Big stories

സഹകരണ മേഖലയില്‍നിന്ന് സര്‍ഫാസി നിയമം ഒഴിവാക്കും: മുഖ്യമന്ത്രി

സഹകരണ മേഖലയില്‍ സര്‍ഫാസി നടപ്പിലാക്കിയത് യുഡിഎഫ് സര്‍ക്കാരാണെന്നും സഹകരണ മന്ത്രി ജി സുധാകരന്‍ നിയമസഭയില്‍ പറഞ്ഞു. സര്‍ഫാസി നിയമത്തെ ഒറ്റക്കെട്ടായി ചെറുക്കണമെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാരും വ്യക്തമാക്കി.

സഹകരണ മേഖലയില്‍നിന്ന് സര്‍ഫാസി നിയമം ഒഴിവാക്കും: മുഖ്യമന്ത്രി
X

തിരുവനന്തപുരം: സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യകള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ സര്‍ഫാസി നിയമം സഹകരണ മേഖലയില്‍ നിന്നും ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനാവശ്യമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

സഹകരണ മേഖലയില്‍ സര്‍ഫാസി നടപ്പിലാക്കിയത് യുഡിഎഫ് സര്‍ക്കാരാണെന്നും സഹകരണ മന്ത്രി ജി സുധാകരന്‍ നിയമസഭയില്‍ പറഞ്ഞു. സര്‍ഫാസി നിയമത്തെ ഒറ്റക്കെട്ടായി ചെറുക്കണമെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാരും വ്യക്തമാക്കി.

കര്‍ഷക വായ്പകള്‍ക്കുള്ള മൊറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടിയെന്നും കൃഷി മന്ത്രി വ്യക്തമാക്കി. ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കേരളത്തില്‍ 15 കര്‍ഷകര്‍ ആത്മഹത്യ ചെയ്തുവെന്നും വി എസ് സുനില്‍കുമാര്‍ നിയമസഭയില്‍ പറഞ്ഞു. ഇടുക്കിയില്‍ പത്തും വയനാട്ടില്‍ അഞ്ചും കര്‍ഷക ആത്മഹത്യകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു. കര്‍ഷക ആത്മഹത്യ പെരുകുന്നത് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടിസിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെയും വകുപ്പ് മന്ത്രിയുടെയും വിശദീകരണത്തിന്റെ പശ്ചാത്തലത്തില്‍ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. സഭാ നടപടികള്‍ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പ എടുക്കുന്ന കര്‍ഷകര്‍ക്ക് മേല്‍ ബാങ്കുകള്‍ സര്‍ഫാസി നിയമം ചുമത്തുന്നത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമം നടപ്പാക്കുന്നത് വഴി കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയായിരുന്നു. കര്‍ഷക ആത്മഹത്യക്കും ഇത് വഴിവെച്ചു. ഈ സാഹചര്യത്തിലാണ് സര്‍ഫാസി നിയമം സഹകരണ മേഖലയില്‍ നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്.

സെക്യൂരിറ്റൈസേഷന്‍ ആന്‍ഡ് റീകണ്‍സ്ട്രക്ഷന്‍ ഓഫ് ഫിനാന്‍ഷ്യല്‍ അസെറ്റ്‌സ് ആന്‍ഡ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫ് സെക്യൂരിറ്റീസ് ഇന്ററസ്റ്റ് ആക്ട് എന്നതിന്റെ ചുരുക്ക പേരാണ് സര്‍ഫാസി നിയമം (SARFAESI).വായ്പ തിരിച്ചടക്കുന്നതില്‍ മൂന്നു ഗഡുക്കള്‍ തുടര്‍ച്ചയായി വീഴ്ചവരുത്തിയാല്‍ ഈടായി നല്‍കിയ വസ്തു ബാങ്കിന് നേരിട്ടു പിടിച്ചെടുക്കാനും വില്‍ക്കാനും നിയമം അധികാരം നല്‍കുന്നു.

Next Story

RELATED STORIES

Share it