Big stories

ആശങ്കയുടെ ദിനം; ഇന്ന് 26 പേര്‍ക്ക് കൊവിഡ്

പൊസിറ്റീവായ 14 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. ഏഴ് പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്.

ആശങ്കയുടെ ദിനം;    ഇന്ന് 26 പേര്‍ക്ക് കൊവിഡ്
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 26 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട് 10, മലപ്പുറം 5, പാലക്കാട്, വയനാട് മൂന്ന് വീതം, കണ്ണൂര്‍ രണ്ട്, പത്തനംതിട്ട, ഇടുക്കി കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെയാണ് രോഗബാധിതരുടെ കണക്കുകള്‍. മൂന്ന് പേര്‍ക്ക് രോഗം ഭേദമായി. കൊല്ലത്ത് രണ്ടുപേരും കണ്ണൂരില്‍ ഒരാളും നെഗറ്റീവായി. പൊസിറ്റീവായ 14 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. ഏഴ് പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. ചെന്നൈ രണ്ട്, മുംബൈ നാല്, ബെംഗളൂരു ഒന്ന് എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുടെ കണക്കുകള്‍. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരാണ് ബാക്കിയുള്ളവര്‍.

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന്

ഇത് നാം നേരിടുന്ന വിപത്തിന്റെ സൂചന. പ്രതിസന്ധി അഭിമുഖീകരിക്കാനും മറികടക്കാനും കഴിയുമെന്ന ആത്മവിശ്വാസം ഉണ്ട്. ജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും എല്ലാ കരുത്തും ഉപയോഗിച്ച് ഇതിനെ അതിജീവിക്കും. ഇതുവരെ 560 പേര്‍ക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. 64 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 36362 പേര്‍ വീടുകളിലും 548 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് 174 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 40692 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. 39619 എണ്ണം നെഗറ്റീവാണ്. മുന്‍ഗണനാ വിഭാഗത്തിലെ 4347 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 4249 നെഗറ്റീവാണ്. ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 15 ആയി. കണ്ണൂരില്‍ മൂന്ന്, കാസര്‍കോട് മൂന്ന്. വയനാട് ഏഴ്, കോട്ടയം, തൃശ്ശൂര്‍ ഒന്ന് വീതം ഹോട്ട്‌സ്‌പോട്ടുകള്‍.

കൊറോണവൈറസ് ഒരിക്കലും ഇല്ലാതാവില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. വാക്‌സിന്റെ അഭാവത്തില്‍ എച്ച്‌ഐവിയെ പോലെ ലോകത്താകെ നിലനില്‍ക്കുന്ന വൈറസായി നോവല്‍ കൊറോണ നിലനില്‍ക്കാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ദ്ധര്‍ പറയുന്നു. സമൂഹത്തിന്റെ രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കല്‍, കൊവിഡ് 19 നെ ചികിത്സിച്ച് സുഖപ്പെടുത്തുന്ന സംവിധാനം യാഥാര്‍ത്ഥ്യമാക്കലും പ്രധാനമാണ്. പൊതുജനാരോഗ്യ സംവിധാനം അത്തരം ഇടപെടലില്‍ കേന്ദ്രീകരിക്കും. പൊതുസമൂഹം ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ ഉള്‍ക്കൊള്ളണം. മാസ്‌ക് പൊതുജീവിതത്തിന്റെ ഭാഗമാകണം. തിക്കും തിരക്കും ഉണ്ടാകാത്ത വിധം കച്ചവട സ്ഥാപനങ്ങളിലും ഗതാഗത സൗകര്യങ്ങളിലും ചന്തകളിലും ക്രമീകരണം വേണം.

അത്യാവശ്യ യാത്രകളും കൂടിച്ചേരലുകളും മാത്രം നടത്തുക. ആളുകളുടെ എണ്ണം ക്രമീകരിക്കുക. ഇതിന് വ്യക്തികളും കുടുംബങ്ങളും സ്വയമേ തയ്യാറാകണം. ഭക്ഷണശാലകളിലും ഷോപ്പിങ് സെന്ററുകളിലും മുന്‍കൂട്ടി സമയം നിശ്ചയിച്ച് ഉപഭോക്താക്കള്‍ക്ക് സമയം നല്‍കണം. ലോക്ക് ഡൗണ്‍ തുടര്‍ന്നാലും ഇല്ലെങ്കിലും ഇനിയുള്ള നാളുകള്‍ നാം കൊറോണയെ കരുതിയാവണം ജീവിക്കേണ്ടത്. കൊവിഡ് 19 മനുഷ്യജീവന്‍ കവര്‍ന്നെടുത്ത് വിനാശകരമായി മാറിയ സാഹചര്യമാണ് ചുറ്റിലും. ലോകത്തിന്റെ വിവിധ ഭാദങ്ങളില്‍ 124 മലയാളികള്‍ ഇതുവരെ മരിച്ചു. അവരുടെ വേര്‍പാട് വേദനാജനകമാണ്. ആരോഗ്യ സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നില്‍ക്കുന്നവരും രോഗത്തിന് കീഴടങ്ങി. എല്ലാവരുടെയും ബന്ധുക്കളുടെ ദുഖത്തില്‍ പങ്കുചേരുന്നു.

പ്രതിരോധ പ്രവര്‍ത്തനത്തില്‍ അതത് രാജ്യങ്ങളിലെ നിര്‍ദ്ദേശങ്ങള്‍ പ്രവാസികള്‍ വിട്ടുവീഴ്ചയില്ലാതെ പാലിക്കണം. നാട് ഒപ്പമുണ്ട്. വിദേശത്ത് നിന്നും വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെ വിമാനത്താവളങ്ങളിലും ചെക്‌പോസ്റ്റുകളിലും എത്തിയ ശേഷം വീടുകളിലേക്ക് പോവുന്നവരുടെ സൗകര്യരാര്‍ത്ഥം ജില്ലകളില്‍ 185 കേന്ദ്രങ്ങള്‍ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ സജ്ജീകരിച്ചു. ഈ കേന്ദ്രങ്ങളുടെ പട്ടിക ഹെല്‍പ്പ് ഡെസ്!ക്കുകളില്‍ ലഭിക്കും.

അതിര്‍ത്തിയില്‍ പണം വാങ്ങി ആളുകളെ കടത്തുന്നുവെന്ന പരാതിയുണ്ട്. കാസര്‍കോട് ഇതിന്റെ വാര്‍ത്ത വന്നു. പാസില്ലാതെ ആളെ കടത്തിവിട്ടുവെന്ന വാര്‍ത്തയും കണ്ടു. ഇതുണ്ടാക്കുന്ന അപകടമാണ് വാളയാറില്‍ കണ്ടത്. മെയ് എട്ടിന് ചെന്നൈയില്‍ നിന്ന് മിനി ബസില്‍ പുറപ്പെട്ട് ഒന്‍പതിന് രാത്രി വാളയാറില്‍ എത്തിയ മലപ്പുറം പള്ളിക്കല്‍ സ്വദേശിയായ 46 കാരന്‍ കൊവിഡ് ബാധിച്ച് പാലക്കാട് ജില്ലാശുപത്രിയില്‍ ചികിത്സയിലാണ്. കൂടെ ഉണ്ടായിരുന്ന ആളും നിരീക്ഷണത്തിലാണ്. മറ്റ് എട്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലാണ്. പരിശോധനയും രേഖയുമില്ലാതെ ആളുകളെത്തുന്നത് സംവിധാനത്തെ തകര്‍ക്കും. ഒരാള്‍ അങ്ങനെ വന്നാല്‍ സമൂഹം പ്രതിസന്ധിയിലാകും. ഇത് പറയുമ്പോള്‍ മറ്റ് തരത്തില്‍ ചിത്രീകരിക്കേണ്ടതില്ല. കര്‍ശനമായി നിര്‍ദ്ദേശം നടപ്പാക്കാന്‍ എല്ലാവര്‍ക്കും നിര്‍ദ്ദേശം നല്‍കി.

അനധികൃതമായി കടത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. വികാരമല്ല, വിചാരമാണ് എല്ലാവരെയും നയിക്കേണ്ടത്. ഛര്‍ദ്ദിയും ശാരീരിക അസ്വാസ്ഥ്യവും ഉണ്ടായതിനെ തുടര്‍ന്ന് ചെന്നൈയില്‍ നിന്ന് വന്നയാളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇയാളുമായി സമ്പര്‍ക്കത്തിലുണ്ടായ നഴ്‌സുമാരെ ആശുപത്രിയിലും പൊലീസുകാരെ വീടുകളിലും ക്വാറന്റൈനിലാക്കി. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊലീസിനും പ്രത്യേക പിന്തുണ നല്‍കേണ്ടതുണ്ട്. അവര്‍ക്ക് സൗകര്യങ്ങളൊരുക്കും.

വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ ജനങ്ങളെ കടത്തിവിടുന്നതുമായി ബന്ധപ്പെട്ട് പ്രശ്‌നമുണ്ടായിരുന്നു. അവിടെയുണ്ടായിരുന്ന 130 ഓളം യാത്രക്കാരെയും മാധ്യമപ്രവര്‍ത്തകരെയും പൊലീസിനെയും മറ്റ് നാട്ടുകാരെയും 14 ദിവസത്തേക്ക് വീടുകളില്‍ ക്വാറന്റൈനിലാക്കും. ഇവരില്‍ ലക്ഷണമുള്ളവരുടെ സ്രവം പരിശോധിക്കണം എന്നാണ് പാലക്കാട് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്. വാളയാറില്‍ പോയ ജനപ്രതിനിധികളടക്കമുള്ളവരെ ക്വാറന്റൈനിലാക്കിയ സാഹചര്യം ഒഴിവാക്കാമായിരുന്നു. രാഷ്ട്രീയ നാടകം കളിക്കേണ്ട ഘട്ടമല്ലിത്.

32 ദിവസം വയനാട് ഗ്രീന്‍ സോണിലായിരുന്നു. ഇടവേളക്ക് ശേഷമാണ് ഇവിടെ െ്രെഡവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ കോയമ്പേട് മാര്‍ക്കറ്റില്‍ പോയതിനാലാണ് സ്രവം പരിശോധിച്ചത്. ഇയാളില്‍ നിന്ന് പത്ത് പേര്‍ക്ക് രോഗബാധയുണ്ടായി. പലരും ഭീതിയിലാണ്. ഇവരുടെ കോണ്ടാക്ടിലുണ്ടായിരുന്ന ഒരാളില്‍ നിന്നാണ് മാനന്തവാടിയില്‍ മൂന്ന് പൊലീസുകാര്‍ക്ക് രോഗം വന്നത്. വയനാട് ജില്ലയില്‍ തൃപ്തികരമായ രോഗ പ്രതിരോധ പ്രവര്‍ത്തനം നടക്കുന്നുണ്ട്. അതിര്‍ത്തി ജില്ല ആയതിനാല്‍ കൂടുതല്‍ പ്രശ്‌നമുണ്ട്. ഡ്യൂട്ടിയിലുള്ള 1200 പൊലീസുകാരില്‍ മുന്നൂറ് പേര്‍ക്ക് ടെസ്റ്റ് നടത്തി. സിപിഒ മാര്‍ മുതല്‍ സംസ്ഥാന പൊലീസ് മേധാവി വരെ എല്ലാവരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കും. വിവിധ മേഖലയില്‍ പൊലീസിന്റെ പ്രവര്‍ത്തന ക്രമങ്ങളില്‍ മാറ്റം വരുത്തും. ഇത് സംബന്ധിച്ച് പൊലീസ് ഉന്നതതല സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

ദില്ലിയില്‍ നിന്നുള്ള ട്രെയിന്‍ നാളെ പുലര്‍ച്ചെ തിരുവനന്തപുരത്തെത്തും. മൂന്നിടത്ത് സ്‌റ്റോപ്പ്. യാത്രക്കാര്‍ സംസ്ഥാനത്തിന്റെ പാസിനായി കൊവിഡ് 19 വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ദില്ലിക്ക് പുറമെ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ നിന്ന് പ്രത്യേക ട്രെയിന്‍ ലഭ്യമാക്കാന്‍ ശ്രമിക്കുന്നു. മുംബൈ, കൊല്‍ക്കത്ത, അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ നിന്ന് നോണ്‍ സ്‌റ്റോപ്പ് ട്രെയിന്‍ വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

ചെറുകിട വ്യവസായികളെ സംബന്ധിച്ച് ലോക്ക് ഡൗണ്‍ വലിയ നഷ്ടമാണ്. രണ്ട് ആവശ്യങ്ങള്‍ അവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വായ്പയ്ക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം, പുതിയ വായ്പ എന്നീ ആവശ്യങ്ങളാണിത്. കേന്ദ്ര പാക്കേജിന്റെ വിശദാംശങ്ങളുടെ ഭാഗമായി രണ്ടാമത്തെ കാര്യമേ പരിഗണിച്ചിട്ടുള്ളൂ. അതും ബാങ്കുകള്‍ കനിയണം. മൊറട്ടോറിയം കാലത്ത് പലിശ ഒഴിവാക്കുക പ്രധാനമാണ്. അത് പരിഗണിച്ചിട്ടില്ല. അങ്ങനെ ചെയ്യുമ്പോള്‍ കേന്ദ്രത്തിന്റെ കൈയ്യില്‍ നിന്ന് തന്നെ പണം ചെലവിടണം. പാക്കേജില്‍ കേന്ദ്രത്തിന്റെ ബജറ്റില്‍ നിന്ന് ചെലവാക്കുന്നത് നാമമാത്രമായ തുക മാത്രമായിരിക്കും. ഈ സ്ഥിതിക്ക് മാറ്റം വരണം.

ബാങ്കുകള്‍ വായ്പ കൊടുക്കാന്‍ വിസമ്മതിക്കുന്നുണ്ട്. വാര്‍ത്തകള്‍ പ്രകാരം ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ പണമടച്ച് പലിശ നേടാനാണ് ശ്രമിക്കുന്നത്. എട്ടര ലക്ഷം കോടി ഇങ്ങനെ നിക്ഷേപിച്ചിട്ടുണ്ട്. വൈദ്യുതിയുടെ ഫിക്‌സഡ് ചാര്‍ജ് എഴുതി തള്ളാന്‍ കേന്ദ്ര സഹായം വേണം. ചെറുകിട മേഖലയിലെ തൊഴിലാളികള്‍ക്ക് ധനസഹായം നല്‍കണം. 15000 രൂപയില്‍ താഴെ ശമ്പളമുള്ളവര്‍ക്ക് പിഎഫ് എന്ന് നിബന്ധന നീക്കണം. വൈദ്യുതി കമ്പനികള്‍ക്ക് അനുവദിച്ച 90000 കോടിയുടെ സഹായത്തിന്റെ ഗ്യാരണ്ടി സംസ്ഥാനങ്ങള്‍ വഹിക്കേണ്ടി വരും. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ഇതുവരെ സഹായം പ്രഖ്യാപിച്ചിട്ടില്ല. ഈ സമീപനം തിരുത്തുമെന്ന് കേരള സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. കേന്ദ്ര ധനമന്ത്രി സംസ്ഥാന ധനമന്ത്രിമാരുമായി ചര്‍ച്ച നടത്തി സാമ്പത്തിക സഹായത്തിന് പദ്ധതിയൊരുക്കണം. വരുമാനമില്ല, ചിലവിരട്ടിച്ച ഘട്ടത്തില്‍ ഇത് അത്യാവശ്യം. നഷ്ടം ചെറുതല്ല. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്താല്‍ സര്‍ക്കാരിന്റെ വരുമാനത്തില്‍ 6051 കോടിയുടെ നഷ്ടം.

കേരളം സുരക്ഷിത നിക്ഷേപത്തിനുള്ള ഇടമായി മാറുകയാണ്. ഇത് കഴിഞ്ഞ ദിവസം സൂചിപ്പിച്ചു. നാടിന് അനുയോജ്യമായ വ്യവസായങ്ങളെ ആകര്‍ഷിക്കണം. വ്യാവസായിക അന്തരീക്ഷം മെച്ചപ്പെടുത്തണം. സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായുള്ള പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. 3431 കോടിയുടെ സഹായമാണ് ഈ പാക്കേജിലൂടെ വ്യവസായങ്ങള്‍ക്ക് ലഭ്യമാക്കും. കൊവിഡ് 19 ന്റെ പശ്ചാത്തലത്തിലുള്ളതാണ് പാക്കേജ്. നിലവില്‍ പ്രവര്‍ത്തിക്കുന്ന എംഎസ്എംഇകള്‍ക്കുള്ള അധിക വായ്പയ്ക്ക് പലിശ ഇളവും മാര്‍ജിന്‍ മണിയും അനുവദിക്കും. കെഎസ്‌ഐഡിസിയും കിന്‍ഫ്രയും വായ്പക്കുടിശിക ഒറ്റത്തവണ തീര്‍പ്പാക്കും. സംരംഭങ്ങള്‍ക്ക് വായ്പാ പലിശ തിരിച്ചടവിന് ആറ് മാസം സമയം നല്‍കും. വ്യവസായ പാര്‍ക്കുകളിലെ പൊതുസൗകര്യങ്ങള്‍ക്കായുള്ള വാടക മൂന്ന് മാസത്തേക്ക് ഒഴിവാക്കും. മൂലധനത്തിന് പ്രത്യേക വായ്പ അനുവദിക്കും. ഉല്‍പ്പാദന വ്യവസായങ്ങള്‍ക്ക് പലിശ സബ്‌സിഡി അനുവദിക്കും.

വികസനത്തിന് വേണ്ടിയുള്ള പലിശയ്ക്ക് ആറ് മാസത്തേക്ക് ആറ് ശതമാനം ഇളവ് നല്‍കും. കെഎസ്‌ഐഡിസി വായ്!പ ലഭിച്ചവര്‍ക്ക് പ്രത്യേക വായ്പ അനുവദിക്കും. പലിശയും മുതലും തിരിച്ചടക്കാന്‍ മൂന്ന് മാസത്തെ മൊറട്ടോറിയം അനുവദിക്കും. കെഎസ്‌ഐഡിസിയല്‍ നിന്ന് വായ്പയെടുത്തവരുടെ പിഴപ്പലിശ ആറ് മാസത്തേക്ക് ഒഴിവാക്കും. എംഎസ്എംഇകള്‍ക്ക് 50 ലക്ഷത്തിന് മുകളില്‍ കെഎസ്‌ഐഡിസി വായ്പ അനുവദിക്കും.കെഎസ്‌ഐഡിസി, കിന്‍ഫ്ര വ്യവസായ പാര്‍ക്കുകളിലെ സ്ഥലമെടുപ്പിന്റെ പാട്ട പ്രീമിയം കുറയ്ക്കും. സ്ത്രീക്കള്‍ക്കും യുവാക്കള്‍ക്കും പിന്നാക്ക വിഭാഗക്കാര്‍ക്കും 25 ശതമാനം മാര്‍ജിന്‍ മണി നല്‍കും.

Next Story

RELATED STORIES

Share it