Big stories

തായ്‌വാനില്‍ ശക്തമായ ഭൂചലനം; കെട്ടിടങ്ങള്‍ തകര്‍ന്ന് വീണു, സുനാമി മുന്നറിയിപ്പ് (വീഡിയോ)

തായ്‌വാനില്‍ ശക്തമായ ഭൂചലനം; കെട്ടിടങ്ങള്‍ തകര്‍ന്ന് വീണു, സുനാമി മുന്നറിയിപ്പ് (വീഡിയോ)
X

തായ്‌പേയ്: തായ്‌വാനില്‍ അതിശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഞായറാഴ്ച പകല്‍ 12.14നാണുണ്ടായത്. തായ്‌വാനിലെ യൂജിങ് ജില്ലയുടെ 85 കിലോമീറ്റര്‍ കിഴക്കായി 10 കി.മി താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ റിപോര്‍ട്ട് ചെയ്യുന്നു. ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് നിരവധി ചെറുചലനങ്ങളുമുണ്ടായി. തായ്‌വാനിലെ ജനസാന്ദ്രത കുറഞ്ഞ മേഖലയിലാണ് ഞായറാഴ്ച ഭൂചലനമുണ്ടായത്. 6.9 തീവ്രത രേഖപ്പെടുത്തിയതായിരുന്നു രണ്ടാമത്തെ ഭൂചലനം. പ്രഭവകേന്ദ്രത്തിന് സമീപത്തായി ഇരുനില കെട്ടിടം തകര്‍ന്നുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നു.

ഭൂചലനത്തില്‍ ആളപായമുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. കിഴക്കന്‍ തീരത്ത് ഒരു സ്‌റ്റേഷനില്‍ ടെയിനിന്റെ ബോഗി പാളം തെറ്റിയതായും ചില കെട്ടിടങ്ങള്‍ തകര്‍ന്നതായും തായ്‌വാന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഭൂചലനത്തെത്തുടര്‍ന്ന് ഹുവാലിന്‍ തായ്തുങ് റൂട്ടിലോടുന്ന ട്രെയിനുകള്‍ സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ തായ്‌വാന്‍ റെയില്‍വേ വകുപ്പ് നിര്‍ദേശം നല്‍കി. അതിവേഗ റെയില്‍വേ സര്‍വീസും നിര്‍ത്തലാക്കി. തായ്‌വാനില്‍ ശക്തമായ ഭൂചലനമുണ്ടായ സാഹചര്യത്തില്‍, അയല്‍രാജ്യമായ ജപ്പാനില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

മൂന്ന് അടി വരെ ഉയരമുള്ള തിരമാലകള്‍ രൂപം കൊള്ളാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തായ്‌വാന്‍ തീരത്ത് പ്രഭവകേന്ദ്രത്തില്‍ നിന്ന് 300 കി.മി പരിധിയില്‍ അപകടകരമായ സുനാമി തിരമാലകളുണ്ടാവാന്‍ സാധ്യതയുണ്ട്. തായ്‌വാനില്‍ 24 മണിക്കൂറിനിടെ ഉണ്ടാവുന്ന മൂന്നാമത്തെ ഭൂചലനമാണ് ഇത്. കഴിഞ്ഞ രാത്രി തായ്തുംഗില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.6 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു.

സിഎന്‍എ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പരിഭ്രാന്തരായ താമസക്കാര്‍ കെട്ടിടത്തിലേക്ക് ഓടുന്നതും പൊടിപടലങ്ങള്‍ പരക്കുന്നതും കാണിച്ചു. തലസ്ഥാനമായ തായ്‌പേയിലും കുലുക്കം അനുഭവപ്പെട്ടതായി എഎഫ്പി റിപ്പോര്‍ട്ടര്‍ പറഞ്ഞു. തായ്‌വാനിലെ ഏറ്റവും മാരകമായ ഭൂകമ്പമുണ്ടായത് 1999 സപ്തംബറിലാണ്. അന്ന് 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 2,400 പേരാണ് മരിച്ചത്.

Next Story

RELATED STORIES

Share it