Big stories

കൊവിഡ്: പുറത്തുവരുന്നത് കൃത്യമല്ലാത്ത കണക്കുകള്‍

പുതിയ കൊവിഡ് പരിശോധന രീതി അനുസരിച്ച് റാപിഡ് ആന്റിജന്‍ കാര്‍ഡ് ഉപയോഗിച്ച് പരിശോധനകള്‍ നടത്താം.

കൊവിഡ്: പുറത്തുവരുന്നത് കൃത്യമല്ലാത്ത കണക്കുകള്‍
X

കോഴിക്കോട്: കൊവിഡ് രോഗബാധിതരുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തുവിടുന്ന കണക്കുകള്‍ കൃത്യമല്ലെന്ന് തെളിയുന്നു. സ്വകാര്യ ലാബുകളിലെ ബഹുഭൂരിഭാഗം കൊവിഡ് പരിശോധനകളും പൊസിറ്റീവ് റിപോര്‍ട്ടുകളും സര്‍ക്കാറില്‍ എത്തുന്നില്ലെന്ന് കൊവിഡ് ചികിത്സാ രംഗത്തു പ്രവര്‍ത്തിക്കുന്ന, പേരു വെളിപ്പെടുത്താത്ത സര്‍ക്കാര്‍ ഡോക്ടര്‍ തേജസ് ന്യൂസിനോടു പറഞ്ഞു. സ്വകാര്യ ലാബുകളില്‍ കൊവിഡ് പരിശോധന നടത്തി പോസിറ്റീവ് ആവുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴും ആരോഗ്യവകുപ്പിന് ലഭിക്കുന്നില്ലെന്നും ക്വാറന്റയിനില്‍ നിന്നും ഒഴിവാകുന്നതിനു വേണ്ടിയാണ് ഇങ്ങിനെ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാറിന്റെ പുതിയ നിര്‍ദേശപ്രകാരം രജിസ്റ്റര്‍ ചെയ്ത എല്ലാ സ്വകാര്യ ലാബുകള്‍ക്കും കൊവിഡ് പരിശോധനക്ക് അനുമതിയുണ്ട്. ആറായിരത്തോളം സ്വകാര്യ ലാബോറട്ടറികളാണ് കേരളത്തിലുള്ളത്. പുതിയ കൊവിഡ് പരിശോധന രീതി അനുസരിച്ച് റാപിഡ് ആന്റിജന്‍ കാര്‍ഡ് ഉപയോഗിച്ച് പരിശോധനകള്‍ നടത്താം. ഇതിനുള്ള കാര്‍ഡുകള്‍ സ്വകാര്യ വിതരണക്കാരില്‍ നിന്നും ലഭ്യമാണ്. 600 രൂപ മുതല്‍ വിലയുള്ള ഇത്തരം കാര്‍ഡുകള്‍ ഓണ്‍ലൈനിലും ലഭിക്കും. ഇതുപയോഗിച്ച് നടത്തുന്ന പരിശോധനകള്‍ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ സര്‍ക്കാറിന് ലഭിക്കുന്നില്ല. കൊവിഡ് പോസിറ്റീവ് ആയി കാണപ്പെടുന്നവരെ സംബന്ധിച്ച വിവരങ്ങളും പല ലാബുകളും അധികൃതര്‍ക്ക് നല്‍കാറില്ല എന്നാണ് അറിയുന്നത്.

രാജ്യത്ത് അഞ്ചു കമ്പനികള്‍ പുറത്തിറക്കുന്ന റാപിഡ് ആന്റിജന്‍ കൊവിഡ് ടെസ്റ്റ് കാര്‍ഡുകള്‍ക്ക് ഐസിഎംആര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. ഈ കമ്പനികളുടെ പതിനായിരക്കണക്കിനു പരിശോധനാ കാര്‍ഡുകളാണ് ഓരോ ദിവസവും വില്‍പ്പന നടത്തുന്നത്. ഇതില്‍ പോസിറ്റീവ് ആകുന്നവരെ സംബന്ധിച്ച വിവരങ്ങള്‍ മൂടിവെക്കുന്നത് കണ്ടെത്താനുള്ള ഒരു സംവിധാനവും ഇല്ല. ഇതെല്ലാം കാരണമായി ഒരോ ദിവസവും സര്‍ക്കാര്‍ പുറത്തുവിടുന്ന കണക്കുകളുടെ എണ്ണത്തിനേക്കാളും എത്രയോ അധികമാണ് പരിശോധന നടത്തുന്നവരുടെയും കൊവിഡ് പോസിറ്റീവ് ആകുന്നവരുയെും എണ്ണം എന്നും കൊവിഡ് പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ തേജസിനോട് വ്യക്തമാക്കി.

Next Story

RELATED STORIES

Share it