- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബംഗളൂരു കേസ്; മഅ്ദനിക്കെതിരായ നീതി നിഷേധത്തിന് 12 വര്‍ഷം
പി സി അബ്ദുല്ല
ബംഗളൂരു: ബംഗളുരു സ്‌ഫോടനക്കേസില്‍ അബ്ദുന്നാസിര്‍ മഅ്ദനി തടവിലായിട്ട് ഇന്നേക്ക് 12 വര്‍ഷം. 2008 ജൂലൈ 25 ന് സ്‌ഫോടനത്തിന്റെ പേരില്‍ കര്‍ണാടക സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് 2010 ആഗസ്റ്റ് 17 നാണ് മഅ്ദനിയെ അറസ്റ്റ് ചെയ്തത്. സ്‌ഫോടന ഗൂഡാലോചനയില്‍ പങ്കെടുത്തു എന്നാരോപിച്ച് 31 ാം പ്രതിയായാണ് കേസില്‍ ഉള്‍പ്പെടുത്തിയത്. മഅ്ദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി വിധി പറയേണ്ടതിന്റെ 50 മിനിറ്റു മുന്‍പാണ് കേരള പോലിസിന്റെ ഒത്താശയോടെ അത്യന്തം നാടകീയമായി റമദാനിന്റെ പകലില്‍ അര്‍വാര്‍ശ്ശേരിയില്‍ നിന്ന് പിഡിപി ചെയര്‍മാനെ അറസ്റ്റ് ചെയ്തത്. കള്ളക്കേസില്‍ മഅ്ദനിയെ നാടു കടത്താന്‍ കൂട്ടു നില്‍ക്കില്ലെന്ന് അതുവരെ ആണയിട്ട അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനുള്‍പ്പെടെയുള്ളവര്‍ ചാനലുകളില്‍ ലൈവായി നോക്കി നില്‍ക്കെയാണ് കൊല്ലം ജില്ലാ പോലിസ് മേധാവി മഅ്ദനിയെ കര്‍ണാടക പോലിസിന് പിടിച്ചു കൊടുത്തത്.
തടിയന്റവിട നസീര്‍ അടക്കമുള്ള പ്രതികള്‍ നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് മഅ്ദനിയെ പ്രതി ചേര്‍ത്തതെന്നാണ് കര്‍ണാടക പോലിസ് ഭാഷ്യം. പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലാണ് അംഗ പരിമിതനും രോഗിയുമായ മഅ്ദനിയെ തടവിലിട്ടത്. നാലു വര്‍ഷം നീണ്ട കൊടിയ ജയില്‍ പീഡനങ്ങള്‍. കക്കൂസില്‍ പോലും നിരീക്ഷണ കാമറ സ്ഥാപിച്ച് ജയിലധികൃതര്‍ റിമാന്റ് പ്രതിക്കുള്ള പരിമിതമായ മനുഷ്യാവകാശങ്ങള്‍ പോലും മഅ്ദനിക്ക് നിഷേധിച്ചു.
2011 ഫെബ്രുവരി 11നു കര്‍ണാടക ഹൈകോടതി അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ നിരസിച്ചു. സ്‌ഫോടനത്തില്‍ മഅ്ദനിക്ക് പങ്കുള്ളതായി നേരിട്ടുള്ള തെളിവുകള്‍ പോലിസിന് ഹാജരാക്കാനായില്ല എന്ന കാര്യം ഹൈകോടതി വിധിപ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. എങ്കിലും, മഅദനിയെ കൊടും ഭീകരനായി ചിത്രീകരിച്ച് കര്‍ണാടകയിലെ അന്നത്തെ ബിജെപി സര്‍ക്കാരിന്റെ എതിര്‍ വാദം പരിഗണിച്ച് ജാമ്യം നിരസിക്കുകയായിരുന്നു.
പിന്നീട് ജാമ്യാപേക്ഷ പരിഗണിച്ച സുപ്രീം കോടതി ജഡ്ജിമാര്‍ക്കിടയില്‍ ഭിന്നതയുണ്ടായതിനെത്തുടര്‍ന്ന് അപേക്ഷ മറ്റൊരു ബെഞ്ചില്‍ വെക്കാനായി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കു വിട്ടു.
മഅ്ദനിക്കെതിരായ മൊഴികളെല്ലാം ക്രിമിനല്‍ നടപടിച്ചട്ടങ്ങളുടെ 161ആം വകുപ്പു പ്രകാരം പോലീസെടുത്തതാണെന്നും അത് തെളിവായി പരിഗണിക്കാന്‍ കഴിയില്ലെന്നും വാദം കേള്‍ക്കുന്നതിനിടയില്‍ ജസ്റ്റിസ് കട്ജു അഭിപ്രായപ്പെട്ടു. നിരപരാധികളെ ജയിലിലടയ്ക്കാനുള്ള തെളിവുകള്‍ ഇന്ത്യയിലെ പോലീസ് ഉണ്ടാക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജാമ്യാ പേക്ഷയുടെ ഘട്ടങ്ങളിലെല്ലാം ഭീകര വാദ കെട്ടു കഥകളാണ് മഅ്ദനിക്കെതിരെ കര്‍ണ്ണാടകം കോടതികളില്‍ ഉന്നയിച്ചത്.ബിജെപി സര്‍ക്കാര്‍ മാറി കോണ്‍ഗ്രസ് സര്‍ക്കാര്‍ കര്‍ണ്ണാടകയില്‍ അധികാരമേറ്റതോടെ മഅ്ദനിക്കെതിരായ പ്രോസിക്യൂഷന്റെയും പോലിസിന്റെയുംശത്രുത വര്‍ധിക്കുകയാണുണ്ടായത്.
ഏറെ നീണ്ട നിയമ പോരാട്ടങ്ങള്‍ക്കിടയില്‍
2014 ജൂലൈ 11 ന് ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ മഅ്ദനിക്ക് സുപ്രീം കോടതി താല്‍ക്കാലിക ജാമ്യം അനുവദിച്ചു. ഒരുമാസത്തേക്കായിരുന്നു ജാമ്യം. ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത കര്‍ണാടക സര്‍ക്കാര്‍ ഉന്നയിച്ച എല്ലാ വാദങ്ങളും ജസ്റ്റിസ് ജെ. ചലമേശ്വര്‍, ശിവകീര്‍ത്തി സിങ് എന്നിവരടങ്ങുന്ന ബെഞ്ച് തള്ളി. ജാമ്യ കാലയളവില്‍ കേരളത്തിലേക്ക് പോകുന്നതിന് കോടതി വിലക്കേര്‍പെടുത്തി. ബംഗളൂരുവില്‍ തന്നെ കഴിയണമെന്ന് കോടതി ആവശ്യപ്പെട്ടു. മഅ്ദനിക്ക് ആവശ്യമായ സുരക്ഷ കര്‍ണാടക പോലിസ് ഒരുക്കണമെന്നും സാക്ഷികളെ സ്വാധീനിക്കുന്നുണ്ടോയെന്നും പോലീസ് നിരീക്ഷിക്കണം. സ്വന്തം ചെലവില്‍ ഏത് ആശുപത്രിയിലും മഅ്ദനിക്ക് ചികിത്സ തേടാമെന്നും കോടതി അറിയിച്ചു.
ആ വര്‍ഷം നംവംബര്‍ 14 ന് സുപ്രീം കോടതി ജാമ്യം സ്ഥിരപ്പെടുത്തി. എന്നാല്‍,കേസില്‍ വേഗത്തില്‍ തീര്‍പ്പുണ്ടാക്കുമെന്ന കര്‍ണാടകത്തിന്റെ ഉറപ്പ് പരിഗണിച്ച് ബംഗളൂരു വിട്ടു പോവരുതെന്നതടക്കമുള്ള ജാമ്യ വ്യവസ്ഥയില്‍ സുപ്രീം കോടതി ഇളവനുവദിച്ചില്ല. വിദഗ്ദ ചികില്‍സക്കായി കേരളത്തിലേക്കു പോവാന്‍ അനുവദിക്കണമെന്ന ആശ്യവും പരിഗണിക്കപ്പെട്ടില്ല.
ബംഗളൂരു ബെന്‍സന്‍ വാലി ടൗണില്‍ വീട് വാടകക്കെടുത്താണ് മഅ്ദനി ഇപ്പോള്‍ താമസിക്കുന്നത്. 24 മണിക്കൂറും കനത്ത പോലിസ് കാവല്‍. സന്ദര്‍ശകര്‍ക്ക് കടുത്ത നിയന്ത്രണം. ജയിലിലേക്കാള്‍ ശക്തമാണ് മഅ്ദനിക്കു ചുറ്റും നിയന്ത്രണങ്ങള്‍.
മകളുടെ കല്യാണത്തിനും മാതാവ് മരണാസന്നയായപ്പോഴും പിതാവ് പക്ഷാഘാതം പിടിപെട്ട് ആശുപത്രിയിലായപ്പോഴും നാട്ടില്‍ വരാനുള്ള അപേക്ഷകള്‍ അന്നത്തെ കര്‍ണാട കോണ്‍ഗ്രസ് സര്‍ക്കാര്‍ നിര്‍ദയം എതിര്‍ത്തു. നിയമ യുദ്ധത്തിനൊടുവില്‍ മൂന്നു തവണകളിലായി ഏതാനും ദിവസങ്ങളില്‍ നാട്ടില്‍ വരാന്‍ അനുമതി ലഭിച്ചെങ്കിലും സുരക്ഷാ ചെലവിനായി മഅ്ദനി ലക്ഷങ്ങള്‍ കെട്ടിവയ്ക്കണമെന്ന വിചിത്രമായ ഉപാധി കര്‍ണാടകം മുന്നോട്ടു വച്ചു. അകമ്പടി വന്ന പോലിസുകാരുടെ ചെലവും മൂന്നു തവണയും പിഡിപി ചെയര്‍മാന്‍ വഹിക്കേണ്ടി വന്നു.
വിചാരണ അനന്തമായി വൈകിപ്പിച്ച് മഅ്ദനിയുടെ ജയില്‍ വാസം അനിശ്ചിതമായി നീട്ടാനും നീതി നിഷേധിക്കാനുമാണ് പോലിസ് ശ്രമിക്കുന്നത്. കര്‍ണാടകം തടസ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് വിചാരണ സുപ്രീം കോടതി താല്‍കാലികമായി തടഞ്ഞിരിക്കുകയാണ്.
തെളിവ് നിയമത്തിലെ നടപടിക്രമങ്ങള്‍ പ്രോസിക്യൂഷന്‍ പാലിച്ചില്ല എന്ന നിരീക്ഷണത്തോടെ നേരത്തെ വിചാരണ കോടതിയും കര്‍ണാടക ഹൈക്കോടതിയും തള്ളിയ ആവശ്യത്തിന്‍മേലാണ് കര്‍ണാടക സര്‍ക്കാര്‍ ഇപ്പോള്‍ സുപ്രിം കോടതിയെ സമീപിച്ചിട്ടുള്ളത്. ബാഗ്ലൂര്‍ സ്‌ഫോടനകേസിലെ മൂന്നാം പ്രതിയായ സര്‍ഫറാസ് നവാസിനെ അറസ്റ്റ് ചെയ്തപ്പോള്‍ കണ്ടെടുത്ത (ഹാര്‍ഡ് ഡിസ്‌ക്) തൊണ്ടിമുതലുമായി ബന്ധപ്പെട്ട് നടത്തിയിട്ടുള്ള ഫോറന്‍സിക് ലാബ് പരിശോധന ഫലങ്ങള്‍ സംബന്ധിച്ച യഥാര്‍ഥ രേഖകള്‍ കുറ്റപത്രത്തോടൊപ്പം സമര്‍പ്പിക്കുന്നതില്‍ പ്രോസിക്യൂഷന് കടുത്ത വീഴ്ച സംഭവിച്ചിരുന്നു. പ്രസ്തുത രേഖ ഫോറന്‍സിക് ലാബ് ഉദ്യോഗസ്ഥനായ 'കൃഷ്ണ' എന്ന ഉദ്യോഗസ്ഥനെ വിസ്തരിക്കുമ്പോള്‍ വിചാരണകോടതിയില്‍ രേഖപ്പെടുത്താന്‍ പ്രോസിക്യൂഷന്‍ ശ്രമം നടത്തിയിരുന്നു. ഇന്ത്യന്‍ തെളിവു നിയമം അനുസരിച്ച നടപടിക്രമങ്ങള്‍ ഈക്കാര്യത്തില്‍ പാലിച്ചിട്ടില്ലാത്തതിനാല്‍ അത് അംഗീകരിക്കാന്‍ കഴിയില്ല എന്ന് അന്നത്തെ വിചാരണ കോടതി ജഡ്ജി ശിവണ്ണ ഉത്തരവിട്ടിരുന്നു. പിന്നീട് വിചാരണ കോടതിയില്‍ തന്നെ വീണ്ടും ഒരിക്കല്‍ കൂടി മറ്റൊരു രീതിയില്‍ സമര്‍പ്പിക്കാനുള്ള ശ്രമവും വിചാരണ കോടതി തന്നെ തടഞ്ഞിരുന്നു. പ്രസ്തുത ഉത്തരവിനെതിരെ പ്രോസിക്യഷന്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിക്കുകയുണ്ടായി . അക്കാലയളവില്‍ ഹൈക്കോടതി വിചാരണ നടപടിക്രമങ്ങള്‍ സ്‌റ്റേ ചെയ്തിരിന്നു. കൊവിഡിനെ തുടര്‍ന്നുള്ള കോടതികളുടെ ദീര്‍ഘഅവധികള്‍ക്ക് ശേഷം അവ പരിഗണനയ്ക്ക് എടുത്ത ഹൈക്കോടതി, പ്രോസിക്യൂഷന്‍ കുറ്റപത്രം സമര്‍പ്പിച്ചതിനു 12 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതേകിച്ച് ജാമ്യം പോലും ലഭിക്കാതെ പ്രതികള്‍ ജയിലില്‍ വിചാരണത്തടവുകാരനായി കഴിയുന്ന ഈ ഘട്ടത്തില്‍ ഇത്തരം രേഖകള്‍ സമര്‍പ്പിക്കുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടുകയും ഇന്ത്യന്‍ തെളിവ് നിയമം നിഷ്‌കര്‍ഷിച്ചിട്ടുള്ള നടപടിക്രമങ്ങള്‍ ഇക്കാര്യത്തില്‍ പാലിക്കാത്തതിനാല്‍ സര്‍ക്കാരിന്റെ ഈ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ല എന്ന നിരീക്ഷണത്തോടെ സര്‍ക്കാരിന്റെ ഹര്‍ജി തള്ളുകയാണുണ്ടായത്. കര്‍ണാടക ഹൈക്കോടതിയുടെ ഈ വിധിക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പ്രത്യേക അനുമതി ഹര്‍ജി ആണ് കഴിഞ്ഞയാഴ്ച കോടതി പരിഗണനയ്ക്ക് എടുത്തത്. ഈ ഹര്‍ജിയുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങള്‍ ഇപ്പോള്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ നേരിട്ട് ബാധിക്കുന്നില്ലെങ്കിലും കേസ് അന്തമായി നീണ്ട് പോകാന്‍ ഇത് ഇടയാക്കും.
31 പേരാണ് ബംഗളൂരു സ്‌ഫോടനക്കേസിന്റെ പ്രതിപ്പട്ടികയിലുള്ളത്. ഇതില്‍ മഅ്ദനിയടക്കം 20 പേരാണ് വിചാരണ നേരിടുന്നത്. 11 പേരെ പിടി കിട്ടിയില്ല.ബംഗളൂരു നഗരത്തിന്റെ എട്ടിടങ്ങളിലായി നടന്ന സ്‌ഫോടനത്തില്‍ ഒരാളാണ് കൊല്ലപ്പെട്ടത്. ഒരിടത്ത് പൊട്ടാത്ത നിലയില്‍ ബോംബ് കണ്ടെടുത്തു.
ഒന്‍പതു പ്രത്യേക കേസുകളായാണ് വിചാരണ. കേസുകള്‍ ഒരുമിച്ച് ഒരു കേസാക്കാമെന്ന നിഗമനത്തില്‍ സുപ്രീം കോടതി എത്തിയിട്ടും കര്‍ണ്ണാടക സര്‍ക്കാര്‍ വഴങ്ങിയില്ല. വിചാരണ എളുപ്പം പൂര്‍ത്തിയാവരുത് എന്ന നിലപപാടിലാണ് അന്നും ഇന്നും പ്രോസിക്യൂഷന്‍.
ബംഗളൂരു സ്‌ഫോടനക്കേസില്‍ തടിയന്റവിട നസീര്‍ ഒന്നാം പ്രതിയായി അറസ്റ്റ് ചെയ്യപ്പെട്ടതിനു പിന്നാലെയാണ് മഅ്ദനി പ്രതിചേര്‍ക്കപ്പെട്ടത്. കുടകിലെ ഗൂഡാലോചനയില്‍ മഅ്ദനി പങ്കെടുത്തതായി നേരത്തെ അറസ്റ്റിലായവര്‍ മൊഴി നല്‍കിയെന്നാണ് കുറ്റപത്രം. ഇഞ്ചി കൃഷിക്കെന്ന പേരില്‍ തടിയന്റവിട നസീര്‍ 2006ല്‍ പാട്ടത്തിനു വാങ്ങിയ തോട്ടത്തിലാണ് സ്‌ഫോടന ഗൂഡാലോചന നടന്നതെന്നും മഅ്ദനി അവിടെ എത്തിയിരുന്നുവെന്നുമാണ് പോലിസ് പറയുന്നത്. ഇഞ്ചി തോട്ടത്തില്‍ മഅ്ദനിയെ കണ്ടതായി നസീര്‍, എംഎ പ്രഭാകര്‍ എന്നിവരുടെ സാക്ഷിമൊഴികളും കോടതിയിലെത്തി. പോലിസ് ഭീഷണിപ്പെടുത്തി മൊഴിയില്‍ ഒപ്പു വയ്പ്പിച്ചതാണെന്നും മഅ്ദനിയെ ഒരിക്കല്‍ പോലും നേരില്‍ കണ്ടിട്ടില്ലെന്നും നസീര്‍ പിന്നീട് കോടതി മുന്‍പാകെ തുറന്നു പറഞ്ഞു.
മഞ്ചുനാഥ് എന്നയാളുടെ വീട്ടില്‍ സംസാരിച്ചു നില്‍ക്കുമ്പോള്‍ മഅ്ദനിയെ ചിലര്‍ താങ്ങിപ്പിടിച്ച് കൊണ്ടു പോവുന്നത് കണ്ടു എന്നാണ് പ്രാദേശിക ബിജെപി നേതാവായ പ്രഭാകരന്‍ മൊഴി നല്‍കിയത്. എന്നാല്‍,മഞ്ചു നാഥ് ഇക്കാര്യം നിഷേധിച്ചതോടെ മഅ്ദനിക്കെതിരായ രണ്ടു സാക്ഷി മൊഴികളും ദുര്‍ബലമായി.
അതേസമയം,തടിയന്റവിട നസീറിലൂടെ മഅ്ദനി കുരുങ്ങുമെന്ന ഉറച്ച വിശ്വാസത്തിലാണ് പോലിസ് ഇപ്പോഴും.
ഒട്ടേറെ തീവ്രവാദ, ക്രിമിനല്‍ കേസുകളില്‍ പ്രതിയും ദുരൂഹ പശ്ചാത്തലവുമുള്ള നസീറിനെ ഉപയോഗിച്ച് മഅ്ദനിയെ പോലിസ് കേസില്‍ കുടുക്കിയതാവാമെന്ന സംശയം ശക്തമാണ്.
RELATED STORIES
അസദും ഭാര്യയും പിരിയുന്നുവെന്ന് റിപോര്‍ട്ട്; നിഷേധിച്ച് റഷ്യ
23 Dec 2024 11:48 AM GMT''ശെയ്ഖ് ഹസീനയെ തിരികെ അയക്കണം'': ഇന്ത്യയോട് ബംഗ്ലാദേശ്, വിചാരണ ഉടന്‍...
23 Dec 2024 11:30 AM GMTമൂന്നു വിവാഹം; സെറ്റില്‍മെന്റുകള്‍, 'കൊള്ളക്കാരി വധു' ഒടുവില്‍...
23 Dec 2024 11:06 AM GMTമുകേഷിനും ഇടവേള ബാബുവുമിനെതിരേ കുറ്റപത്രം നല്കി
23 Dec 2024 10:47 AM GMTമുസ്ലിം വിദ്യാര്‍ഥികള്‍ക്ക് ജുമുഅക്ക് സമയം അനുവദിച്ചതിനെതിരേ...
23 Dec 2024 10:18 AM GMTപാലക്കാട്ട് ക്രിസ്മസ് ആഘോഷത്തിന്റെ പൂല്‍ക്കൂട് തകര്‍ത്തു
23 Dec 2024 9:56 AM GMT