Big stories

ഇറാഖില്‍ 1342 വര്‍ഷം പഴക്കമുള്ള മണ്ണ് കൊണ്ടു നിര്‍മ്മിച്ച മസ്ജിദ് കണ്ടെത്തി

അല്‍ റഫായ് പട്ടണത്തിലെ പാര്‍പ്പിട സമുച്ഛയങ്ങള്‍ക്ക് മധ്യത്തിലാണ് 26 അടി വീതിയും 16 അടി നീളവുമുള്ള മസ്ജിദ് കണ്ടെത്തിയിരിക്കുന്നത്.

ഇറാഖില്‍ 1342 വര്‍ഷം പഴക്കമുള്ള മണ്ണ് കൊണ്ടു നിര്‍മ്മിച്ച മസ്ജിദ് കണ്ടെത്തി
X

ബഗ്ദാദ്: ഇറാഖില്‍ 1342 വര്‍ഷം പഴക്കമുള്ള മണ്ണ് കൊണ്ടു നിര്‍മ്മിച്ച മസ്ജിദ് കണ്ടെത്തി. പ്രവാചകന്റെ മരണശേഷം 50 വര്‍ഷത്തിനുള്ളില്‍ നിര്‍മ്മച്ചതെന്നു കരുതപ്പെടുന്ന പള്ളിയാണ് ബ്രിട്ടീഷ് മ്യൂസിയം എക്‌സ്‌കവേഷന്‍ മിഷനും ഇറാഖി ആര്‍ക്കിയോളജി വിഭാഗവും സംയുക്തമായി നടത്തിയ ഉല്‍ഖനനത്തില്‍ കണ്ടെത്തിയത്. പൊതുഅബ്ദം 679 ലായിരിക്കും തെക്കന്‍ ഇറാഖിലെ ദിഖര്‍ ഗവര്‍ണറേറ്റിലെ മസ്ജിദ് പണികഴിപ്പിച്ചിട്ടുണ്ടാവുക എന്നാണ് നിഗമനം. നിരവധി പുരാതന നിര്‍മ്മിതികള്‍ ഇവിടെ നേരെത്തെ തന്നെ കണ്ടെത്തിയിരുന്നു.അല്‍ റഫായ് പട്ടണത്തിലെ പാര്‍പ്പിട സമുച്ഛയങ്ങള്‍ക്ക് മധ്യത്തിലാണ് 26 അടി വീതിയും 16 അടി നീളവുമുള്ള മസ്ജിദ് കണ്ടെത്തിയിരിക്കുന്നത്.


പള്ളിയുടെ നടുവിലായി ഇമാമിനും 25 പേര്‍ക്കും നല്‍ക്കാന്‍ സൗകര്യമുള്ള ചെറിയ ഗോപുരവുമുണ്ട്. ഇസ്ലാമിന്റെ ആദ്യ കാലഘട്ടത്തില്‍ പൂര്‍ണ്ണമായും മണ്ണ്കൊണ്ടു നിര്‍മ്മിച്ച പള്ളി എന്ന നിലയില്‍ വളരെ പ്രധാനപ്പെട്ട ഒരു കണ്ടെത്തലാണ് ഇതെന്ന്‌ ദിഖര്‍ ഗവര്‍ണറേറ്റിലെ പുരാവസ്തു ഉല്‍ഖനന വകുപ്പ് മേധാവി അലി ശല്‍ഖാം പറഞ്ഞു. ഉമ്മയ ഭരണാധികാരികളുടെ കാലത്തെ നിര്‍മ്മിതകളില്‍ ചിലത് നേരത്തെയും കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവ പലതും നശിച്ച നിലയിലായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനായിരുന്നില്ല. ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന മണ്ണ് കൊണ്ട് നിര്‍മ്മിച്ച പള്ളി പ്രദേശത്ത് ഭൂമിയുടെ ഉപരിതലത്തിലാണ്.അതിനാല്‍ തന്നെ പലഭാഗങ്ങളും നശിച്ചു പോയിട്ടുണ്ട്. കാറ്റ് ,മഴ, വെള്ളപ്പൊക്കം എന്നിവ മൂലമാണ് ഇവ നശിച്ചിട്ടുണ്ടാവുക. ഇസ്ലാമിന്റെ ആദ്യ കാലത്തെ സംബന്ധിച്ച വളരെ കുറഞ്ഞ അളവിലുള്ള വിവരങ്ങളാണ് ഇതില്‍ നിന്ന ലഭിക്കുന്നുള്ളു. ദിഖര്‍ നഗരം പുരാവസ്തു സമ്പന്നമായ പ്രദേശമാണ്.


പുരാതന മെസപൊട്ടേമിയന്‍ നഗരങ്ങളായ ഊര്‍, സുമേറിയ എന്നിവയെല്ലാം ഇവിടെയാണ് സ്ഥിതി ചെയ്തിരുന്നുത്. പ്രവാചകന്‍ ഇബ്രാഹീമിന്റെ ജന്മ നഗരമാണ് ഊര്‍. കഴിഞ്ഞ വര്‍ഷം ഇറാഖ് സന്ദര്‍ശിച്ച പോപ്പ് ഫ്രാന്‍സിസ് ഊര്‍ നഗരം സന്ദര്‍ശിച്ചിരുന്നു. പുരാവസ്തു- ചരിത്ര സമ്പന്നമായതിനാല്‍ വിദേശ ഉല്‍ഖനന സംഘങ്ങളുടെ ഇഷ്ട കേന്ദ്രമായി പ്രദേശം മാറിയിട്ടുണ്ട്. ഫ്രഞ്ച് ഉല്‍ ഖനന സംഘം നേരത്തെ ഇവിടെ നടത്തിയ പരിശോധനയില്‍ സിന്‍ അദ്‌നാം രാജാവിന്റെ ലാര്‍സയിലെ കൊട്ടാരം കണ്ടെത്തിയിരുന്നു. തൂലുല്‍ അല്‍ സിക്കറയിലാണ് ഈ കൊട്ടാരമുള്ളത്. റഷ്യന്‍ ഇറാഖി സംയുക്ത സംഘം 4000 വര്‍ഷം പഴക്കമുള്ള കെട്ടിട സമുച്ഛയങ്ങള്‍ ഇവിടെ കണ്ടെത്തിയിരുന്നു. ഇറാഖിലെ യുഫ്രട്ടീസ്, ടൈഗ്രീസ് നദികളുടെ തീരങ്ങളിലാണ് പുരാത ബാബിലോണിയന്‍, മെസപൊട്ടേമിയന്‍ നാരഗികതകള്‍ രൂപംകൊണ്ടത്. ആധുനിക മനുഷ്യന്റെ ചരിത്രത്തോളം പഴക്കമുള്ളതാണ് ഇറാഖിന്റെ നാഗരികതകളുടെ ചരിത്രം.

Next Story

RELATED STORIES

Share it