Big stories

ശ്രീറാം വെങ്കിട്ടരാമനെ കലക്ടറായി നിയമിച്ച നടപടി; പ്രതികരിക്കാതെ കാന്തപുരം സുന്നി വിഭാഗം

കേസില്‍ സസ്‌പെന്‍ഷനിലായ ശ്രീറാമിനെ ശക്തമായ എതിര്‍പ്പുകള്‍ അവഗണിച്ചാണ് സര്‍ക്കാര്‍ സര്‍വീസില്‍ തിരിച്ചെടുത്തത്. തുടര്‍ന്ന് കൊവിഡ് ഡാറ്റാ മാനേജ്‌മെന്റ് ഓഫിസറുടെ പ്രധാന തസ്തികയില്‍ നിയമിച്ചു. നരഹത്യാ കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് ജില്ലാ മജിസ്‌ട്രേറ്റിന്റെ കൂടി അധികാരമുള്ള ജില്ലാ കലക്ടറായി ആലപ്പുഴയില്‍ പുതിയ നിയമനം.

ശ്രീറാം വെങ്കിട്ടരാമനെ കലക്ടറായി നിയമിച്ച നടപടി; പ്രതികരിക്കാതെ കാന്തപുരം സുന്നി വിഭാഗം
X

സ്വന്തം പ്രതിനിധി

തിരുവനന്തപുരം: സിറാജ് ദിനപ്പത്രം തിരുവനന്തപുരം ബ്യൂറോ ചീഫും പ്രമുഖ നേതാവിന്റെ മകനുമായിരുന്ന കെ എം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസ് സമ്പൂര്‍ണമായ അട്ടിമറിയിലേക്ക് നീങ്ങുമ്പോള്‍ സര്‍ക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കാന്തപുരം എപി സുന്നി വിഭാഗത്തിന്റെ മൗനം കൂടുതല്‍ ദുരൂഹതകളുയര്‍ത്തുന്നു. ബഷീര്‍ ദാരുണമായി കൊല്ലപ്പെട്ട നരഹത്യാ കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെ ജില്ലാ മജിസ്‌ട്രേറ്റിന്റെ കൂടി അധികാരമുള്ള ജില്ലാ കലക്ടറുടെ തസ്തികയില്‍ ഒന്നാം പ്രതി നിയമിതനായത് പരക്കെ ആശങ്ക ഉയര്‍ത്തിയിട്ടും എപി സുന്നി നേതൃത്വവും സിറാജ് മാനേജ്‌മെന്റും പ്രതികരിക്കാത്തത് അണികളില്‍ വലിയ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്.

2019 ആഗസ്ത് മൂന്നിന് പുലര്‍ച്ചെ 1.30 നാണ് തിരുവനന്തപുരം പബ്ലിക് ഓഫിസിനു സമീപം സിറാജ് പത്രം ബ്യൂറോ ചീഫായിരുന്ന കെ എം ബഷീര്‍ ശ്രീറാം ഓടിച്ച കാറിടിച്ച് കൊല്ലപ്പെട്ടത്. അപകടം നടക്കുമ്പോള്‍ മദ്യലഹരിയിലായിരുന്ന ശ്രീറാമിനൊപ്പം സുഹൃത്ത് വഫയുമുണ്ടായിരുന്നു. അമിതവേഗത്തിലെത്തിയ കാര്‍ കെ എം ബഷീറിനെ ഇടിച്ചിട്ടശേഷം പബ്ലിക് ഓഫിസിന്റെ മതിലില്‍ ഇടിച്ചാണ് നിന്നത്. മാധ്യമലോകവും പൊതു സമൂഹവും ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തെത്തിയ കേസില്‍ തുടക്കം മുതല്‍ അട്ടിമറികളാണ് അരങ്ങേറിയത്.

അപകട ശേഷം ഡ്രൈവിങ് സീറ്റില്‍ നിന്ന് ശ്രീറാം വെങ്കിട്ടരാമന്‍ പുറത്തേക്കിറങ്ങി ബഷീറിന്റെ മൃതദേഹം റോഡിലേക്ക് മാറ്റിക്കിടത്തിയെന്നും ആ സമയം ശ്രീറാം മദ്യലഹരിയിലായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പോലിസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍, മദ്യലഹരിയില്‍ വാഹനമോടിച്ചിരുന്ന ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധന നടത്താതെ സ്വകാര്യാശുപത്രിയില്‍ അഭയം തേടാന്‍ പോലിസ് സൗകര്യമൊരുക്കി. രക്തപരിശോധന വൈകിപ്പിക്കാനും രക്തത്തില്‍ മദ്യത്തിന്റെ അംശം കാണപ്പെടുന്നത് ഒഴിവാക്കാനും സംഘടിത നീക്കം നടന്നു. പോലിസുമായി ഒത്തുകളിച്ച് രക്തസാംപിള്‍ പരിശോധനയ്ക്ക് സമ്മതിക്കാതെ കിംസ് സ്വകാര്യാശുപത്രിയിലേക്ക് രക്ഷപ്പെട്ട ശ്രീറാമിന്റെ തന്ത്രം വിജയിച്ചു. അടുത്ത ദിവസം രാവിലെ ശ്രീറാമിന്റെ രക്തസാംപിളെടുത്തെങ്കിലും മണിക്കൂറുകള്‍ വൈകിയുള്ള രക്തപരിശോധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ല.

അമിതവേഗമാണ് അപകടകാരണമെന്നും മദ്യപിച്ചുള്ള വാഹനമോടിക്കലും തെളിവുനശിപ്പിക്കലും ഉള്‍പ്പെടെയുള്ള കുറ്റങ്ങളും ചുമത്തി കഴിഞ്ഞ ഫെബ്രുവരിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. എന്നാല്‍, വിവിധ തടസ്സവാദങ്ങള്‍ ഉന്നയിച്ച് കോടതി നടപടികള്‍ നീട്ടിക്കൊണ്ടുപോവുന്ന തന്ത്രമാണ് ശ്രീറാം വെങ്കിട്ടരാമന്‍ സ്വീകരിച്ചത്. പലവട്ടം നേരിട്ട് ഹാജരാവാന്‍ കോടതി ആവശ്യപ്പെട്ടെങ്കിലും വിവിധ ഒഴിവുകള്‍ പറഞ്ഞ് മാറിപ്പോവുകയായിരുന്നു. രണ്ടാം പ്രതിയായ വഫ വിടുതല്‍ ഹരജി നല്‍കിയതും വിചാരണ വൈകിപ്പിക്കാനുള്ള തന്ത്രമായിരുന്നു. ആറുമാസത്തെ സസ്‌പെന്‍ഷനുശേഷം ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

ശ്രീറാമിനെതിരേ തെളിവില്ലെന്നും സര്‍വീസില്‍ തിരിച്ചെടുക്കണമെന്നും ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, വിവാദമായതോടെ സസ്‌പെന്‍ഷന്‍ മൂന്നുമാസത്തേക്കുകൂടി നീട്ടി. സിറാജ് മാനേജ്‌മെന്റും കേരള പത്രപ്രവര്‍ത്തക യൂനിയനും കാന്തപുരം എപി അബൂബക്കര്‍ മുസ്‌ല്യാരും ശക്തമായ മുഖ്യമന്ത്രിയെ പ്രതിഷേധം അറിയിച്ചതിനെ തുടര്‍ന്ന് ചീഫ് സെക്രട്ടറിയുടെ റിപോര്‍ട്ട് തളളി ശ്രീറാം വെങ്കിട്ടരാമന്റെ സസ്‌പെന്‍ഷന്‍ കാലാവധി മൂന്നുമാസത്തേക്ക് കൂടി നീട്ടി.

ഏഴരമാസത്തെ സസ്‌പെന്‍ഷനുശേഷം കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിലെ വിവിധ വിഭാഗങ്ങളുടെ ഏകോപനച്ചുമതല നല്‍കി സര്‍ക്കാര്‍ ശ്രീറാമിനെ തിരിച്ചെടുത്തു. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗമാണ് ശ്രീറാമിനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ചത്. പിണറായി സര്‍ക്കാരില്‍ കാന്തപുരത്തിന് നിര്‍ണായക സ്വാധീനം നിലനില്‍ക്കെയാണ് നിയമവാഴ്ചയെ തന്നെ വെല്ലുവിളിക്കുന്ന വിധം നരഹത്യാ കേസിലെ പ്രധാന പ്രതിയായ ആള്‍ ജില്ലാ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ ചുമതലയില്‍ നിയമിതനാവുന്നത്. ഇതോടെ ബഷീര്‍ കേസിലെ നിര്‍ഭയവും സുതാര്യവുമായ വിചാരണ അട്ടിമറിക്കപ്പെടുമെന്ന ആശങ്ക വര്‍ധിച്ചു.

കേരള മുസ്‌ലിം ജമാഅത്തിന്റെ സംസ്ഥാന കൗണ്‍സില്‍ ഇന്നലെ കോഴിക്കോട് യോഗം ചേര്‍ന്നിട്ടും കെ എം ബഷീര്‍ കേസിലെ ഒന്നാം പ്രതിയായ ശ്രീറാമിനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ച സര്‍ക്കാര്‍ നടപടി ചര്‍ച്ച ചെയ്തില്ല. ഇക്കാര്യത്തില്‍ സിറാജ് ചെയര്‍മാനായ കാന്തപുരം എപി അബൂബക്കര്‍ മുസ്‌ല്യാര്‍ അടക്കമുള്ളവരും ഇതേവരെ പരസ്യപ്രതികരണം നടത്തിയിട്ടില്ല. ശ്രീറാമിനെ കലക്ടറായി നിയമിച്ചത് നിയമവാഴ്ചയോടുള്ള ധിക്കാരമാണെന്ന കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പ്രതികരണം മാത്രമാണ് പുറത്തുവന്നത്.

ഔദ്യോഗിക സ്ഥാനത്തിരുന്ന് മദ്യപിച്ച് കൂത്താടി സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫായിരുന്ന കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ ഘാതകനായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറാക്കിയ സര്‍ക്കാര്‍ നടപടി അത്യന്തം ഹീനവും നിയമവാഴ്ചയോടുള്ള ധിക്കാരവുമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

കൊലപാതകക്കുറ്റം ചാര്‍ത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ നേരിടുന്ന ഈ വ്യക്തിയെ ഇത്തരം സ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കുന്നതിലൂടെ നിയമലംഘകര്‍ക്കും തെളിവ് നശിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് ഓശാന പാടുന്ന വിധത്തിലാണ് സര്‍ക്കാര്‍ പെരുമാറുന്നത്. സത്യസന്ധതയോടെയും നീതിപൂര്‍വമായും ജോലിചെയ്യുന്ന ഉദ്യോഗസ്ഥരെ അപമാനിക്കുന്നതാണിതെന്നും കമ്മിറ്റി പറഞ്ഞു. ഇദ്ദേഹത്തെ ഉടന്‍ ആലപ്പുഴ കലക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. സാമൂഹിക മാധ്യമങ്ങളില്‍ എപി സുന്നി പ്രവര്‍ത്തകര്‍ സര്‍ക്കാരിനെതിരേ ശക്തമായ അമര്‍ഷമാണ് പങ്കുവയ്ക്കുന്നത്.

Next Story

RELATED STORIES

Share it