Big stories

അസമില്‍ മദ്‌റസകളും സംസ്‌കൃത സ്‌കൂളുകളും അടച്ചുപൂട്ടുന്നു

സ്വകാര്യ മദ്‌റസകള്‍ക്കും സംസ്‌കൃത പഠനകേന്ദ്രങ്ങള്‍ക്കും തുടര്‍ന്നും പ്രവര്‍ത്തിക്കാനാവും. എന്നാല്‍ ഒരു ചട്ടങ്ങള്‍ക്ക് അനുസൃതമായാണ് അവ പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പുവരുത്താന്‍ ഉടന്‍ ഒരു പുതിയ നിയമം കൊണ്ടുവരും.

അസമില്‍ മദ്‌റസകളും സംസ്‌കൃത സ്‌കൂളുകളും അടച്ചുപൂട്ടുന്നു
X

ഗുവാഹത്തി: അസമില്‍ സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മദ് റസകളും സംസ്‌കൃത സ്‌കൂളുകളും അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനം. ഇത്തരത്തില്‍ അടച്ചുപൂട്ടുന്ന മദ്‌റസകളും സംസ്‌കൃത പഠനകേന്ദ്രങ്ങളും ആറു മാസത്തിനകം സാധാരണ സ്‌കൂളുകളാക്കി മാറ്റാനാണ് തീരുമാനമെന്ന് അസം വിദ്യാഭ്യാസ മന്ത്രി ഹിമന്ത ബിസ്വ ശര്‍മ പറഞ്ഞു. മതം, വേദം, അറബി പോലുള്ള ഭാഷകള്‍ കുട്ടികളെ പഠിപ്പിക്കുന്നത് ഒരു മതേതര സര്‍ക്കാരിന്റെ ജോലിയല്ലെന്ന് പറഞ്ഞാണ് തീരുമാനം നടപ്പാക്കുന്നത്.

2017ല്‍ അസമിലെ ബിജെപി സര്‍ക്കാരാണ് മദ്‌റസ, സംസ്‌കൃത സ്‌കൂള്‍ ബോര്‍ഡുകള്‍ പിരിച്ചുവിട്ട് സെക്കന്‍ഡറി ബോര്‍ഡ് ഓഫ് എജ്യുക്കേഷനില്‍ ലയിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ ഇവ അടച്ചുപൂട്ടാനാണു തീരുമാനിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് മതഗ്രന്ഥങ്ങള്‍ പഠിപ്പിക്കുന്നുണ്ടെങ്കില്‍ ഗീതയും സംസ്‌കൃത പാഠശാലകളില്‍ പഠിപ്പിക്കേണ്ടി വരുമെന്ന് മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മതപുസ്തകങ്ങള്‍ നല്‍കുന്നത് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ജോലിയല്ല. മൂന്നോ നാലോ മാസത്തിനുള്ളില്‍ സംസ്ഥാനത്തെ മദ്‌റസ, സംസ്‌കൃത പാഠശാലകള്‍ ഹൈ സ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളായി മാറ്റുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഒരു മതേതര സ്ഥാപനമാണ്. അതിനാല്‍ തന്നെ മതപഠനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംഘടനകള്‍ക്ക് ധനസഹായം നല്‍കാനാവില്ല. എന്നാല്‍, സ്വകാര്യ മദ്‌റസകള്‍ക്കും സംസ്‌കൃത പഠനകേന്ദ്രങ്ങള്‍ക്കും തുടര്‍ന്നും പ്രവര്‍ത്തിക്കാനാവും. എന്നാല്‍ ഒരു ചട്ടങ്ങള്‍ക്ക് അനുസൃതമായാണ് അവ പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പുവരുത്താന്‍ ഉടന്‍ ഒരു പുതിയ നിയമം കൊണ്ടുവരും. മതപഠനത്തിലെ അമിതഭാരം മൂലം ഒരു വിദ്യാര്‍ഥിക്കും പൊതുവിദ്യാഭ്യാസം നഷ്ടപ്പെടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.


Next Story

RELATED STORIES

Share it