Big stories

കള്ളനോട്ട് കേസില്‍ മൂന്നാമതും പിടിയിലായി മുന്‍ ബിജെപി നേതാവ് ; കേരള പോലിസിന്റെ ജാഗ്രത കണ്ണുകള്‍ ചില വിഭാഗത്തിനു മേല്‍ മാത്രം ഒട്ടിപ്പോയതാണോ ?

കള്ളനോട്ട് കേസില്‍ പിടിയിലാകുന്ന ബിജെപി നേതാവിന്റെ ജാമ്യാപേക്ഷയെ എതിര്‍ക്കാതെ വീണ്ടും കള്ളനോട്ട് നിര്‍മാണത്തിന് അവസരമൊരുക്കുന്ന കേരള പോലിസ് തന്നെയാണ് ഒരു വൃദ്ധനെ ആറു വര്‍ഷമായി ജയിലില്‍ തളച്ചിടുന്നത്

കള്ളനോട്ട് കേസില്‍ മൂന്നാമതും പിടിയിലായി മുന്‍ ബിജെപി നേതാവ് ; കേരള പോലിസിന്റെ ജാഗ്രത കണ്ണുകള്‍ ചില വിഭാഗത്തിനു മേല്‍ മാത്രം ഒട്ടിപ്പോയതാണോ ?
X
കോഴിക്കോട്: ഒരു വര്‍ഷം മുന്‍പാണ് വയനാട്ടില്‍വച്ച് ഒരു ഇടതുപക്ഷ വിദ്യാര്‍ഥി പ്രവര്‍ത്തകനെ കൈയിലുണ്ടായിരുന്ന പുസ്തകത്തിന്റെ പേരില്‍ പോലിസ് പിടികൂടി അറസ്റ്റ് ചെയ്തത്. മാവോവാദം പ്രോത്സാഹിപ്പിക്കുന്ന പുസ്തകം കൈവശം വച്ചു എന്നതായിരുന്നു കുറ്റം. പിണറായിയുടെ ഇടതുപക്ഷ ഭരണമുള്ള കേരളത്തിലായിരുന്നു ഒരു പുസ്തകത്തിന്റെ പേരില്‍ ആ വിദ്യാര്‍ഥി ജയിലിലായത്. അലന്‍ ഷുഹൈബ്, താഹാ ഫസല്‍ കേസിലും കേരളാ പോലിസിന്റെ ചാരക്കണ്ണുകളുടെ മിടുക്ക് കേരളം കണ്ടു. പോലിസ് കണ്ടെത്തിയതും അതിനേക്കാളേറെ, നിര്‍മിച്ചെടുത്തുമായ കുറ്റങ്ങളാണ് ഇപ്പോഴും താഹയെ ജയിലില്‍ തളച്ചിടുന്നത്. മനുഷ്യാവകാശ പ്രവര്‍ത്തകരെ ജയിലിലടക്കാന്‍ തക്ക മാരകായുധങ്ങളായ ഒരു മില്ലീമീറ്റര്‍ മാത്രം വലുപ്പമുള്ള മെമ്മറി കാര്‍ഡുകള്‍ വരെ വീട് ചികഞ്ഞ് കണ്ടെത്തുന്ന അതിസമര്‍ഥന്‍മാരാണ് കേരള പോലിസിലുള്ളത്.


കേരള പോലീസിന്റെ ഈ സാമര്‍ഥ്യം ചില പ്രത്യേക വിഭാഗങ്ങള്‍ക്കു നേരെ മാത്രമുള്ള അതിസാമര്‍ഥ്യം മാത്രമായി മാറുകയാണ് എന്നതാണ് യാഥാര്‍ഥ്യം. ഇത് ഒരിക്കല്‍ കൂടി വ്യക്തമാകുകയാണ് കൊടുങ്ങല്ലൂരില്‍ യുവമോര്‍ച്ച ശ്രീനാരായണപുരം കിഴക്കന്‍ മേഖല കമ്മിറ്റി പ്രസിഡന്റും ബിജെപി ബൂത്ത് പ്രസിഡന്റുമായിരുന്ന കൊടുങ്ങല്ലൂര്‍ എസ്.എന്‍ പുരം സ്വദേശി ഏരാശേരി രാകേഷ് നാലാമതും കള്ളനോട്ടുമായി പിടിയിലായ സംഭവം. നാലു വര്‍ഷത്തിനിടെ നാലാമത്തെ പ്രാവശ്യമാണ് ഇയാളെ പോലിസ് കള്ളനോട്ട് നിര്‍മിച്ച കേസില്‍ അറസ്റ്റ് ചെയ്യുന്നത്. ഇത് പോലിസ് പിടിയിലായതിന്റെ മാത്രം കണക്കാണ്. പിടിയിലാകാതെ ഇയാള്‍ കള്ളനോട്ട് നിര്‍മിച്ചതിന്റെ എണ്ണമോ, എത്രകോടി വ്യാജ കറന്‍സികള്‍ അച്ചടിച്ച് വിതരണം ചെയ്തു എന്നതിന്റെ എണ്ണമോ പോലിസിന്റെ പക്കലില്ല. ഓരോ പ്രാവശ്യവും കള്ളനോട്ടുമായി ഇയാള്‍ പിടിയിലായി അല്‍പ്പകാലം ജയില്‍ കടന്ന് പുറത്തിറങ്ങുമ്പോള്‍ വീണ്ടും അതേ ഏര്‍പ്പാട് തന്നെ തുടരുന്നത് കണ്ടെത്താനോ നിരീക്ഷിക്കാനോ പോലിസ് ശ്രമിക്കുന്നുപോലുമില്ല എന്നാണ് ബിജെപി നേതാവ് കള്ളനോട്ട് കേസില്‍ ആവര്‍ത്തിച്ച് പിടിയിലാകുന്നത് തെളിയിക്കുന്നത്.


കള്ളനോട്ട് നിര്‍മിക്കുന്നതും വിതരണം ചെയ്യുന്നതും രാജ്യത്തിനെതിരേ യുദ്ധം ചെയ്യുന്നതിന് തുല്യമായ കുറ്റമായി വരെ പരിഗണിക്കാറുണ്ട്. ഇത്തരം കേസുകളില്‍ പ്രതികളുടെ ജാമ്യാപേക്ഷയെ പോലിസ് ശക്തമായി കോടതിയില്‍ എതിര്‍ക്കാറുമുണ്ട്. എന്നാല്‍ കൊടുങ്ങല്ലൂരിലെ ബിജെപി നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെട്ട കേസുകളില്‍ വളരെ മൃദുല സമീപനമാണ് പോലിസില്‍ നിന്നുമുണ്ടാകുന്നത്. കോടികളുടെ കള്ളനോട്ട് പ്രിന്റ് ചെയ്യുന്നതും വിതരണം ചെയ്യുന്നതും ബിജെപി നേതാക്കളാകുമ്പോള്‍ കേരള പോലിസിന് അത് രാജ്യദ്രോഹത്തില്‍ ഉള്‍പ്പെടുത്താവുന്ന കുറ്റമായി തോന്നുന്നില്ല. കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും, വീണ്ടും ഇതേ കേസില്‍ പിടിയിലാകുമ്പോഴും പോലിസിന്റെ ഈ ലാഘവത്തോടെയുള്ള സമീപനത്തിന് മാറ്റം വരുന്നുമില്ല.


പിണറായി വിജയന്‍ നിയന്ത്രിക്കുന്ന ഇതേ കേരള പോലിസ് തന്നെയാണ് പോസ്റ്റര്‍ ഒട്ടിച്ചതിന്റെ പേരില്‍, പുസ്തകം കൈവശം വച്ചതിന്റെ പേരില്‍, വാട്‌സാപ്പ് സന്ദേശങ്ങളുടെ പേരില്‍ എല്ലാം മനുഷ്യാവകാശ പ്രവര്‍ത്തകകരെ കടുത്ത വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യുന്നത്. അവരുടെ ജാമ്യാപേക്ഷ കോടതിയിലെത്തുമ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകനെ നിയോഗിച്ച് ഒരു കാലത്തും പുറത്തിറങ്ങാനാകാത്ത വിധത്തില്‍ ജയിലില്‍ തളച്ചിടാന്‍ തന്ത്രങ്ങള്‍ പ്രയോഗിക്കുന്നതും ഇതേ കേരളാ പോലിസാണ്.


മാവോവാദി ബന്ധമാരോപിച്ച് യുഎപിഎ ചുമത്തി ആറു വര്‍ഷമായി റിമാന്റില്‍ കഴിയുന്ന മേപ്പാടി സ്വദേശി ഇബ്രാഹിമിന്റെ ആരോഗ്യനില അതീവ ഗുരുതരമായിട്ടുപോലും അദ്ദേഹത്തിന് ചികിത്സ തേടാന്‍ പരോള്‍ അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. മാവോവാദി ആക്രമണത്തിലോ മറ്റ് സംഘര്‍ഷങ്ങളിലോ ഇബ്രാഹീമിന് പങ്കുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. എന്നിട്ടുപോലും അദ്ദേഹം കഴിഞ്ഞ ആറു വര്‍ഷമായി ജയിലിലാണ്. കേസിന്റെ വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ല. വിചാരണ വൈകുന്നത് ചൂണ്ടികാട്ടി പലതവണ കുടുംബം ജാമ്യാപേക്ഷ നല്‍കിയെങ്കിലും സര്‍ക്കാര്‍ അഭിഭാഷകന്റെ കടുത്ത എതിര്‍പ്പു മൂലം കോടതി ജാമ്യാപേക്ഷ നിരസിക്കുകയാണ്.


കള്ളനോട്ട് കേസില്‍ പിടിയിലാകുന്ന ബിജെപി നേതാവിന്റെ ജാമ്യാപേക്ഷയെ എതിര്‍ക്കാതെ വീണ്ടും കള്ളനോട്ട് നിര്‍മാണത്തിന് അവസരമൊരുക്കുന്ന കേരള പോലിസ് തന്നെയാണ് വിചാരണ പോലും തുടങ്ങാതെ ഒരു വൃദ്ധനെ ആറു വര്‍ഷമായി ജയിലില്‍ തളച്ചിടുന്നത്. കേരള പോലിസിന്റെ ചാരക്കണ്ണുകള്‍ ശക്തമാണ്. കക്ഷത്തില്‍ ഇറുക്കിപ്പിടിച്ച പുസ്തകത്തിന്റെ പുറംചട്ടയില്‍ നിന്നുപോലും രാജ്യദ്രോഹ പരാമര്‍ശങ്ങള്‍ കണ്ടെത്തി വിദ്യാര്‍ഥിയെ അറസ്റ്റു ചെയ്യാന്‍ മിടുക്കുള്ളവരാണ് ഇവിടുത്തെ ഇന്റലിജന്‍സ് ഏമാന്‍മാര്‍. അതുപോലെ ഒരിക്കല്‍ കള്ളനോട്ട് നിര്‍മാണത്തിന് പിടിയിലായ ആള്‍ രണ്ടാമതും ,മൂന്നാമതും അറസ്റ്റുകള്‍ക്ക് ശേഷം വീണ്ടും കള്ളനോട്ട് നിര്‍മിക്കുമ്പോള്‍ അത് കാണാതിരിക്കാന്‍ തക്ക ശേഷിയുള്ളതുമാണ് കേരള പോലിസിലെ ചാരക്കണ്ണുകള്‍.




Next Story

RELATED STORIES

Share it