Big stories

രാജ്യത്ത് കൊറോണ മരണം മൂന്നായി; കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്രം -മഹാരാഷ്ട്രയില്‍ 39; കേരളത്തില്‍ 24

വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യവ്യാപക നിയന്ത്രണം ഏര്‍പ്പെടുത്തി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും (സ്‌കൂളുകള്‍, സര്‍വകലാശാലകള്‍), ജിമ്മുകള്‍, മ്യൂസിയങ്ങള്‍, സാംസ്‌കാരിക, സാമൂഹിക കേന്ദ്രങ്ങള്‍, സ്വിമ്മിങ് പൂളുകള്‍ , തിയേറ്ററുകള്‍ എന്നിവ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

രാജ്യത്ത് കൊറോണ മരണം മൂന്നായി; കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്രം  -മഹാരാഷ്ട്രയില്‍ 39; കേരളത്തില്‍ 24
X

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ മരണം മൂന്നായി. മഹാരാഷ്ട്രയിലാണ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന രോഗിയാണ് മരിച്ചത്. മുംബൈയിലെ കസ്തൂര്‍ബാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 64കാരനാണ് മരിച്ചത്. ദുബായിലേക്ക് യാത്ര ചെയ്ത് തിരിച്ചുവന്ന ശേഷമാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 125 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടനുസരിച്ചുള്ള കണക്കാണിത്. രോഗം പടരുന്നത് തടയാന്‍ കേന്ദ്ര സര്‍ക്കാരും വിവിധ സംസ്ഥാന സര്‍ക്കാരുകളും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിവരികയാണ്.

രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ച 125 പേരില്‍ 22 പേര്‍ വിദേശികളാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ഉള്ളത്. 39 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 24 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച കേരളമാണ് രണ്ടാം സ്ഥാനത്ത്. ഇതില്‍ രണ്ടു പേര്‍ വിദേശികളാണ്. തിങ്കളാഴ്ച പുതുതായി മൂന്ന് പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ 15 സംസ്ഥാനങ്ങളില്‍ ഇതുവരെ കൊറോണ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യവ്യാപക നിയന്ത്രണം ഏര്‍പ്പെടുത്തി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും (സ്‌കൂളുകള്‍, സര്‍വകലാശാലകള്‍), ജിമ്മുകള്‍, മ്യൂസിയങ്ങള്‍, സാംസ്‌കാരിക, സാമൂഹിക കേന്ദ്രങ്ങള്‍, സ്വിമ്മിങ് പൂളുകള്‍ , തിയേറ്ററുകള്‍ എന്നിവ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. വിദ്യാര്‍ഥികള്‍ക്ക് വീട്ടില്‍ തന്നെ തുടരാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ താജ്മഹല്‍ ഉള്‍പ്പെടെ രാജ്യത്തൊട്ടാകെയുള്ള എല്ലാ സംരക്ഷിത സ്മാരകങ്ങളും കേന്ദ്ര മ്യൂസിയങ്ങളും അടച്ചിടും.മാര്‍ച്ച് 31വരെയാണ് അടച്ചിടുകയെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രി പ്രഹ്ലാദ് പട്ടേല്‍ അറിയിച്ചു.

കൊറോണ സംബന്ധിച്ച മന്ത്രിമാരുടെ ഉന്നതതല യോഗം തിങ്കളാഴ്ച നടന്നതിന് ശേഷമാണ് ഏറ്റവും പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ഒരു പ്രതിരോധ തന്ത്രമെന്ന നിലയില്‍ സാമൂഹിക അകലം പാലിക്കുന്നതിനുള്ള ഒരു കൂട്ടം നടപടികള്‍ നടപ്പാക്കണമെന്ന് യോഗത്തില്‍ തീരുമാനിച്ചു. മാര്‍ച്ച് അവസാനം വരെ താജ്മഹല്‍ അടച്ചിടാന്‍ ഉത്തരവിടണമെന്നാണ് ആഗ്രയുടെ മേയര്‍ നവീന്‍ ജയിന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. സ്മാരകങ്ങളിലും മ്യൂസിയങ്ങളിലും നിരവധി ആളുകള്‍ വന്ന് പോകുന്നതിനാല്‍ രോഗം പടര്‍ന്നുപിടിക്കാന്‍ സാഹചര്യം കൂടുതലാണ്, അതുകൊണ്ട് അവ അടച്ചുപൂട്ടേണ്ടത് അനിവാര്യമാണെന്നും സാംസ്‌കാരിക മന്ത്രാലയം അധികൃതര്‍ പറഞ്ഞു.

കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും യാത്ര നിയന്ത്രണം ഇറക്കി. മലേഷ്യ, ഫിലിപ്പീന്‍സ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് വിലക്ക്. മാര്‍ച്ച് 31വരെ ഇന്ത്യക്കാര്‍ ഉള്‍പ്പടെ ആര്‍ക്കും യാത്ര നടത്താനാകില്ല.

Next Story

RELATED STORIES

Share it