Big stories

കണ്ണൂർ ജില്ലയിൽ ആദിവാസി അമ്മമാർക്ക് നൽകാനുള്ളത് 2 കോടി; സർക്കാർ നൽകിയത് 50 ലക്ഷം

സെപ്തംബർ മാസമാണ് 2 കോടി അറുപതിനായിരം രൂപ ആവശ്യപ്പെട്ട് കത്ത് നൽകിയത്, എന്നാൽ രണ്ട് ദിവസം മുമ്പാണ് 50 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നതെന്നും ഉദ്യോ​ഗസ്ഥർ ചൂണ്ടിക്കാട്ടുന്നു

കണ്ണൂർ ജില്ലയിൽ ആദിവാസി അമ്മമാർക്ക് നൽകാനുള്ളത് 2 കോടി; സർക്കാർ നൽകിയത് 50 ലക്ഷം
X

അഭിലാഷ് പി

കോഴിക്കോട്: ആദിവാസി വിഭാ​ഗത്തിലുള്ള സ്ത്രീകൾക്ക് പ്രസവകാലത്ത് സഹായധനം നൽകുന്ന ജനനി ജന്മ രക്ഷാ പദ്ധതി കണ്ണൂരിലും അട്ടിമറിച്ചു. ജില്ലാ ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസ് സെപ്തംബർ മാസം സർക്കാരിനോട് ഈ ഇനത്തിൽ വരുത്തിയ കുടിശ്ശിക തീർത്തുനൽകാൻ 2 കോടി 60000 രൂപ ആവശ്യപ്പെട്ടെങ്കിലും സർക്കാർ അനുവദിച്ചത് 50 ലക്ഷം രൂപ. ഇപ്പോൾ ശിശുമരണം നടക്കുന്ന അട്ടപ്പാടിയിൽ മാത്രമല്ല സംസ്ഥാനത്തുടനീളം പദ്ധതി അട്ടിമറിച്ചെന്ന റിപോർട്ടുകളാണ് പുറത്തുവരുന്നത്.

കണ്ണൂർ ജില്ലയിൽ മാത്രം 813 ​ഗുണഭോക്താക്കൾക്ക് സഹായ ധനം ലഭിക്കാനുണ്ടെന്ന് ജില്ലാ ട്രൈബൽ ഡവലപ്പ്മെന്റ് ഓഫിസ് ഉദ്യോ​ഗസ്ഥർ തേജസ് ന്യൂസിനോട് പറഞ്ഞു. 406 പേർക്ക് മുഴുവൻ തുകയും ലഭിക്കാനുണ്ട്, ബാക്കിവരുന്ന 407 പേർക്ക് പകുതിയിലധികം ഘടുക്കളും നൽകാൻ കഴിഞ്ഞിട്ടില്ല. ​പ്രസവകാലത്ത് ഈ തുക ആദിവാസികൾക്ക് ലഭിക്കാറില്ല, കാരണം മുൻവർഷങ്ങളിലെ കുടിശ്ശിക കൊടുത്തു തീർക്കേണ്ടുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് ഉദ്യോ​ഗസ്ഥർ പറയുന്നു.

ആവശ്യത്തിനുള്ള ഫണ്ട് ലഭ്യമാക്കാൻ സർക്കാരിനോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും അത് കൃത്യസമയത്ത് ലഭിക്കുന്നില്ല. സെപ്തംബർ മാസമാണ് 2 കോടി അറുപതിനായിരം രൂപ ആവശ്യപ്പെട്ട് കത്ത് നൽകിയത്, എന്നാൽ രണ്ട് ദിവസം മുമ്പാണ് 50 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നതെന്നും ഉദ്യോ​ഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. പദ്ധതി കൊണ്ട് സർക്കാർ എന്താണോ ലക്ഷ്യമിടുന്നത്, അത് ഇങ്ങനെ പോയാൽ നടക്കില്ലെന്നും അവർ അടിവരയിടുന്നു.

ജനനി ജന്മരക്ഷാ പദ്ധതി 2013 ൽ അന്നത്തെ വകുപ്പ് മന്ത്രി പി കെ ജയലക്ഷ്മി നടപ്പിലാക്കുമ്പോൾ സംസ്ഥാനത്ത് ഓരോ വർഷവും ഇതിനായി നീക്കിവച്ച തുക 16.50 കോടി രൂപയായിരുന്നു. എന്നാൽ ഒന്നാം പിണറായിക്കാലത്ത് സഹായധനം മാസം 1000 രൂപ എന്നുള്ളത് 2000 രൂപയായി 2018 ൽ ഉയർത്തിയിരുന്നു. പക്ഷേ ബജറ്റിൽ മുമ്പ് നീക്കിവച്ച തുകയിൽ ഒരു രൂപ പോലും വർധിപ്പിച്ചില്ലെന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതാണ് സംസ്ഥാനത്തുടനീളം പദ്ധതി നടപ്പിലാക്കാൻ കഴിയാതെ കുടിശ്ശിക വരുത്തുന്ന അവസ്ഥ സൃഷ്ടിച്ചത്.

മറ്റ് സംസ്ഥാനങ്ങളിൽ ആദിവാസി വിഭാ​ഗങ്ങൾക്ക് ലഭിക്കുന്ന ഫണ്ടുകളുടെ സോഷ്യൽ ഓഡിറ്റിങ് നടക്കുന്നുണ്ടെങ്കിലും കേരളത്തിൽ അത് നടക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം. അതുകൊണ്ട് തന്നെ ഉദ്യോ​ഗസ്ഥർക്കിടയിൽ ഈ ഫണ്ട് തിരിമറി സജീവവുമാണ്. രേഖയില്ലാതെ ഫണ്ട് ചെലവഴിക്കുന്നതും ഡയറക്ടറേറ്റിൽ മോണിറ്ററിങ് റിപോർട്ടില്ലാത്തതും ഗുരുതരമായ വീഴ്ചയാണ്.

2019-20 കാലയളവിൽ ജനനി ജന്മരക്ഷാ പദ്ധതിക്ക് 16.50 കോടി ചെലവഴിക്കാൻ ഭരണാനുമതി നൽകിയ പദ്ധതിയിൽ ആദ്യം 8.02 കോടിയും പിന്നീട് 8.23 കോടി രൂപയും വിവിധ ടിഡിഒകൾക്ക് അലോട്ട് ചെയ്തെങ്കിലും വിലയിരുത്തൽ റിപോർട്ട്, പുരോഗതി റിപോർട്ട്, ഉപയോഗ റിപോർട്ട്, ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ക്രെഡിറ്റ് സംബന്ധിച്ച വിശദാംശങ്ങൾ മൂന്ന് മാസത്തിലൊരിക്കൽ ഡയറക്ടർ സർക്കാരിന് നൽകണമെന്ന വ്യവസ്ഥകളും പാലിച്ചിട്ടില്ലെന്നത് ​ഗൗരവതരമാണ്.

Next Story

RELATED STORIES

Share it