Big stories

കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 17ന്

കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 17ന്
X

ന്യൂഡല്‍ഹി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 17 ന് നടത്താന്‍ തീരുമാനമായി. കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ടെങ്കില്‍ ഒക്ടോബര്‍ 8 ന് സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിക്കും. 16 ആം തിയ്യതി വരെ സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രചാരണം നടത്താം. വോട്ടെണ്ണല്‍ ആവശ്യമെങ്കില്‍ 19 ന് നടത്താനാണ് തീരുമാനം.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഷെഡ്യൂള്‍:

സെപ്തംബര്‍ 22: വിജ്ഞാപനം പുറപ്പെടുവിക്കും

സെപ്തംബര്‍ 24-സെപ്തംബര്‍ 30: നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന തീയതി

ഒക്ടോബര്‍ 1: സൂക്ഷ്മപരിശോധന തീയതി

ഒക്ടോബര്‍ 8: പിന്‍വലിക്കലിന്റെ അവസാന വിധി

ഒക്ടോബര്‍ 17: തിരഞ്ഞെടുപ്പ് ദിവസം

ഒക്ടോബര്‍ 19: വോട്ടെണ്ണലിന്റെയും ഫലപ്രഖ്യാപനത്തിന്റെയും തീയതി (ആവശ്യമെങ്കില്‍)

ഈ വര്‍ഷം ഓഗസ്റ്റ് 21 നും സെപ്തംബര്‍ 20 നും ഇടയില്‍ പുതിയ പാര്‍ട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കുമെന്ന് കോണ്‍ഗ്രസ് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പ്രഖ്യാപിച്ചിരുന്നു. 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചത്.

ഇടക്കാല അധ്യക്ഷയായി വീണ്ടും പാര്‍ട്ടിയുടെ അധികാരം ഏറ്റെടുത്ത സോണിയ ഗാന്ധി, ജി23 എന്നറിയപ്പെടുന്ന ഒരു വിഭാഗം നേതാക്കളുടെ തുറന്ന കലാപത്തെത്തുടര്‍ന്ന് 2020 ആഗസ്തില്‍ രാജിവയ്ക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നുവെങ്കിലും തുടരാന്‍ സിഡബ്ല്യുസി അവരെ പ്രേരിപ്പിച്ചിരുന്നു.

നേരത്തെ സപ്തംബര്‍ 20 ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്താനായിരുന്നു തീരുമാനം. വിദേശത്തുള്ള സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ വിര്‍ച്വലായി ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തിലാണ് തിരഞ്ഞെടുപ്പ് തിയ്യതി നീട്ടി വെക്കാന്‍ തീരുമാനമായത്.

സോണിയാഗാന്ധിക്കൊപ്പം പ്രിയങ്കാ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരും വിദേശത്ത് നിന്നും യോഗത്തില്‍ ചേര്‍ന്നു. മറ്റ് ജനറല്‍ സെക്രട്ടറിമാര്‍, എഐസിസി ആസ്ഥാനത്ത് വെച്ചാണ് യോഗത്തില്‍ പങ്കെടുത്തത്. രാഹുല്‍ ഗാന്ധിക്കെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ഗുലാംനബി ആസാദ് പാര്‍ട്ടി വിട്ട ശേഷം ചേര്‍ന്ന യോഗം വെറും പതിനഞ്ച് മിനിറ്റ് മാത്രമാണുണ്ടായത്. ഗുലാംനബി ആസാദിന്റെ രാജിയോ രാഹുലിനെതിരായി ആസാദ് അയച്ച കത്തോ യോഗത്തില്‍ ചര്‍ച്ചക്ക് വന്നിട്ടില്ല. ഗാന്ധി കുടുംബം പ്രസിഡന്റ് സ്ഥാനത്തേക്ക് വരുമോ എന്നതും ഇന്നത്തെ യോഗം ചര്‍ച്ച ചെയ്തിട്ടില്ല. രാഹുല്‍ ഗാന്ധി അധ്യക്ഷനാകണമെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന ഖര്‍ഗെ യോഗത്തിനു മുന്നോടിയായി ആവശ്യപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it