Big stories

കരിങ്കൊടി, കറുത്ത മാസ്‌ക്, കറുത്ത വസ്ത്രം; പ്രതിഷേധ തുരുത്തായി ലക്ഷദ്വീപ്; പ്രഫുല്‍ പട്ടേല്‍ ഇന്ന് കവരത്തിയില്‍

ലക്ഷദ്വീപ് സന്ദര്‍ശനത്തിനായി പോകുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ കൊച്ചിയിലെത്തില്ല. നേരത്തെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി ഇവിടെ നിന്ന് ദ്വീപിലേക്ക് തിരിക്കാനായിരുന്നു പ്രഫുലിന്റെ പദ്ധതി. എന്നാല്‍ പ്രഫുല്‍ നേരെ ദ്വീപിലേക്ക് പോകുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കരിങ്കൊടി, കറുത്ത മാസ്‌ക്, കറുത്ത വസ്ത്രം; പ്രതിഷേധ തുരുത്തായി ലക്ഷദ്വീപ്; പ്രഫുല്‍ പട്ടേല്‍ ഇന്ന് കവരത്തിയില്‍
X

കവരത്തി: ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ പ്രതിഷേധം പുകയുന്നതിനിടെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ഇന്ന് കവരത്തിയില്‍ എത്തും. ഒരാഴ്ച നീണ്ട് നില്‍കുന്ന സന്ദര്‍ശനത്തില്‍ ലക്ഷദ്വീപില്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങളുടെ പുരോഗതി പ്രഫുല്‍ പട്ടേല്‍ വിലയിരുത്തും. കവരത്തിയില്‍ ഉച്ചയോടെയെത്തുന്ന അദ്ദേഹം വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. അഡ്മിനിസ്‌ട്രേറ്ററുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്നു ഇന്ന് ദ്വീപുകളില്‍ കരിദിനം ആചരിക്കുകയാണ്.

വീട്ടുപടിക്കല്‍ കരിങ്കൊടി നാട്ടിയും കറുത്ത മാസ്‌കും കറുത്ത വസ്ത്രവും ധരിച്ചായിരിക്കും പ്രതിഷേധം.അഡ്മിനിസ്‌ട്രേറ്ററുടെ പൊതു പരിപാടികള്‍ ബഹിഷ്‌ക്കരിക്കുമെന്ന് ജനപ്രതിനിധികളും അറിയിച്ചിട്ടുണ്ട്.


ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ചുമതലയേറ്റടുത്തതിന് ശേഷം പ്രഫുല്‍ പട്ടേല്‍ ദ്വീപുകളിലേക്ക് നടത്തുന്ന മൂന്നാമത്തെ സന്ദര്‍ശനമാണ് ഇത്. എന്നാല്‍ മുന്‍ സാഹചര്യമല്ല ഇന്ന് ദ്വീപുകളില്‍. ദ്വീപ് ചരിത്രത്തിലില്ലാത്ത വിധം ജനം പ്രക്ഷോഭ രംഗത്ത് നില്‍ക്കുമ്പോഴാണ് അഡ്മിനിസ്‌ടേറ്റര്‍ ഇന്ന് ദ്വീപിലെത്തുന്നത്. ഇതുവരെ നടപ്പാക്കിയ ഉത്തരവുകളില്‍ മത്സ്യത്തൊഴിലാളി ബോട്ടുകളില്‍ രഹസ്യ വിവരം ശേഖരിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള തീരുമാനം മാത്രമാണ് ഭരണകൂടം പിന്‍വലിച്ചത്. ബാക്കി ഉത്തരവുകള്‍ പിന്‍വലിക്കില്ലെന്ന് ശാഠ്യവുമായി ഭരണകൂടം മുന്നോട്ട് പോവുകയാണ്.

അതിനിടെ, ഇന്ന് രാത്രി ഒമ്പതിന് ലക്ഷദ്വീപിലെ ഓരോ വീട്ടിലും വിളക്കണച്ചു മെഴുകുതിരി തെളിയിക്കും. പ്ലേറ്റില്‍ ചിരട്ട കൊട്ടി പട്ടേല്‍ ഗോ ബാക്ക് എന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കും.കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സമരമെന്ന് സേവ് ലക്ഷദ്വീപ് ഫോറം അറിയിച്ചിട്ടുണ്ട്.


ഭരണപരിഷ്‌കാര നടപടികള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അഡ്മിനിസ്‌ട്രേറ്ററെ കവരത്തിയിലെത്തി കാണാന്‍ സേവ് ലക്ഷദ്വീപ് ഫോറം ഭാരവാഹികള്‍ അനുമതി തേടിയിട്ടുണ്ട്. എന്നാല്‍ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. അഡ്മിനിസ്ടറ്ററുടെ സന്ദര്‍ശനവേളയില്‍ പ്രതിഷേധങ്ങളുണ്ടാകാതിരിക്കാന്‍ ശക്തമായ മുന്നൊരുക്കം ഇതിനകം ദ്വീപുകളില്‍ തുടങ്ങിയിരുന്നു.

അതിനിടെ, ബേപ്പൂരില്‍ നിന്ന് ലക്ഷദ്വീപിലേക്കുള്ള ചരക്ക് നീക്കം പൂര്‍ണ്ണമായി മംഗലാപുരത്തേക്ക് മാറ്റാന്‍ ലക്ഷദ്വീപ് ഭരണകൂടം നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി ബേപ്പൂരിലെ ഉന്നത ഉദ്യോഗസ്ഥനെയടക്കം ആറ് പേരെ മംഗലാപുരം തുറമുഖത്തെ നോഡല്‍ ഓഫിസറാക്കി മാറ്റി നിയമിച്ചു.


അതേസമയം, ലക്ഷദ്വീപ് സമരവുമായി ബന്ധപ്പെട്ട് ചാനല്‍ ചര്‍ച്ചയില്‍ 'ബയോ വെപ്പണ്‍' പരാമര്‍ശം നടത്തിയതിന് രാജ്യദ്രോഹക്കേസില്‍ പ്രതിയാക്കപ്പെട്ട ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനയ്ക്ക് ദ്വീപുകളില്‍ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. കേസ് പിന്‍വലിക്കണമെന്ന ആവശ്യം ലക്ഷദ്വീപിലെ ബിജെപിയില്‍ നിന്ന് തന്നെ ഉയര്‍ന്നിട്ടുണ്ട്.

അതേസമയം, ലക്ഷദ്വീപ് സന്ദര്‍ശനത്തിനായി പോകുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ കൊച്ചിയിലെത്തില്ല. നേരത്തെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി ഇവിടെ നിന്ന് ദ്വീപിലേക്ക് തിരിക്കാനായിരുന്നു പ്രഫുലിന്റെ പദ്ധതി. എന്നാല്‍ പ്രഫുല്‍ നേരെ ദ്വീപിലേക്ക് പോകുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പ്രതിഷേധം ഭയന്നാണ് ഈ തീരുമാനം.

എം.പിമാരായ ടി.എന്‍. പ്രതാപന്‍, ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത് എം.എല്‍.എ. എന്നിവര്‍ പ്രതിഷേധമറിയിക്കാന്‍ വിമാനത്താവളത്തിലെത്തിയ പശ്ചാത്തലത്തിലാണ് അഡ്മിനിസ്‌ട്രേറ്റര്‍ നെടുമ്പാശ്ശേരി തൊടാതെ ലക്ഷദ്വീപിലേക്ക് പോവുന്നത്.

Next Story

RELATED STORIES

Share it