Big stories

' ബ്ലാക് ലിവ്‌സ് മാറ്റര്‍' ബ്രിയോണ ടെയ്‌ലര്‍ വധം: കുറ്റപത്രത്തിനെതിരെ ലൂയിസ്‌വില്ലെയില്‍ കനത്ത പ്രതിഷേധം

സംഘര്‍ഷാവസ്ഥയെ തുടര്‍ന്നു പ്രധാന റോഡുകളെല്ലാം അടച്ചു. സ്ഥലത്ത് വന്‍ വെടിവയ്പ്പാണ് നടന്നതെന്നാണ് റിപ്പോര്‍ട്ട്.

 ബ്ലാക് ലിവ്‌സ് മാറ്റര്‍  ബ്രിയോണ ടെയ്‌ലര്‍ വധം: കുറ്റപത്രത്തിനെതിരെ ലൂയിസ്‌വില്ലെയില്‍ കനത്ത പ്രതിഷേധം
X

ലൂയിസ്‌വില്ലെ: യുഎസിലെ കെന്റക്കി സംസ്ഥാനത്തെ ലൂയിസ്‌വില്ലെയില്‍ ആഫ്രോ അമേരിക്കന്‍ വംശജ ബ്രിയോണ ടെയ്‌ലറെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കുറ്റംചുമത്താന്‍ കോടതി വിസമ്മതിച്ചതില്‍ വന്‍ പ്രതിഷേധം. പ്രതിഷേധത്തിനിടെ രണ്ടു പോലീസുകാര്‍ക്ക് വെടിയേറ്റു. ഇതോടെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.


കഴിഞ്ഞ മാര്‍ച്ച് 13നാണ് 26കാരിയായ ബ്രിയോണ ടെയ്‌ലര്‍ പൊലീസിന്റെ വെടിയേറ്റു മരിച്ചത്. ആരോഗ്യപ്രവര്‍ത്തകയായ ബ്രിയോണയുടെ വീട്ടില്‍ സൂക്ഷിച്ച ലഹരി മരുന്ന് കണ്ടെടുക്കാനെന്ന പേരില്‍ എത്തിയ പോലിസുകാരില്‍ ഒരാള്‍ ബ്രിയോണയെ വെടിവച്ചുവീഴ്ത്തുകയായിരുന്നു. മറ്റൊരാളുടെ പേരിലുള്ള വാറന്റിന്റെ അടിസ്ഥാനത്തിലായിരുന്നു ബ്രിയോണയുടെ വീട്ടിലെ റെയ്ഡ്. വീട്ടില്‍നിന്ന് ലഹരിമരുന്ന് ഒന്നും കണ്ടെടുത്തുമില്ല. വെള്ളക്കാരനായ പോലീസുകാരനാണ് ആഫ്രോ അമേരിക്കന്‍ വംശജ ബ്രിയോണയെ വെടിവെച്ചു കൊലപ്പെടുത്തിയത്.


മേയ് 25നു ജോര്‍ജ് ഫ്‌ലോയ്ഡ് എന്ന ആഫ്രോ അമേരിക്കന്‍ വംശജനും അമേരിക്കന്‍ പോലിസീന്റെ വംശവെറിയില്‍ കൊല്ലപ്പെട്ടിരുന്നു. മിനിയപ്പലിസ് പൊലീസിലെ വെള്ളക്കാരനായ ഉദ്യോഗസ്ഥനാണ് ജോര്‍ജിനെ റോഡില്‍ കിടത്തി കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി ശ്വാസം മുട്ടിച്ചുകൊന്നത്. ഇതും കൂടിയായതോടെ ബ്രിയോണയുടെ ടെയ്‌ലറുടെ മരണവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.


'അവളുടെ പേര് പറയുക', 'നീതിയില്ല, സമാധാനമില്ല' എന്ന് ആക്രോശിച്ചുകൊണ്ട് നൂറുകണക്കിന് പ്രതിഷേധക്കാര്‍ ബുധനാഴ്ച രാത്രി ലൂയിസ്‌വില്ലിലെ തെരുവിലിറങ്ങി. ബ്രിയോണ ടെയ്‌ലറുടെ മരണത്തില്‍ ഒരു ഉദ്യോഗസ്ഥനും നേരിട്ട് കുറ്റം ചുമത്താത്തതില്‍ അരിശംപൂണ്ട പ്രതിഷേധക്കാര്‍ ബ്രിയോണയുടെ ഓര്‍മ്മയില്‍ ഈ പോരാട്ടം തുടരുമെന്ന് ആര്‍ത്തു വിളിച്ചു.


സംഘര്‍ഷാവസ്ഥയെ തുടര്‍ന്നു പ്രധാന റോഡുകളെല്ലാം അടച്ചു. സ്ഥലത്ത് വന്‍ വെടിവയ്പ്പാണ് നടന്നതെന്നാണ് റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക്, ചിക്കോഗോ, വാഷിങ്ടന്‍ എന്നിവിടങ്ങളിലും പ്രതിഷേധങ്ങള്‍ നടന്നു. ലൂയിസ്‌വില്ലെയില്‍ 46 പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതായി പോലീസ് വക്താവ് പറഞ്ഞു.




Next Story

RELATED STORIES

Share it