Sub Lead

സിപിഎം നേതാവിന്റെ പ്രതിമ പൊളിച്ച സ്ഥലത്ത് ശ്രീരാമ പ്രതിമ സ്ഥാപിച്ചു

സിപിഎം നേതാവിന്റെ പ്രതിമ പൊളിച്ച സ്ഥലത്ത് ശ്രീരാമ പ്രതിമ സ്ഥാപിച്ചു
X

അഗര്‍ത്തല: ത്രിപുര മുന്‍ ഉപമുഖ്യമന്ത്രിയും സിപിഎം നേതാവുമായിരുന്ന ബൈദ്യനാഥ് മജൂംദാറുടെ പ്രതിമ പൊളിച്ച സ്ഥലത്ത് ഹിന്ദു ദൈവമായ ശ്രീരാമന്റെ പ്രതിമ സ്ഥാപിച്ചു. ത്രിപുരയിലെ ഉനകോടി ജില്ലയിലെ കൈലാഷഹറിലെ ശ്രീരാംപൂര്‍ ജങ്ഷനിലാണ് ശ്രീരാമന്റെ പ്രതിമ ചിലര്‍ സ്ഥാപിച്ചത്. ശ്രീരാമന്റെ പ്രതിമ ആചാരങ്ങള്‍ പാലിച്ച് മാറ്റി സ്ഥാപിക്കണമെന്നും ബൈദ്യനാഥിന്റെ പ്രതിമ പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ജിതേന്ദ്ര ചൗധുരി മുഖ്യമന്ത്രി മണിക് സാഹയ്ക്ക് കത്തെഴുതി.

'' എനിക്ക് രണ്ട് നിര്‍ദ്ദേശങ്ങളുണ്ട്. ജനകീയ നേതാവായ ബൈദ്യനാഥ് മജുംദാറിന്റെ പ്രതിമ അതേ സ്ഥലത്ത് തന്നെ യാതൊരു ബുദ്ധിമുട്ടും കൂടാതെ പുന:സ്ഥാപിക്കുന്നതിന് ആവശ്യമായ ഭരണപരമായ സഹായം നല്‍കണം. ശ്രീരാമ ഭഗവാന്റെ വിഗ്രഹം യഥാര്‍ത്ഥ സ്ഥലത്ത് പൂര്‍ണ്ണ അന്തസ്സോടെ സ്ഥാപിക്കുന്നതിന് ഭരണപരമായ ക്രമീകരണം നടത്തണം.''-ജിതേന്ദ്ര ചൗധുരിയുടെ കത്ത് പറയുന്നു.

സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണി ത്രിപുര ഭരിക്കുന്ന 2012ലാണ് ബൈദ്യനാഥ് മജൂംദാറുടെ പ്രതിമ സ്ഥാപിച്ചത്. 2018ല്‍ ഇടതുമുന്നണിയെ തോല്‍പ്പിച്ച് ബിജെപി സഖ്യം അധികാരത്തില്‍ എത്തി. ബിജെപി ജയിച്ച് ഉടന്‍ തന്നെ ഹിന്ദുത്വര്‍ ബൈദ്യനാഥിന്റെ പ്രതിമ തകര്‍ത്തു.


ആ സ്ഥലത്ത് തന്നെ ബൈദ്യനാഥിന്റെ മറ്റൊരു പ്രതിമ സ്ഥാപിക്കാമെന്ന് മുഖ്യമന്ത്രിയായിരുന്ന ബിപ്ലവ് കുമാര്‍ ദേബ് സിപിഎമ്മിന് ഉറപ്പുനല്‍കിയിരുന്നു. അങ്ങനെ പുതിയ പ്രതിമയുടെ പണി പൂര്‍ത്തിയാക്കി സ്ഥാപിക്കാന്‍ ഒരുങ്ങുമ്പോഴാണ് ശ്രീരാമന്റെ പ്രതിമ ഹിന്ദുത്വര്‍ സ്ഥാപിച്ചത്.

ത്രിപുരയിലെ പ്രധാന കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ ഒരാളായിരുന്നു ബൈദ്യനാഥ് മജൂംദാര്‍. ബ്രിട്ടീഷ് ഭരണകാലത്ത് നിരവധി വര്‍ഷങ്ങള്‍ ജയിലില്‍ കിടന്നിട്ടുണ്ട്. 2011 ജൂണിലാണ് ബൈദ്യനാഥ് അന്തരിച്ചത്.


Next Story

RELATED STORIES

Share it