Big stories

ലോക്ക് ഡൗണിനിടയിലും ഹിന്ദുത്വ അജണ്ടയുമായി കേന്ദ്രം; 'രാമായണം' സീരിയല്‍ വീണ്ടും ദൂരദര്‍ശനില്‍

ലോക്ക് ഡൗണിനിടയിലും ഹിന്ദുത്വ അജണ്ടയുമായി കേന്ദ്രം; രാമായണം സീരിയല്‍ വീണ്ടും ദൂരദര്‍ശനില്‍
X

ന്യൂഡല്‍ഹി: കൊറോണ മഹാമാരിയില്‍ ലോകമാകെ വിറങ്ങലിച്ചുനില്‍ക്കുകയും രാജ്യത്ത് മൂന്നാഴ്ച സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തപ്പോള്‍ തങ്ങളുടെ ഹിന്ദുത്വ അജണ്ടയുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ക്കുന്നതിലേക്ക് നയിച്ച, രാമന്‍ ജനിച്ചത് അയോധ്യലെ ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്താണെന്ന സംഘപരിവാര ഗൂഢനീക്കങ്ങള്‍ സാധാരണക്കാരിലേക്ക് എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചുവെന്ന് നിരവധി വിദഗ്ധര്‍ വിലയിരുത്തിയ രാമായണം സീരിയല്‍ ദുരദര്‍ശനിലൂടെ വീണ്ടും പ്രക്ഷേപണം ചെയ്യാനാണു തീരുമാനം. കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ജനങ്ങളുടെ നിരന്തരമായ ആവശ്യപ്രകാരമാണ് പ്രസാര്‍ഭാരതിയിലൂടെ രാമായണം, മഹാഭാരതം തുടങ്ങിയ സീരിയലുകള്‍ സംപ്രേഷണം ചെയ്യുന്നതെന്നാണ് വാദം. ശനിയാഴ്ച രാവിലെ 9 മുതല്‍ 10 വരെയും രാത്രി 9 മുതല്‍ 10 വരെയും ഡിഡി നാഷനലിലാണ് രാമായണം സീരിയല്‍ സംപ്രേഷണം ചെയ്യുക. ലോക്ക് ഡൗണ്‍ കാലം ആനന്ദകരമാക്കാനാണ് ഇത്തരമൊരു തീരുമാനമെന്നാണ് കേന്ദ്രമമന്ത്രിയുടെ വിശദീകരണം.


നേരത്തെ തന്നെ പ്രസര്‍ഭാരതി രാമായണം പ്രക്ഷേപണം ചെയ്യുമെന്ന സൂചന നല്‍കിയിരുന്നു. ദേശീയ മാധ്യമമായ എന്‍ഡിടിവിയുടെ പൊളിറ്റിക്കല്‍ എഡിറ്റര്‍ അഖിലേഷ് ശര്‍മയുടെ ട്വീറ്റിന് പ്രസാര്‍ഭാരതി സിഇഒ ശശി ശേഖര്‍ തന്നെ ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണെന്ന് സൂചിപ്പിച്ചിരുന്നു. എന്നാല്‍, കൊറോണക്കാലത്തെ ലോക്ക്ഡൗണ്‍ കൂട്ടുപിടിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോഴിത് പ്രാബല്യത്തില്‍ വരുത്തുന്നത്.

ഇന്ത്യ സമ്പൂര്‍ണമായി നിലച്ചതോടെ, 1980-90 കാലഘട്ടത്തില്‍ രാമാനന്ദ് സാഗറിന്റെ ഇതിഹാസ സീരിയലായ രാമായണവും ബി ആര്‍ ചോപ്രയുടെ മഹാഭാരതവും എങ്ങനെയാണ് ജനപ്രിയമായതെന്ന് ആളുകള്‍ സംസാരിച്ചു തുടങ്ങി. നിരവധി ഉപഭോക്താക്കള്‍ ഞായറാഴ്ച രാവിലെ സീരിയല്‍ പ്രക്ഷേപണം ചെയ്യുന്നതിനെ കുറിച്ച് സംസാരിച്ചു. കൊറോണ വൈറസ് വ്യാപന കാലഘട്ടത്തില്‍ പുരാണ പരമ്പരകള്‍ കാണുന്നത് സമ്മര്‍ദ്ദം കുറയ്ക്കുമെന്നാണ് അവരുടെ അഭിപ്രായം. ലോക്ക്ഡൗണ്‍ കാലത്തെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും ഇത് കാരണമാവുമെന്നാണ് കരുതുന്നതെന്നും മന്ത്രി ട്വീറ്റ് ചെയ്ത്.



രാമനന്ദ് സാഗര്‍ സംവിധാനം ചെയ്ത രാമായണത്തില്‍ അരുണ്‍ ഗോവില്‍ രാമനായും ദീപിക ചിഖാലിയ സീതയായും സുനില്‍ ലഹ്രി ലക്ഷ്മണായും അഭിനയിച്ചു. ഹനുമാനായി പരേതനായ ദാര സിങ്, രാവണനായി അരവിന്ദ് ത്രിവേദി എന്നിവരാണ് വേഷമിട്ടത്. 1987 ജനുവരി 25 മുതല്‍ 1988 ജൂലൈ 31 വരെയാണ് നേരത്തെ രാമായണം സീരിയല്‍ ദൂരദര്‍ശനില്‍ പ്രക്ഷേപണം ചെയ്തത്. ബിആര്‍ ചോപ്ര സംവിധാനം ചെയ്ത മഹാഭാരതത്തില്‍ ഗജേന്ദ്ര ചൗഹാന്‍, പ്രവീണ്‍ കുമാര്‍, അര്‍ജുന്‍, സമീര്‍ ചിത്രെ, പാണ്ഡവരായി സഞ്ജീവ് ചിത്രെ, ദ്രൂപാഡിയായി രൂപാ ഗംഗുലി, കൃഷ്ണനായി നിതീഷ് ഭരദ്വാജ് എന്നിവരാണ് വേഷമിട്ടത്. 1988 ഒക്ടോബര്‍ 2 മുതല്‍ 1990 ജൂണ്‍ 24 വരെയാണ് മഹാഭാരണം ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തത്.

ബാബരി മസ്ജിദ് ഭൂമി തര്‍ക്ക കേസില്‍ സുപ്രിംകോടതിയുടെ അഞ്ചംഗ ബെഞ്ച് രാമക്ഷേത്രത്തിന് അനുകൂലമായി വിധി പ്രസ്താവിക്കുകയും ട്രസ്റ്റ് രൂപീകരിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. തെളിവുകളെല്ലാം എതിരായിട്ടും ബാബരി ഭൂമി രാമക്ഷേത്ര നിര്‍മാണത്തിന് വിട്ടുകൊടുത്ത സുപ്രിംകോടതി വിധി വന്‍ വിമര്‍ശനത്തിനിടയാക്കിയിരുന്നു. അതിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ പിന്നിടും മുമ്പ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും സന്ന്യാസിമാരുമടങ്ങുന്ന സംഘം അയോധ്യയിലെത്തി രാമവിഗ്രഹം മാറ്റുന്ന, ക്ഷേത്ര നിര്‍മാണത്തിന്റെ പ്രഥമപ്രവൃത്തി നടത്തിയത് ഏറെ വിവാദമായിരുന്നു.

.


Next Story

RELATED STORIES

Share it