Big stories

പി വി ശ്രീനിജനെതിരായ ജാതീയ അധിക്ഷേപം: സാബു എം ജേക്കബിന്റെ ഹരജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി പിന്‍മാറി

പി വി ശ്രീനിജനെതിരായ ജാതീയ അധിക്ഷേപം: സാബു എം ജേക്കബിന്റെ ഹരജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി പിന്‍മാറി
X

കൊച്ചി: പി വി ശ്രീനിജന്‍ എംഎല്‍എയ്‌ക്കെതിരായ ജാതീയ അധിക്ഷേപ കേസ് പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി പിന്‍മാറി. തനിക്കെതിരേ ഉന്നയിച്ച ആരോപണത്തിനെതിരായി കിറ്റെക്‌സ് ഗ്രൂപ്പ് തലവനും ട്വന്റി ട്വന്റി ചീഫ് കോ-ഓഡിനേറ്ററുമായ സാബു എം ജേക്കബ് നല്‍കിയ ഹരജി പരിഗണിക്കുന്നതില്‍ നിന്നാണ് ജസ്റ്റിസ് എം ബദറൂദ്ദീന്‍ പിന്‍മാറിയത്. എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സാബു എം ജേക്കബ് അടക്കം ആറുപേര്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസ് ഇന്ന് പരിഗണിച്ചപ്പോള്‍ പിന്‍മാറുകയാണെന്ന് ജഡ്ജി അറിയിച്ചു.

ഹരജി ഇന്ന് തന്നെ മറ്റൊരു ബഞ്ച് പരിഗണിക്കും. ഹരജിക്കാരന്റെ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് നടപടി. കേസ് ഹൈക്കോടതി ബെഞ്ച് പരിഗണിക്കുന്ന വേളയിലാണ് ജസ്റ്റിസ് ബദറുദ്ദീന്‍ ഈ തീരുമാനം അറിയിച്ചത്. സാബു എം ജേക്കബിനെതിരായ പരാതിയില്‍ കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജന്റെ മൊഴി പോലിസ് രേഖപ്പെടുത്തിയിട്ടുണ്ട്. പുത്തന്‍കുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുത്തത്. കൂടുതല്‍ സാക്ഷികളെ എംഎല്‍എ നിര്‍ദേശിച്ചതായും ഇവരില്‍ നിന്നും മൊഴിയെടുത്ത ശേഷമാവും പ്രതികളുടെ ചോദ്യം ചെയ്യലെന്നും പോലിസ് വ്യക്തമാക്കി.

എംഎല്‍എയുടെ പരാതിയില്‍ സാബു എം ജേക്കബിനെ ഒന്നാം പ്രതിയാക്കി, പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് പോലിസ് കേസെടുത്തത്. ഐക്കരനാട് കൃഷിഭവന്‍ നടത്തിയ കര്‍ഷക ദിനത്തില്‍ ഉദ്ഘാടകനായെത്തിയ എംഎല്‍എയെ ജാതിയമായി അപമാനിച്ചെന്നായിരുന്നു പരാതി. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീനാ ദീപക് ആണ് രണ്ടാം പ്രതി. പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പടെ കേസില്‍ ആകെ ആറ് പ്രതികളാണുള്ളത്. രാഷ്ട്രീയ കക്ഷികളോടുള്ള പാര്‍ട്ടി നിലപാടാണ് ബഹിഷ്‌കരണത്തിനുള്ള കാരണമെന്നാണ് സാബു എം ജേക്കബിന്റെ പ്രതികരണം.

Next Story

RELATED STORIES

Share it