- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് രണ്ടാംതരംഗം നേരിടാന്‍ സുസജ്ജമായ സംവിധാനമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് രണ്ടാംതരംഗം നേരിടാന്‍ സമഗ്രവും സുസജ്ജവുമായ സംവിധാനം സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ആവശ്യമായ വിപുലീകരണം നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. കൊവിഡ് രണ്ടാംഘട്ട വ്യാപനം രാജ്യത്താകെ ശക്തമായി തുടരുകയാണ്. ഇതിനു മുമ്പ് ഇതുപോലെ നാം സംസാരിക്കുമ്പോഴുള്ള സ്ഥിതിയല്ല ഇന്ന് നാട്ടിലുള്ളത്. ഇന്ന് മാത്രം സംസ്ഥാനത്ത് 1,21,763 ടെസ്റ്റുകള്‍ നടന്നു. അതില്‍ 22,414 പേര് കൊവിഡ് ബാധിതരാണെന്ന് കണ്ടെത്തി. ഇന്നത്തെ മരണസംഖ്യ 22 ആണ്. സംസ്ഥാനത്താകെ ഇപ്പോള്‍ 1,35,631 പേരാണ് കൊവിഡ് ബാധിച്ച് ചികില്‍സയിലുള്ളത്. കൊവിഡിന്റെ രണ്ടാം തരംഗം പ്രകടമായതോടെ ടെസ്റ്റുകളുടെ എണ്ണവും നിരീക്ഷണവും വര്‍ധിപ്പിച്ചിരുന്നു.
ഏപ്രില്‍ 16 മുതല്‍ 20 വരെ 3,32,305 സാംപിളുകളാണ് പരിശോധിച്ചത്. ഈ ദിവസങ്ങളില്‍ ശരാശരി 17.69 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഉണ്ടായി. മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, കോട്ടയം, തൃശൂര്‍, എറണാകുളം, കാസര്‍കോട് എന്നീ ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് താരതമ്യേന കൂടുതലാണ്. ഈ ജില്ലകളില്‍ കൂടുതല്‍ ശക്തമായ നിയന്ത്രണ മാര്‍ഗങ്ങളാണ് അവലംബിക്കുന്നത്. ഒന്നാം ഘട്ടത്തിലുണ്ടായിരുന്നതിനേക്കാള് ഉയര്‍ന്ന തോതില്‍ രോഗവ്യാപനം ഉണ്ടാകുന്നു. ഇത് ഇവിടത്തെ മാത്രം അവസ്ഥയല്ല. കൊവിഡ് മഹാമാരി ഉയര്‍ത്തുന്ന ഭീഷണി മനുഷ്യരാശിയെ അക്ഷരാര്‍ത്ഥത്തില്‍ പിടിച്ചുലയ്ക്കുകയാണ്.
ലോകത്താകെ ഏകദേശം 30 ലക്ഷം ആളുകളാണ് കൊവിഡ് ബാധിച്ച് ഇതുവരെ മരണപ്പെട്ടത്. നമ്മുടെ രാജ്യത്ത് രണ്ടാമത്തെ കൊവിഡ് തരംഗം ആരോഗ്യവിദഗ്ധരുടെ പോലും പ്രതീക്ഷകള്‍ക്കപ്പുറത്തുള്ള വേഗം ആര്‍ജിച്ചിരിക്കുന്നു. ആശങ്കാജനകമായ സാഹചര്യമാണ് ഉടലെടുക്കുന്നത് എന്ന് ഒറ്റ നോട്ടത്തില്‍ തന്നെ തോന്നിക്കുന്ന സംഭവ വികാസങ്ങളാണുണ്ടാകുന്നത്. മരണങ്ങളുടെയും ചികില്‍സാ സൗകര്യങ്ങള്‍ ലഭിക്കാത്തതിന്റെയും ആശുപത്രിക്കിടക്കയില്ലാത്തതിന്റെയും വാര്‍ത്തകള്‍ വരുന്നു. ഈ വാര്‍ത്തകളിലൂടെ ഉരുത്തിരിയുന്ന ഭയാശങ്കകളോടെയല്ല നാം ഈ മഹാമാരിയെ നേരിടേണ്ടത്. ജാഗ്രതയോടെ ഈ രോഗത്തെ മികച്ച രീതിയില്‍ തടഞ്ഞുനിര്‍ത്താന്‍ ആകുമെന്ന് ലോകത്തിനു മുന്നില്‍ തെളിയിച്ച ജനതയാണ് നമ്മള്. ആ അനുഭവപാഠമാണ് കരുത്താകേണ്ടത്.
കേരളത്തില്‍ ഒന്നാമത്തെ തരംഗത്തിന്റെ സമയത്ത് സ്വീകരിച്ച നയം പരമാവധി ആളുകളെ രോഗം പിടിപെടാതെ സംരക്ഷിക്കുക എന്നതായിരുന്നു. അതോടൊപ്പം രോഗബാധിതരാകുന്നവര്‍ക്ക് മികച്ച ചികില്‍സ ലഭ്യമാക്കുകയും വേണം എന്ന് കണ്ടു. അതുവഴി രോഗം ഉച്ചസ്ഥായിയിലെത്തുന്നത് പരമാവധി വൈകിപ്പിക്കാനാണ് ശ്രമിച്ചത്. അതുകൊണ്ട് ഇന്ത്യയില്‍ ഏറ്റവും ആദ്യം കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമായിട്ടും ഏറ്റവും അവസാനം മാത്രം രോഗവ്യാപനം ഉച്ചസ്ഥായിയില്‍ എത്തിയ സംസ്ഥാനമായി കേരളം മാറി. 11 ശതമാനത്തില്‍ താഴെ ആളുകള്‍ക്കാണ് കേരളത്തില്‍ ആദ്യത്തെ തരംഗത്തില്‍ കൊവിഡ് ബാധിച്ചത്. ഇന്ത്യന്‍ ശരാശരി 25 ശതമാനമാണ്. പല സംസ്ഥാനങ്ങളിലും അത് 40 ശതമാനത്തിനരികില്‍ വരെയെത്തി. വയോജനങ്ങളുടെയും കൊവിഡ് അപകടകരമാകാവുന്ന രോഗാവസ്ഥയുള്ളവരുടേയും സാന്നിധ്യം ഏറ്റവും കൂടുതല്‍ ഉള്ള സംസ്ഥാനമായിട്ടും വളരെ കുറഞ്ഞ മരണ നിരക്ക് നിലനിര്‍ത്താനും നമുക്ക് സാധിച്ചു.
ഒന്നാമത്തെ തരംഗം മറികടന്ന് രണ്ടാം തരംഗത്തെ അഭിമുഖീകരിക്കുന്ന ഈ ഘട്ടത്തില്‍ ശക്തമായ ആരോഗ്യസംവിധാനങ്ങള്‍ സജ്ജീകരിച്ചു കഴിഞ്ഞിട്ടുണ്ട്. രോഗവ്യപാനം ഉണ്ടായാല്‍ നേരിടാന്‍ ആരോഗ്യ സംവിധാനങ്ങള്ക്കുണ്ടാകേണ്ട 'സര്‍ജ് കപ്പാസിറ്റി' നന്നായി ഉയര്‍ത്താന്‍ നമുക്ക് സാധിച്ചിട്ടുണ്ട്.
ഉദാഹരണമായി നിലവിലെ സാഹചര്യത്തില്‍ നമുക്കാവശ്യമായ ഓക്സിജന്റെ അളവ് 74.25 മെട്രിക് ടണ്‍ ആണെങ്കിലും, 219.22 മെട്രിക് ടണ്‍ കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലായി 9735 ഐസിയു ബെഡുകള്‍ ആണുള്ളത്. അതില്‍ 931 ബെഡുകളില്‍ മാത്രമാണ് കൊവിഡ് രോഗികള്‍ അഡ്മിറ്റ് ചെയ്യപ്പെട്ടിട്ടുള്ളു. സര്‍ക്കാര്‍ ആശുപത്രികളിലുള്ള 2650 ഐസിയു ബെഡുകള്‍ മാത്രമെടുത്താല്‍ കൊവിഡ്-നോണ്‍ കോവിഡ് രോഗികള്‍ ഉള്‍പ്പെടെ 50 ശതമാനത്തിനടുത്ത് മാത്രം ഒക്യുപന്സിയാണുള്ളത്. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലായി 3776 വെന്റിലേറ്ററുകള്‍ ആണ് സംസ്ഥാനത്തുള്ളത്. അതില്‍ 277 വെന്റിലേറ്ററുകളില്‍ ആണ് നിലവില്‍ കൊവിഡ് ഒക്യുപന്‍സി ഉള്ളത്. സര്‍ക്കാര്‍ ആശുപത്രികളിലെ 2253 വെന്റിലേറ്ററുകളില്‍ നിലവില്‍ 18.2 ശതമാനം മാത്രമാണ് ഒക്യുപന്‍സി ഉള്ളത്.
ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍, സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍, ഡിസ്ട്രിക്റ്റ് കൊവിഡ് സെന്ററുകള്‍ എന്നിവയെല്ലാം ചേര്‍ന്ന് 2249 കേന്ദ്രങ്ങളിലായി 199256 ബെഡുകള്‍ സജ്ജമാണ്. ഇതിനു പുറമേ, കൊവിഡ് ചികില്‍സ നല്കാന് തയ്യാറായ 136 സ്വകാര്യ ആശുപത്രികളിലായി 5713 ബെഡുകളും ലഭ്യമാണ്. ഇത്തരത്തില്‍ വളരെ സമഗ്രവും സുസജ്ജവുമായ സംവിധാനം ഈ ഘട്ടത്തെ നേരിടാന്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ അവ കൂടുതല്‍ വിപുലമാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുക തന്നെ ചെയ്യും.
കഴിഞ്ഞ തരംഗത്തില്‍ 'ഡിലേ ദ പീക്ക്' എന്ന നയമാണ് സ്വീകരിച്ചതെങ്കില്‍, ഇത്തവണ 'ക്രഷ് ദ കര്‍വ്' എന്ന സ്ട്രാറ്റജിയാണ് സ്വീകരിച്ചിട്ടുള്ളത്. പ്രധാനമായും മൂന്നു കാര്യങ്ങളാണ് ഇതിന്റെ ഭാഗമായി വരുന്നത്. അതില്‍ ഒന്നാമത്തേത് 'ബാക് റ്റു ബേസിക്സ്' അഥവാ അടിസ്ഥാനങ്ങളിലേയ്ക്ക് തിരിച്ചുപോവുക എന്നതാണ്. മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും കൈകള്‍ ഇടയ്ക്കിടെ ശുചിയാക്കിയും ഓരോരുത്തരും അവനവനു ചുറ്റും സുരക്ഷാകവചം തീര്‍ക്കുക എന്നതാണത്. പ്രതിരോധത്തിന്റെ ആദ്യപാഠം വീഴ്ചയില്ലാതെ നടപ്പാക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. മാസ്കുകള്‍ ശരിയായ രീതിയില്‍ ധരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. രോഗാണു ശരീരത്തില്‍ പ്രവേശിക്കുന്നത് തടയാന്‍ ഫലപ്രദമാണ് മാസ്കുകളുടെ ശരിയായ ഉപയോഗം. അതോടൊപ്പം 'ബ്രേയ്ക്ക് ദ ചെയിന്‍' കൂടുതല്‍ ശക്തമാക്കിത്തന്നെ മുമ്പോട്ടു പോവണം. അക്കാര്യം ഉറപ്പുവരുത്താന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയെടുത്തേ മതിയാവൂ. ഓരോ തദ്ദേശഭരണ സ്ഥാപനവും അവരുടെ കീഴില്‍ വരുന്ന പ്രദേശങ്ങളില്‍ ബ്രെയ്ക്ക് ദ ചെയിന്‍ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണം.
രണ്ടാമത്തെ പ്രധാന കാര്യം മൂന്ന് 'സി'കള്‍ ഒഴിവാക്കുക എന്നതാണ്. ക്രൗഡിങ്ങ് (ആളുകള്‍ കൂട്ടം ചേരുന്നത്), ക്ളോസ്ഡ് സ്പേയ്സസ് (അടഞ്ഞ സ്ഥലങ്ങള്‍), ക്ളോസ് കോണ്ടാക്ട്സ് (അടുത്ത് ഇടപഴകല്‍) എന്നിവ ഒഴിവാക്കേണ്ടത് അനിവാര്യമാണ്. രോഗവ്യാപനത്തിന്റെ തോത് ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ ആളുകള്‍ കൂട്ടം ചേരുന്ന പരിപാടികള്‍ പരമാവധി ഒഴിവാക്കുന്നതാകും ഉചിതം. പ്രോട്ടോക്കോള്‍ പ്രകാരം അനുവദനീയമായതില്‍ കവിഞ്ഞ എണ്ണം ആളുകള്‍ കൂടുന്ന ഒരു പരിപാടിയും സംഘടിപ്പിക്കാന്‍ പാടില്ല. ഇപ്പോള്‍ ചെയ്യാവുന്നത് കഴിയാവുന്നത്ര അത്തരം പരിപാടികള്‍ ഒഴിവാക്കുക എന്നതാണ്. നടക്കുന്നവയില്‍ ഏറ്റവും കുറച്ച് പങ്കാളിത്തം ഉറപ്പുവരുത്തണം. പെട്ടെന്നു തന്നെ രോഗം പകരുമെന്നതുകൊണ്ട്, അടഞ്ഞ ഇടങ്ങളില്‍ കൂട്ടം ചേരുന്നതും ഒഴിവാക്കേണ്ടതാണ്.
വാക്സിനേഷന് പരമാവധി ആളുകള്‍ക്ക് ഏറ്റവും വേഗത്തില്‍ നല്‍കുക എന്നതാണ് മൂന്നാമത്തെ കാര്യം. ഇന്ത്യയില്‍ വാക്സിന് ഒട്ടും തന്നെ പാഴാക്കാതെ ഏറ്റവും വേഗത്തില്‍ വിതരണം ചെയ്യുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ഒരു ദിവസം മൂന്നര ലക്ഷത്തിലധികം ആളുകള്‍ക്ക് വാക്സിന് നല്‍കാനുള്ള സംവിധാനം ഇതിനകം നമ്മള് ഒരുക്കിയിട്ടുണ്ട്. 6,22,5976 ഡോസ് വാക്സിനാണ് ഇതുവരെ സംസ്ഥാനത്ത് വിതരണം ചെയ്തത്. വാക്സിനുകളുടെ ദൗര്‍ലഭ്യമാണ് ഇപ്പോള്‍ നേരിടുന്ന പ്രധാന പ്രശ്നം. ഈ പ്രതിസന്ധി തക്ക സമയത്തു തന്നെ കേന്ദ്രഗവണ്മെന്റിനെ അറിയിച്ചിട്ടുണ്ട്. കാര്യക്ഷമമായ നടപടികള്‍ കേന്ദ്ര ഗവണ്മെന്റില് നിന്നും ഉണ്ടാകേണ്ടിയിരിക്കുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വാക്സിനേഷന് പോളിസി കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ പ്രതികൂലമായി ബാധിച്ചിരിക്കയാണ്. അതു പ്രകാരം വാക്സിന് ഉത്പാദകര്‍ 50 ശതമാനം വാക്സിന് മാത്രം കേന്ദ്ര സര്‍ക്കാരിനു നല്കിയാല് മതി. ബാക്കി അമ്പത് ശതമാനമാണ് സംസ്ഥാനങ്ങള്‍ക്കും പൊതു വിപണിയിലേക്കുമായി മാറ്റിവെക്കുന്നത്. നിര്‍മാതാക്കളില്‍ നിന്ന് വിലകൊടുത്തു വാങ്ങാനാണ് സംസ്ഥാനങ്ങളോട് പറഞ്ഞിട്ടുള്ളത്. കോവിഡ് മഹാമാരി കാരണം സംസ്ഥാനങ്ങള്‍ ഇപ്പോള്‍ തന്നെ വലിയ സാമ്പത്തികബാധ്യത നേരിടുകയാണ്. സാമ്പത്തികമാന്ദ്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് അധികബാധ്യത വലിയ പ്രയാസം ഉണ്ടാക്കും.
കേന്ദ്ര ഗവണ്മെന്റിന് 150 രൂപയ്ക്ക് ലഭിക്കുന്ന കോവിഷീല്‍ഡ് വാക്സിന് സംസ്ഥാന ഗവണ്മെന്റുകള്ക്ക് 400 രൂപയ്ക്കായിരിക്കും നല്‍കുക എന്ന് സിറം ഇന്‍സ്റ്റിറ്റിയൂട്ട് പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രൈവറ്റ് സ്ഥാപനങ്ങള്‍ക്ക് 600 രൂപയും ഈടാക്കും. ഇത്തരത്തില്‍ വാക്സിന്റെ വില കുതിച്ചുയര്‍ന്നാല്‍ കൊവിഡ് പ്രതിസന്ധി തീര്‍ത്ത സാമ്പത്തിക വിഷമതകളില്‍ ഉഴലുന്ന അതു സംസ്ഥാനങ്ങളെ വലിയ പ്രതിസന്ധിയിലാക്കും. 45 വയസ്സിനു മുകളിലുള്ള 1.13 കോടി ആളുകള്‍ക്ക് മെയ് 20നുള്ളില്‍ വാക്സിന് നല്‍കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി നിത്യേന 2.5 ലക്ഷം പേര്‍ക്ക് വിതരണം ചെയ്യാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍, വാക്സിന് ദൗര്‍ലഭ്യം കാരണം അതു തടസ്സപ്പെടുകയുണ്ടായി. ഇനി ദിവസേന 3.7 ലക്ഷം പേര്‍ക്ക് വിതരണം ചെയ്താല്‍ മാത്രമേ ആ ലക്ഷ്യം കൈവരിക്കാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ട്, സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് തള്ളിവിടുന്നതിനു പകരം, സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ വാക്സിന് ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുത്തേ മതിയാകൂ. വാക്സിന് ഉല്പാദനം വര്‍ദ്ധിപ്പിക്കാനാവശ്യമായ നടപടികളും കേന്ദ്രത്തിന്റെ ഭാഗത്തു നിന്ന് വളരെ പെട്ടെന്നു തന്നെ ഉണ്ടാകേണ്ടതുണ്ട്. സാധാരണ ജനങ്ങളുടെ ജീവന് സംരക്ഷിക്കുക എന്ന ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ ഒരുതരത്തിലുമുള്ള വിട്ടുവീഴ്ച ഉണ്ടാകാന്‍ പാടില്ല.
ആരോഗ്യപരിപാലനം സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ ചുമതലയാണ്. അത് നിറവേറ്റുന്നതിനു സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ ക്വാട്ട ഉറപ്പാക്കുകയും മഹാമാരിയുടെ സാഹചര്യത്തില്‍ അത് സൗജന്യമായി നല്‍കുകയും വേണം. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് കേന്ദ്രവും സംസ്ഥാനങ്ങളും ഒന്നിച്ച് നീങ്ങേണ്ടതുണ്ട്. ഇക്കാര്യം പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. വാക്സിന്റെ കാര്യത്തില്‍ പൊതുവിപണിയിലെ ബിസിനസ്സുകാരോട് മത്സരിക്കാന്‍ സംസ്ഥാനങ്ങളെ തള്ളിവിടരുതെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. വാക്സിന് കരസ്ഥമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ചാനല്‍ എന്നതിന് പകരം കേന്ദ്രവും സംസ്ഥാന സര്‍ക്കാരുകളും അടങ്ങുന്ന ഗവണ്മെന്റ് ചാനലാണ് വേണ്ടത്. ആവശ്യമായ വാക്സിന് കിട്ടാത്തതുകൊണ്ട് കേരളം നേരിടുന്ന പ്രയാസവും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 50 ലക്ഷം ഡോസ് വാക്സിന് അടിയന്തരമായി നല്‍കണമെന്ന് കഴിഞ്ഞയാഴ്ച കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, 5.5 ലക്ഷം ഡോസ് മാത്രമാണ് ലഭിച്ചത്. ഇതുകാരണം വാക്സിനേഷനുള്ള സ്പോട്ട് രജിസ്ട്രേഷന് അടക്കം തടസ്സപ്പെട്ടു. കേരളം ആവശ്യപ്പെട്ടതില്‍ ബാക്കിയുള്ള വാക്സിന് അടിയന്തരമായി ലഭ്യമാക്കണം എന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലുള്ള സാഹചര്യങ്ങള്‍ ഇന്ന് അവലോകന യോഗം ചേര്‍ന്ന് വിലയിരുത്തി. അടിയന്തര പ്രാധാന്യത്തോടെ ചില നടപടികളെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ചില ക്രമീകരണങ്ങള്‍ വരുത്തുകയും നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കുകയും ചെയ്യും. രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിന് അനുസരിച്ച് ചികിത്സാ സൗകര്യം ഒരുക്കുന്നതിന് മുന്‍ഗണന നല്‍കും. ഒരു താലൂക്കില്‍ ഒരു സിഎഫ്എല്‍ടിസി എങ്കിലും ഉണ്ടാകും. സിഎഫ് എല്‍ടിസികള്‍ ഇല്ലാത്ത താലൂക്കുകളില്‍ ഉടനെ സജ്ജമാക്കും. രോഗികളുടെ വര്‍ധനവിനനുസരിച്ച് കൂടുതല്‍ സിഎഫ്എല്‍ടിസികള്‍ തുറക്കും. 35 ശതമാനത്തിന് മുകളില്‍ കോവിഡ് വ്യാപനം ഉള്ള സ്ഥലങ്ങളില്‍ യുദ്ധകാലടിസ്ഥാനത്തില്‍ ഇടപെടല്‍ നടത്തും. കൊവിഡ് ആശുപത്രികള്‍ നിരീക്ഷിക്കാന്‍ സംസ്ഥാന തലത്തില്‍ ടാസ്ക് ഫോഴ്സ് രൂപീകരിക്കും. ഇതിനായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഓരോ ദിവസങ്ങളിലും സ്ഥിതിഗതികള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണം എന്ന് നിര്‍ദേശിച്ചു.
ചില വാക്സിനേഷന് കേന്ദ്രങ്ങളില്‍ ആള്‍ക്കൂട്ടം ഉണ്ടാകുന്ന സാഹചര്യമുണ്ട്. മെയ് ഒന്നിനുശേഷം 18 വയസ്സ് കഴിഞ്ഞവര്‍ക്കുള്ള വാക്സിന് കൂടി ലഭ്യമാകുന്നതിനാല്‍ വലിയ തിക്കും തിരക്കും ഉണ്ടാകാനിടയുണ്ട്. പ്രയാസമില്ലാതെ ആളുകള്‍ക്ക് വാക്സിന് എടുത്തു പോകാനുള്ള സാഹചര്യം ഒരുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എല്ലാ സ്ഥലങ്ങളിലും ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം ഉണ്ടാവണം. ഓണ്‍ലൈനില്‍ ബുക്ക് ചെയ്തു അറിയിപ്പ് ലഭിച്ചവര്‍ മാത്രം കേന്ദ്രത്തില്‍ എത്തുന്ന സംവിധാനമുണ്ടാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്കി. കൊവിഡ് ബോധവല്‍ക്കരണം ശക്തിപ്പെടുത്തണം. അതിനായി കാംപയിന് നടത്തണം. എസ്എംഎസ് കാംപയിനുകള്‍ ശക്തിപ്പെടുത്തും. ഇക്കാര്യത്തില്‍ തദ്ദേശസ്ഥാപനങ്ങളുടെ ഇടപെടല്‍ ഏറ്റവും പ്രധാനമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം പരമ പ്രധാനമാണ്. ഒന്നാംഘട്ട കോവിഡ് വ്യാപനത്തെ നേരിടാനും അതിജീവിക്കാനും സാധ്യമായതിന്റെ പ്രധാന ഘടകങ്ങളിലൊന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സജീവമായ ഇടപെടലാണ്. പുതിയ ഭരണസമിതികള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ അധികാരത്തില്‍ വന്നു. ഒന്നാം ഘട്ടത്തില്‍ നേതൃത്വപരമായ പങ്ക് നിര്വ്വഹിച്ചവരല്ല ഇപ്പോള്‍ ഉള്ള പലരും. ജനപ്രതിനിധികള്‍ക്ക് ആവശ്യമായ പരിശീലനവും ബോധവല്‍ക്കരണവും നല്‍കിയിട്ടുണ്ട്. ഇപ്പോഴത്തെ ഘട്ടം മറികടക്കാനും തദ്ദേശ സ്ഥാപനങ്ങളുടെ പ്രധാന പങ്കാളിത്തം ഉണ്ടാകണം.
ജനങ്ങള്‍ക്ക് ഉച്ചഭാഷിണി വഴിയുള്ള മുന്നറിയിപ്പുനല്‍കല്‍, ആവശ്യമായ നോട്ടീസ്, പോസ്റ്ററുകള്‍ ഒട്ടിക്കല്‍ എന്നിവ തദ്ദേശ സ്ഥാപന പരിധിയില്‍ സംഘടിപ്പിക്കണം. വായനശാല, ക്ലബ്ബുകള്‍ തുടങ്ങി ആളുകള്‍ എത്തിച്ചേരുന്ന പൊതുഇടങ്ങളില്‍ ആ പ്രദേശത്തെ കോവിഡ് അവസ്ഥ പ്രദര്‍ശിപ്പിക്കാനും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും തദ്ദേശസ്ഥാപനങ്ങള്‍ തയ്യാറാകണം. അണുകുടുംബങ്ങള്‍ക്ക് ഭക്ഷണം ലഭിക്കാന്‍ പ്രയാസം നേരിടും. അവര്‍ക്ക് ഭക്ഷണം, മരുന്ന് തുടങ്ങിയവ എത്തിക്കാനും തദ്ദേശ സ്ഥാപനങ്ങളുടെ മുന്‍കൈ ഉണ്ടാകും. നമ്മള് നേരത്തെ നിലവിലുണ്ടായിരുന്ന വളണ്ടിയര്‍ പദ്ധതി ഫലപ്രദമാക്കണം. ചിലരെങ്കിലും ഒഴിവായി പോയിട്ടുണ്ടാകും. പുതിയ വോളന്റിയര്‍മാരെ ആവശ്യമെങ്കില്‍ കണ്ടെത്തി സജ്ജമാക്കണം.അത് കൂടുതല്‍ ആവശ്യമുള്ള ഘട്ടമാണിത്.
സര്‍ക്കാര്‍ ജീവനക്കാരില്‍ 50 ശതമാനം ഉദ്യോഗസ്ഥര്‍ക്ക് റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തും. മറ്റ് ജീവനക്കാരെ കോവിഡ് നിയന്ത്രണ പരിപാടികള്‍ക്കായി ജില്ലാ കലക്ടര്‍മാര്‍ ഉപയോഗിക്കണം. സ്വകാര്യമേഖലയിലും വര്‍ക്ക് ഫ്രം ഹോം നടപ്പാക്കാന്‍ സ്ഥാപനമേധാവികള്‍ ശ്രദ്ധിക്കണം. ഏപ്രില്‍ 24ന് ശനിയാഴ്ച അവധി നല്‍കും. അന്ന് നടക്കേണ്ട ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്ക് മാറ്റമുണ്ടാവില്ല. 24, 25 തിയ്യതികളില്‍ അത്യാവശ്യ സര്‍വീസുകള്‍ മാത്രമാകും ഉണ്ടാവുക. നേരത്തെ നിശ്ചയിച്ച കല്യാണം, ഗൃഹപ്രവേശം പോലുള്ള ചടങ്ങുകളെ ഈ നിയന്ത്രണത്തില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍, ഇത്തരം ചടങ്ങുകള്‍ക്ക് 75 പേര് എന്ന പരിധിയാണ് ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ളത്. പങ്കാളിത്തം എത്രത്തോളം കുറക്കാന്‍ പറ്റുമോ അത്രയും കുറക്കുന്നത് നല്ലതാകും. സാഹചര്യം വിലയിരുത്തി ഈ പരിധി കുറക്കുന്ന കാര്യവും ആലോചിക്കും. സാമൂഹിക അകലം പാലിക്കല്‍ വളരെ പ്രധാനമാണ്. പൊതു സ്ഥലങ്ങളില്‍ മാത്രമല്ല, ഹാളിനകത്തുള്ള പരിപാടികളിലും നല്ല ശ്രദ്ധ വേണം. അവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ വൈറസ് ബാധ ഏല്‍ക്കുന്നത് എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമേ പാടുള്ളു. ട്യൂഷന് സെന്ററുകള്‍ നടത്തേണ്ടതില്ല. സമ്മര്‍ ക്യാമ്പുകള്‍ എവിടെയെങ്കിലും ഉണ്ടെങ്കില്‍ അതും തുടരേണ്ടതില്ല. ബീച്ച്, പാര്‍ക്ക് എന്നിവിടങ്ങളില്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നത് പൂര്‍ണമായും ഉറപ്പാക്കണം. പോലീസ് സെക്ടര്‍ മജിസ്ട്രേറ്റുമാര്‍ ഇക്കാര്യം ഉറപ്പാക്കും.
രാത്രികാല നിയന്ത്രണം ശക്തമായി തുടരും. എന്നാല്‍ രാത്രികാലങ്ങളില്‍ ഭക്ഷണത്തിന് വിഷമം ഉണ്ടാകാതെ ശ്രദ്ധിക്കണം. നോമ്പുകാലത്തും മറ്റും ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിക്കുന്നവരുണ്ടാകും. അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ ശ്രദ്ധിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പഴയ വാര്‍ഡ് തല സമിതി പുനരുജ്ജീവിപ്പിക്കും. അതിനുതാഴെ ബൂത്ത് തലത്തില്‍ സമിതികള്‍ ഉണ്ടാക്കാറുണ്ട്. അങ്ങനെയുള്ള സ്ഥലങ്ങളില്‍ അത് ചെയ്താലും കുഴപ്പമില്ല. വാര്‍ഡ് അംഗം, ആശാവര്‍ക്കര്‍, ആരോഗ്യപ്രവര്‍ത്തകര്‍, പോലീസ് പ്രതിനിധി, വോളന്റിയര്‍മാര്‍, റവന്യൂ അധികൃതര്‍ എന്നിവരടങ്ങിയ ടീം എല്ലാ സ്ഥലത്തും ഉണ്ടാക്കാനാവണം. ഓക്സിജന്‍ നമുക്ക് ആവശ്യത്തിനുണ്ട്. നമ്മുടെ ആവശ്യം ഉറപ്പാക്കി മാത്രം പുറത്തു കൊടുക്കുന്നത് പരിഗണിക്കാം എന്നാണ് കണ്ടിട്ടുള്ളത്.
അതിഥി തൊഴിലാളികള്‍ക്ക് അതത് സ്ഥലങ്ങളില്‍നിന്ന് വാക്സിനേഷന് നല്‍കണം. തൊഴിലിന് തടസ്സം വരുന്നെങ്കില്‍ അവര്‍ക്ക് ഭക്ഷണം ഒരുക്കുന്നത് ഉള്‍പ്പെടെയുള്ളവയില്‍ ശ്രദ്ധിക്കണം. പ്രതിരോധ ചികിത്സ പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ ആശുപത്രികളെ കൂടി സഹകരിപ്പിക്കും. ഇതിനായി അവരുടെ യോഗം വിളിക്കും. സംസ്ഥാനത്തെ രാഷ്ട്രീയപാര്‍ടി പ്രതിനിധികളുടെ യോഗം വിളിച്ചുചേര്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ജനങ്ങള്‍ക്ക് പൊതുവെ ബുദ്ധിമുട്ടുണ്ടാക്കും എന്നത് ശരിയാണ്. എല്ലാവരും സഹകരിക്കണം. നമ്മുടെ അയല്‍ സംസ്ഥാനങ്ങളിലും രോഗബാധയുടെ തോത് വര്‍ധിച്ചതാണ്. അതു കൂടി കണക്കിലെടുത്ത് നല്ല നിലയില്‍ ജാഗ്രത കാണിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
RELATED STORIES
പ്രസിദ്ധ നാടന്‍പാട്ട് ഗായിക പത്മഭൂഷണ്‍ ശാരദ സിന്‍ഹ അന്തരിച്ചു
6 Nov 2024 6:13 AM GMTവൈദ്യുതാഘാതമേറ്റ് മരിച്ച ബന്ധുവിനെ കാണാന്‍ പോയയാള്‍ ബൈക്കിടിച്ച്...
6 Nov 2024 5:51 AM GMTഇസ്രായേലില്‍ സുരക്ഷയില്ല; നെതന്യാഹുവിന്റെ മകന്റെ വിവാഹം മാറ്റിവച്ചു
6 Nov 2024 5:50 AM GMTപോലിസ് ലക്ഷ്യം വച്ചത് തന്നെയും ഷാനിമോള്‍ ഉസ്മാനെയും: ബിന്ദുകൃഷ്ണ
6 Nov 2024 5:28 AM GMTപാലക്കാട്ടെ നാടകത്തിന് തിരക്കഥയൊരുക്കിയത് സിപിഎം: കോണ്‍ഗ്രസ്
6 Nov 2024 5:06 AM GMTഗുജറാത്തിലെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാഗമായ പാലം തകർന്നുണ്ടായ...
6 Nov 2024 3:51 AM GMT