Big stories

കർണാടകയും ബിജെപി പിടിക്കും; 20 കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്കെന്ന് യദ്യൂരപ്പ

ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ പരസ്യമായി കുതിരക്കച്ചവടം പ്രഖ്യാപിച്ചിരിക്കുകയാണ് ബിജെപി. മധ്യപ്രദേശിന് പിന്നാലെ കര്‍ണാടകയിലും ഭരണം പിടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.

കർണാടകയും ബിജെപി പിടിക്കും; 20 കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്കെന്ന് യദ്യൂരപ്പ
X

ബംഗളൂരു: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്ക് അനുകൂലമായതിന് പിന്നാലെ കര്‍ണാടകയില്‍ 20 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന അവകാശവാദവുമായി യദ്യൂരപ്പ രംഗത്തെത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ പരസ്യമായി കുതിരക്കച്ചവടം പ്രഖ്യാപിച്ചിരിക്കുകയാണ് ബിജെപി. മധ്യപ്രദേശിന് പിന്നാലെ കര്‍ണാടകയിലും ഭരണം പിടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.

ഭരണകക്ഷിയായ കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കളുടെ വാഗ്വാദങ്ങള്‍ തുടരുന്നതിനിടെ കോണ്‍ഗ്രസ് ക്യാംപില്‍ ആശങ്ക പടര്‍ത്തിയാണ് മുന്‍ മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പ രംഗത്തെത്തിയിരിക്കുന്നത്. കോണ്‍ഗ്രസ്- ജനതാദള്‍ (എസ്) ഭിന്നത രൂക്ഷമായ കര്‍ണാടകയില്‍ ഇതോടെ സര്‍ക്കാരിന്റെ ഭാവി ആശങ്കയിലായി. എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ വീഴ്ത്താനുള്ള ശ്രമങ്ങള്‍ ഫലം കാണുമെന്ന വിശ്വാസത്തിലാണ് ബിജെപി.

ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വിളിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ സംസ്ഥാന മുഖ്യമന്ത്രിയും ജനതാദള്‍ (എസ്) നേതാവുമായ എച്ച് ഡി കുമാരസ്വാമി പങ്കെടുത്തിരുന്നില്ല. കര്‍ണാടക കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് റോഷന്‍ ബെയ്ഗ് സംസ്ഥാനകേന്ദ്ര നേതൃത്വത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി രംഗത്തുവന്നു. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവുവും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും മോശം നേതാക്കളാണെന്നായിരുന്നു റോഷന്‍ ബെയ്ഗിന്റെ വിമര്‍ശനം.

ആകെയുള്ള 224 സീറ്റില്‍ കോണ്‍ഗ്രസ്- 78, ജനതാദള്‍ എസ്- 37, ബിജെപി- 104, ബിഎസ്പി-1, മറ്റുള്ളവര്‍-2 എന്നിങ്ങനെയാണ് കക്ഷിനില. കേവല ഭൂരിപക്ഷമായ 113 സീറ്റിലേക്കെത്താന്‍ ബിജെപിക്ക് ഒമ്പത് സീറ്റുകള്‍കൂടി മതി. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് നിയമസഭാ മണ്ഡലങ്ങളും ബിജെപി പിടിച്ചെടുത്താല്‍ പ്രതിസന്ധി കനക്കുമെന്ന് ഉറപ്പാണ്. ഉപതിരഞ്ഞെടുപ്പില്‍ രണ്ടുസീറ്റ് നേടുകയും ഭണപക്ഷത്തുനിന്ന് എട്ടുപേര്‍ രാജിവെക്കുകയും ചെയ്താല്‍ ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനാവും.

അതേസമയം, മധ്യപ്രദേശിലേയും കോണ്‍ഗ്രസ് ഭരണം പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. നിരവധി എംഎല്‍എമാര്‍ക്ക് പണം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന ആരോപണവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് രംഗത്തെത്തിയിരുന്നു. അധികാരം പിടിച്ചെടുക്കാന്‍ രാജ്യവ്യാപകമായി ബിജെപി നടത്തുന്ന കുതിരക്കച്ചവടം വ്യാപകമാക്കിയിരിക്കുന്നുവെന്ന് വേണം കരുതാന്‍.

Next Story

RELATED STORIES

Share it