Big stories

സിദ്ദീഖ് കാപ്പന്റെ മോചനം: ഇടപെടാന്‍ പരിമിതിയുണ്ടെന്ന് മുഖ്യമന്ത്രി

മോചനത്തിനായി ഇടപെടണമെന്ന് സിദ്ദീഖ് കാപ്പന്റെ ഭാര്യ റെയ്ഹാനത്ത് നേരത്തെ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചിരുന്നു. സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സിദ്ദീഖ് കാപ്പന്റെ കുടുംബം ഇന്ന് സെക്രട്ടറിയേറ്റ് പടിക്കലില്‍ ധര്‍ണ നടത്തുന്നുണ്ട്.

സിദ്ദീഖ് കാപ്പന്റെ മോചനം: ഇടപെടാന്‍ പരിമിതിയുണ്ടെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: ഉത്തര്‍പ്രദേശിലെ ഹാഥറസില്‍ വാര്‍ത്തശേഖരിക്കാന്‍ പോകവെ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ മോചന വിഷയത്തില്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പി ഉബൈദുല്ല എംഎല്‍എയാണ് ചോദ്യോത്തര വേളയില്‍ വിഷയം സഭയുടെ ശ്രദ്ധയില്‍പെടുത്തിയത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാധാരണ നിയമനടപടികള്‍ക്ക് വിരുദ്ധമായ കാര്യങ്ങള്‍ നടക്കുന്നുണ്ട്. യുപിയിലെ ജയിലില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ അനുഭവിക്കുന്ന കാര്യങ്ങള്‍ ഉബൈദുല്ല ചൂണ്ടിക്കാട്ടി.

എന്നാല്‍, ഇക്കാര്യത്തില്‍ ഇടപെടാന്‍ സര്‍ക്കാറിന് വളരെയധികം പരിമിതിയുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നിയമനപടികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ബന്ധപ്പെട്ടവര്‍ എത്തിച്ച് കൊടുക്കണം. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന് ഇടപെടുന്നതില്‍ അങ്ങേയറ്റത്തെ പരിമിതിയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മോചനത്തിനായി ഇടപെടണമെന്ന് സിദ്ദീഖ് കാപ്പന്റെ ഭാര്യ റെയ്ഹാനത്ത് നേരത്തെ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചിരുന്നു. സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സിദ്ദീഖ് കാപ്പന്റെ കുടുംബം ഇന്ന് സെക്രട്ടറിയേറ്റ് പടിക്കലില്‍ ധര്‍ണ നടത്തുന്നുണ്ട്. വിദേശ രാജ്യങ്ങളില്‍ ജയിലില്‍ കഴിയുന്നവരുടെ കാര്യത്തില്‍ പോലും ഇടപ്പെട്ട മുഖ്യമന്ത്രിക്ക് മറ്റൊരു സംസ്ഥാനത്ത് അന്യായമായി ജയിലില്‍ കഴിയുന്ന സിദ്ദീഖ് കാപ്പന്റെ വിഷയത്തില്‍ ഇടപെടാന്‍ കഴിയില്ല എന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് റെയ്ഹാനത്ത് പറഞ്ഞു.

ഒക്‌ടോബര്‍ അഞ്ചിന് ഹാഥറസിലേക്ക് പോകവെയാണ് സിദ്ദീഖ് കാപ്പനെ യുപി പോലിസ് അറസ്റ്റ് ചെയ്തത്. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് നേരത്തേ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിന് മറ്റൊരു സംസ്ഥാനത്തെ കേസായതിനാല്‍ ഇടപെടാനാവില്ലെന്ന മറുപടിയാണ് എഡിജിപിയില്‍നിന്ന് ലഭിച്ചത്. ഇതേ നിലപാടാണ് മുഖ്യമന്ത്രി നിയമസഭയില്‍ ആവര്‍ത്തിച്ചത്.

Next Story

RELATED STORIES

Share it