Big stories

വൈറസ് വ്യാപന നിരക്കില്‍ കേരളം മുന്നില്‍; ഒരാഴ്ച്ചക്കുള്ളില്‍ 35,000 കേസുകള്‍

കേസുകളുടെ നിലവിലെ വളര്‍ച്ചാ നിരക്ക് പ്രതിദിനം 3.51 ശതമാനമാണ്. ഇത് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്.

വൈറസ് വ്യാപന നിരക്കില്‍ കേരളം മുന്നില്‍; ഒരാഴ്ച്ചക്കുള്ളില്‍ 35,000 കേസുകള്‍
X

തിരുവനന്തപുരം: മൂന്ന് ദിവസത്തിനുള്ളില്‍ 18000ല്‍ അധികം പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ വൈറസ് അതിവേഗം പടരുന്ന സംസ്ഥാനമായി കേരളം മാറി.

മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം കുറവാണെങ്കിലും കഴിഞ്ഞ രണ്ടാഴ്ചയായി പുതിയ കേസുകളുടെ നിരക്കില്‍ കേരളം മുന്നിലാണ്.

കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ സംസ്ഥാനത്ത് 35,000 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 1.61 ലക്ഷമായി. കേസുകളുടെ നിലവിലെ വളര്‍ച്ചാ നിരക്ക് പ്രതിദിനം 3.51 ശതമാനമാണ്. ഇത് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. ദേശീയ നിരക്ക് പ്രതിദിനം 1.53 ശതമാനമാണ്. ഇതിന്റെ ഇരട്ടിയോളം വരും കേരളത്തിലെ വൈറസ് വ്യാപന നിരക്ക്.

നിലവില്‍ 49,000 ത്തോളം സജീവ കേസുകളും കേരളത്തിലുണ്ട്. സജീവ കേസുകളുടെ എണ്ണത്തില്‍ കേരളം അഞ്ചാംസ്ഥാനത്താണ്. മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ മാത്രമാണ് കൂടുതല്‍ സജീവമായ കേസുകള്‍ ഉള്ളത്.

കേരളത്തിലെ സ്ഥിതിഗതികള്‍ ഗുരുതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഴാഴ്ച പറഞ്ഞിരുന്നു. കോഴിക്കോട്, തൃശൂര്‍ ഉള്‍പ്പടെ പല ജില്ലകളിലും പോസിറ്റീവ് കേസുകളുടെ എണ്ണം കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഞങ്ങള്‍ ഗുരുതരമായ അവസ്ഥയിലേക്ക് നീങ്ങുകയാണ്, 'മുഖ്യമന്ത്രി പറഞ്ഞു.

രോഗം കണ്ടെത്താനുള്ള പരിശോധനകള്‍ നടത്തുന്നതില്‍ കേരളം മന്ദഗതിയിലായിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി ഇത് ഉയര്‍ന്നുവന്നിട്ടുണ്ട്, എന്നാല്‍ കൊവിഡ് 19 മാനേജ്‌മെന്റിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിനെ ഉപദേശിക്കുന്ന വിദഗ്ദ്ധ സമിതി അംഗം ഡോ. ഫസല്‍ ഗഫൂര്‍ പറഞ്ഞതുപോലെ, ഇനിയും നിരവധി പരിശോധനകള്‍ നടത്തേണ്ടതുണ്ട്. സംസ്ഥാനം ഇതുവരെ 26.57 ലക്ഷം ടെസ്റ്റുകള്‍ നടത്തി. കഴിഞ്ഞ മൂന്ന് ദിവസമായി, 50,000 ത്തിലധികം സാമ്പിളുകള്‍ പരിശോധിച്ചു. ഇത് മുമ്പത്തെ ആഴ്ചകളേക്കാള്‍ മെച്ചമാണ്. വര്‍ദ്ധിച്ച പരിശോധനകളും കൂടുതല്‍ കേസുകള്‍ കണ്ടെത്തുന്നതിന് കാരണമായി.



























































Next Story

RELATED STORIES

Share it