Big stories

നല്ല നടപ്പിന് ബോണ്ട്, ദേശീയ ഗാനം ചൊല്ലിയതിന് തെളിവ്; യുപി ഭരണകൂടം ഇങ്ങിനെയാണ് മുസ്‌ലിംകളെ രാജ്യവിരുദ്ധരാക്കി ചാപ്പ കുത്തുന്നത്

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം മുസ്‌ലിംകള്‍ക്കെതിരെയുള്ള വെറുപ്പിന്റെ വിഷം ചീറ്റി ഉറഞ്ഞു തുള്ളാന്‍ അജയ് ബിഷ്ടിന് ലഭിച്ച ഏറ്റവും മികച്ച അവസരമായിരുന്നു

നല്ല നടപ്പിന് ബോണ്ട്, ദേശീയ ഗാനം ചൊല്ലിയതിന് തെളിവ്; യുപി ഭരണകൂടം ഇങ്ങിനെയാണ് മുസ്‌ലിംകളെ രാജ്യവിരുദ്ധരാക്കി ചാപ്പ കുത്തുന്നത്
X

വി എ എം അഷറഫ്‌


2017ലെ സ്വാതന്ത്ര്യദിനാഘോഷത്തില്‍, യോഗി സര്‍ക്കാര്‍ സംസ്ഥാനത്തെ മുസ്‌ലിം മാനേജ്‌മെന്റ് സ്‌കൂളുകള്‍ക്ക് ഒരു നിര്‍ദ്ദേശം നല്‍കി. തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ ഇന്ത്യന്‍ ദേശീയഗാനം ആലപിച്ചുവെന്നതിന് വീഡിയോ തെളിവുകള്‍ നല്‍കണമെന്നായിരുന്നു ആ നിര്‍ദ്ദേശം. ഒരു മതവിഭാഗത്തിന്റെ രാജ്യസ്‌നേത്തെ ചോദ്യം ചെയ്ത് പരമാവധി അപമാനിക്കുക എന്നത് മാത്രമായിരുന്നു ആ നിര്‍ദ്ദേശം കൊണ്ട് അജയ് ബിഷ്ട് ഉദ്ദേശിച്ചത്. സംസ്ഥാനത്തെ മുസ്‌ലിം സ്‌കൂളുകള്‍ മാത്രമാണ് ദേശിയ ഗാനം ചൊല്ലിയതിന്റെ വീഡിയോ സമര്‍പ്പിക്കേണ്ടിയിരുന്നത്. യുപിയിലെ ബിജെപി ഭരണകൂടം മുസ്‌ലിം സമുദായത്തിലെ വിദ്യാര്‍ഥികളില്‍ പോലും എത്ര ആഴത്തിലാണ് അരക്ഷിതാവസ്ഥയും അന്യതാ ബോധവും സൃഷ്ടിക്കുന്നത് എന്നതിന്റെ ഉദാഹരണമാണ് ഈ സംഭവം.


പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം മുസ്‌ലിംകള്‍ക്കെതിരെയുള്ള വെറുപ്പിന്റെ വിഷം ചീറ്റി ഉറഞ്ഞു തുള്ളാന്‍ അജയ് ബിഷ്ടിന് ലഭിച്ച ഏറ്റവും മികച്ച അവസരമായിരുന്നു. പ്രതിഷേധിക്കുന്ന മുസ്‌ലിംകളെ ഇങ്ങിനെയാണ് ഹിന്ദുത്വ സ്റ്റേറ്റ് നേരിടുക എന്ന് കാണിച്ച് നിശബ്ദരാക്കാന്‍ ഈ അവസരം ബിജെപി സര്‍ക്കാര്‍ ഉപയോഗിച്ചപ്പോള്‍ അതില്‍ തകര്‍ന്നടിഞ്ഞത് ജനാധിപത്യ ഇന്ത്യയില്‍ ഉണ്ടെന്ന് പറയപ്പെടുന്ന നീതിയും മതേതരത്വവുമാണ്. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കില്ലെന്ന് ഉറപ്പ് നല്‍കാന്‍ ' നല്ല നടപ്പ്' ബോണ്ടുകള്‍ യു പി പോലിസ് വ്യാപകമായി മുസ്‌ലിംകളില്‍ നിന്നും ആവശ്യപ്പെട്ടു. 2020 ഫെബ്രുവരി 29 ന് ഒരു സ്വകാര്യ സ്‌കൂള്‍ അദ്ധ്യാപകനായ മുജാഹിദുല്‍ ഇസ്‌ലാമില്‍ നിന്നും നല്ല നടപ്പ് ബോണ്ട് ആവശ്യപ്പെട്ടിരുന്നു. 50 ലക്ഷം രൂപയുടെ ബോണ്ടാണ് അദ്ദേഹത്തില്‍ നിന്നും ആവശ്യപ്പെട്ടത്. ഇത് അദ്ദേഹത്തിന്റെ പ്രതിമാസ വരുമാനത്തിന്റെ 416 ഇരട്ടിക്ക് തുല്യമായിരുന്നു. ഇത് കൊടുക്കാത്തവരെ പോലിസെത്തി പിടികൂടി ജയിലില്‍ തള്ളുക എന്നതായിരുന്നു അജയ് ബിഷ്ടിന്റെ ഹിന്ദുത്വ സ്റ്റേറ്റില്‍ സംഭവിച്ചിരുന്നത്



സിഎഎയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ പ്രഭവകേന്ദ്രങ്ങളിലൊന്നായ അലിഗഡിലെ 2,000 പേര്‍ക്കും സമാനമായ നോട്ടീസ് നല്‍കി. ഒരു ക്രിമിനല്‍ കേസില്‍ പോലും ഉള്‍പ്പെടാത്തവരാണ് ഇത്തരത്തില്‍ ലക്ഷങ്ങള്‍ കെട്ടിവച്ച് നല്ലനടപ്പ് ബോണ്ടുകളില്‍ ഒപ്പിടേണ്ടിവന്നത്. പോലീസിനെയും നിയമ നടപടികളെയും ഭയന്ന് പലരും പണം സംഘടിപ്പിച്ച് ബോണ്ടുകളില്‍ ഒപ്പിട്ടു. അതിന് കഴിയാത്തവര്‍ യുപിയിലെ വര്‍ഗ്ഗീയ വല്‍ക്കരിക്കപ്പെട്ട പോലിസിന്റെ കസ്റ്റഡിയിലായി മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങി. ഇതിനും തയ്യാറാകാതെ ഒളിച്ചവരുടെ സ്വത്ത് സര്‍ക്കാര്‍ കണ്ടുകെട്ടി.


യു പി പോലിസിന്റെ ക്രിമിനല്‍ കേസില്‍ കുറ്റവിമുക്തരാക്കപ്പെട്ടാലും യുപി സര്‍ക്കാര്‍ ഇവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിരുന്നു. അതോടൊപ്പം പേരും വിലാസവും ഫോട്ടോയും സഹിതമുള്ള പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തു. രാജ്യദ്രോഹികള്‍ എന്ന് മുദ്ര കുത്തി ഇവരെ ഹിന്ദുത്വര്‍ അക്രമിക്കുന്ന അവസ്ഥ സൃഷ്ടിക്കുന്നതിനായിരുന്നു ഈ ഗൂഢ തന്ത്രം. കലാപകാരികളെന്ന് ആരോപിച്ച് 57 മുസ്‌ലിംകളുടെ പേരുകളും ചിത്രങ്ങളും വിലാസങ്ങളുമുള്ള ഹോര്‍ഡിംഗുകള്‍ യുപി സര്‍ക്കാര്‍ ഉയര്‍ത്തി. 2020 മാര്‍ച്ച് 12 ന് സുപ്രീംകോടതിയിലെ രണ്ട് ജസ്റ്റിസുമാരുടെ ഒരു ബെഞ്ച് ഇതിനെ എതിര്‍ത്തു. എന്നാല്‍ 2020 മാര്‍ച്ച് 15 ന് യു പി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പാസാക്കി ഇത് മറികടന്നു. പൊതു സ്വത്ത് നശിപ്പിക്കുന്നതില്‍ പങ്കാളികളെന്ന് ആരോപിക്കപ്പെടുന്ന വ്യക്തികളുടെ വ്യക്തിഗത വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാരിനെ അധികാരപ്പെടുത്തുന്നതായിരുന്നു ഓര്‍ഡിനന്‍സ്.


2019 ഡിസംബര്‍ 12 ന് പൗരത്വ (ഭേദഗതി) നിയമം പ്രാബല്യത്തില്‍ വന്നതിനുശേഷം പൊട്ടിപ്പുറപ്പെട്ട സിഎഎ വിരുദ്ധ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ യുപിയില്‍ പ്രായപൂര്‍ത്തിയാകാത്ത 41 കുട്ടികളെയാണ് പോലിസ് കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചത്. പോലിസ് ഇവരെ പീഡിപ്പിച്ചുവെന്ന് എച്ച്എക്യു സെന്റര്‍ ഫോര്‍ ചൈല്‍ഡ് റൈറ്റ്‌സ് കണ്ടെത്തി. വസ്തുതാന്വേഷണ സംഘം അഭിമുഖം നടത്തിയ പ്രായപൂര്‍ത്തിയാകാത്തവര്‍ തങ്ങളെ ബാറ്റണ്‍ ഉപയോഗിച്ച് അടിച്ചതായി പറഞ്ഞു. ഇവരില്‍ പ്രായപൂര്‍ത്തിയാകാത്ത 22 പേരെ ബിജ്‌നോറിലും 14 പേരെ മുസാഫര്‍നഗറിലും തടവിലാക്കി പീഡിപ്പിച്ചു. പൗരത്വ (ഭേദഗതി) നിയമത്തിനെതിരേ പ്രതിഷേധിച്ചവരോട് 'ബാഡ്‌ല' (പ്രതികാരം) ചെയ്യുമെന്ന് 2019 ഡിസംബര്‍ 19 ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സത്യം ചെയതിരുന്നു. ഇത് പോലിസും ഹിന്ദുത്വരും പ്രാവര്‍ത്തികമാക്കുന്നതാണ് പിന്നീട് കണ്ടത്. മുസ്‌ലിം സമുദായത്തിന്റെ വീടുകള്‍ പോലീസ് കൊള്ളയടിക്കുന്നതായി എന്‍ഡിടിവി ഉള്‍പ്പെടെയുള്ള ടിവി ചാനലുകള്‍ വാര്‍ത്ത നല്‍കിയിരുന്നു.


പൗരത്വ (ഭേദഗതി) നിയമത്തിനെതിരേ യുപിയില്‍ ഏത് തരത്തിലുള്ള എതിര്‍പ്പും തടയാന്‍ അജയ് ബിഷ്ടിന്റെ ഹിന്ദുത്വ ഭരണകൂടം ശക്തമായി ശ്രമിച്ചു. സിഎഎ വിരുദ്ധ പ്രക്ഷോഭകരെ കസ്റ്റഡിയിലെടുത്തു, ജാമ്യമില്ലാ അറസ്റ്റുകള്‍ നടത്തി, പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തി ചാര്‍ജും ടിയര്‍ഗാസും പ്രയോഗിച്ചു. 2019 ഡിസംബറില്‍ പോലീസ് നടത്തിയ വെടിവയ്പില്‍ ലഖ്‌നൗവില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 144ാം വകുപ്പ് ഉണ്ടായിരുന്നിട്ടും, സിഎഎയ്‌ക്കെതിരെ ആളുകള്‍ ലഖ്‌നൗവിലും സാംബാലിലും പ്രതിഷേധ പ്രകടനങ്ങളില്‍ ഏര്‍പ്പെട്ടു. സമാധാനപരമായ 200 ഓളം പ്രതിഷേധക്കാരെ ലഖ്‌നൗവില്‍ അറസ്റ്റ് ചെയ്തു. വാരണാസിയില്‍ ജാമ്യമില്ലാ വകുപ്പുകളില്‍ 69 പേരെ അറസ്റ്റ് ചെയ്തു. ഈ കടുത്ത അടിച്ചമര്‍ത്തലുകള്‍ ഉണ്ടായിട്ടുപോലും യുപിയിലെ 24 ജില്ലകളില്‍ സിഎഎ വിരുദ്ധ പ്രതിഷേധം അലയടിച്ചു. എന്നിട്ടും തുടര്‍ന്ന പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ പലയിടങ്ങളിലായി 24 പ്രതിഷേധക്കാരെ വെടിവച്ചു കൊന്നു. വിവിധ സംഭവങ്ങളില്‍ 1,200 കുറ്റപത്രങ്ങള്‍ നല്‍കി. പേരിടാത്ത 5,000 എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.



2019 ഡിസംബര്‍ 15 ന് രാത്രി അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി കാംപസിലേക്ക് പോലിസ് ഇരച്ചുകയറി അക്രമം അഴിച്ചുവിട്ടു. വിദ്യാര്‍ത്ഥികള്‍ക്കെതിരെ സ്റ്റണ്‍ ഗ്രനേഡുകള്‍, റൈഫിളുകള്‍, കണ്ണീര്‍ വാതക ഷെല്ലുകള്‍ എന്നിവ പ്രയോഗിച്ചു. സാമുദായികമായി അധിക്ഷേപിച്ചാണ് അക്രമം അഴിച്ചുവിട്ടത്. ലൈബ്രറികളില്‍ വായനയില്‍ ഏര്‍പ്പെട്ടവരെയും അടിച്ചോടിച്ചു. പെണ്‍കുട്ടികളെ ഉള്‍പ്പടെ ക്രൂരമായി മര്‍ദ്ദിച്ചു. ഇതെല്ലാം അജയ് ബിഷ്ട് എന്ന കടുത്ത വര്‍ഗ്ഗീയ വാദി ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് നടത്തിയ അതിക്രമങ്ങളില്‍ പുറത്തുവന്നവയില്‍ ചിലതു മാത്രമാണ്.


Next Story

RELATED STORIES

Share it