Big stories

ജാഗ്രതൈ...; ഫോണിലും കറന്‍സിയിലും കൊറോണ വൈറസിനു 28 ദിവസത്തോളം നിലനില്‍ക്കാനാവും

ജാഗ്രതൈ...; ഫോണിലും കറന്‍സിയിലും കൊറോണ വൈറസിനു 28 ദിവസത്തോളം നിലനില്‍ക്കാനാവും
X
ബ്രിസ്ബെയ്ന്‍: ലോകത്തെ വേട്ടയാടുന്ന കൊവിഡ് മഹാമാരിയെ കുറിച്ച് ആശങ്കയുണര്‍ത്തുന്ന പുതിയ പഠന റിപോര്‍ട്ട് പുറത്തുവന്നു. മൊബൈല്‍ ഫോണ്‍, കറന്‍സി തുടങ്ങിയ വസ്തുക്കളുടെ ഉപരിതലത്തില്‍ കൊറോണ വൈറസിന് 28 ദിവസം വരെ നിലനില്‍ക്കാന്‍ സാധിക്കുമെന്നാണ് ആസ്ത്രേലിയയിലെ നാഷനല്‍ സയന്‍സ് ഏജന്‍സി(സിഎസ്ഐആര്‍ഒ)ന്റെ കണ്ടെത്തല്‍. മുന്‍ പഠനങ്ങളില്‍ നിന്നു വ്യത്യസ്തമായാണ്, വൈറസിന് ഇത്രയും ദീര്‍ഘകാലം അതിജീവിക്കാനാവുമെന്ന് കണ്ടെത്തുന്നത്. മൊബൈല്‍ ഫോണ്‍ സ്‌ക്രീന്‍ ഗ്ലാസ്, സ്റ്റീല്‍, പ്ലാസ്റ്റിക്, ബാങ്ക് നോട്ടുകള്‍ തുടങ്ങിയവയുടെ ഉപരിതലത്തില്‍ 20 ഡിഗ്രി സെല്‍ഷ്യസില്‍ വൈറസ് 28 ദിവസം വരെ നിലനില്‍ക്കുമെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. 30 ഡിഗ്രി സെല്‍ഷ്യസിലെത്തിയാല്‍ വൈറസിന്റെ അതിജീവനം ഏഴുദിവസമായും 40 ഡിഗ്രി സെല്‍ഷ്യസില്‍ അത് 24 മണിക്കൂര്‍ ആയും ചുരുങ്ങുമെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കൊറോണ വൈറസിന് ഒരു വസ്തുവിന്റെ ഉപരിതലത്തില്‍ എത്രനേരം നിലനില്‍ക്കാനാവുമെന്ന് കണ്ടെത്താനായി സിഎസ്ഐആര്‍ഒയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഇതിനായി ഇരുട്ടില്‍ മൂന്നുതാപനിലകളിലാണ് പരീക്ഷണം നടത്തിയത്. ചൂട് കൂടുന്നതിന് അനുസരിച്ച് വൈറസിന്റെ അതിജീവന നിരക്ക് കുറഞ്ഞുവരുന്നതായും ഗവേഷകര്‍ പറയുന്നു. കോട്ടണ്‍ പോലുളള വസ്തുക്കളുടെ പ്രതലങ്ങളില്‍ വൈറസ് അനുകൂല താപനിലയില്‍ 14 ദിവസം വരെ നിലനില്‍ക്കുമ്പോള്‍ ചൂടുകൂടുന്നതിന് അനുസരിച്ച് ഇത് 16 മണിക്കൂറിലേക്ക് കുറയുകയും ചെയ്യും.

എന്നാല്‍, ഇത്തരത്തില്‍ നിലനില്‍ക്കുന്ന വൈറസ് അണുബാധയുണ്ടാവാന്‍ കാരണമാവുമെന്ന് പറയാനാവില്ലെന്നാണ് ആസ്‌ത്രേലിയന്‍ സെന്റര്‍ ഫോര്‍ ഡീസിസസ് പ്രിപ്പയേഡ്നെസ് ഡയറക്ടര്‍ ട്രെവര്‍ ഡ്ര്യൂ പറയുന്നത്. എന്നാല്‍, ഇത്തരം വസ്തുക്കളെ അശ്രദ്ധയോടെ കൈകാര്യം ചെയ്യുകയോ ഇവ തൊട്ടശേഷം കണ്ണിലോ, മൂക്കിലോ, വായിലോ അതേ കൈകള്‍ കൊണ്ട് തൊട്ടാല്‍ വൈറസ് ബാധയുണ്ടാവാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വൈറസ് പ്രാഥമികമായി വായുവിലൂടെയാണ് പകരുന്നതെന്നും ഉപരിതലത്തിലൂടെ പകരുന്നത് സംബന്ധിച്ച് കൂടുതല്‍ വ്യക്തതയ്ക്കു വേണ്ടി കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും സിഎസ് ഐആര്‍ഒ വ്യക്തമാക്കി.

Coronavirus "Extremely Robust" For 28 Days On Glass, Currency: Study




Next Story

RELATED STORIES

Share it