Big stories

കൊവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയായാല്‍ പൗരത്വ നിയമം നടപ്പാക്കും: അമിത് ഷാ

പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയായാല്‍ പൗരത്വ നിയമം നടപ്പാക്കും: അമിത് ഷാ
X

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ ഉടനെ പൗരത്വ നിയമം(സിഎഎ) നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2020ല്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് നിയമം നടപ്പാക്കുന്നത് നീട്ടിവച്ചത്. കൊവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാകുന്നതോടെ സിഎഎ നടപ്പാക്കുന്നത് ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കൊവിഡ് വാക്‌സിനേഷന്‍ പ്രക്രിയ അവസാനിച്ചാലുടന്‍ സിഎഎയ്ക്ക് കീഴില്‍ പൗരത്വം നല്‍കുന്ന പ്രക്രിയ ആരംഭിക്കും. നിങ്ങളെല്ലാവരും (മാതുവ വിഭാഗം) ഈ രാജ്യത്തെ ബഹുമാനിക്കപ്പെടുന്ന പൗരന്മാരായിരിക്കും. മാതുവ സമുദായത്തിന്റെ കോട്ടയായ താക്കൂര്‍നഗറില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് അമിത് ഷാ പറഞ്ഞു.

പാകിസ്താനില്‍ നിന്നുള്ള മാതുവ വിഭാഗം വിഭജനത്തിനും ബംഗ്ലാദേശ് രൂപീകരണത്തിനും ശേഷം ഇന്ത്യയിലേക്ക് കുടിയേറിയവരാണ്. ഇവരില്‍ കുറേ പേര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിച്ചെങ്കിലും നിരവധി പേര്‍ ഇപ്പോഴും അഭയാര്‍ത്ഥികളായി കഴിയുന്നുണ്ട്.

സംസ്ഥാനത്ത് മൂന്ന് ദശലക്ഷം ജനസംഖ്യയുള്ള മാതുവ സമൂഹത്തിന് കുറഞ്ഞത് നാല് ലോക്‌സഭാ സീറ്റുകളിലും നാദിയ, നോര്‍ത്ത്, സൗത്ത് 24 പര്‍ഗാനാസ് ജില്ലകളിലെ 30 ലധികം നിയമസഭാ സീറ്റുകളിലും നിര്‍ണായക സ്വാധീനമുണ്ട്. ത്രിണമൂല്‍ കോണ്‍ഗ്രസ്സിന് വോട്ട് ചെയ്തിരുന്ന സമുദായം 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണച്ചു. തിരഞ്ഞെടുപ്പില്‍ ഇവരുടെ പിന്തുണ ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് അമിത് ഷാ പൗരത്വ വിഷയം ഉയര്‍ത്തിയത്.

Next Story

RELATED STORIES

Share it