Big stories

മോദികാലത്ത് കൊല്ലപ്പെട്ടത് 15 മാധ്യമപ്രവര്‍ത്തകര്‍

മോദികാലത്ത് കൊല്ലപ്പെട്ടത് 15 മാധ്യമപ്രവര്‍ത്തകര്‍
X

ഇന്ന് ഇരുപത്താറാമത് ലോക മാധ്യമ സ്വാതന്ത്ര്യ ദിനം. സര്‍ക്കാരുകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കേണ്ട സ്വാതന്ത്ര്യവും അവകാശങ്ങളും ഓര്‍മിപ്പിച്ചുകൊണ്ട് 1991ല്‍ ആഫ്രിക്കയിലെ മാധ്യമപ്രവര്‍ത്തകര്‍ വിന്‍ഡ്ബീകില്‍ നടത്തിയ പ്രഖ്യാപനത്തിന്റെ വാര്‍ഷികമാണ് മാധ്യമ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നത്. മാധ്യമ സ്വാതന്ത്രത്തിനും അറിയാനുള്ള അവകാശത്തെ കുറിച്ചു ബോധ്യപ്പെടുത്താനുമായി 1993 മുതലാണ് ഐക്യരാഷ്ട്ര സഭയുടെ നിര്‍ദേശപ്രകാരം മെയ് 3 ലോക പത്രസ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നത്. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം ഭരണകൂട വിലക്കുകളാല്‍ ഞെരിഞ്ഞമരുന്ന ഈ കാലത്ത് വളരെ പ്രസക്തമായ 'മാധ്യമ സ്വാതന്ത്രത്തിലൂടെ സാമൂഹിക മാറ്റം' എന്നതാണ് ഈ വര്‍ഷത്തെ പത്രസ്വാതന്ത്ര്യ ദിനസന്ദേശം.

പത്ര സ്വാതന്ത്ര്യത്തിനായി പോരാടിയ ലോകത്തിലെ മികച്ച മാധ്യമ പ്രവര്‍ത്തകനു നല്‍കുന്ന പുരസ്‌കാരമാണ് യുനസ്‌കോ ഗുയിലീര്‍മോ കാനോ ലോക പത്രസ്വാതന്ത്ര്യ പുരസ്‌കാരം. റിയല്‍ അസര്‍ബൈജന്‍, അസര്‍ബൈജന്‍ ഡെയ്‌ലി എന്നിവയുടെ എഡിറ്റര്‍ ഇന്‍ ചീഫായിരുന്ന മുപ്പത്തിയഞ്ച്കാരനായ എയ്‌നുള്ള ഫത്തൂലിവാണ് ഇത്തവണ പുരസ്‌കാരത്തിന് അര്‍ഹനായത്. മാധ്യമ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന്റെ പേരില്‍ 2007ല്‍ ജയിലില്‍ അടക്കപ്പെട്ട എയ്‌നുള്ള ഫത്തൂലിവ്, ശക്തമായ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്നു 2011ലാണു ജയില്‍ മോചിതനായത്.

പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച്, നരേന്ദ്ര മോദി അധികാരത്തിലേറിയ ശേഷം 15 മാധ്യമ പ്രവര്‍ത്തകരാണ് രാജ്യത്തു കൊല്ലപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ലോകത്താകമാനം കൊല്ലപ്പെട്ടത് 53 മാധ്യമപ്രവര്‍ത്തകരാണ്. കാല്‍ നൂറ്റാണ്ടിനിടക്ക് 79 മാധ്യമ പ്രവര്‍ത്തകരാണ് ഇന്ത്യയില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ വര്‍ഷം 260 മാധ്യമപ്രവര്‍ത്തകരാണ് തൊഴിലിന്റെ പേരില്‍ ജയിലിലടക്കപ്പെട്ടത്. ഇവരില്‍ ഏറെ പേരെയും യുഎപിഎ എന്ന ജനവിരുദ്ധ നിയമം ചുമത്തിയാണ് തടവിലിട്ടിരിക്കുന്നത്. ഇന്ത്യയില്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനമെന്നത് എത്രമാത്രം ബുദ്ധിമുട്ടേറിയതാണ് എന്നു വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍.


2017ലെ ലോക മാധ്യമ സ്വാതന്ത്ര്യ സൂചിക പ്രകാരം 180 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 136ാം സ്ഥാനത്താണ്. പാകിസ്ഥാന്‍ പോലും 128ാം സ്ഥാനത്തുള്ളപ്പോഴാണിത്. കശ്മീരില്‍ റിപ്പബ്ലിക്ക് ദിന ചടങ്ങുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും മാധ്യമ പ്രവര്‍ത്തകരെ വിലക്കിയതും മോദിയുടെ ഭാരണ കാലത്താണ്.

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ 2015 ലെ കണക്കുകളുടെ അടിസ്ഥാനത്തില്‍ 2014ല്‍ ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന മൊത്തം ആക്രമണങ്ങളില്‍ 70 ശതമാനത്തിലധികവും നടന്നത് ഉത്തര്‍പ്രദേശിലാണ്. അതില്‍ രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകന്‍ ജഗേന്ദ്ര സിങിന്റേത് ഉള്‍പ്പെടെ ഒരു കേസില്‍ പോലും പ്രതികള്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല. 2018ല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണം ഉത്തര്‍പ്രദേശില്‍ 72 ശതമാനമായി വര്‍ധിച്ചതായും പുതിയ റിപോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.

Next Story

RELATED STORIES

Share it