള്‍ സ്‌കൂളില്‍ പോവുന്നില്ല. എന്താണ് സംഭവിക്കുന്നതെന്ന് പറയാനാവുന്നില്ലെന്ന് റിസ്‌വാന്റെ മാതാവ് പറഞ്ഞു. റിസ് വാന്‍ ദുബയിലേക്ക് പോവാനിരിക്കെയാണ് അറസ്റ്റ്. പിതാവിനും മൂത്ത സഹോദരനുമൊപ്പം ജോലിക്കു പോവാനിരിക്കുകയായിരുന്നു. എല്ലാ സ്വപ്‌നങ്ങളുമാണ് ഇതോടെ തകര്‍ന്നതെന്ന് മാതാവ് പറഞ്ഞു.
RELATED STORIES
കെജ്രിവാളിന് എതിരെ പര്‍വേശ് വര്‍മ മല്‍സരിക്കും
4 Jan 2025 8:58 AM GMTചൈനയിലെ വൈറസ് ബാധയില്‍ ആശങ്ക വേണ്ടതില്ലെന്ന് വീണ ജോര്‍ജ്; ഗര്‍ഭിണികളും ...
4 Jan 2025 8:46 AM GMTക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍: പ്രധാനമന്ത്രി ഉറപ്പുകളും ആശംസകളും...
4 Jan 2025 7:51 AM GMTയുഎസിലെ മോഡലാണെന്ന് തെറ്റിധരിപ്പിച്ച് 700 സ്ത്രീകളില്‍ നിന്ന് പണം...
4 Jan 2025 7:13 AM GMTആചാരങ്ങള്‍ പാലിക്കാന്‍ കഴിയുന്നവര്‍ ക്ഷേത്രത്തില്‍ പോയാല്‍ മതി; കെബി...
4 Jan 2025 6:33 AM GMTഗസയില്‍ അഞ്ച് മെര്‍ക്കാവ ടാങ്കുകള്‍ തകര്‍ത്ത് ഹമാസ്
4 Jan 2025 6:13 AM GMT