Big stories

ന്യൂനപക്ഷ ക്ഷേമത്തിലെ 80:20 അനുപാതം ; കോടതി വിധിയിലെത്തിച്ചത് ഒന്നാം പിണറായി സര്‍ക്കാരിന്റെ ചതി

സച്ചാര്‍ കമ്മിറ്റിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ പാലൊളി മുഹമ്മദ് കുട്ടി മുസ്‌ലിംകള്‍ക്ക് മാത്രമായി ആവിഷ്‌കരിച്ച കോച്ചിങ് സെന്റര്‍ ഫോര്‍ മുസ്ലിം യൂത്ത് എന്നത് ഒന്നാം പിണറായി സര്‍ക്കാര്‍ കോച്ചിങ് സെന്റര്‍ ഫോര്‍ മൈനോറിറ്റി എന്നാക്കി മാറ്റിയതിലൂടെയാണ് വിദ്വേഷ പ്രചാരങ്ങളുടേയും മുസ്‌ലിം സമുദായത്തിനെതിരായ അട്ടിമറി നീക്കങ്ങളുടേയും തുടക്കം

ന്യൂനപക്ഷ ക്ഷേമത്തിലെ 80:20 അനുപാതം ; കോടതി വിധിയിലെത്തിച്ചത് ഒന്നാം പിണറായി സര്‍ക്കാരിന്റെ ചതി
X

പിസി അബ്ദുല്ല

കോഴിക്കോട്: ന്യൂന പക്ഷ ക്ഷേമത്തിലെ 80: 20 അനു പാതം റദ്ദാക്കിയതോടെ കേരളത്തിലെ മുസ്ലിം സമുദായത്തിന് നഷ്ടമാവുന്നത് ഭരണഘടനാപരമായ അവകാശങ്ങള്‍. സര്‍ക്കാര്‍ തസ്തികകളിലെ ഭീമമായ പ്രാതിനിധ്യക്കുറവ് കണ്ടെത്തിയ സച്ചാര്‍, പാലോളി കമ്മിറ്റികളുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മുസ്ലിം യുവാക്കള്‍ക്കു മാത്രമായി സംസ്ഥാനത്ത് ആവിഷ്‌കരിച്ച മുസ്ലിം ക്ഷേമ പദ്ധതികളില്‍ കഴിഞ്ഞ പിണറായി സര്‍ക്കാര്‍ ഇതര നന്യൂനപക്ഷ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി വെള്ളം ചേര്‍ത്തതാണ് ഇന്നത്തെ കോടതി വിധിയിലെത്തിയ അട്ടിമറികളുടെ അടിസ്ഥാന കാരണം.

സച്ചാര്‍ കമ്മിറ്റിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ പാലോളി മുഹമ്മദ് കുട്ടി മുസ്ലിംകള്‍ക്കു മാത്രമായി ആവിഷ്‌കരിച്ച കോച്ചിങ് സെന്റര്‍ ഫോര്‍ മുസ്ലിം യൂത്ത് എന്നത് ഒന്നാം പിണറായി സര്‍ക്കാര്‍ കോച്ചിങ് സെന്റര്‍ ഫോര്‍ മൈനോറിറ്റി എന്നാക്കി മാറ്റിയതിലൂടെയാണ് വിദ്വേഷ പ്രചാരണങ്ങളുടെയും മുസ്ലിം സമുദായത്തിനെതിരായ അട്ടിമറി നീക്കങ്ങളുടെയും തുടക്കം.

ഭരണഘടനാപരമായ അവകാശങ്ങള്‍ മുസ്ലിംകള്‍ക്ക് ലഭ്യമാക്കാനുള്ള സച്ചാര്‍ കമ്മിറ്റി നിര്‍ദേശത്തിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ന്യൂനപക്ഷ ക്ഷേമ കോര്‍പറേഷനും പദ്ധതികളും ആവിഷ്‌കരിക്കപ്പെട്ടത്.

ജില്ലതോറും സിറ്റിങ് നടത്തി സച്ചാര്‍ റിപോര്‍ട്ട് പഠന സമിതി ചെയര്‍മാന്‍ പാലോളി മുഹമ്മദ് കുട്ടി 2008 ഫൃബ്രുവരി 21 ന് നല്‍കിയ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ അന്നത്തെ ഇടതു സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമ പദ്ധതികളെല്ലാം പുനസ്സംഘടിപ്പിക്കുന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

സര്‍ക്കാര്‍ ജോലികളില്‍ ദലിത് വിഭാഗങ്ങളേക്കാള്‍ പിന്നാക്കമായ മുസ്ലിം ഉദ്യോഗാര്‍ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് മുസ്ലിംകള്‍ക്കു മാത്രമായി കോച്ചിങ് സെന്ററുകള്‍ ആരംഭിച്ചത്.

2016 ല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മന്ത്രി കെ ടി ജലീല്‍ മുസ്ലിം കോച്ചിങ് സെന്ററുകളുടെ പേരില്‍നിന്ന് മുസ്ലിം വെട്ടി മാറ്റി ന്യൂനപക്ഷ കോച്ചിങ് സെന്റര്‍ എന്നാക്കി. അതോടെ ആ സംരംഭത്തിന്റെ അന്തസ്സത്ത ചോദ്യം ചെയ്യാന്‍ മുസ്ലിം വിരുദ്ധര്‍ക്ക് അവസരമൊരുങ്ങി. മുസ്ലിം കോച്ചിങ് സെന്ററായിരുന്നപ്പോള്‍ പിന്നാക്ക ക്രൈസ്തവരടക്കമുള്ളവര്‍ക്ക് 20 ശതമാനം പ്രവേശന ക്വാട്ട അനുവദിച്ച വിശാല മനസ്‌കതയെ സ്വാഗതം ചെയ്തവര്‍, ന്യൂനപക്ഷ കോച്ചിങ് സെന്ററെന്നു പേരുമാറ്റിയതോടെ മട്ടും ഭാവവും മാറ്റി. മുസ്ലിം കോച്ചിങ് സെന്ററുകളിലെ 20 ശതമാനം ഔദാര്യം അവകാശമാക്കി മാറ്റിയതില്‍ തീര്‍ന്നില്ല കാര്യങ്ങള്‍. വന്ന വെള്ളം നിന്ന വെള്ളത്തെ കൊണ്ടു പോയെന്ന തരത്തില്‍ മുസ്ലിംകള്‍ക്കായാരംഭിച്ച ഉദ്യോഗസ്ഥ കോച്ചിങ് സെന്ററുകളപ്പാടെ അധീനപ്പെടുത്താനായിരുന്നു സഭകളുടെ സംഘടിത നീക്കം. ഇത്തരം അട്ടിമറി നീക്കങ്ങള്‍ക്ക് രണ്ടാം പിണറായി സര്‍ക്കാര്‍ പൂര്‍ണമായി വിധേയപ്പെട്ടു.

മുസ്ലിംകള്‍ അര്‍ഹമായതു പോലും നേടിയിട്ടില്ല എന്നാണ് ഒന്നാം പിണറായി സര്‍ക്കാരിലെ ന്യൂനപക്ഷ ക്ഷേമ മന്ത്രിയായിരുന്ന കെടി ജലീല്‍ കഴിഞ്ഞ ദിവസം വിശദീകയിച്ചത്. എന്നാല്‍, ഇക്കാര്യങ്ങള്‍ തിരഞ്ഞെടുപ്പിനു മുന്‍പ് തുറന്നു പറയാനോ മുഖ്യമന്ത്രിയെ എങ്കിലും ബോധ്യപ്പെടുത്താനോ കെ ടി ജലീല്‍ തയ്യാറായില്ല. ക്രിസ്ത്യന്‍ സംഘടനകള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലും സര്‍ക്കാര്‍ മതിയായ വിശദീകരണം നല്‍കിയില്ല.

ക്രിസ്ത്യന്‍ പിന്നാക്കാവസ്ഥ പഠിക്കാന്‍ നിയോഗിക്കപ്പെട്ട കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. അതിനനുസരിച്ച് ക്രിസ്ത്യാനികളെ പ്രത്യേകമായി സര്‍ക്കാര്‍ പരിഗണിച്ചേക്കും. കോശി കമ്മിറ്റി റിപ്പോര്‍ട്ട് ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കായി നടപ്പിലാക്കുന്നതിനൊപ്പം പാലോളി റിപ്പോര്‍ട്ട് അനുസരിച്ചുള്ള മുഴുവന്‍ ആനുകൂല്യവും പൂര്‍ണമായി മുസ് ലിംകള്‍ക്കു തന്നെ നല്‍കണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയയുന്നത്.

Next Story

RELATED STORIES

Share it