Big stories

വഖഫ് സംരക്ഷണ റാലിക്കെതിരേ കേസ്: നായനാരുടെ പോലിസിന്റെ തോക്കിന് മുന്നില്‍ നെഞ്ചുവിരിച്ചവരെ പിണറായി ഉടുക്ക് കൊട്ടി പേടിപ്പിക്കേണ്ട- കെപിഎ മജീദ്

കൊത്തിയ പാമ്പിനെക്കൊണ്ട് തന്നെ വിഷമിറക്കാനും അറിയാം. മുഖ്യമന്ത്രി പിണറായിക്ക് മുട്ട് മടക്കേണ്ടി വരുമെന്നും പിന്തിരിഞ്ഞോടേണ്ടി വരുമെന്നും മജീദ് പറഞ്ഞു

വഖഫ് സംരക്ഷണ റാലിക്കെതിരേ കേസ്:   നായനാരുടെ പോലിസിന്റെ തോക്കിന് മുന്നില്‍ നെഞ്ചുവിരിച്ചവരെ പിണറായി ഉടുക്ക് കൊട്ടി പേടിപ്പിക്കേണ്ട- കെപിഎ മജീദ്
X

മലപ്പുറം: വഖഫ് സംരക്ഷണ റാലിക്കെതിരേ കേസെടുത്തതിനെതിരേ മുസ്‌ലിം ലീഗ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും തിരൂരങ്ങാടി എംഎല്‍എയുമായ കെപിഎ മജീദിന്റെ രൂക്ഷ വിമര്‍ശനം. നായനാരുടെ പോലിസിന്റെ തോക്കിന് മുന്നില്‍ നെഞ്ചുവിരിച്ചവരുടെ പിന്മുറക്കാരെ പിണറായി ഉടുക്ക് കൊട്ടി പേടിപ്പിക്കാന്‍ നോക്കേണ്ടെന്ന് മജീദ് പറഞ്ഞു. ഭാഷാ സമര പോരാട്ടത്തില്‍ ഇടനെഞ്ചിലേക്ക് വെടിയേറ്റിട്ട് പിന്തിരിഞ്ഞോടാത്തവരാണ് മുസ്‌ലിം ലീഗുകാരെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മുസ്‌ലിം ലീഗ് ഒരു പോര്‍മുഖത്താണ്. ഭീഷണിപ്പെടുത്തിയും കേസെടുത്തും ലീഗിനെ പിന്തിരിപ്പിക്കാമെന്ന് കരുതേണ്ട. കൊത്തിയ പാമ്പിനെക്കൊണ്ട് തന്നെ വിഷമിറക്കാനും അറിയാം. മുഖ്യമന്ത്രി പിണറായിക്ക് മുട്ട് മടക്കേണ്ടി വരുമെന്നും പിന്തിരിഞ്ഞോടേണ്ടി വരുമെന്നും മജീദ് മലപ്പുറത്ത് പറഞ്ഞു. നേരത്തെ വഖഫ് സംരക്ഷണ റാലിയില്‍ വിദ്വേഷ പ്രസംഗം നടത്തിയതിന് മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായിക്കെതിരേ കേസെടുത്തിരുന്നു.

സംഘര്‍ഷമുണ്ടാക്കുന്ന തരത്തില്‍ പ്രകോപനപരമായി പ്രസംഗിച്ചുവെന്നാണ് അബ്ദുറഹ്മാന്‍ കല്ലായിക്കെതിരായ കേസ്. സിപിഎം പരപ്പനങ്ങാടി ലോക്കല്‍ കമ്മറ്റി അംഗം മുജീബ് റഹ് മാന്‍ എപി നല്‍കിയ പരാതിയില്‍ കോഴിക്കോട് വെള്ളയില്‍ പോലിസാണ് കേസെടുത്തത്. കല്ലായിക്കെതിരെ ഐപിസി 153ാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്.കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ചെന്നും ഗതാഗത തടസം ഉണ്ടാക്കിയെന്നുമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വഖഫ് സംരക്ഷണ റാലി നടത്തിയതിന് പതിനായിരം പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. കേസെടുത്തതിന് പിന്നാലെ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പിണറായി വിജയനെതിരേ രൂക്ഷമായ പ്രതികരിച്ചിരുന്നു. യുഡിഎഫ് നേതാക്കളും പ്രതികരണങ്ഹളുമായി രംഗത്ത് വന്നു. സര്‍ക്കാര്‍ ചുമത്തുന്ന കേസുകള്‍ക്ക് പുല്ലുവിലയാണ് യുഡിഎഫിനെന്ന് കെ മുരളീധരന്‍ പ്രതികരിച്ചു.'ഇവര്‍ കേസെടുക്കും പോലും! നിങ്ങടെ കേസ് ആര് പരിഗണിക്കുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എന്താണോ ചെയ്യാനുള്ളത് ചെയ്യ്. ഞങ്ങള്‍ക്കതൊരു പ്രശ്‌നമല്ല. എന്നായിരുന്നു കണ്ണൂര്‍ പ്രസംഗത്തിന്റെ ടോണില്‍ പി കെ ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചത്.

Next Story

RELATED STORIES

Share it