Big stories

തലശ്ശേരി, ഗുരുവായൂര്‍, ദേവികുളം...; ബിജെപി പത്രികകള്‍ തള്ളിയത് 'ഡീലോ' കോ-ലീ-ബി സഖ്യമോ...?

തലശ്ശേരി, ഗുരുവായൂര്‍, ദേവികുളം...; ബിജെപി പത്രികകള്‍ തള്ളിയത് ഡീലോ കോ-ലീ-ബി സഖ്യമോ...?
X

ബഷീര്‍ പാമ്പുരുത്തി

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനു ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധനയില്‍ മൂന്നു മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥികളുടെ പത്രികകള്‍ തള്ളിയത് ദുരൂഹം. തലശ്ശേരി, ഗുരുവായൂര്‍, ദേവികുളം മണ്ഡലങ്ങളിലെ ബിജെപി, എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ പത്രികകളാണ് തള്ളിയത്. ഒരാഴ്ചയിലേറെയായി കേരള രാഷ്ട്രീയത്തില്‍ വന്‍ ചര്‍ച്ചയായി മാറിയ ബിജെപി-സിപിഎംഡീലും കോ-ലീ-ബി സഖ്യ ആരോപണങ്ങളുടെയും ഫലമാണോ ഇത്തരത്തില്‍ പത്രിക തള്ളിയതിനു പിന്നിലെന്ന സംശയം ബലപ്പെടുകയാണ്. സിപിഎമ്മിന്റെ മൂന്ന് സിറ്റിങ് സീറ്റുകളിലാണ് ബിജെപി സ്ഥാനാര്‍ഥികളുടെ പത്രികകള്‍ തള്ളിയതെന്നത് കോ-ലീ-ബി സഖ്യമെന്ന ആരോപണത്തിനാണ് ബലമേകുന്നത്. ഇവിടെയെല്ലാം ബിജെപിയുടെ ഡമ്മി സ്ഥാനാര്‍ഥികളുടെ പത്രികയും സ്വീകരിച്ചിരുന്നില്ലെന്നതും ശ്രദ്ധേയമാണ്.

ഫയല്‍ ചിത്രം

തുടര്‍ഭരണത്തിനു വോണ്ടി സിപിഎം-ബിജെപി ധാരണയുണ്ടെന്നും 10 മണ്ഡലങ്ങളില്‍ ബിജെപിക്ക് വോട്ടുമറിക്കുകയും മറ്റു മണ്ഡലങ്ങളില്‍ സിപിഎമ്മിന് വോട്ട് മറിക്കുകയും ചെയ്യുമെന്നായിരുന്നു ആരോപണം. ഇതിനു പിന്നാലെ ആര്‍എസ്എസ് ദേശീയ നേതാവ് ബാലശങ്കറിനു സീറ്റ് നിഷേധിച്ചതിനു പിന്നാലെ ഗുരുതര ആരോപണവും ഉന്നയിച്ചിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ കോന്നിയില്‍ ജയിപ്പിക്കാന്‍ സിപിഎം വോട്ട് മറിക്കുമെന്നും തനിക്ക് സ്ഥാനാര്‍ഥിത്വം നിഷേധിച്ചത് ഇത്തരമൊരു ഡീലിന്റെ ഭാഗമാണെന്നുമായിരുന്നു ആരോപണം. എന്നാല്‍ ബാലശങ്കറിന്റെ ആരോപണങ്ങള്‍ ബിജെപി സംസ്ഥാന നേതാക്കളെല്ലാം തള്ളിയതിനു പുറമെ ഒ രാജഗോപാല്‍ ഉള്‍പ്പെടെയുള്ളവര്‍ കോ-ലീ-ബി സഖ്യം ശരിവച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. മുന്‍കാലങ്ങളില്‍ കമ്മ്യൂണിസ്റ്റുകളെ തോല്‍പ്പിക്കാനാണ് സഖ്യമുണ്ടാക്കിയതെന്നും അതുവഴി ബിജെപിക്ക് വോട്ട് വര്‍ധന ഉണ്ടായെന്നും രാജഗോപാല്‍ വ്യത്തമാക്കിയിരുന്നു. ഇപ്പോള്‍ മൂന്നിടത്ത് എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ പത്രികകള്‍ തള്ളിയതോടെ ഡീലിന്റെ ഭാഗമാണോ അതോ കോ-ലീ-ബി സഖ്യത്തിന്റെ ഭാഗമാണോ എന്ന ചര്‍ച്ച വീണ്ടും ഉയരുകയാണ്. വരുംദിവസങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഗതി തന്നെ ഇതുമായി ബന്ധപ്പെട്ടതായി മാറുമെന്നാണു സൂചന.

ബാലശങ്കര്‍

തലശ്ശേരിയില്‍ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസന്റെ പത്രികയാണ് സൂക്ഷ്മപരിശോധനയ്ക്കിടെ ദേശീയ അധ്യക്ഷന്റെ ഒപ്പിട്ട ഫോം ഹാജരാക്കാനാവാത്തതു കാരണമാണ് തള്ളിയത്. ബിജെപിക്ക് ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ വോട്ടുകളുള്ള മണ്ഡലമാണിത്. ജില്ലാ പ്രസിഡന്റിന്റെ തന്നെ പത്രിക തള്ളിയത് വരുംദിവസങ്ങളില്‍ വലിയ വിവാദത്തിനു കാരണമാവും. അതേസമയം, ചരിത്രത്തില്‍ ഇതുവരെ ഇടതുപക്ഷം മാത്രം ജയിക്കുന്ന തലശ്ശേരിയില്‍ ജയപരാജയം നിര്‍ണയിക്കുന്ന വിധത്തിലേക്ക് ബിജെപി വോട്ടുകള്‍ മാറിയാലും അല്‍ഭുതപ്പെടേണ്ട. കഴിഞ്ഞ തവണ സിപിഎമ്മിലെ എ എന്‍ ശംസീര്‍ 70,741 വോട്ട് നേടിയപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എ പി അബ്ദുല്ലക്കുട്ടി 36,624 വോട്ടും ബിജെപി പ്രതിനിധി വി കെ സജീവന് 22,125 വോട്ടുകളുമാണ് ലഭിച്ചത്. ഭൂരിപക്ഷം 34,117. ഇവിടെ ബിജെപി വോട്ടുകള്‍ മുന്‍ വര്‍ഷത്തേതിനേക്കാള്‍ വര്‍ധിച്ചിരുന്നു. 2011ല്‍ കോടിയേരി ബാലകൃഷ്ണന്‍ 66,870 വോട്ട് നേടിയപ്പോള്‍ കോണ്‍ഗ്രസിന്റെ റിജില്‍ മാക്കുറ്റിക്ക് 40,361 വോട്ടുകളാണ് കിട്ടിയത്. ബിജെപിയുടെ വി രത്‌നാകരന് 6,973 വോട്ടുകള്‍ മാത്രമാണ് ലഭിച്ചിരുന്നത്. 1957, 60 ല്‍ സിപി ഐയുടെ വി ആര്‍ കൃഷ്ണയ്യര്‍, പിന്നീട് കെ പി ആര്‍ ഗോപാലന്‍(സിപിഎം), എന്‍ ഇ ബലറാം(സിപി ഐ), പാട്യം ഗോപാലന്‍, എം വി രാജഗോപാലന്‍, കോടിയേരി ബാലകൃഷ്ണന്‍(രണ്ടുതവണ) കെ പി മമ്മു മാസ്റ്റര്‍, ഇ കെ നായനാര്‍, കോടിയേരി ബാലകൃഷ്ണന്‍(മൂന്നു തവണ), എ എന്‍ ശംസീര്‍ എന്നിങ്ങനെയാണ് തലശ്ശേരിയില്‍ നിന്നു ജയിച്ചു കയറിയവര്‍. സിറ്റിങ് എം എല്‍ എ അഡ്വ. എ എന്‍ ഷംസീര്‍ തന്നെയാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. യുഡിഎഫിനു വേണ്ടി കോണ്‍ഗ്രസിലെ എം പി അരവിന്ദാക്ഷനാണ് മല്‍സരിക്കുന്നത്.


ഗുരുവായൂര്‍ മണ്ഡലമാണ് ബിജെപി സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയ മറ്റൊരു സ്ഥലം. മഹിളാ മോര്‍ച്ച അധ്യക്ഷ അഡ്വ. നിവേദിതയുടെ പത്രികയാണ് തള്ളിയത്. കഴിഞ്ഞ തവണയും ഇവര്‍ തന്നെയായിരുന്നു ബിജെപി സ്ഥാനാര്‍ഥി. ബിജെപി അധ്യക്ഷന്റെ ഒപ്പില്ലാത്തതാണ് പത്രിക തള്ളാന്‍ കാരണം. ഇടതു-വലതു മുന്നണികള്‍ മാറിമാറി ജയിക്കുന്ന മണ്ഡലത്തില്‍ നിലവില്‍ സിപിഎമ്മിലെ കെ വി അബ്ദുല്‍ഖാദര്‍ ആണ് ജയിച്ചത്. സീറ്റ് പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ മുസ് ലിം ലീഗ് അഡ്വ. കെ എന്‍ എ ഖാദറിനെയാണ് രംഗത്തിറക്കിയിട്ടുള്ളത്. ക്ഷേത്രം സന്ദര്‍ശിക്കുകയും കൈകൂപ്പി കാണിക്കയിട്ട് ഗുരുവായൂരപ്പനെ പുകഴ്ത്തുകയും ചെയ്ത കെ എന്‍ എ ഖാദറിന്റെ പ്രചാരണം ഏറെ വിവാദമായിരുന്നു. മതവിരുദ്ധമായ പ്രചാരണത്തിനെതിരേ സമസ്ത നേതാക്കള്‍ ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. ബിജെപി വോട്ടുകള്‍ ലക്ഷ്യമിട്ടാണ് ഇത്തരം പ്രചാരണങ്ങളെന്ന് ആക്ഷേപമുയര്‍ന്നതിനു പിന്നാലെ ബിജെപി സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയതെന്നത് സിപിഎം പ്രചാരണായുധമാക്കുമെന്ന് ഉറപ്പാണ്. എല്‍ഡിഎഫിനു വേണ്ടി എന്‍ കെ അക്ബര്‍ ആണ് ഇത്തവണ ജനവിധി തേടുന്നത്. 2016ല്‍ കെ വി അബ്ദുല്‍ ഖാദറിന് 66,088 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ലീഗിന്റെ പി എം സാദിഖലിക്ക് 50,990ഉം ബിജെപിയുടെ അഡ്വ. നിവേദിതയ്ക്ക് 25,490 വോട്ടുകളുമാണ് ലഭിച്ചത്. ഭൂരിപക്ഷം-15,098. 2011ല്‍ കെ വി അബ്ദുല്‍ ഖാദറിന് 62,246, ലീഗിലെ അശ്‌റഫ് കോക്കൂരിന് 52,278 ബിജെപിയുടെ ദയാനന്ദന്‍ മമ്പള്ളിക്ക് 9,306 എന്നിങ്ങനെയാണ് വോട്ട് ലഭിച്ചത്.

ഒ രാജഗോപാല്‍

ദേവികുളത്തും എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയിട്ടുണ്ട്. എന്‍ഡിഎ സഖ്യ കക്ഷിയായ എഐഎഡിഎംകെയ്ക്കു വേണ്ടി മത്സരിക്കുന്ന ആര്‍ എം ധനലക്ഷ്മിയുടെ പത്രികയാണ് തള്ളിയത്. ഫോം 26 പൂര്‍ണമായും പൂരിപ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദേവികുളം സബ്കലക്ടര്‍ പത്രിക തള്ളിയത്. കഴിഞ്ഞ മൂന്നുതവണയും സിപിഎമ്മിലെ എസ് രാജേന്ദ്രന്‍ ജയിച്ച മണ്ഡലമാണിത്. അതിനു മുമ്പ് കോണ്‍ഗ്രസിലെ എ കെ മോനിയാണ് ജയിച്ചത്. 2016ല്‍ സിപിഎമ്മിലെ എസ് രാജേന്ദ്രന് 49,510ഉം കോണ്‍ഗ്രസിലെ എ കെ മോനിക്ക് 43,728ഉം എന്‍ഡിഎയുടെ എഐഎഡിഎംകെ സ്ഥാനാര്‍ഥിയായ ആര്‍ എം ധനലക്ഷ്മിക്ക് 11,613 വോട്ടുകളുമാണ് ലഭിച്ചത്. ഭൂരിപക്ഷം-6,232. 2011ല്‍ എസ് രാജേന്ദ്രന് 51,849ഉം കോണ്‍ഗ്രസിലെ മോനിക്ക് 47,771ഉം ബിജെപിയുടെ എസ് രാജഗോപാലിന് 3,582 വോട്ടുകളുമാണ് ലഭിച്ചിരുന്നത്.

Next Story

RELATED STORIES

Share it