Big stories

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക്; 50 വര്‍ഷത്തേക്കുള്ള കരാറില്‍ ഒപ്പിട്ടു

തിരുവനന്തപുരത്തിന് പുറമേ ജയ്പൂര്‍, ഗുവാഹാട്ടി വിമാനത്താവളങ്ങളും അദാനി ഗ്രൂപ്പിന് കൈമാറി. ഈ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല, പരിപാലനം, വികസനം എന്നിവയെല്ലാം ഇനി അദാനി എയര്‍പോര്‍ട്ട്‌സ് ലിമിറ്റഡ് എന്ന സ്വകാര്യകമ്പനിക്കാകും.

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക്; 50 വര്‍ഷത്തേക്കുള്ള കരാറില്‍ ഒപ്പിട്ടു
X

ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കിക്കൊണ്ടുള്ള കരാര്‍ ഒപ്പുവെച്ചു. ഡല്‍ഹിയില്‍ ചൊവ്വാഴ്ച രാവിലെ എയര്‍പോര്‍ട്ട് അതോറിറ്റിയും അദാനി എന്റര്‍പ്രൈസസും ലിമിറ്റഡും തമ്മിലാണ് കരാറില്‍ ഒപ്പിട്ടത്. തിരുവനന്തപുരത്തിന് പുറമേ ജയ്പൂര്‍, ഗുവാഹാട്ടി വിമാനത്താവളങ്ങളും അദാനി ഗ്രൂപ്പിന് കൈമാറി. ഈ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല, പരിപാലനം, വികസനം എന്നിവയെല്ലാം ഇനി അദാനി എയര്‍പോര്‍ട്ട്‌സ് ലിമിറ്റഡ് എന്ന സ്വകാര്യകമ്പനിക്കാകും. എയര്‍പോര്‍ട്ട് അതോറിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍ വി സുബ്ബറായ്ഡുവും അദാനി എയര്‍പോര്‍ട്ട്‌സ് സിഇഒ ബെഹ്നാദ് സാന്തിയും തമ്മിലാണ് കരാറില്‍ ഒപ്പുവെച്ചത്.

കരാര്‍ ഒപ്പിട്ടത് വ്യക്തമാക്കി എയര്‍പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യ ട്വീറ്റ് ചെയ്തു.

50 വര്‍ഷത്തേക്കാണ് കരാര്‍ ഒപ്പുവെച്ചത്. മൂന്ന് മാസത്തിനകം വിമാനത്താവളങ്ങള്‍ ഏറ്റെടുക്കണമെന്ന കരാറിലാണ് മൂന്ന് വിമാനത്താവളങ്ങളും കൈമാറിയത്. തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിനിടെയാണ് വിമാനത്താവള നടത്തിപ്പ് കരാര്‍ അദാനി ഗ്രൂപ്പിന് കൈമാറുന്നത്. വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനം ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി കേരള ഹൈക്കോടതി തള്ളിയിരുന്നു.

ഇതു ചോദ്യം ചെയ്താണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. വിമാനത്താവള നടത്തിപ്പ് കൈമാറുന്നതിനുള്ള ലേലനടപടികളില്‍ പാളിച്ചകളുണ്ട്. സംസ്ഥാന സര്‍ക്കാരിനെ ബോധപൂര്‍വ്വം ഒഴിവാക്കി, പൊതുതാല്പര്യത്തിനും ഫെഡറല്‍ തത്വങ്ങള്‍ക്കും വിരുദ്ധമായാണ് വിമാനത്താവളനടത്തിപ്പ് കൈമാറിയതെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Next Story

RELATED STORIES

Share it