Big stories

'ഭീകര'രല്ല, അംഷിപോരയില്‍ തൊഴിലാളികളെ കൊന്നത് മേജര്‍ തന്നെ; കേസ് സൈനിക കോടതിയിലേക്ക്

'ഭീകര'രാണ് കൊല നടത്തിയതെന്നായിരുന്നു നേരത്തേ സൈന്യം അവകാശപ്പെട്ടിരുന്നത്. കഴിഞ്ഞ ജൂലൈ 18ന് പുലര്‍ച്ചെ ഷോപ്പിയാന്‍ ജില്ലയിലെ അംഷിപോരയില്‍ വെച്ചാണ് ജോലി തേടിയെത്തിയ നിരായുധരായ മൂന്നു യുവാക്കളെ സൈന്യം വെടിവച്ച് കൊന്നത്.

ഭീകരരല്ല, അംഷിപോരയില്‍ തൊഴിലാളികളെ കൊന്നത് മേജര്‍ തന്നെ; കേസ് സൈനിക കോടതിയിലേക്ക്
X
ശ്രീനഗര്‍: ജമ്മു കശ്മീരിലെ അംഷിപോരയില്‍ രജൗരി സ്വദേശികളായ മൂന്ന് തൊഴിലാളികളെ വെടിവച്ച് കൊന്ന സംഭവത്തില്‍ മേജര്‍ റാങ്കിലുള്ള ഒരു സൈനിക ഉദ്യോഗസ്ഥന്‍ കുറ്റക്കാരനാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. 'ഭീകര'രാണ് കൊല നടത്തിയതെന്നായിരുന്നു നേരത്തേ സൈന്യം അവകാശപ്പെട്ടിരുന്നത്. കഴിഞ്ഞ ജൂലൈ 18ന് പുലര്‍ച്ചെ ഷോപ്പിയാന്‍ ജില്ലയിലെ അംഷിപോരയില്‍ വെച്ചാണ് ജോലി തേടിയെത്തിയ നിരായുധരായ മൂന്നു യുവാക്കളെ സൈന്യം വെടിവച്ച് കൊന്നത്. ജന്മനാടായ രജൗരിയില്‍നിന്ന് ജോലി തേടി താഴ്‌വരയിലെത്തിയ 16കാരനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെട്ടിരുന്നു.

'1990ലെ അഫ്‌സ്പ പ്രകാരം നിക്ഷിപ്തമായിരുന്ന അമിതാധികാരമാണ് കൊലയ്ക്കു പിന്നിലെന്ന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെ'ന്ന് സെപ്റ്റംബറില്‍ ഒരു അന്വേഷണ കോടതി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ലഭിച്ച തെളിവുകള്‍ പരിശോധിച്ചതോടെയാണ് സംഭവത്തില്‍ മേജര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന് പങ്കുള്ളതായി വ്യക്തമായത്.

ഇതോടെ വിവിധ വകുപ്പുകള്‍ പ്രകാരം ഉദ്യോഗസ്ഥനെ വിചാരണ നടത്തി വരികയായിരുന്നു. തുടര്‍ന്ന് തെളിവുകള്‍ നോര്‍ത്തേണ്‍ കമാന്‍ഡിലെ ജിഒസിഇന്‍സി ലഫ്റ്റനന്റ് ജനറല്‍ വൈ കെ ജോഷിക്ക് കൈമാറിയതായി ചില വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ കേസ് അടുത്തഘടത്തില്‍ സൈനിക കോടതിയിലേക്കു കൈമാറും. 'തെളിവുകളുടെ പരിശോധന പൂര്‍ത്തിയായെന്നും തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ നിയമ ഉപദേഷ്ടാക്കളുമായി കൂടിയാലോചന നടത്തിവരികയാണെന്നും പ്രതിരോധ വക്താവ് വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. 2020 ജൂലൈ 18ന് പുലര്‍ച്ചെയാണ് അംഷിപോര സംഭവം നടന്നത്. 62 രാഷ്ട്രീയ റൈഫിള്‍സിലെ ഒരു മേജറും രണ്ട് സൈനികരുമാണ് പ്രാരംഭ ഏറ്റുമുട്ടല്‍ ആരംഭിച്ചത്.പിന്നീട് ജമ്മു കശ്മീര്‍ പോലീസിന്റെയും സിആര്‍പിഎഫിന്റെയും സംഘങ്ങളും അവര്‍ക്കൊപ്പം ചേരുകയായിരുന്നു.

സംഭവത്തിന് ശേഷം ജൂലൈ 19ന്, 12 സെക്ടര്‍ ആര്‍ആര്‍ കമാന്‍ഡര്‍ വാര്‍ത്താസമ്മേളനം നടത്തുകയും ഏറ്റുമുട്ടലില്‍ മൂന്ന് 'ഭീകരര്‍' കൊല്ലപ്പെട്ടതായി പ്രഖ്യാപിക്കുകയുമായിരുന്നു. മേഖലയില്‍ 'ഭീകരരുടെ' സാന്നിധ്യമുണ്ടെന്ന 62 ആര്‍ആര്‍ യൂനിറ്റില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം അംഷിപോരയില്‍ നടത്തിയ തിരച്ചിലിനെത്തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായതെന്നായിരുന്നു സൈന്യം അവകാശപ്പെട്ടത്. ഇതിന്റെ സത്യാവസ്ഥയാണ് ഇപ്പോള്‍ പുറത്തുവന്നത്.

തിരച്ചിലിനെത്തിയപ്പോള്‍ 'ഭീകര' സംഘം സൈന്യത്തിനെതിരേ വെടിയുതിര്‍ത്തതെന്നും തുടര്‍ന്ന് പരസ്പരം വെടിവെയ്പുണ്ടായെന്നും സൈന്യം അവകാശപ്പെട്ടിരുന്നു. കൂടാതെ, കൊല്ലപ്പെട്ടവരുടെ 'ഒളിയിട'ത്തില്‍നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും മറ്റും കണ്ടെത്തിയെന്നും സൈന്യം അവകാശപ്പെട്ടിരുന്നു.

ജൂലൈയില്‍ തൊഴില്‍ തേടി കശ്മീരിലേക്ക് പോയ ഇംതിയാസ് അഹമ്മദ്, അബ്രാര്‍ അഹമ്മദ്, മുഹമ്മദ് ഇബ്രാര്‍ എന്നീ മൂന്ന് പേരെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പോലിസില്‍ പരാതിപ്പെട്ടതോടെയാണ് സംഭവത്തിലെ നിജസ്ഥിതി പുറത്തുവന്നത്. ജൂലൈ 16 വരെ മൊബൈല്‍ ഫോണിലൂടെ ബന്ധം പുലര്‍ത്തിയിരുന്നുവെങ്കിലും ഇതിന് ശേഷം കുടുംബത്തിന് പിന്നീട് അവരെ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല.ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുടെ ഫോട്ടോകള്‍ കണ്ടപ്പോഴാണ് കാണാതായ മൂന്ന് പേരാണ് അവരെന്ന് കുടുംബം തിരിച്ചറിഞ്ഞത്.

ഈ വാര്‍ത്ത പുറത്തുവന്നത് കശ്മീര്‍ താഴ്വരയിലും രാജൗരിയിലും ഗുജ്ജാര്‍ സമൂഹത്തിലും വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതോടെയാണ് കരസേന അന്വേഷണ സംഘത്തിന് രൂപം നല്‍കി അന്വേഷണം ആരംഭിച്ചത്. ഇതിന് പുറമേ പോലിസും സ്വന്തം നിലയില്‍ അന്വേഷണം നടത്തി. പാകിസ്താനില്‍ നിന്ന് നുഴഞ്ഞുകയറിയെന്ന് ആരോപിക്കപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്ന ബാരാമുള്ളയിലെ ഒരു ശ്മശാനത്തിലാണ് ഇവരെ സംസ്‌കരിച്ചിരുന്നത്. കുടുംബത്തിന്റെ അവകാശവാദം സ്ഥിരീകരിക്കുന്നതിന് കഴിഞ്ഞ ഒക്ടോബറില്‍ ഒക്ടോബറില്‍ ഇവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്ത് ഡിഎന്‍എ പരിശോധന നടത്തിയിരുന്നു.

Next Story

RELATED STORIES

Share it