Big stories

കൊവിഡ് മാനദണ്ഡം പാലിക്കുന്നതിനെച്ചൊല്ലി ലോക്‌സഭയില്‍ കൊമ്പുകോര്‍ത്ത് ഭരണ- പ്രതിപക്ഷ അംഗങ്ങള്‍

കൊവിഡ് മാനദണ്ഡം പാലിക്കുന്നതിനെച്ചൊല്ലി ലോക്‌സഭയില്‍ കൊമ്പുകോര്‍ത്ത് ഭരണ- പ്രതിപക്ഷ അംഗങ്ങള്‍
X

ന്യൂഡല്‍ഹി: കൊവിഡ് മാനദണ്ഡം പാലിക്കുന്നതിനെച്ചൊല്ലി ലോക്‌സഭയില്‍ ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ കൊമ്പുകോര്‍ത്തു. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഭാരത് ജോഡോ യാത്ര മാറ്റിവയ്‌ക്കേണ്ടിവരുമെന്ന കേന്ദ്ര മുന്നറിയിപ്പിനെതിരേയാണ് ലോക്‌സഭയില്‍ പ്രതിപക്ഷം പ്രതിഷേധിച്ചത്. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചിരുന്നോ എന്ന് കോണ്‍ഗ്രസ് എംപി അധിര്‍ രഞ്ജന്‍ ചൗധരി ചോദിച്ചു. ആരോഗ്യമന്ത്രിക്ക് രാഹുലിന്റെ നേതൃത്വത്തില്‍ നടക്കുന്ന ജോഡോ യാത്ര ഇഷ്ടപ്പെടുന്നില്ല.

എന്നാല്‍, ആളുകള്‍ അത് ഇഷ്ടപ്പെടുകയും അതില്‍ ചേരുകയും ചെയ്യുന്നു. മന്‍സൂഖ് മാണ്ഡവിയയെ ജനങ്ങളുടെ ശ്രദ്ധതിരിച്ചുവിടാന്‍ നിയോഗിച്ചിരിക്കുകയാണെന്നും അധിര്‍രഞ്ജന്‍ ചൗധരി ആരോപിച്ചു. പെട്ടെന്ന് ഭാരത് ജോഡോ യാത്രയിലേക്ക് ആരോഗ്യമന്ത്രാലയത്തിന്റെ ശ്രദ്ധ എത്തിയതിന്റെ കാരണമെന്താണെന്ന് കാര്‍ത്തി ചിദംബരം ചോദിച്ചു. രാജ്യത്ത് നടക്കുന്ന മറ്റ് പരിപാടികള്‍ക്കൊന്നും നിയന്ത്രണം ബാധകമല്ലേ എന്നും അദ്ദേഹം ചോദ്യമുന്നയിച്ചു. ഭാരത് ജോഡോ യാത്രയ്ക്കിടെ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഇല്ലെങ്കില്‍ യാത്ര മാറ്റിവയ്‌ക്കേണ്ടിവരുമെന്നും രാഹുല്‍ ഗാന്ധിയോടും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനോടും ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ കത്തിനെതിരേയാണ് കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള മുന്‍നിര പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായി പ്രതികരിച്ചത്.

മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസും യാത്ര താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള കേന്ദ്രത്തിന്റെ നിര്‍ദേശത്തിനെതിരേ ശക്തമായി രംഗത്തുവന്നു. 'അവര്‍ക്ക് ഒരു ഉപദേശം നല്‍കാമായിരുന്നു. ഞങ്ങള്‍ പാര്‍ലമെന്റിലാണ്, പക്ഷേ മാസ്‌ക് ധരിക്കുന്നതിനോ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിനോ ഒരു സര്‍ക്കുലറും വന്നിട്ടില്ല. സംസ്ഥാന സര്‍ക്കാരുകളെ ഭരിക്കുക എന്നത് കേന്ദ്രത്തിന്റെ മാത്രം കടമയല്ല- ടിഎംസി എംപി ഡോല സെന്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തിനെതിരേ പ്രതിരോധം തീര്‍ത്ത് ഭരണപക്ഷവും രംഗത്തുവന്നതോടെ പാര്‍ലമെന്റില്‍ ബഹളമായി.

നിലവില്‍ രാജസ്ഥാനില്‍ പര്യടനം തുടരുന്ന യാത്രയില്‍ മാസ്‌കും സാനിറ്റൈസര്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ മാര്‍ഗങ്ങളും കര്‍ശനമായി പാലിക്കണമെന്ന് കത്തിലുണ്ട്. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കപ്പെട്ടില്ലെങ്കില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് യാത്ര മാറ്റിവയ്ക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നടന്നുകൊണ്ടിരിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ വാക്‌സിന്‍ എടുത്തവരെ മാത്രമേ പങ്കെടുക്കാന്‍ അനുവദിക്കാവൂ എന്നും മാണ്ഡവ്യ തന്റെ കത്തില്‍ നിര്‍ദേശിച്ചു.

Next Story

RELATED STORIES

Share it