Big stories

സൈനിക നീക്കം: കശ്മീരില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നുവെന്ന് കോണ്‍ഗ്രസ്

35,000 സൈനികരെ ജമ്മു കശ്മീരില്‍ വിന്യസിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് തങ്ങുന്ന അമര്‍നാഥ് തീര്‍ത്ഥാടകരോടും വിനോദസഞ്ചാരികളോടും എത്രയും പെട്ടെന്ന് മടങ്ങി പോകാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

സൈനിക നീക്കം:  കശ്മീരില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നുവെന്ന് കോണ്‍ഗ്രസ്
X

ന്യൂഡല്‍ഹി: സൈനിക വിന്യാസം നടത്തി കശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ അരക്ഷിതാവസ്ഥയും ഭയവും സൃഷ്ടിക്കുകയാണെന്ന് കോണ്‍ഗ്രസ്സ്. ജമ്മു കശ്മീരിന് നല്‍കുന്ന ഭരണഘടനാ പരിരക്ഷ തുടരണം എന്നും ദില്ലിയില്‍ മുന്‍ പ്രധാനമന്തി മന്‍മോഹന്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതൃയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

അതേസമയം, ഭീകരാക്രമണ സാധ്യതയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കൊന്നും ആരും ഉത്തരം നല്‍കുന്നില്ലെന്ന് വ്യക്തമാക്കി കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള രംഗത്തെത്തി. കശ്മീരില്‍ ഹോസ്റ്റലുകള്‍ ഒഴിപ്പിക്കുന്നു എന്ന് ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു. ഗുല്‍ബര്‍ഗില്‍ ബസുകള്‍ എത്തിച്ച് താമസക്കാരെ ഒഴിപ്പിക്കുന്നു എന്നും ഒമര്‍ വിവരിച്ചു. 'എനിക്കൊരുപാട് ചോദ്യങ്ങളുണ്ട്, എന്നാല്‍ ഒന്നിനും ഒരു ഉത്തരവുമില്ല, ജമ്മു കശ്മീര്‍ സര്‍ക്കാരില്‍ നിര്‍ണായക സ്ഥാനം വഹിക്കുന്ന പലരെയും ഞാനിന്ന് കണ്ടു, ആറ് വര്‍ഷം സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന എന്നോട് സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ഒരക്ഷരം മിണ്ടാന്‍ അവര്‍ക്ക് പറ്റിയില്ല, സാധാരണക്കാരായ കശ്മീരികളുടെ അവസ്ഥ എന്തായിരിക്കുമെന്ന് ഒന്നു ആലോചിച്ചു നോക്കൂ, ഭീതി പരത്തുന്നു എന്ന് ഞങ്ങളെ കുറ്റപ്പെടുത്താന്‍ എളുപ്പമാണ്, പക്ഷേ ആളുകളോട് ഒരക്ഷരം മിണ്ടാതെ ജമ്മു കശ്മീരിനൊപ്പം പഞ്ചാബിലും അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്, കശ്മീരില്‍ ഹോസ്റ്റലുകള്‍ ഒഴിപ്പിക്കുന്നു, ഗുല്‍ബര്‍ഗില്‍ ബസുകള്‍ എത്തിച്ച് താമസക്കാരെ ഒഴിപ്പിക്കുന്നു ഇതായിരുന്നു ട്വിറ്ററിലൂടെയുള്ള ഒമറിന്റെ പ്രതികരണം.

35,000 സൈനികരെ ജമ്മു കശ്മീരില്‍ വിന്യസിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് തങ്ങുന്ന അമര്‍നാഥ് തീര്‍ത്ഥാടകരോടും വിനോദസഞ്ചാരികളോടും എത്രയും പെട്ടെന്ന് മടങ്ങി പോകാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി അഭ്യന്തര സെക്രട്ടറി പുറത്തുവിട്ട ഉത്തരവിലാണ് സുരക്ഷകാരണങ്ങള്‍ മുന്‍നിര്‍ത്തി സംസ്ഥാന വിടാന്‍ സഞ്ചാരികളോടും തീര്‍ത്ഥാടകരോടും ആവശ്യപ്പെട്ടിരിക്കുന്നത്.

അമര്‍നാഥ് തീര്‍ത്ഥാടകരെ ലക്ഷ്യം വച്ച് പാകിസ്ഥാന്‍ തീവ്രവാദികള്‍ ആക്രമണങ്ങള്‍ നടത്താന്‍ ശ്രമിക്കുന്നുവെന്ന് സുരക്ഷാസേന തലവന്‍മാര്‍ വാര്‍ത്ത സമ്മേളനം നടത്തി അറിയിച്ചതിന് പിന്നാലെയാണ് അസാധാരണമായ ഉത്തരവ് ജമ്മു കശ്മീര്‍ അഭ്യന്തര സെക്രട്ടറിയുടേതായി പുറത്തു വന്നിരിക്കുന്നത്. അമര്‍നാഥ് തീര്‍ത്ഥാടക പാതയില്‍ നിന്ന് എം 24 സ്‌നൈപ്പര്‍ ഗണും പാകിസ്ഥാന്‍ നിര്‍മ്മിത മൈനുകളും ഇന്ത്യന്‍ സൈന്യം കണ്ടെത്തിയിരുന്നു.

Next Story

RELATED STORIES

Share it